Social

മനുഷ്യ സ്വത്വങ്ങൾ ആകസ്മികങ്ങളോ?

നിരീക്ഷണം / എമ്മെസ് ഷൈജു

മനുഷ്യൻ ഉയർത്തിപ്പിടിക്കുന്ന പല സ്വത്വങ്ങളും കേവലം ആകസ്മികങ്ങളാണ്. മതവും ജാതിയും ഭാഷയും ദേശീയതയും എല്ലാം. എന്തിന്, അവൻ സ്വയം തന്നെ ഒരാകസ്മികതയുടെ ഉല്പന്നമാണ്. ഈ സ്വത്വങ്ങളെല്ലാം സത്യമാണെന്നിരിക്കെ തന്നെ അവ അപേക്ഷികങ്ങളുമാണ്.

ഏതോ ഒരു പ്രത്യേക നിമിഷത്തിന്റെ അവസരവും ആകസ്മികതയുമാണ് നമ്മളെ രൂപപ്പെടുത്തിയത്. ആ നിമിഷം നൽകിയ അവസരം അപ്പോൾ സംഭവിച്ചില്ലായിരുന്നെങ്കിൽ ആ ഇണ ബന്ധത്തിൽ നിന്ന് നമുക്ക് പകരം മറ്റൊരാളായിരിക്കും ഈ ഭൂമിയിലേക്ക് വരിക. അപ്പൊ നമ്മളോ? ആ.. നമുക്ക് പോലും അറിയാത്ത, മറ്റുള്ളവരാരും നമ്മളെ കാണാത്ത ഒരു ശൂന്യതയിൽ നമ്മളില്ലാതെ പോകുമായിരുന്നു. അതും തെറ്റാണ്. നമ്മളുണ്ടായിട്ട് വേണ്ടേ ഇല്ലാതാകാൻ. അപ്പൊ ഈ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു ആകസ്മിതയുടെ ഉൽപ്പന്നം മാത്രം. അതാണ് ജീവിതം ഒരർത്ഥത്തിൽ മായയാണെന്ന് പറയുന്നത്.

ഇനി മത സ്വത്വമോ? നമ്മുടെ പാരമ്പര്യത്തിന്റെ പിറകിലേക്ക് പോയാൽ അവിടെ ഒരാളുണ്ട്. നമ്മുടെ ഇന്നത്തെ മത സ്വത്വത്തെ നമ്മുടേതാക്കിത്തന്ന ഒരാൾ. നമ്മുടെ ഏതോ ഒരു പൂർവികൻ. അദ്ദേഹം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരു തെരഞ്ഞെടുപ്പ് നടത്തിയതിന്റെ ആകസ്മികത മാത്രമാണ് ഇന്നത്തെ നമ്മുടെ മത സ്വത്വം. അദ്ദേഹത്തിന്റെ ആ അനുഭവത്തിന്റെ പിൻബലത്തിലാണ് നാം നമ്മുടെ മത സ്വത്വത്തിൽ പൂണ്ട് വിളയാടുന്നത്. അദ്ദേഹം ആ തെരഞ്ഞെടുപ്പ് നടത്തിയില്ലാരുന്നെങ്കിലോ? നമ്മൾ മറ്റൊരു മത സ്വത്വത്തിന്റെ വക്താകുമായിരുന്നു. അതിൽ പൂണ്ട് വിളയാടുമായിരുന്നു.

ഭാഷയും സംസ്കാരവും ദേശീയതയുമെല്ലാം ഇങ്ങനെ തന്നെയാണ്. അതിർത്തികളിൽ താമസിക്കുന്ന മനുഷ്യർക്ക് ഇത് പെട്ടെന്ന് മനസിലാകും. സിറിൽ റഡ്ക്ലിഫ് എന്ന ഇംഗ്ലീഷുകാരൻ പാതിരാവിൽ ഡൽഹിയിലെ റെയ്‌സീന കുന്നിന് മുകളിലുള്ള വാസസ്ഥലത്ത് ഇരുന്ന് ഉറക്കച്ചടവോടെ തന്റെ പെൻസിൽ കൊണ്ട്‌ നിവർത്തിയിടപ്പെട്ട ഒരു ഭൂപടത്തിന്മേൽ വരച്ച ഒരു അതിർത്തി വരയാണ് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലെ പൗരന്മാരുടെ ഐഡൻറിറ്റി. അതാണ് ചിലരുടെ ദേശീയതയിൽ നിന്ന് മറ്റ് ചിലർ അകത്തും പുറത്തുമായിപ്പോകുന്നതിലെ ആകസ്മികത.

ഇങ്ങനെ ആകസ്മികതകൾ കൊണ്ട് പരസ്പരം അകത്തായവരും പുറത്തായവരുമാണ് മനുഷ്യർ. എല്ലാത്തിലും മനുഷ്യർക്ക് അകവും പുറവുമുണ്ട്. അഥവാ ആത്മവും അപരവുമുണ്ട്. അകത്തായവർ അകത്തെ വിശുദ്ധമാക്കുന്നു. അതിന്റെ അതിർത്തിക്കുള്ളിലല്ലാത്തതെല്ലാം പുറത്താണെന്ന് കരുതുന്നു. ആകത്തുള്ളതെല്ലാം ആത്മത്തിന്റേതും പുറത്തുള്ളത് അപരത്തിന്റേതുമായി അവൻ പരിഗണിക്കുന്നു.അവന്റെ/ അവരുടെ ആത്മവും അപരവും രൂപപ്പെട്ടത് കേവലം ആകസ്മികതകളുടെ ആനുകൂല്യങ്ങൾ കൊണ്ടാണെന്ന് അവൻ ആലോചിക്കുന്നില്ല. എന്നാൽ ഇതിന്റെയൊന്നും പങ്ക് പറ്റാനോ അനുഭവിക്കാനോ യോഗമില്ലാത്ത കോടാനുകോടികൾ പുറത്തുണ്ടെന്നും അവരൊക്കെ അങ്ങനെ നിൽക്കുന്നത് നേരത്തെ പറഞ്ഞ ആകസ്മികതകൾ അവർക്ക് പ്രതികൂലമായത് (ആപേക്ഷികമായ ഒരു പ്രയോഗം മാത്രം) കൊണ്ടാണെന്നുമുള്ള തിരിച്ചറിവാണ് മനുഷ്യനെ ഉയർന്ന സാമൂഹിക ബോധമുള്ളവനാക്കുന്നത്. അങ്ങനെ പുറത്തായിപ്പോയവർക്കും നിരാകരിക്കപ്പെട്ടവർക്കും പാർശ്വവൽക്കാരിക്കപ്പെട്ടവർക്കും കൂടിയുള്ള ഒരു ലോകമാണ് നാമിങ്ങനെ പകുത്തെടുത്ത് ജീവിക്കുന്നത് എന്ന ചിന്തയിൽ നിന്നാണ് സാമൂഹിക നീതി രൂപപ്പെടേണ്ടത്. അതിനായാണ് ലോകത്തെ വിവിധ മതങ്ങളും ദർശനങ്ങളും ആചാര്യന്മാരുമൊക്കെ ശ്രമിച്ച് പോന്നിട്ടുള്ളത്. ദൗർഭാഗ്യവശാൽ അവകളും അകത്തോ പുറത്തോ- ആത്മമോ അപരമോ ആയി മാറിപ്പോയിരിക്കുന്നു. ആത്മത്തിന്റെ സ്വാർഥതയിൽ നിന്നും കുടുസിൽ നിന്നും അപരത്വത്തിന്റെ വിശാലതയിലേക്ക് മനസിനെ വലുതാക്കലാണ് ജീവിതത്തിന്റെ അർത്ഥവും മോക്ഷവും. അപരത്വത്തിന്റെ ക്ഷേമവും ഐശ്വര്യവും കരുതലും അവരുടെ നീതിയും ആത്മത്തിന്റേത് കൂടിയാകുമ്പോൾ ആത്മവും അപരവും ഒന്നാകും.

നിങ്ങൾ സ്വയം (ആത്മം) ഇഷ്ടപ്പെടുന്ന ഒന്ന് “അപരന് കൂടി വേണ്ടി ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ വിശ്വാസികളാകുകയില്ല” – മുഹമ്മദ് നബി (സ)
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായി വരേണം” – ശ്രീ നാരായണ ഗുരു.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close