Entertainment

ഒരു കലാകാരനായിട്ട് എന്ത് ആ വിഭാഗത്തിനു വേണ്ടി ചെയ്തുവെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം മാത്രമാണ് ഈ സിനിമ !

നിരൂപണം / ഹരി മോഹൻ

”നമ്മുടെ ആദ്യത്തെ നടിയെന്നു പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ദളിത് സ്ത്രീയാണ്. അവരെ ഒരുയര്‍ന്ന ജാതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ പേരില്‍ ഈ നാട്ടില്‍ നിന്നുതന്നെ പറഞ്ഞുവിട്ട ഒരു ചരിത്രമാണുള്ളത്. ഇപ്പോഴും മുഖ്യധാരയിലുള്ള നായിക നിരയിലാണെങ്കിലും മുഖ്യധാരാ കഥാപാത്രങ്ങളാണെങ്കിലും ജാതിപരമായിട്ടുള്ള വിവേചനമുള്ളതു പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്.”

പി.കെ റോസിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമര്‍പ്പിച്ചുകൊണ്ട് കനി പറഞ്ഞതാണ്.

‘ബിരിയാണി’ കണ്ടിട്ടില്ല. പക്ഷേ, ഓര്‍മയിലാദ്യമായാണു മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ഒരു വ്യക്തി പുരസ്കാരം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ ദളിതരെക്കുറിച്ചു സംസാരിച്ചു കേള്‍ക്കുന്നത്, ‘ദളിത്’ എന്ന വാക്കുപോലും ഉച്ചരിക്കുന്നത്.

മലയാള സിനിമയില്‍ ഇങ്ങനെ ഒരു ശബ്ദം അവസാനമായി കേട്ടതു നാലുവര്‍ഷം മുന്‍പാണ്, സലീം കുമാറിന്റേത്. സലീം നിര്‍മിച്ചു പ്രധാനവേഷം ചെയ്ത ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന സിനിമയെക്കുറിച്ച് അദ്ദേഹമന്നു പറഞ്ഞതിങ്ങനെയാണ്.

Advertisement

”മലയാള സിനിമയിൽ ഒരു ദളിത് കഥാപാത്രം വന്നിട്ട് 25 വർഷമാകുന്നു. ഇവിടെ ഒരു ദളിതന്റെ കഥ ആവശ്യമില്ലെന്നു മലയാള സിനിമ തെളിയിച്ച സ്ഥലത്തേക്ക് ഒരു ദളിതന്റെ കഥയുമായിട്ടു ഞാൻ വരികയാണ്. അത് ഇഷ്ടമുള്ളവർക്കു കാണാം. ഞാൻ എന്റെ പൈസ മുടക്കി എടുത്തിരിക്കുന്ന പടമാണ്. അത് ഇവിടുത്തെ ദളിതന്മാരെങ്കിലും കണ്ടാൽ മതി. എനിക്ക് അത്രയേ ഉള്ളൂ. കാരണം ഒരുപക്ഷേ ഇത് അവസാനത്തെ ഒരു ദളിത് ചിത്രമായിരിക്കും.

ദിലീപോ, പൃഥ്വിരാജോ, ദുൽഖർ സൽമാനോ, ഫഹദ് ഫാസിലോ ആർക്കും ഒരു ദളിത് വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. കാരണം, അവർക്ക് അതുപോലുള്ള വേഷങ്ങൾ എഴുതപ്പെടുന്നില്ല. ഇവിടെ നായർ-നമ്പൂതിരി കഴിഞ്ഞാൽ തീർന്നു.

ഞാൻ ഒരു ദളിതൻ അല്ല. പിന്നെ എന്തുകൊണ്ട് ഈ ദളിതന്മാർക്കു വേണ്ടി പടം ചെയ്യുന്നുവെന്നു ചോദിച്ചാൽ, നാളത്തെ ഒരു തലമുറ വളർന്നു വരുമ്പോൾ, ഇപ്പോൾ രോഹിത് വെമുലയ്ക്കും മറ്റുമൊക്കെ വേണ്ടി കണ്ണീരൊഴുക്കുന്നുണ്ടല്ലോ, ഞാൻ ഒരു കലാകാരനായിട്ട് എന്ത് ആ വിഭാഗത്തിനു വേണ്ടി ചെയ്തുവെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം മാത്രമാണ് ഈ സിനിമ.”

ഇതാണു മലയാള സിനിമ. എണ്‍പതുകളും തൊണ്ണൂറുകളും രണ്ടായിരത്തിന്റെ ആദ്യപാദങ്ങളും മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന നായര്‍, നമ്പൂതിരി, മേനോന്‍, മാരാര്‍, ഇത്യാദി സവര്‍ണ്ണ ബിംബങ്ങള്‍ പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കണ്ടേക്കില്ല. അതു പ്രത്യക്ഷത്തില്‍ മാത്രമാണ്. എത്ര ശക്തമായി ജാതീയത ഉറച്ചുപോയ ഇടമാണിതെന്ന് സലീം കുമാറിന്റെ ദളിത് സിനിമയുടെ ഭാവി അന്വേഷിച്ചാല്‍ മനസ്സിലാകും.

ഇതൊക്കെക്കൊണ്ടു തന്നെയാണ് ഇന്നലെയും ഇന്നുമായി പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുന്നത്. പേരില്‍ നിന്നു ജാതിവാല്‍ വലിച്ചെറിഞ്ഞു മനുഷ്യജാതിയായ പാര്‍വതിയാണ് ഇന്നലെ മലയാള സിനിമയിലെ കീഴ്‌വഴക്കങ്ങള്‍ക്കും ആണധികാരത്തിനുമെതിരെ ഉറച്ച നിലപാടെടുത്തത്. ഇതേയിടത്തില്‍ വെച്ചുതന്നെയാണ് ഇന്ന് കനിയെ കാണുന്നത്. സുരാജിനും ഫഹദിനുമൊക്കെ ലഭിക്കുന്ന കൈയടികളിലും എത്രയോ ഇരട്ടിയാണ് കനിക്ക് ഇന്നു ലഭിക്കേണ്ടത്.

കനീ.. സ്നേഹം 💙

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x