സുപ്രീം കോടതി ജഡ്ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ ശാന്തനഗൗണ്ടർ അന്തരിച്ചു
നിലവിൽ സുപ്രീം കോടതി ജഡ്ജിയും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ മല്ലികാർജുനഗൗണ്ട ശാന്തനഗൗണ്ടർ അന്തരിച്ചു. കുറച്ച് കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.
1958 ൽ ജനിച്ച അദ്ദേഹം 2017 ൽ ആണ് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെടുന്നത്. 2016 സെപ്റ്റംബർ 22 നാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്.
തുടക്കത്തിൽ കർണാടക ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു, പിന്നീട് 2003 ൽ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2004 സെപ്റ്റംബർ 29 ന് കർണാടക ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 2016 ഓഗസ്റ്റ് 1 ന് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായി.
സുപ്രീം കോടതിയിൽ 2023 മെയ് വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS