ColumnsWorld

കോവിഡ് വാക്സിൻ ഉൽപാദനവും വിപണനവും; ഭീകരമായ ലാഭം കൊയ്യുന്ന സ്വകാര്യ മേഖലകൾ

പ്രതികരണം/നാസിറുദീൻ മറിയം

ചോംസ്കി നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്. അമേരിക്കയിൽ അടിസ്ഥാന ഗവേഷണവും റിസ്കും എപ്പോഴും പൊതുമേഖലയിലും ലാഭം മാത്രം സ്വകാര്യ മേഖലയിലുമായിരിക്കും.

ഇക്കാര്യം അടിവരയിടുന്നതാണ് കോവിഡുമായി ബന്ധപ്പെട്ട ഗവേഷണവും ചികിൽസയും. യു എസ് സർക്കാർ ഏജൻസിയായ The Biomedical Advanced Research and Development Authority (BARDA) കോവിഡ് 19 മായി ബന്ധപ്പെട്ട ടെസ്റ്റുകൾ, ചികിൽസ, വാക്സിൻ എന്നിവക്കായി ഇതേ വരെ ചിലവഴിച്ചത് 14 ബില്യൻ ഡോളറിലധികമാണ്.

സ്വാഭാവികമായും ഇത് പൂർണമായും ജനങ്ങളുടെ നികുതി പണമാണ്. ‘Public Citizen’ എന്ന എൻ ജി ഒ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് തയ്യാറാക്കിയ കണക്കാണിത്.

പക്ഷേ ഇതിനെ അപേക്ഷിച്ച് തീർത്തും നിസ്സാരമായ തുക മാത്രം ചിലവിട്ട സ്വകാര്യ കമ്പനികളാണ് കോവിഡ് വാക്സിൻ ഉൽപാദനവും വിപണനവും വഴി ഭീകരമായ ലാഭം കൊയ്യുന്നത്.

ജനങ്ങളാണെങ്കിൽ ആദ്യം നികുതിയായും പിന്നീട് അതിൽ നിന്ന് രൂപപ്പെട്ട വാക്സിനുള്ള വിലയായും രണ്ട് വട്ടം പണം നൽകേണ്ടി വരുന്നു.

വാക്സിനുകളുടെ ചരിത്രം തന്നെ പരിശോധിച്ചാൽ സർക്കാർ ഗവേഷണങ്ങളും ഫണ്ടിങ്ങുമായിരുന്നു അടിസ്ഥാനം. ചരിത്രകാരനായ കെന്‍ഡല്‍ ഹോയ്റ്റിന്റെ അഭിപ്രായത്തില്‍ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഇന്നത്തെപ്പോലെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് വലിയ തടസ്സമായിരുന്നില്ലാത്ത കാലത്താണ് വാക്സിൻ ഗവേഷണത്തിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായത്.

രണ്ടാം ലോകമഹായുദ്ധാനന്തരം യു എസ് മിലിറ്ററി വ്യവസായങ്ങളേയും സർവ്വകലാശാലകളേയും കോർത്തിണക്കി സർക്കാർ തലത്തിൽ നടത്തിയ നീക്കങ്ങൾ വിപ്ലവകരമായിരുന്നു.

സൗന്ദര്യ വർദ്ധക വസ്തുക്കൾ പോലെയോ പതിവായി കാണുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ പോലെയോ വിപണന സാധ്യത ഉറപ്പില്ലാത്തതിനാൽ കോവിഡ് വാക്സിൻ പോലുള്ള ഗവേഷണത്തോട് സ്വകാര്യ മേഖലക്ക് താൽപര്യമില്ലായിരുന്നു.

ലാഭം ഉറപ്പില്ലാത്ത ഒന്നിനും അവർ മിനക്കെടില്ല. പിന്നീട് സർക്കാർ തലത്തിൽ ഭീകരമായ പണച്ചിലവിൽ നടന്ന പ്രവർത്തന ഫലങ്ങൾ ഉപയോഗിച്ച് ലാഭം കൊയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

വാക്സിൻ ഉൽപാദനത്തിലും വിതരണത്തിലും ഈ സ്വകാര്യവൽക്കരണം കാലതാമസത്തിന് കാരണമാവുമെന്ന് കഴിഞ്ഞ വർഷം തന്നെ വിദഗ്ദർ മുന്നറിയിപ്പ് നൽകിയതുമാണ്.

ഇപ്പറഞ്ഞതൊക്കെ മുതലാളിത്ത വ്യവസ്ഥിതിയിലെ ചൂഷണമാണെങ്കിൽ അതിൻ്റെ നൂറിരട്ടിയാവും വർഗീയതയും കോർപറേറ്റ് ഭീകരതയും കൂട്ടിച്ചേർത്ത ഒരു ഫാഷിസ്റ്റ് വ്യവസ്ഥിതിയിൽ.

ഇന്ന് ഇന്ത്യയിൽ സംസ്ഥാനങ്ങൾക്കും സ്വകാര്യ മേഖലക്കും പ്രഖ്യാപിച്ച വാക്സിൻ നിരക്കുകൾ അതിൻ്റെ സാക്ഷി പത്രമാണ്. കോവിഡ് എങ്ങനെ ലോകത്ത് സാമ്പത്തിക അസമത്വം കൂട്ടിയെന്നത് ഇതിനകം തന്നെ ചർച്ചയായതാണ്.

പക്ഷേ കോവിഡ് അവസാനിക്കുമ്പോഴേക്ക് അതേറ്റവും ഭീകരമാവുന്നത് ഇന്ത്യയിലാവാൻ സാധ്യതയുണ്ട്, ഒരിക്കലും ഇവിടെയത് ചർച്ചക്കോ പറയത്തക്ക പ്രേക്ഷോഭങ്ങൾക്കോ കാരണമാവാൻ സാധ്യതയില്ലെങ്കിലും. അക്ഷരാർത്ഥത്തിൽ “മരണത്തിൻ്റെ വ്യാപാരികൾ…” !!

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x