India

എന്തിന്റെ പേരിലാണ് ബി.ജെ.പി. വോട്ട് ചോദിക്കുന്നത്? വെളിച്ചം പോലും നിഷേധിക്കുന്ന പുതിയ വൈദ്യുത നിയമം

പ്രതികരണം/രാജഗോപാൽ വാകത്താനം.

ഇത്രമേല്‍ അധഃപതിച്ച ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചിട്ടില്ലെന്ന് സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ അറിയാം.

കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മൈനസില്‍ എത്തിക്കുക മാത്രമല്ല, മതത്തിന്റെ പേരില്‍ രാഷ്ട്ര ശരീരത്തെത്തന്നെ ഛിന്നഭിന്നമാക്കി.

കുത്തകകള്‍ക്കായി രാജ്യത്തെ വിറ്റുകഴിഞ്ഞു. കുറെ പ്രസംഗങ്ങള്‍ക്കും വേഷപ്പകര്‍ച്ചകള്‍ക്കും അപ്പുറത്ത് രാജ്യത്തിനോ ജനതയ്‌ക്കോ പ്രയോജനകരമായ എന്തെങ്കിലും ചെയ്തുവെന്ന് അവകാശപ്പെടാനൊന്നുമില്ലെന്നു മാത്രമല്ല, ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഫാസിസ്റ്റു ശക്തിയായി മാറിയിരിക്കുന്നു.

എന്നിട്ടും എന്തിന്റെ പേരിലാണ് ഇവര്‍ വോട്ടു ചോദിക്കുന്നതെന്നാണ് മനസ്സിലാകാത്തത്.

ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നവര്‍ക്ക് മതഭ്രാന്തല്ലാതെ മറ്റെന്താണുള്ളത്?

✅ കഴിഞ്ഞ വര്‍ഷത്തെ ദാരിദ്ര്യപട്ടികയനുസരിച്ച് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണ്. എത്യോപ്യ, കെനിയ തുടങ്ങിയ ദരിദ്ര രാജ്യങ്ങളെയും പിന്തള്ളി 94-ാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടടുത്ത ബംഗ്ലാദേശ് 75-ാം സ്ഥാനത്തും പാക്കിസ്ഥാന്‍ 88-ാം സ്ഥാനത്തും നില്ക്കുമ്പോഴാണ് അതിന്റെയും പിന്നിലേക്ക് മുതലക്കൂപ്പു നടത്തിയിരിക്കുന്നത്.

✅ കൊട്ടിഘോഷിച്ച നോട്ടുനിരോധനം കോര്‍പ്പറേറ്റുകളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായിരുന്നു. ജനങ്ങളുടെ അവശേഷിക്കുന്ന സമ്പാദ്യം വരെ ഊറ്റിയെടുത്തു അവരെ പെരുവഴിയിലാക്കി.

✅ GST നടപ്പാക്കുക വഴി സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ അവകാശം തള്ളിക്കളഞ്ഞു. വിലക്കയറ്റം രൂക്ഷമാക്കിയെന്നുമാത്രമല്ല, ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്തു.

✅ GDP മൈനസിലേക്കു താഴുകയും കാര്‍ഷിക വളര്‍ച്ച പൂജ്യത്തില്‍ താഴേക്കു പോകുകകയും ചെയ്തിരിക്കുന്നു.

✅ ഭരണഘടനാസ്ഥാപനമായ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്നാക്കി Make in India എന്ന പ്രഹസന പരിപാടി നടപ്പാക്കി. അതോടെ അടിസ്ഥാന സൗകര്യമേഖലകള്‍ മുഴുവന്‍ സ്വകാര്യവല്ക്കരിച്ചു. വിദേശ, ആഭ്യന്തര കുത്തകകള്‍ക്കു കൈമാറി. PPP പദ്ധതികളിലൂടെ ജനാധിപത്യ പ്രക്രിയ അന്യമാക്കി.

✅ UGC യെ നിഷ്പ്രഭമാക്കി Higher Education Council രൂപീകരിച്ചു. ഇഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രമാക്കി ധനസഹായം. സംഘപരിവാര്‍ അജണ്ടയാക്കി ഉന്നതവിദ്യാഭ്യാസത്തെ അധപതിപ്പിച്ചു.

✅ NEP യിലൂടെ വിദ്യാഭ്യാസ രംഗത്തു നിന്ന് പൊതുമേഖലയെ ഒഴിവാക്കുകയും ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് സംവരണം ഇല്ലാതാക്കി പാര്‍ശ്വവല്‍കൃതരെ ഒഴിവാക്കി.

✅ CBIയുടെ ഘടന തകര്‍ത്ത് സര്‍ക്കാര്‍ ഏജന്‍സിയാക്കി. 30,000 കോടിയുടെ റാഫേല്‍ അഴിമതി മൂടിവെക്കാനായിരുന്നു ഇത്.

✅ RBI യുടെ ആസ്തി തകര്‍ത്തു. ലാഭവിഹിതം മാത്രമല്ല, കരുതല്‍ ധനവും കവര്‍ന്നെടുത്ത് Reserve ഇല്ലാത്ത ബാങ്കാക്കി.

✅ EIA പ്രഖ്യാപിച്ച് നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ ഇല്ലാതാക്കി, ക്വാറി, മാഫിയ സംഘങ്ങള്‍ക്കു യഥേഷ്ടം വിഹരിക്കാന്‍ അവസരമുണ്ടാക്കി.

✅ രാജ്യത്തിന്റെ മൂലധനമായ പൊതുമേഖലകള്‍ വിറ്റഴിച്ച് രാജ്യത്തെ അനാഥമാക്കി. രണ്ടു ലക്ഷം കോടി സമാഹരിക്കാനുള്ള വിറ്റഴിക്കല്‍ പ്രക്രിയയില്‍ ലക്ഷങ്ങള്‍ തൊഴില്‍ രഹിതരായി. മിനിമം കൂലി 178 രൂപയാക്കി കുറച്ചു. ആക്രിവിലയ്ക്ക് കുത്തകകള്‍ അവ വാങ്ങിക്കൂട്ടി.

✅ പെട്രോള്‍/ഇന്ധനവില ലോകത്തിലെ ഏറ്റവും വലതും സര്‍വ്വകാല റിക്കോര്‍ഡുമായി മാറി.

✅ 44 തൊഴില്‍ നിയമങ്ങളില്‍ 29 എണ്ണം ഭേദഗതിയിലൂടെ നാലാക്കി വെട്ടിക്കുറച്ചു. സേവനവേതന വ്യവസ്ഥകള്‍ അപ്രസക്തമായി. സ്ഥിരം തൊഴില്‍, 8 മണിക്കൂര്‍ തൊഴില്‍ അവകാശം ഇല്ലാതാക്കി.

✅ ഈ സാമ്പത്തിക അജണ്ടകള്‍ അനായാസമാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കി. ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ചതിലൂടെ ഫാഷിസ്റ്റ് കേന്ദ്രീകൃത ഭരണവ്യവസ്ഥ സാദ്ധ്യമാക്കി.

✅ ജമ്മുകാശ്മീരിന്റെ പ്രത്യേകാവകാശ നിയമമായ Article 370 പാര്‍ലമെന്റില്‍ ചര്‍ച്ച പോലുമില്ലാതെ ഇല്ലാതാക്കി. ഒരു ജനതയെ മുഴുവന്‍ പട്ടാള നിയമത്തിന് കീഴിലാക്കി. 6 മാസത്തോളം ഇന്റര്‍നെറ്റു പോലും ഇല്ലാതാക്കി.

✅ പൗരത്വ നിയമനിര്‍മ്മാണത്തിലൂടെ ഇസ്ലാമിക, ന്യൂനപക്ഷ വിഭാഗങ്ങളെ രാഷ്ട്ര ശരീരത്തില്‍ നിന്നു വേര്‍പെടുത്തി. ആസാമില്‍ മാത്രം 19 ലക്ഷം ജനങ്ങള്‍ ഇന്ത്യക്കാരല്ലാതായി മാറി.

✅ കുത്തകകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന ഉജ്ജ്വല സമരത്തെ ഖലിസ്ഥാന്‍ വാദമാക്കി ചിത്രീകരിച്ച് ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

✅ രാജ്യത്തിന്റെ അഭിമാനമായ JNU വിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ നടപടികള്‍.

✅ ദലിത് വേട്ടകള്‍ ഭയാനകമാം വിധം വര്‍ദ്ധിച്ചുവെന്നു മാത്രമല്ല, കൂട്ടബലാത്സംഗങ്ങളുടെയും സ്ത്രീ വേട്ടകളുടെയും കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നു.

ഇതിനെതിരെ ശബ്ദിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ദേശദ്രോഹ നിയമമനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. UAPA, ED, NIA തുടങ്ങിയവ വിയോജിപ്പുകാര്‍ക്കെതിരെ നിഷ്‌ക്കരുണം ഉപയോഗിക്കുന്നു.

സാംസ്‌കാരിക / മനുഷ്യാവകാശ പ്രവര്‍ത്തകരെയുമൊക്കെ സകല നിയമങ്ങളും ലംഘിച്ച് തുറുങ്കിലടയ്ക്കുന്നു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരെപ്പോലും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദിഷാ രവിയുടെ അനുഭവം.

വിയോജിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും, സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശദ്രോഹമല്ലെന്നും സുപ്രീം കോടതിക്ക് ആവര്‍ത്തിച്ചു വ്യക്തമാക്കേണ്ടിവന്നിരിക്കുന്നു.

ജനങ്ങളെ വെല്ലുവിളിക്കുന്ന, ജനതയ്ക്ക് ഭീതി മാത്രം നല്‍കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെപ്പറ്റി മനസ്സിലാക്കി വേണം താമര ചിഹ്നത്തില്‍ വോട്ടുകുത്തുവാന്‍.

ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ബിജെപിയുടെ അഹന്ത. പണം കൊടുത്ത് എം.പിമാരെയും എംഎല്‍എമാരെയും വാങ്ങുന്നുവെന്ന് മാത്രമല്ല, പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു.

ഈ കെണിയില്‍ വീഴുന്നവര്‍ ബിജെപിക്ക് വളം വെയ്ക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ കിടമത്സരക്കാരും മുന്നണികളും തിരിച്ചറിയാതെ പോകുന്നതും ഇതുതന്നെയാണ്.

വെളിച്ചവും നിരോധിക്കുന്നു മോദി സര്‍ക്കാര്‍?

കാര്‍ഷിക, വിദ്യാഭ്യാസ, പരിസ്ഥിതി നിയമങ്ങളുടെ അട്ടിമറിക്കുശേഷം ഫെഡല്‍ സംവിധാനത്തെ വെല്ലുവിളിച്ചും ജനങ്ങള്‍ക്ക് അരക്ഷിതാവസ്ഥ സമ്മാനിച്ചും കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു നിയമം കൂടി പാസ്സാക്കാനൊരുങ്ങുന്നു – വൈദ്യുത ഭേദഗതി നിയമം.

2003 ലെ വൈദ്യുതി നിയമം ഇല്ലാതാക്കാന്‍ 3 തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ നാലാം തവണ ബലമായി പാസ്സാക്കാന്‍ ശ്രമിക്കുകയാണ്.

ഉല്പാദനം, പ്രസരണം, വിതരണം എന്നു മൂന്നു വിഭാഗമായ വൈദ്യുത രംഗത്തെ ഏറ്റവും വലിയ മുതല്‍ മുടക്ക് ആദ്യ രണ്ടു രംഗത്തുമാണ്. വിതരണ രംഗത്തുനിന്നു ലഭിക്കുന്ന വരവാണ് മറ്റു മേഖലകളുടെ മുതല്‍ മുടക്ക്. എന്നാല്‍ പ്രായേണ മുതല്‍ മുടക്കില്ലാത്ത വിതരണ മേഖലയിലേക്ക് കടന്നുവരാമെന്നാണ് പ്രഖ്യാപനം.

യാതൊരു ലൈസന്‍സുമില്ലാതെ സ്വകാര്യ കുത്തകകള്‍ ഈ മേഖലയില്‍ കടന്നുവരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും. അവര്‍ക്ക് യഥേഷ്ടം നിരക്കു കൂട്ടാം. അതു താങ്ങാന്‍ കഴിയുന്നവര്‍ക്കു മാത്രമാകും ഇനിമേല്‍ വൈദ്യുത ലഭിക്കുക.

ക്രോസ് സബ്‌സിഡി ഇല്ലാതാകുന്നതോടെ വില നിയന്ത്രണാതീതമാകും. ഗ്രാമീണ മേഖലകളിലേക്കുള്ള വിതരണം ലാഭകരമല്ലാതാകുന്നതോടെ നിര്‍ത്തലാക്കപ്പെടുകയും ചെയ്യാം. പാചകവാതകം, പെട്രോള്‍ വിലവര്‍ദ്ധനവിനേക്കാള്‍ ആഘാതപരമാകും വെളിച്ചം കൂടി നിരോധിക്കപ്പെടുന്ന പുതിയ വൈദ്യുത നിയമം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x