IndiaLaw

പെ​ഗാസസ്: ദേശസുരക്ഷയുടെ പേരിൽ എല്ലാം അനുവദിക്കാൻ പറ്റില്ല; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണ സമിതി

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ വയ്ക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം തള്ളി.

അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു.

കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ സമിതി. 2019 മുതലുള്ള മുഴുവന്‍ വിവരങ്ങളും ഈ സമിതിക്ക് കൈമാറണം.

ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആരോപണങ്ങൾ സമിതി സമഗ്രമായി പരിശോധിച്ച ശേഷം കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണം. എട്ട് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

റിട്ട. സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ടായിരിക്കും.

ഡോ. നവീൻ കുമാർ ചൗധരി, ഡോ.അശ്വിൻ അനിൽ ഗുമസ്തെ മലയാളിയും പ്രൊഫസറുമായ ഡോ. പി പ്രഭാഹരൻ എന്നിവര്‍ അടങ്ങിയത് ആണ് സങ്കേതിക സമിതി.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരിമിത വിവരങ്ങളാണ് സുപ്രീംകോടതിക്ക് കൈമാറിയത്. ദേശസുരക്ഷയെന്ന ആശങ്ക ഉയര്‍ത്തി ഭരണകൂടത്തിന് രക്ഷപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു.

ഏഴ് കാര്യങ്ങളാണ് വിദഗ്ധ സമിതി വിശദമായി പരിശോധിക്കുക;

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോർത്തിയോ?

ആരുടെയൊക്കെ ഫോണുകൾ ചോർത്തി?,

2019ൽ ഫോണ്‍ ചോർത്തൽ ആരോപണം ഉയർന്ന സമയത്ത് കേന്ദ്രം എന്തൊക്കെ നടപടികൾ സ്വീകരിച്ചു?

കേന്ദ്രവും സംസ്ഥാന സർക്കാറുകളും പെഗാസസ് വാങ്ങിയിട്ടുണ്ടോ?,

ഉണ്ടെങ്കിൽ ഏത് നിയമം അനുസരിച്ച്?

സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ അത് നിയമപരമാണോ? എന്നീ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.

പൗരന്‍റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൗരന്‍റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ചോര്‍ത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടെടുത്ത കേന്ദ്രത്ത സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ പറ്റില്ലെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു.

വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ആ നിര്‍ദേശം തള്ളിയാണ് സ്വന്തം മേല്‍നോട്ടത്തില്‍ കമ്മിറ്റിയെ വച്ച് അന്വേഷണം എന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കപ്പെടുന്നതാണിത്. പൗരന്മാരെ മൊത്തം ബാധിക്കുന്ന പ്രശ്‌നം. കൃത്യമായ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേന്ദ്രം ഇത് കണ്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പെഗാസസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അറിയിക്കാന്‍ കേന്ദ്രത്തിന് ആവശ്യത്തിന് സമയം നല്‍കി. എന്നാല്‍ പരിമിതമായ ഒരു സത്യവാങ്മൂലം മാത്രമാണ് കേന്ദ്രം നല്‍കിയത്. കേന്ദ്രം കൃത്യമായ നിലപാട് അറിയിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും ബാധ്യത കുറയുമായിരുന്നുവെന്നും കോടതി പറഞ്ഞു.

കോടതിയെ കാഴ്ചക്കാരാക്കരുത്. ഭരണഘടനാനുസൃതമായിരിക്കണം നിബന്ധനകൾ കൊണ്ടുവരാന്‍. നിയമത്തിന്റെ പിന്‍ബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറുത്. മൗലികാവകാശങ്ങള്‍ പോലെ തന്നെ ചില നിയന്ത്രണങ്ങളും ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട് എന്നിങ്ങനെ കോടതി നിരീക്ഷിച്ചു.

ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക് സ്വകാര്യതയില്‍ ആശങ്കയുണ്ട്. സ്വകാര്യത ലംഘിക്കപ്പെടുന്നതില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന കൃത്യമായ മുന്നറിയിപ്പോടെയാണ് കോടതി വിധി.

എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെ നൽകിയ 12 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ, പ്രഞ്ജോയ് ഗുഹ താകുർത്ത, യശ്വന്ത് സിൻഹ, ജഗ്ദീപ് എസ് ചോക്കർ എന്നിവരും ഹർജികൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x