Opinion

ജനകീയ പ്രക്ഷോഭങ്ങളും സഞ്ചാരസ്വാതന്ത്ര്യവും; മലയാളിയുടെ ഇരട്ടത്താപ്പും

ഹസൻ മുഹമ്മദ്

കഴിഞ്ഞ വർഷം അമേരിക്ക കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ബ്ലാക് ലൈവ്‌സ് മാറ്റർ എന്ന റ്റാഗ്‌ലൈനോടുകൂടി അവിടെ നടന്നത്.

വർണവെറിയൻ പോലീസിന്റെ കാല്മുട്ടിനടിയിൽ പിടഞ്ഞുമരിച്ച ഒരു കറുത്തവർഗക്കാരന് വേണ്ടി വർണവർഗ്ഗഭേദമില്ലാതെ ഏതാണ്ടെല്ലാ മനുഷ്യരും തെരുവുകൾ ഉപരോധിച്ചു.

ജനങ്ങൾ സഞ്ചാരസ്വാതന്ത്ര്യം ദിവസങ്ങളോളം സ്വയം വേണ്ടെന്നുവച്ചു എന്ന് പറയുന്നതാകും ഏറെക്കൂറെ ശരി.

ഒടുവിൽ ആ സമരം ഫലം കണ്ടു !

ഇന്നിവിടെ ജോജുവിന്റെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതിൽ വിലപിക്കുന്നവർ, അദ്ദേഹത്തിന്റെ ആഡംബരകാറിന്റെ ചില്ലുതകർത്തത്തിൽ പ്രതിഷേധിക്കുന്നവരിൽ പലരും അന്ന് ബ്ലാക് ലൈവ്‌സ് മറ്റെറിനെ പിന്തുണച്ചവരാണ്.

കൃത്യമായി, മലയാളിയുടെ ഇരട്ടത്താപ്പ് നിലപാട് ഒന്നുകൂടി മറനീക്കി പുറത്തുവന്നതാണ് ഇന്നലത്തെ സംഭവങ്ങൾ.

ഇവിടെ കേരളത്തിലും അരി മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ചു ഒരു യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നിട്ടുണ്ട്. പലരും മറന്നുകാണും.

ഒന്നും സംഭവിച്ചില്ല, ഒരാളും മധുവിന് വേണ്ടി തെരുവിലിറങ്ങിയില്ല. മധുവിന് ഇപ്പഴും നീതികിട്ടിയിട്ടില്ല. കാരണം, ഇരട്ടത്താപ്പ്, ദേഹത്തെ ഒരു രോമം വാടുന്ന ഒരു സമരത്തിനും നമ്മളെ കിട്ടില്ല.

രണ്ടുദിവസം ഇന്ധനമടിക്കാതെ ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധിക്കാൻ നമ്മളെക്കിട്ടില്ല.

പക്ഷെ, സമരം ജർമനിയിലോ അമേരിക്കയിലോ ഉത്തരേന്ത്യയിലോ ഒക്കെ ആണെങ്കിൽ നമ്മൾ എല്ലാ ഐക്യദാർഢ്യവും കൊടുക്കും. കാരണം വെയിലുകൊള്ളുന്നത്‌ അവരല്ലേ !!

നമ്മുടെ തൊലി വാടുകയോ കറുക്കുകയോ ഇല്ലല്ലോ ! ഇരട്ടത്താപ്പിന് ഒറ്റപ്പേരേ ഉള്ളൂ.. മലയാളി !!

ഞാൻ കൊച്ചിയിൽ ജനിച്ചു വളർന്നയാളാണ്. അവിടെ ജീവിച്ച കാലമത്രയും നഗരത്തിലെ ഉപരോധങ്ങളും സമരങ്ങളുമടക്കം എല്ലാ ഗതാഗതകുരുക്കുകളിലും പലവട്ടം പെട്ടുകിടന്നിട്ടുണ്ട്.

CAA വിരുദ്ധ സമരകാലത്തു കൊച്ചിയിൽ നടന്ന ഒരു പ്രതിഷേധറാലിയിൽ ഞാനും ഉണ്ടായിരുന്നു. അതേദിവസം സമാന്തരമായി സിനിമാമേഖലയിലെ പ്രവർത്തകർ സംഘടിപ്പിച്ച ഒരു പ്രതിഷേധറാലിയും ഉണ്ടായിരുന്നു. കലൂർ സ്റ്റേഡിയം മുതൽ രവിപുരം വരെ ഉച്ചമുതൽ ഒരുപാടുപേരുടെ സഞ്ചാരം തടസ്സപ്പെട്ടകാണണം.

ഇന്നിപ്പം ഒരു ഫിലിം ഡിസ്കഷൻ കഴിഞ്ഞു മടങ്ങുമ്പോൾ ഒരു മണിക്കൂർ ബ്ലോക്കിൽ പെട്ട് ധാർമ്മികരോക്ഷം അണപൊട്ടിയ ജോജു എന്ന താരത്തിനുവേണ്ടി സംസാരിക്കുന്ന സിനിമാക്കാരുടെ മാനവികബോധം എവിടെയാണ് നിൽക്കുന്നത് ?

ജോജു എന്ന നടനെ വളർത്തിവലുതാക്കിയത് ജനങ്ങളാണ്. അതുകൊണ്ടു എക്കാലവും ജനങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ മുണ്ടും മാടിക്കുത്തി അവരോട് അതേടാ.. പണിയെടുത്താഡാ കാശുണ്ടാക്കിയത് എന്നൊക്കെ പറയാൻ ആഫ്രിക്കയിൽ സ്വർണ്ണഖനനം ചെയ്തോ കൊറിയയിൽ ഉള്ളികൃഷി ചെയ്തോ ഒന്നുമല്ലല്ലോ പണമുണ്ടാക്കിയത് !!

ജോജുവിന്‌ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല, അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എനിക്കും വകവച്ചുതരണം.

പിന്നെ പൗരൻറെ സഞ്ചാരസ്വാതന്ത്ര്യം എന്നൊക്കെ പറയുന്നവർ ഓർക്കുന്നത് നല്ലതാണ്, റോഡിലെ കുഴികളിൽ വീണുതെറിച്ചു കുഞ്ഞുങ്ങളടക്കം അനവധി പേർ മരിക്കുകയും നിരാലംബരാകുകയും ചെയ്യുന്ന നാടാണിത്.

ഇത്തരം മരണങ്ങൾക്കുത്തരവാദിയായിട്ടും പത്തുപൈസയുടെ സഹായം ഇവർക്ക് സർക്കാരുകൾ കൊടുക്കാറില്ല. ഒരു മണിക്കൂർ ബ്ലോക്കിൽ പെട്ടപ്പോളേക്കും ഇന്ധനവില മാങ്ങാത്തൊലിയാണ്, മൈരാണ് എന്നൊക്കെ രോക്ഷിക്കുന്ന താരജീവിതങ്ങളെ സപ്പോർട് ചെയ്യുന്നവരോടാണ്,

ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നത് കേവലം സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല, വേർത്തിരിവുകളില്ലാതെ എല്ലാ മനുഷ്യർക്കും ഒരേപോലെ ജീവിക്കാനാകുന്നതിനാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത്.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x