കാർഷിക ഭേദഗതി ബില്ല് പുനഃപരിശോധിക്കണം – ഫോക്കസ് ഖത്തർ ഹിലാൽ ഏരിയ

ദോഹ: കേന്ദ്ര സർക്കാർ രാജ്യസഭയിൽ പാസാക്കിയ കാർഷിക ഭേദഗതി ബില്ലുകൾ പുനഃപരിശോധിക്കണമെന്ന് യുവജന സംഘടനയായ ഫോക്കസ് ഖത്തർ ഹിലാൽ ഏരിയ ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ കുത്തക കോര്‍പറേറ്റുകള്‍ക്ക് മാത്രം നൽകുന്നതിലൂടെ ഇന്ത്യയുടെ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ കർഷകരെ വഞ്ചിക്കുകയാണ്. മാത്രമല്ല, കാർഷിക മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളയുകയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് ലഭിക്കുകയും ചെയ്യുന്നത് പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്യുന്നതിന് സഹായിക്കും. കർഷകർ നടത്തുന്ന ഈ വലിയ മുന്നേറ്റത്തിന് രാജ്യത്തെ മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്ന് ഫോക്കസ് ഖത്തർ ഹിലാൽ ഏരിയ ആവശ്യപ്പെട്ടു.
ഇന്ത്യ – കാർഷിക ബില്ലുകൾക്ക് ശേഷം എന്ന വിഷയത്തിൽ തുമാമയിലെ ഫോക്കസ് വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ കാർഷിക ബില്ലുകളെക്കുറിച്ചും അത് രാജ്യത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പരിപാടിയിൽ പ്രശസ്ത കോളമിസ്റ്റ് ഫാറൂഖ് മുഖ്യാതിഥിയായി സംസാരിച്ചു. ഫോക്കസ് ഖത്തർ സി ഇ ഒ അശ്ഹദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹിലാൽ ഏരിയാ മാനേജർ സഫീറുസ്സലാം, കോർഡിനേറ്റർ ആശിക് ബേപ്പൂർ, ഫസ് ലുർറഹ്മാൻ എന്നിവർ സംസാരിച്ചു.


