
തൃശൂര്‍ ജില്ലയില്‍ അധികം സീറ്റ് ചോദിക്കേണ്ടെന്ന് മുസ്‌ലിം ലീഗില്‍ ധാരണ. വിജയസാധ്യത തീരെയില്ലാത്ത ചേലക്കര സീറ്റ് ചോദിച്ച് വാങ്ങേണ്ട എന്ന നിലപാടിലാണ് തൃശൂര്‍ ജില്ലാ കമ്മിറ്റി.
തൃശൂര്‍ ജില്ലയിലെ എസ് സി സംവരണ സീറ്റായ ചേലക്കരയില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് ബഹുദൂരം മുന്നോട്ട് പോയ സാഹചര്യത്തില്‍ സീറ്റ് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നാണ് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരം.

ചേലക്കര സീറ്റ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുമെന്ന പ്രചാരണത്തിന് പിറകില്‍ ലീഗ് വിരുദ്ധ കേന്ദ്രങ്ങള്‍ക്കും പങ്കുണ്ടത്രേ. അതേ സമയം മുസ്ലിം ലീഗ് മത്സരിക്കുന്ന ഗുരുവായൂര്‍ സീറ്റില്‍ ഇത്തവണയും പാര്‍ട്ടി തന്നെ മത്സരിക്കും.
മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വന്നാല്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. സിറ്റിംങ് എം എല്‍ എക്കെതിരെ മണ്ഡലത്തിലുള്ള ഭരണവിരുദ്ധ തരംഗം വോട്ടാകുമെന്നാണ് കണക്കു കൂട്ടല്‍.
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏങ്ങണ്ടിയൂര്‍, പുന്നയൂര്‍കുളം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ മുന്നേറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷ. ഗുരുവായൂരില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നും, മണ്ഡലം തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു.
മണ്ഡലത്തിന് ഉള്ളില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാവുമെന്ന അഭിപ്രായം കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് കോണ്‍ഗ്രസിന് തിരിച്ചേല്പിക്കുമെന്ന പ്രചാരണം ചില മാധ്യമങ്ങളില്‍ നിരന്തരം വരുന്നത് സി പി എമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം വിശദീകരിക്കുന്നത്.
ഗുരുവായൂര്‍ മണ്ഡലം വെച്ച് മാറുന്നതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും യു ഡി എഫില്‍ നടന്നിട്ടില്ല. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.


