Opinion

‘സുരക്ഷിത പാര്‍ട്ടി മാറല്‍ യോജന’; എല്ലാ അഴിമതിക്കറകളും മാഞ്ഞ് പോകുന്ന അത്ഭുതവിദ്യ | സുധാ മേനോൻ

2015ല്‍ ബിജെപി ഒരു ബുക്ക്‌ലെറ്റ് പുറത്തിറക്കി. ആ ലഘുരേഖയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: “Reality and Saga of Scams in Congress-ruled States — Water Supply Scam in Goa and Guwahati”.

Louis Berger International എന്ന അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ആസാമിലും ഗോവയിലും ജലവിതരണത്തിന്റെ പ്രോജക്റ്റ് കിട്ടാന്‍ വേണ്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 9,76,639 ഡോളര്‍ കൈക്കൂലി കൊടുത്തു എന്നായിരുന്നു കേസ്.

അന്നത്തെ വകുപ്പ് മന്ത്രി ആയിരുന്ന ഹിമന്ത ബിസ്വ ശര്‍മയാണ് ഈ അഴിമതിക്കേസിലെ പ്രധാന പ്രതി എന്നായിരുന്നു ലഘുരേഖയില്‍ ബിജെപി ആരോപിച്ചത്.

പക്ഷെ, അധികം വൈകാതെ ഹിമന്ത ബിസ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബിജെപിക്ക് സുഗമമായി കടക്കാനുള്ള തെളിഞ്ഞ വഴി വെട്ടികൊടുക്കുകയും ചെയ്തു.

ശാരദ ചിറ്റ് ഫണ്ട് ഉടമയായ സുദീപ്തോ സെന്നില്‍ നിന്നും ഇതേ ഹിമന്ത മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയതായി അയാളുടെ ഡയറിയില്‍ എഴുതിയിരുന്നു. ഹിമന്ത ശര്‍മയ്ക്ക് എതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി, അയാള്‍ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ നിശബ്ദരായി.

ഇന്ന്, ശര്‍മ ആസാം മുഖ്യമന്ത്രി. ബിജെപിയുടെ കണ്ണിലുണ്ണി. അയാളുടെ പഴയ അഴിമതി കേസ് എല്ലാവരും മറന്നു. ഒരിക്കല്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോൾ, ഹിമന്ത പറയുന്നത് ശ്രദ്ധിക്കാതെ രാഹുല്‍ പട്ടിയെ കളിപ്പിക്കുകയായിരുന്നു എന്ന ഹിമന്തയുടെ കഥ മാത്രം ഇന്നും രാഹുല്‍ ഗാന്ധിയുടെ ‘കഴിവുകേടിന്’ തെളിവായി പ്രകാശവേഗതയില്‍ സൈബര്‍ ലോകത്തും പുറത്തും പറന്നു കളിക്കുന്നു.

ഹിമന്തയുടെ ക്രെഡിബിലിറ്റി ആര്‍ക്കും പ്രശ്നമല്ല, അയാളുടെ പൂര്‍വകാലവും. കാരണം അയാള്‍ ബിജെപിയില്‍ ആണ്. സമ്പൂര്‍ണ്ണവിശുദ്ധരുടെ പാര്‍ട്ടിയില്‍.

യദിയൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രി ആയിരുന്നു. ബെല്ലാരി, തുംകൂര്,‍ ചിത്രദുർഗ ഖനി മാഫിയയുമായുള്ള ബന്ധവും കോടികളുടെ അഴിമതിയും കാരണം ശിക്ഷിക്കപ്പെട്ട് 2011ല്‍ ജയിലില്‍ പോയ നേതാവ്. കര്‍ണ്ണാടക ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ അഴിമതിക്കുറ്റം തെളിഞ്ഞ ഒരാള്‍.

ജയിലില്‍ നിന്നും പുറത്തു വന്നു വേറെ പാര്‍ട്ടി ഉണ്ടാക്കിയ യെദിയൂരപ്പ, 2013 ല്‍ ഉപാധികള്‍ ഇല്ലാതെ ബിജെപിയിലേക്ക് തിരിച്ചു പോയി. അതോടെ, തെളിവ് സഹിതം ലോകായുക്ത കുറ്റവാളിയാണ് എന്ന് കണ്ടെത്തിയ പ്രതിക്കെതിരെ എല്ലാ തെളിവുകളും ഓരോന്നായി ഇല്ലാതായി. യദിയൂരപ്പ വീണ്ടും കര്‍ണ്ണാടക മുഖ്യമന്ത്രി ആയി, രാജി വെച്ചു. എങ്കിലും, ഇപ്പോഴും, കർണ്ണാടക ബിജെപിയുടെ സമാരാധ്യനായ നേതാവ് തന്നെയാണ് യദിയൂരപ്പ. കേസ് ആവിയായി.

രാജ്യത്ത് പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു മധ്യപ്രദേശിലെ വ്യാപം അഴിമതി. സമൂഹത്തിലെ സമ്പന്നരായ വ്യക്തികള്‍ രാഷ്ട്രീയ നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങള്‍ ഒഴുക്കി എന്നായിരുന്നു കേസ്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് അനൗദ്യോഗിക കണക്ക്.

അതോടൊപ്പം, വ്യാപം കേസിലെ പ്രതികളും, സാക്ഷികളും തെളിവുകള്‍ നല്‍കിയവരും ആയ നാൽപ്പതിൽ അധികം പേർ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. ഭരണകക്ഷി നേതാക്കളുടെ ഒത്താശയില്ലാതെ ഇത്രയും വലിയ അഴിമതി നടക്കില്ല എന്ന് കൊച്ചുകുട്ടിക്ക് പോലും മനസിലാകും. പക്ഷെ, മുഖ്യമന്ത്രിയായ ശിവരാജ് ചൌഹാന് എതിരെയും, മറ്റു നേതാക്കള്‍ക്ക് എതിരെയും ഒരു തെളിവും സിബിഐ കണ്ടെത്തിയില്ല. വ്യാപം അഴിമതി ഇന്ന് എല്ലാവരും മറന്നു കഴിഞ്ഞു. ആര്‍ക്കും, അണ്ണാ ഹസാരെയെ വിളിക്കേണ്ട. കാരണം മറുവശത്ത്‌ കോണ്‍ഗ്രസ് അല്ലല്ലോ.

ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ നാരായണ്‍ റാണെ കോണ്‍ഗ്രസ്സിലും ശിവസേനയിലും ആയിരുന്നപ്പോള്‍ ആദര്‍ശ് അഴിമതി ആരോപണം മുതല്‍ പലതും അദ്ദേഹത്തിനു എതിരെ ശക്തമായി ആരോപിച്ചത് ബിജെപി ആയിരുന്നു.

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും കള്ളപ്പണം കൈകാര്യം ചെയുന്നു എന്നും ആരോപിച്ചു കൊണ്ട് റാണെക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് 2016ല്‍ EDക്ക് കത്തയച്ചത് ബിജെപി നേതാവ് കിരീട് സോമയ്യ ആയിരുന്നു. പക്ഷെ, 2017ല്‍ റാണെ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയായി. കത്തും, ആരോപണവും എല്ലാം അതോടെ വിസ്മരിക്കപ്പെട്ടു. ഇപ്പോൾ ഒരന്വേഷണവും ഇല്ല. എല്ലാം ശാന്തം, സുന്ദരം.

ഇക്കഴിഞ്ഞ മേയ് അഞ്ചിന് ആണ് ശിവസേനാ എം.പി ഭാവനാ ഗവാലിയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ED ചോദ്യം ചെയ്യാന്‍ അവസാനമായി വിളിപ്പിച്ചത്. എംപിയുടെ സഹായിയായ സഈദ് ഖാനെ കഴിഞ്ഞ വർഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയുകയും, സ്വത്തുവകകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ബിജെപി നേതാവ് കിരീട് സോമയ്യ ഇവരുടെ മണ്ഡലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഗവാലിയുടെ ആളുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തതും അക്കാലത്ത് വലിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍, ഭാവന ഇപ്പോള്‍ ഏകനാഥ് ഷിൻഡേയുടെ വിമത ശിവസേനയില്‍ ആണ്. എന്തായാലും അവർ കൂറു മാറിയ ഉടന്‍ തന്നെ സഈദ് ഖാന് ജാമ്യം കിട്ടി. ഇനി അവര്‍ക്ക് ED യെ പേടിക്കേണ്ടതില്ല. എല്ലാം ക്ളീൻ.

ഇങ്ങനെ എത്രയെത്ര കേസുകൾ! ഏതായാലും ബിജെപി ഭരണത്തില്‍ വന്ന ശേഷമുള്ള ഏറ്റവും ഫലപ്രദമായ പദ്ധതി ഈ ഒരൊറ്റ യോജനയാണ്: ‘സുരക്ഷിത പാര്‍ട്ടിമാറല്‍ യോജന’.

ബിജെപിയിലും മുന്നണിയിലും ചേര്‍ന്നതോടെ ഹിമന്ത മുതല്‍ ഭാവന വരെയുള്ളവര്‍ വിശുദ്ധരായി. അല്ലാത്തവര്‍ അഴിമതി വീരന്മാര്‍ ആയി നിരന്തരം ചിത്രീകരിക്കപ്പെടുന്നു, വേട്ടയാടപ്പെടുന്നു.

ചുരുക്കത്തിൽ ബിജെപി ഒരിക്കലും അഴിമതിക്ക്‌ എതിരല്ല. എല്ലാ അഴിമതിക്കറകളും ബിജെപിയിൽ ചേരുന്നതോടെ മാഞ്ഞു പോകും എന്ന അത്ഭുതവിദ്യ കൂടി അവർ പ്രയോഗിക്കുന്നുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാര്‍ ആയി ‘സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും’ അവതരിപ്പിക്കപ്പെട്ടാലും അത്ഭുതമില്ല. കാരണം, ഈ യോജനയില്‍ അവർ ഒരിക്കലും ചേരില്ലല്ലോ.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x