സ്വപ്നപദ്ധതി ഇല്ലാതാവുന്നു; സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ
ഇടത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈനിന്റെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
കേന്ദ്രറെയിൽവേ ബോർഡ് അനുമതി കിട്ടിയ ശേഷം പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. അനുമതി ലഭിക്കുന്നതിന് മുൻപ് പഠനം നടത്തുന്നത് പണം പാഴാക്കലാണെന്ന വിലയിരുത്തലിലാണ് തീരുമാനം.
11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ചു വിളിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ജില്ലാ കവക്ടര്മാര്ക്കുമാണ് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു.
സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം, സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു. പദ്ധതി ഉപേക്ഷിക്കുകയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS