OpinionSocial

കേരളത്തിലെ ദളിതർ ഭരണകൂടത്തിന്റെ ഔദാര്യത്തിലല്ല; സാമൂഹിക പുരോഗതി ഞങ്ങളുടെ അവകാശമാണ്

പ്രതികരണം/മിധുൻ കെ മധു

അടിസ്ഥാന സൗകര്യ വികസനം ഒക്കെ കാലാകാലങ്ങളിൽ കേരളം ഭരിച്ച എല്ലാ സർക്കാരിന്റെയും ഉത്തരവാദിത്തം ആണ്. അത് ചെയ്തതിന്റെ പേരിൽ കൃതജ്ഞത കാണിക്കണം എന്നൊക്കെ പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധമാണ്

 

ദളിതരുടെ അപ്‍വാർഡ് മൊബിലിറ്റി ആണോ അതോ ഒരു പൊളിറ്റിക്കൽ ഫോഴ്സ് ആയി അംബേദ്കറൈറ്റുകൾ വരാത്തതാണോ ഇവിടെ പ്രധാനമായി ഉന്നയിക്കുന്ന പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. എന്നിരുന്നാലും രണ്ട് കാര്യങ്ങളിലും ഇടതു ഹാൻഡിലുകളുടെ നിരീക്ഷണങ്ങളിൽ ഒരു കാമ്പുമില്ല.

ദളിതർ ഇന്നും അനുഭവിക്കുന്ന ജാതി വിവേചനങ്ങൾ ഇല്ലായ്മ ചെയ്യാൻ സാമൂഹികമായ ഉന്നമനമാണ് വേണ്ടത്. ഇപ്പോൾ ഞാൻ അടങ്ങുന്ന ദളിത് കമ്മ്യൂണിറ്റി അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഭൂമിയുടെ വിതരണത്തിലെ അസമത്വം, നേരിട്ട് അനുഭവിക്കുന്ന ജാതി അധിക്ഷേപങ്ങൾ, ജാതിയുടെ പേരിലുള്ള മാറ്റിനിർത്തലുകൾ എന്നിവയാണ്. അതുകൊണ്ട് ഏതൊരു സർക്കാരും ആദ്യം അഡ്രസ് ചെയ്യേണ്ടത് അവയെ ഇല്ലായ്മചെയ്യാനാണ്.

കേരളത്തിലെ 25000 ത്തോളം വരുന്ന കോളനികളിലും ലയങ്ങളിലും ജീവിക്കുന്ന ഭൂരഹിതരായ ദളിതർക്ക് അവരുടെ മോശം ജീവിത സാഹചര്യങ്ങളെ മറികടക്കാൻ, ഭൂ ഉടമസ്ഥതയിലെ ഡിസ്പാരിറ്റി കുറയ്ക്കാൻ ഇടതുപക്ഷ സർക്കാർ എന്താണ് ചെയ്തത്? അത് വേണ്ട വിധത്തിൽ ചെയ്തിരുന്നെകിൽ പെട്ടിമുടിയിലെപ്പോലെ ഒരപകടം ഉണ്ടാകുമായിരുന്നോ? സാമൂഹികമായ മാറ്റിനിർത്തലുകൾ ഇല്ലായ്മ ചെയ്യാൻ, പ്രാതിനിധ്യം ഉറപ്പാക്കാൻ, സംവരണത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

എയ്ഡഡ് മേഖലയിൽ സർക്കാർ ശമ്പളം നൽകുന്ന പോസ്റ്റുകളിൽ ഒരു ശതമാനത്തിൽ താഴെയാണ് ദളിതർ നിയമിക്കപ്പെടുന്നത്. അതിനെതിരെ വർഷങ്ങളായി അംബേദ്കറൈറ്റുകൾ ശബ്ദം ഉയർത്തുന്നു, കോടതിയിൽ കേസ് നടത്തുന്നു. അതിനുവേണ്ടി ഇടതുപക്ഷ സർക്കാർ എന്താണ് ചെയ്തത്? എയിഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഒരു ധീരമായ തീരുമാനം എടുത്തിരുന്നെങ്കിൽ സംവരണത്തെ ശക്തിപ്പെടുത്താൻ സർക്കാർ പ്രവർത്തിച്ചു എന്നു പറയാമായിരുന്നു.

https://www.facebook.com/100033890495648/videos/357015068771507/?extid=QzZKQSMJBBv5LL4f

പകരം സിപിഐഎം സർക്കാർ ചെയ്തതോ? സംവരണത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള ആർഎസ്എസ്-ബിജെപി പദ്ധതിക്ക് വഴിമരുന്നിട്ടു! ഇന്ത്യയിൽ തന്നെ ആദ്യമായി സവർണ സംവരണം എന്ന ആശയം നടപ്പിലാക്കി (ദേവസ്വം ബോർഡ് നിയമനങ്ങളിൽ); എന്നിട്ട് പാർട്ടി സെക്രട്ടറി തന്നെ ഹിന്ദുത്വശക്തികളെ അത് ഇന്ത്യയിൽ മുഴുവൻ നടപ്പിലാക്കാൻ വെല്ലുവിളിച്ചു. അതിന്റെ കൂടി ഫലമായി തിടുക്കത്തിൽ ചർച്ചയില്ലാതെ 10% സവർണ്ണ സംവരണം നടപ്പിലാക്കാൻ ഇന്ത്യൻ പാർലമെന്റ് തീരുമാനിച്ചു. ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളെ സിപിഐഎം അടക്കമുള്ള പാർട്ടികൾ (including congress and BSP) പിന്നിൽ നിന്ന് കുത്തി.

ഇ.എം.എസ് നമ്പൂതിരി തുടങ്ങി വെച്ച സാമ്പത്തിക സംവരണമെന്ന, ജാതി സംവരണത്തെ ഇല്ലാതാക്കാനുള്ള ആശയം തുടർന്ന് കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിക്കുന്നത്. ജാതി സംവരണത്തെ ഒരർത്ഥത്തിലും മനസ്സിലാക്കാൻ തങ്ങൾ തയ്യാറല്ല എന്ന സിപിഎമ്മിന്റെ വാശിക്ക് മറ്റൊരു ഉദാഹരണമാണ് സലീമിനെ (RJ Salim) പോസ്റ്റ്. സലിം പറയുന്ന “ദളിതരുടെ അപ്‍വാർഡ് മൊബിലിറ്റിക്ക് ഏറ്റവും അത്യാവശ്യം പഠന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ്” എന്നത് സാമ്പത്തിക സംവരണ വാദികളുടെ വാക്കുകളിൽ നിന്ന് എത്ര വ്യത്യസ്തമാണ്? അടിസ്ഥാനസൗകര്യങ്ങളും പണവും ഒക്കെ ഉണ്ടെങ്കിൽ ദളിതർക്ക് മുന്നോട്ടു വരാമെന്ന ആശയം തന്നെയല്ലേ സലിം പറയുന്നത്?

തീർച്ചയായും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. അത് ലഭ്യമാക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്വമായി കൂട്ടിയാൽ മതി. അത്തരമൊരു ഉത്തരവാദിത്വം നടപ്പിലാക്കിയതുകൊണ്ട് ദളിതർ എല്ലാവരും കൃതജ്ഞത കാട്ടണമെന്ന വൃത്തികെട്ട ചിന്തയല്ല സലീമിന് ഉള്ളതെന്ന് കരുതുന്നു.

‘കേരളത്തിലെ ദളിത് മുന്നേറ്റങ്ങൾ സിപിഎമ്മിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്’, ‘നവോത്ഥാനത്തിന്റെ അമരത്ത് സിപിഐഎം ആയിരുന്നു’ എന്നത് ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. നേതാക്കൾ പറഞ്ഞില്ലെങ്കിലും അണികളിൽ നിന്ന് പലപ്പോഴും അത് നേരിട്ട് കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ ലൈനിൽ ഉള്ള ഒരു അവകാശവാദം പോലെയാണ് ഈ പോസ്റ്റും – കേരളത്തിലെ ദളിതർ സിപിഐഎമ്മിനെ ഔദാര്യത്തിലാണ് സാമൂഹിക പുരോഗതി കൈവരിക്കുന്നത് എന്ന ധ്വനി.

അടിസ്ഥാന സൗകര്യ വികസനം എന്ന ‘ടിപ്പ് ഓഫ് ദി ഐസ് ബർഗി’നെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഭൂവിതരണത്തിലെ അസമത്വം പരിഹരിക്കാത്തതും റിസർവേഷൻ തുരങ്കം വെച്ചതും ഒക്കെ മറയ്ക്കാൻ ശ്രമിക്കരുത്. യഥാർഥ പ്രശ്നങ്ങൾ അതേ പോലെ തന്നെ നിലനിൽക്കുമ്പോൾ സർക്കാർ അതിന്റെ ഉത്തരവാദിത്വങ്ങളിൽ ഒന്നായ ഈ പോസ്റ്റിൽ പറഞ്ഞ കാര്യം, ചെയ്തതിന് ഞങ്ങൾ എല്ലാവരും കയ്യടക്കുമെന്ന് കരുതണ്ട.

EWS സംവരണം നടപ്പിലായപ്പോൾ അത് സവർണ്ണ സംവരണം എന്ന അശ്ലീലമാണ് എന്നത് തുറന്നുകാണിക്കാനുള്ള വേദി കോൺഗ്രസ് നൽകി. അങ്ങനെ ഒരവസരം അംബേദ്കറൈറ്റുകൾ തള്ളിക്കളയേണ്ടതുണ്ടോ? ആ രാഷ്ട്രീയപാർട്ടിയുടെ അണികൾക്ക് എങ്കിലും മനസിലാക്കികൊടുക്കാനുള്ള അവസരം വിനിയോഗിക്കണ്ടേ? അത്തരമൊരു കാര്യം ചർച്ച ചെയ്യാൻ വേദി നൽകുന്നത് പോയിട്ട് ആ വിഷയത്തിൽ എത്ര ഇടതുപക്ഷക്കാർ പോസ്റ്റ് എങ്കിലും ഇട്ടു? അംബേദ്കറൈറ്റുകൾ ഒരു പൊളിറ്റിക്കൽ ഫോഴ്സ് ആയി ഉയർന്നു വരാത്തതിൽ എന്താണ് ഇത്ര ബുദ്ധിമുട്ട്?

ഈ പറയുന്ന സെമിനാറുകളിൽ എല്ലായിപ്പോഴും ഭരിക്കുന്നവരുടെ ദളിത് വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനാണ് അംബേദ്കറൈറ്റുകൾ ശ്രമിച്ചിട്ടുള്ളത്. അതിന് പോസ്റ്റിറ്റിവ് ഇമ്പാക്ട് ഉണ്ടായി എന്നതിന് ഉത്തമ ഉദാഹരണമല്ലേ സലീമിനെപ്പോലെ വ്യാപകമായി വായിക്കപ്പെടുന്ന ഒരു ഇടതുപക്ഷ എഴുത്തുകാരന് അത്തരം വിമർശനങ്ങളെ അഡ്രസ്സ് ചെയ്യേണ്ടിവരുന്നത്? അതുമാത്രമല്ല, സെമിനാർ ഹാളുകളിൽ അംബേദ്കറൈറ്റുകൾ പറയുന്നത് കേട്ട് അതിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് ഭരിക്കുന്നവരോടു ചോദ്യങ്ങൾ ചോദിക്കാൻ ഒരുപാട് പേർ ദളിത് വിഭാഗങ്ങളിൽ നിന്നു മുന്നോട്ടു വരുന്നുണ്ട്. ഇനിയും ആയിരക്കണക്കിന് പേർ വരുമെന്നതിൽ ഒരു സംശയവുമില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x