OpinionPolitical

പാലത്തായി പീഡനകേസ്; അന്വേഷണ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്ന നിയമസംഹിതകൾ

പ്രതികരണം/പ്രമോദ് പുഴങ്കര

ഒരു കേസിലെ പൊലീസ് നടപടികളിലെ അതൃപ്തി രേഖപ്പെടുത്താൻ പൊലീസ് ഐ ജിയെ വിളിച്ച അപരിചിതനായ ഏതോ ഒരാൾക്ക് ആ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ എന്തൊക്കെ മാർഗങ്ങളുണ്ടെന്ന് വിശദമായി ക്ഷമാപൂർവ്വം പറഞ്ഞുകൊടുക്കുന്ന കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിങ്ങൾക്കറിയുമോ? ഇല്ലെങ്കിൽ അദ്ദേഹമാണ് ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത് ഐ പി എസ്.

കിർനീം , കിർനീം എന്ന് ഫോൺ ബെൽ അടിക്കുന്നു. അങ്ങേത്തലക്കലെ നന്മ നിറഞ്ഞ ശ്രീനിവാസൻ ഫോൺ എടുക്കുന്നു. സാറേ, സാറല്ലേ സാർ എന്ന് വിളിച്ചയാൾ. ആ ഞാനാണ് സാർ, സാർ എന്ന് വിനയപ്രഭു. നിങ്ങളാരാണ്. ഞാനാണ് മുഹമ്മദ് (സ. അ) എന്ന് പൗരൻ. പറയൂ മുഹമ്മദ് എന്ന് വിനയപ്രഭു. സാറേ പാലത്തായി പീഡന കേസിലെ പ്രതിയുടെ ജാമ്യം, എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോഴേ ക്രൈംബ്രാഞ്ച് സിംഹം വേഷം മാറി തൊപ്പിയും കോട്ടും പൈപ്പുമൊക്കെയായി പിന്നെ മിസ്റ്റർ വാട്സൺ എന്ന മട്ടിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദീകരണമാണ്.

നിയമം തെറ്റിക്കുന്ന നിയമപാലകർ

എന്തുകൊണ്ട് കേസിലെ പ്രതിയായ പദ്മരാജനെ Protection of Children from Sexual Offenses Act (POCSO) പ്രകാരം കുറ്റക്കാരനാക്കാൻ സാധിക്കാത്തത് എന്നത് വളരെ സൂക്ഷ്മമായി അദ്ദേഹം വിശദീകരിക്കുകയാണ്. ഭാഗിക കുറ്റപത്രം മാത്രം സമർപ്പിച്ച, ഇപ്പോഴും അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ കുറ്റപത്രത്തെ സംബന്ധിച്ചാണ് ഐ ജി ഈ ഹരികഥ പറയുന്നത്.

അപരിചിതനായ മുഹമ്മദിനോടുള്ള ഹൃദയം തുറന്ന സംഭാഷണം അതിലൊന്നും നിൽക്കുന്നില്ല, പീഡനത്തിരയായ പെൺകുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ 164 CrPC statement അടക്കം രാമന് മുന്നിൽ ഹനുമാനെന്ന പോലെ അദ്ദേഹം ഹൃദയം പൊളിച്ചു പറയുകയാണ്.

സുപ്രീം കോടതി പറഞ്ഞതായി നമുക്കറിയുന്നത് (SLP(Crl.) No. 5073/ 2011) ‘State of Karnataka by Nonavinakere Police Vs. Shivnna @ Tarkari Shivanna’ ) ” … the Investigating Officer shall not disclose the contents of the statement of the victim under section 164 Cr.P.C.until a charge sheet is filed to anybody other than those connected with the investigation of the case either in the capacity of supervisory officer or the Prosecutor. ” അതായത് അന്തിമകുറ്റപത്രം സമർപ്പിക്കുന്നതുവരെ ഈ statement ഏതെങ്കിലും വിധത്തിൽ പുറത്തുവിടാൻ പാടില്ല എന്ന്. പക്ഷെ മല മുഹമ്മദിന്റെ അടുത്തേക്ക് എത്തുകയാണ്. അദ്ദേഹത്തിന് പിടിച്ചുനിൽക്കാനാകുന്നില്ല.

പീഡനത്തിനിരയായ പെൺകുട്ടിയും മാർഗനിർദ്ദേശങ്ങളും

പതിനൊന്നു വയസായ ഒരു പെൺകുട്ടി, ലൈംഗിക പീഡനത്തിനിരയായ ഒരു പെൺകുട്ടി തന്റെ മൊഴികളിൽ വരുത്തിയ പ്രമാദമായ വൈരുധ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വാചാലാനാകുന്നത്. ലൈംഗിക പീഡനത്തിരയായ കുട്ടികളിൽ നിന്നും തെളിവെടുക്കുമ്പോൾ പാലിക്കേണ്ട എല്ലാ മാർഗനിർദേശങ്ങളും ലംഘിച്ചുകൊണ്ട്, കുട്ടിയെ പല തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിക്കൊണ്ട്, എല്ലാ തരത്തിലും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഒരു സംവിധാനത്തിന്റെ മേധാവി ഒരുളുപ്പുമില്ലാതെ പറയുകയാണ് ആ കുട്ടി പറഞ്ഞ തിയ്യതികൾ തെറ്റായിരുന്നുവെന്ന്. പന്ത്രണ്ടരയ്ക്ക് അമ്പലത്തിൽ പോയെന്നു പറഞ്ഞത് കളവല്ലേ, ആ നേരത്ത് ഏത് ക്ഷേത്രം തുറന്നിരിക്കുമെന്ന്.

കൊള്ളാം, ലൈംഗിക പീഡനത്തിരയായ ഒരു പെൺകുട്ടി തന്റെ വളരെ ചെറിയ സാമൂഹ്യ, ലോകപരിചയത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങളെയാണ് നമ്മുടെ ഹോംസ് എടുത്തു പൊളിക്കുന്നത്. പീഡകൻ പറഞ്ഞു കൊടുക്കുന്ന വിവരങ്ങളിലൂടെയാണ് ആ ദിവസങ്ങളിലെ സംഭവങ്ങളെ ഇര പുനരാവിഷ്‌ക്കരിക്കുക. അതായത് നിന്റെ ഉമ്മയ്ക്ക് ഞാൻ ഫോട്ടോ അയച്ചുകൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ അങ്ങനെ ചെയ്തു എന്നു തന്നെയാണ് ഒരു കുട്ടി വിശ്വസിക്കുക. കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലപ്പെടും എന്നു തന്നെയാണ് കരുതുക.

പീഡിപ്പിക്കപ്പെട്ട തീയതികൾ പറഞ്ഞതിൽ പൊരുത്തക്കേടുണ്ടെന്നാണ് ശ്രീജിത്ത് ഉത്സാഹത്തോടെ പറയുന്നത്. പീഡനത്തിന്റെ വിവരങ്ങളും തെളിവുകളും ഇരയിൽ നിന്നും ശേഖരിക്കുമ്പോൾ സംഭവത്തിന്റെ പൊതുചിത്രം ഉണ്ടാക്കുന്നതിനു സഹായകമായ വിവരങ്ങളായിരിക്കണം കുട്ടികൾ ലൈംഗിക പീഡന ഇരകളായ സംഭവങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ടത് എന്ന് ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നുണ്ട്.

അതായത് സൂക്ഷ്മവിവരങ്ങൾ നൽകുക എന്നത് ഇത്തരത്തിൽ കടുത്ത മാനസിക പീഡയിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയെ സംബന്ധിച്ച് ഏതാണ്ട് അസാധ്യമായിരിക്കും എന്നതുകൊണ്ടാണിത്. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രതിയും സംഘപരിവാർ നേതാവുമായ പ്രതിയെ രക്ഷിക്കാനുള്ള അത്യുത്സാഹത്തിൽ എങ്ങനെയൊക്കെയാണ് അയാൾക്ക് രക്ഷപ്പെടാനാവുക എന്ന് ശ്രീജിത്ത് വിവരിക്കുന്നത്.

ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു ലൈംഗിക പീഡനക്കേസിൽ, കേവലം 11 വയസു മാത്രമുള്ള ഒരു പെൺകുട്ടിയെ സ്വഭാവഹത്യ നടത്തുകയാണ് അയാൾ ചെയ്തിരിക്കുന്നത്. വാളയാറിൽ ഒമ്പതു വയസായ പെൺകുട്ടിയും സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നും ശേഷം തൂങ്ങിമരിച്ചെന്നും പറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും മനോവീര്യം നഷ്ടപ്പെടാതെ വാഴുന്ന നാടാണിത്.

വാളയാർ ആവർത്തിക്കുന്നോ ?

ലൈംഗിക പീഡനക്കേസിലെ ഇരയുടെ സ്വഭാവഹത്യ നടത്തുകയും പ്രതിക്ക് രക്ഷപ്പെടാനുള്ള വഴികൾ വിശദമായി പറഞ്ഞുകൊടുക്കുകയും, മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴി അന്വേഷണം പൂർത്തിയാകുന്നതിനും അന്തിമകുറ്റപത്രം നൽകുകയും ചെയ്യുന്നതിന് മുമ്പ് പുറത്താക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത് ഐ പി എസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. അയാൾ തന്നെ തുടരന്വേഷണത്തിനു ചുക്കാൻ പിടിച്ചാൽ ഈ കേസ് ഇനി എന്താകുമെന്ന് സംശയമില്ല.

വാളയാറിലെ പെൺകുട്ടികളുടെ കാലുകൾ കേരളീയ സമൂഹത്തിന്റെ ഇത് കേരളമാണ് എന്ന പരസ്യവാചകത്തിന്റെ ഇരുതലയ്ക്കലും കണ്ണേറുതട്ടാതിരിക്കാൻ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട്. നീതിയെ മാത്രമല്ല, പൗരന്റെ ആത്മാഭിമാനത്തെ പോലും ഇങ്ങനെ വെല്ലുവിളിക്കുന്ന ഒരു പൊലീസ് സംവിധാനം ഒരു ആധുനിക സമൂഹത്തിന് അപമാനമാണ്.

ലൈംഗിക പീഡനം ഒരു ജീവിത കാലത്തെ തന്നെ പേടിസ്വപ്നമാക്കി മാറ്റിയ ഒരു കൊച്ചു പെൺകുട്ടിയുടെ മൊഴികളുടെ ഇടറി വിതുമ്പുന്ന വാക്കുകളുടെ പൊട്ടിയ വക്കുകളിൽ വെച്ച് ഗ്രന്ഥം പൂട്ടി അന്വേഷണം അവസാനിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നുകൂടി ഇനി അന്വേഷിക്കേണ്ടതുണ്ട്. അതിനുള്ള ഉത്തരം തരേണ്ടത്, ആ അന്വേഷണം നടത്താനുള്ള നീതിബോധം കാണിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x