പല്ലികൾ വാൽ മുറിക്കുന്നത് കണ്ടിട്ടുണ്ടോ? മറ്റ് ജീവജാലങ്ങളാൽ ആക്രമിക്കപ്പെടുമ്പോൾ പ്രാണ രക്ഷാർത്ഥം വാൽ മുറിച്ച് ഓടി രക്ഷപ്പെടുന്നത് പല്ലികളുടെ ഒരു പൊതു സ്വഭാവമാണ്. ആക്രമിക്കാൻ വരുന്ന ജീവി മുറിച്ച് മാറ്റപ്പെട്ട വാൽ മാത്രം ഭക്ഷിച്ച് സ്വയം വിഡ്ഢിയായി മടങ്ങും.
ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ വാൽ മുളച്ച് വരുന്നതിനാൽ പല്ലി വീണ്ടും പഴയ പ്രതാപത്തോടെ തൻ്റെ സ്വൈര്യ വിഹാരം തുടരുകയും ചെയ്യും.
ഏതാണ്ട് സമാനമാണ് കേരളത്തിലെ സവർണ്ണ-ലിബറലുകളുടെ കാര്യവും. ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരുമ്പോൾ വാൽ മുറിച്ച് കളഞ്ഞ് വളരെയെളുപ്പം അവർ പുരോഗമനകാരികളായി അവതരിക്കും.
തങ്ങൾക്ക് വാൽ ഇല്ലാത്തതിനാൽ ഇവിടെ ജാതിയില്ലെന്ന് വരെ അവർ പ്രഖ്യാപിച്ചു കളയും. വാൽ മുറിയെ പറ്റിയുണ്ടാകുന്ന വാർത്തകളും ചർച്ചകളും ദിവസങ്ങളോളം നീണ്ടു നിൽക്കും.
എന്നാൽ ‘സവർണ്ണ സംവരണ’ത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരുമ്പോൾ മുറിച്ച് മാറ്റിയ അതേ വാലുകൾ പതുക്കെ പതുക്കെ മുളച്ച് പൊങ്ങി വരുന്നത് കാണാം. സവിശേഷാധികാരത്തിൻ്റെ അടയാളമായ ആ വാൽ കൊണ്ട് വളരെ നിശബ്ദമായി അവർ തങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ അധീശത്വം നിലനിർത്തും.
പഴയ പ്രതാപത്തിന് ഒട്ടും മങ്ങലേൽക്കാതെ ആഭിജാത്യത്തിൻെറ ചാരുകസേരയിൽ അവരങ്ങനെ ഞെളിഞ്ഞിരിക്കും. കേരള രാഷ്ട്രീയം മുതൽ മലയാള സിനിമ വരെ നീണ്ടു നിൽക്കുന്ന ലിബറൽ പല്ലികളുടെ ഈ വാൽ മുറി കണ്ട് വാലില്ലാത്ത ജീവികൾ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഞെട്ടിക്കൊണ്ടിരിക്കും എന്ന് മാത്രം.
പല്ലികളുടെ വാൽ മുറിയും വാൽ വളർത്തലും ഒരു ഭൂലോക തട്ടിപ്പാണെന്ന് മനസ്സിലാവാത്ത നിഷ്കളങ്കർ ഈ ഞെട്ടൽ കാലാകാലം ഇതുപോലെ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യും!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS