India

സച്ചിൻ പൈലറ്റിന് കോൺഗ്രസിൽ വഴിയടയുന്നുവോ?

ജയ്പുർ: സച്ചിൻ പൈലറ്റിനെ കോൺഗ്രസിൽ പിടിച്ചുനിർത്താനുള്ള പാർട്ടി ഹൈക്കമാൻഡിന്‍റെ പരിശ്രമം വിജയിച്ചില്ലെന്നു സൂചന. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് സച്ചിനെതിരേ പേരെടുത്തു പറഞ്ഞ് നിശിത വിമർശനം ഉന്നയിച്ചത് കോൺഗ്രസിൽ വിമത നേതാവിന്‍റെ വഴി അടഞ്ഞു എന്നതിനു സൂചനയാണ്. സച്ചിനെതിരേ വിമർശനം ഉന്നയിക്കരുതെന്ന് ഹൈക്കമാൻഡ് മുഖ്യമന്ത്രിയോടു നിർദേശിച്ചിരുന്നു. ഇപ്പോൾ ഗെഹ് ലോട്ട് അതിൽ നിന്നു പിന്മാറിയിരിക്കുകയാണ്. 

ഒരുപകാരവുമില്ലാത്ത വ്യക്തിയെന്നാണ് ഗെഹ് ലോട്ട് തിങ്കളാഴ്ച സച്ചിനെ വിമർശിച്ചത്. പിസിസി അധ്യക്ഷനെന്ന നിലയിൽ സച്ചിൻ പൂർണ പരാജയമായിരുന്നു. എന്നിട്ടും ആരും ചോദ്യം ചെയ്യാതിരുന്നത് പാർട്ടിക്കു വേണ്ടിയാണ്. ഒരു ഉപകാരവുമില്ല എന്ന് ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു- ഗെഹ് ലോട്ട് തുറന്നടിച്ചു.

ദേശീയ രാഷ്ട്രീയത്തിലെ തന്നെ വളർന്നുവരുന്ന യുവനേതാവ് എന്ന സച്ചിന്‍റെ ഇമേജിനെ പൂർണമായി തകർക്കുകയായിരുന്നു മുഖ്യമന്ത്രി. സച്ചിനെതിരേ ഉയരുന്ന ഏറ്റവും കടുപ്പമേറിയ വാക്കുകൾ. ഹൈക്കമാൻഡ് അറിയാതെ ഗെഹ് ലോട്ട് ഇങ്ങനെയൊരു ആക്രമണത്തിന് തുനിയില്ല എന്നു വേണം കരുതാൻ. അതിനർഥം ഹൈക്കമാൻഡ് സച്ചിനെ കൈവിട്ടു എന്നാവണം.

ഉടൻ തന്നെ നിയമസഭ വിളിച്ചു ചേർത്ത് ഭൂരിപക്ഷം സഭയിൽ തെളിയിക്കാൻ ഗെഹ് ലോട്ട് തീരുമാനിച്ചിട്ടുണ്ട്. 200 അംഗ സഭയിൽ 109 പേരുടെ പിന്തുണ മുഖ്യമന്ത്രി ഉറപ്പാക്കിയെന്നും കോൺഗ്രസ് വൃത്തങ്ങൾ. അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നോട്ടീസിനെതിരായ  വിമതരുടെ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി ഇന്നു വാദം തുടരുകയാണ്. ഇതിലുള്ള വിധി വന്ന ശേഷമേ സച്ചിനും മറ്റു 18 വിമത എംഎൽഎമാർക്കും എതിരായ നടപടികൾ ഉണ്ടാകൂ. വിമതരിൽ ചിലരെയെങ്കിലും തിരികെ പിടിക്കാൻ കഴിയുമോയെന്ന് ഗെഹ് ലോട്ട് പക്ഷം നോക്കുന്നുണ്ട്. 

ഹൈക്കമാൻഡ് സച്ചിനോട് പരമാവധി അനുഭാവം കാണിച്ചുനോക്കിയതാണ്. പ്രിയങ്ക ഗാന്ധി നേരിട്ട് പല തവണ സംസാരിച്ചു. രാഹുൽ ഇടനിലക്കാർ വഴി ബന്ധപ്പെട്ടു. പാർട്ടി വിട്ടു പോകരുതെന്നും ബിജെപിയുടെ കെണിയിൽ പെടരുതെന്നും ആവർത്തിച്ച് അഭ്യർഥിച്ചു. എന്നാൽ, ബിജെപിയുടെ സംരക്ഷണയിൽ സംസ്ഥാനത്തിനു പുറത്ത് ഹോട്ടലിൽ തങ്ങുന്നതു തുടരുകയാണു സച്ചിനും കൂട്ടരും. രാജസ്ഥാൻ പൊലീസിനെ അവഹേളിക്കാൻ ഹരിയാന പൊലീസിനും സർക്കാരിനും അവസരമുണ്ടാക്കുന്നതു വരെയെത്തി കാര്യങ്ങൾ. ഹൈക്കമാൻഡ് പറഞ്ഞതൊന്നും സച്ചിൻ കേൾക്കുന്നില്ലെന്നു തെളിഞ്ഞതോടെയാണ് കൈവിടാൻ തീരുമാനിച്ചതെന്നാണു സൂചന.

രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാക്കി സച്ചിനെ നിലനിർത്തിയത് ഹൈക്കമാൻഡ് താത്പര്യപ്രകാരമാണ്. ഈ രണ്ടു സ്ഥാനത്തും ഇരുന്നുകൊണ്ട് തുടർച്ചയായി ഗെഹ് ലോട്ടിനെതിരേ പ്രവർത്തിക്കുകയായിരുന്നു സച്ചിൻ. രാഷ്ട്രീയ തന്ത്രങ്ങളിൽ അഗ്രഗണ്യനായ, പരിചയ സമ്പന്നനായ മുഖ്യമന്ത്രി എന്നിട്ടും അടങ്ങിയിരുന്നത് ഹൈക്കമാൻഡിനെ വിഷമിപ്പിക്കാതിരിക്കാനാണ്. സച്ചിനെപ്പോലെ നെഹ്റു-ഗാന്ധി കുടുംബവുമായി ഗെഹ് ലോട്ടിനും അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടാണ് അനുരഞ്ജനത്തിൽ പോയത്. പക്ഷേ, സച്ചിൻ അമിത മോഹത്താൽ എടുത്തുചാടുകയായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയിലേക്കുള്ള സച്ചിന്‍റെ വഴിയും സുഗമമല്ല. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എതിർക്കുന്നതാണു കാരണം. കേന്ദ്ര നേതൃത്വവും വസുന്ധര വിരുദ്ധ വിഭാഗവും സച്ചിനെ ബിജെപിയിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തെ ബിജെപി എംഎൽഎമാരിൽ നല്ലൊരു പങ്കും വസുന്ധര പക്ഷത്തുള്ളവരാണ്. ഈ സാഹചര്യത്തിൽ അവരെ പി‍ണക്കാനാവില്ല. ഇതാണു ബിജെപിയുടെ പ്രശ്നം. പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയെ പിന്തുണയ്ക്കുകയാവും സച്ചിനു മുന്നിലുള്ള വഴി.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close