PoliticalSocial

ആഗസ്റ്റ് 28; അയ്യൻകാളി ദിനം

“തീണ്ടാപ്പെരുവഴി താണ്ടി..
നാടാകെ ഇളക്കിമറിച്ച്
മണിനാദമുയർത്തി
വന്നൊരു വില്ലുവണ്ടി..”

വില്ലുവണ്ടികൾക്കായി കാത്തു കിടക്കുന്ന ചില വഴികൾ ഇന്നും ഇവിടെയുണ്ട്, മാറ്റം വരാത്ത മനസുകളിൽ പിണഞ്ഞു കിടക്കുന്ന പല ‘ജാതി’ വഴികൾ” *.

സാമൂഹ്യ ഉന്നമനത്തിൻ അക്ഷരം അഗ്നിയാണ് എന്ന്
തിരിച്ചറിഞ്ഞ മഹാനാണ് ”മഹാത്മാ അയ്യൻ കാളി”. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളി.

വഴി നടക്കാൻ, മാറുമറയ്ക്കാൻ, കല്ലു മാല പൊട്ടിച്ചു എറിയാൻ, വിദ്യ അഭ്യസിക്കാൻ, കല്ലായ ദൈവത്തിന് കാണിക്ക വേണ്ടന്നും ആ കാശ് വിശക്കുന്ന നിന്റെ പുള്ളയ്ക്ക് കൊടുക്ക് എന്നും, നായും നരിയും നടക്കുന്ന വഴിയിൽ നാങ്കൾ നടന്നാൽ അത് ചന്നം പിന്നമാവുമോ എന്ന് പറഞ്ഞ് മനുസ്മൃതിക്കെതിരെ വില്ലു വണ്ടി പായിച്ച മഹാത്മാ അയ്യൻ കാളി കേരളത്തിന്റെ മാത്രമല്ല ഭാരത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി (28 ഓഗസ്റ്റ് 1863 – 18 ജൂൺ 1941) . സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായി മാറി.

ജാതീയമായ ഉച്ചനീചത്തങ്ങളുടെ ഭാഗമായി അധഃസ്ഥിത സ്ത്രീകൾ മാ‍റുമറച്ചുകൂടാ എന്നൊരു വിചിത്ര നിയമം കേരളത്തിൽ നിലനിന്നിരുന്നു. കർഷകത്തൊഴിലാളി സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യൻ‌കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു.

അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻ‌കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്.

പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.

സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻ‌കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യൻ‌കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

*വരികൾക്ക് കടപ്പാട് – മിധുൻ കെ മധു

Show More
0 0 vote
Article Rating
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Midhun K Madhu
1 month ago

ഓർമയുടെ തൂവൽ ഫേസ്‌ബുക്ക് പേജിൽ 2016ൽ ഞാൻ എഴുതിയതാണ്

“വില്ലുവണ്ടികൾക്കായി കാത്തു കിടക്കുന്ന ചില വഴികൾ ഇന്നും ഇവിടെയുണ്ട്, മാറ്റം വരാത്ത മനസുകളിൽ പിണഞ്ഞു കിടക്കുന്ന പല ‘ജാതി’ വഴികൾ”
https://m.facebook.com/ormayudethooval/photos/a.852121244879823/1086981888060423/?type=3&source=54

Related Articles

Back to top button
2
0
Would love your thoughts, please comment.x
()
x