Sports

“ബാഗ്… മിൽഖാ.. ബാഗ്…. “

അസറുമാസ്സ് പാലോട്

1960 ലെ റോം ഒളിംപിക്‌സ്… 400 മീറ്റർ ഹീറ്റ്‌സ് ഫൈനൽ മത്സരം നടക്കുന്നു. അമേരിക്കയുടെ ഓട്ടിസ് ഡേവിസും, ഐക്യജർമനിയുടെ കാൾ കോഫ്മാനും, ദക്ഷിണാഫ്രിയുടെ മാൽക്കം സ്പെൻസുമടങ്ങുന്ന ലോകത്തിലെ ആറു വേഗരാജാക്കന്മാർ തമ്മിലുള്ള വാശിയേറിയ മത്സരo.

ഓരോ താരങ്ങളുടെയും പേരുകൾ മുഴങ്ങുമ്പോൾ സ്റ്റേഡിയം ഇരമ്പിയാർത്തു കൊണ്ടിരുന്നു. അതേ സമയം, രണ്ടാമത്തെ ലാപ്പിൽ ഒതുക്കമില്ലാത്ത തന്റെ തലമുടി മുഴുവൻ നെറുകയിൽ പൊതിഞ്ഞു കെട്ടി ഒരു യുവാവ് ഇരിപ്പുണ്ട്. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖം ആകാശത്തേക്കുയർത്തി, കണ്ണടച്ച് അയാൾ ശ്വാസം വലിച്ചെടുത്തു. ആ ഒരൊറ്റ ശ്വാസത്തിൽ നാല്പത്തിയഞ്ചു കോടി മനുഷ്യരുടെ ആത്മാവിന്റെ അംശങ്ങൾ വിലയിച്ചു ചേർന്നിരുന്നു…ഇന്ത്യയുടെ ആവേശം മിൽഖാ സിങായിരുന്നു അത്.

വെടി മുഴങ്ങി…. അത്‌ലറ്റുകൾ കുതിച്ചു.. ഒരു ഈറ്റപ്പുലി കണക്കെ മിൽഖ… ആദ്യ 50 മീറ്ററിനുള്ളിൽ തന്നെ ഓട്ടിസ് ഡേവിസിനൊപ്പമെത്തി… ആത്മവിശ്വത്തോടെ മിൽഖ കുതിപ്പിന് വേഗം കൂട്ടി… കാണികൾ ആവേശത്താൽ ആർത്തു വിളിച്ചു… ” Come on..Flying Milkhaa “… ഇരുന്നൂറു മീറ്ററും കടന്ന് കുതിച്ചു നീങ്ങവേ ട്രാക്കിനകത്തു നിന്ന് ഒരു ശബ്ദം മിൽഖയെ കാതുകളിലേക്ക് തുളച്ചു കയറി… ” ബാഗ്.. മിൽഖാ.. ബാഗ്.. “( ഓടൂ.. മിൽഖാ….. ഓടൂ.. ) അത് മിൽഖയുടെ കോച്ച് ഗുരുദേബ് സിങായിരുന്നു…

പെട്ടെന്ന് മിൽഖയുടെ കുതിപ്പിന് പെട്ടെന്നൊരു മാറ്റം… കണ്ണുകളിൽ ഇരുട്ട് കയറി, കാലുകൾ വലിഞ്ഞു മുറുകുന്ന പോലെ..മത്സരം അവസാനലാപ്പിലേക്ക് പ്രവേശിക്കുന്നു.. നിയന്ത്രണം വീണ്ടെടുത്ത് മിൽഖ കുതിച്ചു പാഞ്ഞെങ്കിലും ക്ഷണനേരം കൊണ്ട് മൂന്ന് പേർ തന്നെ കടന്നു പോയിരുന്നു…. അതൊരു വിഫലശ്രമം മാത്രമായി. ലോകം പുതിയ വേഗരാജാക്കന്മാർക്ക് ആർപ്പുവിളികളോടെ, ആഹ്ലാദഹാരങ്ങൾ അണിയിക്കുമ്പോൾ സ്റ്റേഡിയോ ഒളിമ്പിക്കോയുടെ ഓരത്തൂടെ ഒന്ന് ചേർത്തു പിടിക്കാൻ പോലുo ആരുമില്ലാതെ, കണ്ണീരോടെ അയാൾ നടന്നു നീങ്ങി.

ഇതേ സമയം ഡൽഹിയിൽ മറ്റൊരു സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. ഒളിമ്പിക്സ് മെഡൽ നേടി വിജയശ്രീലളിതനായി തിരികെ വരുന്ന മിൽഖാ സിംഗിനെ സ്വീകരിക്കാൻ ആയിരങ്ങൾ സംബന്ധിക്കുന്ന സ്വീകരണസമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു പ്രധാനമന്ത്രി നെഹ്‌റു. ആ വിജയവാർത്ത കേൾക്കാൻ ആവേശത്തോടെ കാത്തിരുന്ന പതിനായിരങ്ങളുടെ കാതുകളിലേക്ക് ആ ഞെട്ടിപ്പിക്കുന്ന വാർത്തയെത്തി… ‘മിൽഖക്ക് മെഡലില്ല’.

കയ്യിൽ കരുതിയ ബൊക്കകളും, പൂച്ചെണ്ടുകളും അവർ വലിച്ചെറിഞ്ഞു. ഇന്ത്യൻ ഒളിമ്പിക്സ് സംഘം ന്യൂഡൽഹിയിൽ വിമാനമിറങ്ങുമ്പോൾ കല്ലുകളും, ആയുധങ്ങളായി ആക്രോശിച്ചു കൊണ്ട് അവർ വിമാനത്താവളം ലക്ഷ്യമാക്കി കുതിച്ചു. അപമാനഭാരത്തോടെ വന്നിറങ്ങിയ മിൽഖയുൾപ്പെടുന്ന സംഘത്തെ കാണികൾ കൂകി വിളിച്ചു..രോഷാകുലരായ ആ ജനക്കൂട്ടം ബാരിക്കേഡുകൾ മറികടന്ന് കയ്യേറ്റം ചെയ്യാൻ വരെ മുതിർന്നു..

വലിയ തിരക്കുകളിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട റൂമിലേക്ക് മാറിയപ്പോൾ മിൽഖ ഉദ്യോഗസ്ഥരോട് പറഞ്ഞു : “എനിക്ക് പ്രധാനമന്ത്രിയെ ഒന്ന് കാണണം. “…. പക്ഷേ, അടുപ്പമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു: ” ഈ ആൾക്കൂട്ടത്തിന്റെ ആക്രോശം പോലെത്തന്നെ സംഘർഷഭരിതമാണ് പ്രധാനമന്ത്രിയുടെ മനസ്സും… മിൽഖ നിരാശനാക്കിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം… ഇപ്പോൾ കാണാതിരിക്കുന്നതാണ് ബുദ്ധി. “… അതീവ ദുഖത്തോടെ, അതിലുപരി നിരാശയോടെ സിങ് തന്റെ ഗ്രാമത്തിലേക്ക് മടങ്ങി.

രണ്ടാഴ്ചക്കു ശേഷം നെഹ്‌റുമായി മറ്റൊരു കൂടിക്കാഴ്ചക്ക് അനുമതി തേടി ഡൽഹിയിലെത്തി… പക്ഷേ ഇത്തവണയും അനുമതി നിഷേധിക്കപ്പെട്ടു..അവസാനം ക്ഷമ നശിച്ച സിങ് അസന്നിഗ്ധമായി പറഞ്ഞു : ” ഇനിയും അനുമതി നിഷേധിച്ചാൽ എനിക്ക് ജീവനൊടുക്കേണ്ടി വരും.. “

ആ സമ്മർദ്ദഫലമായി അവർ വഴങ്ങി. ദുഃഖഭാരത്തോടെ നമ്രശിരസ്കനായി മിൽഖ നെഹ്രുവിനു മുമ്പിലെത്തി. കണ്ടമാത്ര നെഹ്‌റു പറഞ്ഞു : ” മിൽഖാ സിങ്… അങ്ങയിൽ നിന്ന് ഈ രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു… ” മറുപടിയായി തലയുയർത്തി മിൽഖ പറഞ്ഞു തുടങ്ങി : “സർ.. ഇതിനു മുമ്പ് ഈ രാജ്യത്തിനു വേണ്ടി അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയപ്പോൾ അങ്ങ് എന്നെ അതീവസ്നേഹത്തോടെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചിട്ടുണ്ട്. ‘രാജ്യത്തിന്റെ പുത്രനായി’ വാഴ്ത്തിയിട്ടുണ്ട്… എന്നാൽ ഇപ്പോൾ ഒളിമ്പിക്സിൽ ഞാനൊന്നു പതറിയപ്പോൾ എന്തു സംഭവിച്ചു എന്ന് ആരും ചോദിച്ചില്ല… എന്റെ വാക്കുകൾ കേൾക്കാൻ പോലും ആരുമുണ്ടായില്ല.

ദയവായി എനിക്കു പറയുവാനുള്ളത് കൂടി അങ്ങ് കേൾക്കണം..അണപൊട്ടിയൊഴുകുന്ന നീർക്കണങ്ങളെ അടക്കി നിർത്താൻ പണിപ്പെടവേ, ഏങ്ങലടക്കിക്കൊണ്ട് മിൽഖ പറഞ്ഞു തുടങ്ങി : എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ പ്രിയ രാജ്യം സ്വതന്ത്രയാകുന്നത്. അച്ഛനുമമ്മയും,രണ്ടു മക്കളുമടങ്ങുന്ന ഞങ്ങളുടെ കുടുംബം ഏറെ ആഹ്ലാദഭരിതരായി. ഓഗസ്റ്റ് പതിനാലിന്റെ അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയിട്ടില്ല….എന്റെ പിതാവിന്റെ മടിത്തട്ടിനിരുവശവും തല ചായ്ച്ചു കിടക്കുകയായിരുന്നു ഞാനും, അനിയത്തിയും.. പരുപരുത്ത കൈകൾ കൊണ്ട് പതിയെ ഞങ്ങളുടെ ശിരസ്സിൽ തലോടി അദ്ദേഹം പുതിയ കിനാവുകളെക്കുറിച്ച് വാചാലനായി.

പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. അത്ര സുഖകരമായ അനുഭവങ്ങളായിരുന്നില്ല പിന്നീടങ്ങോട്ട്.. വിഭജനത്തിന്റെ ഉച്ചവെയിലിലേക്ക് ഞങ്ങൾ എടുത്തെറിയപ്പെട്ടു. വിഭജനാന്തരം ഞങ്ങൾ പാകിസ്താന്റെ ഭാഗമായി മാറി.. പക്ഷേ, ഭാരതത്തോടുള്ള സ്നേഹം സിരകളിൽ ഊർജ്ജമായി കൊണ്ടു നടന്ന എന്റെ പിതാവിനെ ഇത് അത്യധികം വേദനിപ്പിച്ചു. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പിതാവ് തീരുമാനിച്ചുറപ്പിച്ചു.. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. ദാരിദ്ര്യത്തിന്റെ അകക്കാമ്പറിഞ്ഞ നാളുകളായിരുന്നു അത്. പല ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു.

ഒരു ദിവസം രാത്രി ആകെയുള്ള സമ്പാദ്യമായ പഴകിയ ഭാണ്ഡക്കെട്ടുകളും ചുമലിലേറ്റി അതിർത്തി ലക്ഷ്യമാക്കി നടന്നു.. കടുത്ത ക്ഷീണം പോലും വകവെക്കാത്ത അദ്ദേഹത്തിന് പലപ്പോഴും ഞങ്ങളെ കൂടി ചുമക്കേണ്ടി വന്നു. എന്റെ പിതാവിന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ വിശപ്പും ക്ഷീണവുമെല്ലാം വഴി മാറി. ഞങ്ങൾ യാത്ര തുടർന്നു…പൊടുന്നനെ ആയുധധാരികളായ ഒരു സംഘം ഞങ്ങൾക്കു മേൽ ചാടി വീണു. അവർക്ക് മുഖമില്ലായിരുന്നു…എന്റെ അച്ഛന്റെയും, അമ്മയുടെയും മേൽ മൂർച്ചയുള്ള ആയുധങ്ങൾ വന്നു വീണു…

ആരോഗ്യദൃഢഗാത്രനായ എന്റെ പിതാവിന്റെ നെഞ്ചിൽ നിന്ന് രക്തം വമിഞ്ഞൊഴുകുന്നത് അരണ്ട വെളിച്ചത്തിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടു..അതു കണ്ടു നിൽക്കാനാവാതെ എന്റെ കുഞ്ഞുപെങ്ങളെ വാരിയെടുത്ത് ഞാൻ ഓടാൻ തുടങ്ങി..അവർ ഞങ്ങളെ പിന്തുടരുന്ന പോലെ…. ഞാൻ ഓടുന്നത് അവ്യക്തദൃശ്യമായി എന്റെ പിതാവിന്റെ കണ്ണുകളിൽ പതിഞ്ഞു…. ഇടനെഞ്ചിൽ കൈ അമർത്തിപ്പിടിച്ച് അദ്ദേഹം അലറി വിളിച്ചു : ” ബാഗ് മിൽഖാ…. ബാഗ്…. “

അച്ഛനമ്മമാരുടെ പതിഞ്ഞ ശബ്ദം ക്രമേണ താഴ്ന്നില്ലാതായി ..അക്രമകാരികളുടെ കൈകളിലകപ്പെടും മുമ്പ് ഞങ്ങൾ ഇരുളിലൂടെ ഓടി മറഞ്ഞു. പോകെപ്പോകെ ആ വാക്കുകൾ എന്റെ വാക്കുകൾ കാതുകളിൽ തുളച്ചിറങ്ങാൻ തുടങ്ങി.. “ബാഗ്.. മിൽഖാ.. ബാഗ് ” ഇരുൾ മുറ്റിയ വനാന്തരങ്ങളിലൂടെ അലക്ഷ്യമായി ഞങ്ങൾ ഓടി… സർവ്വം നഷ്ടപ്പെട്ട ആ ഇരുളിന്റെ അവസാനം ഓടിയണഞ്ഞത് ഒരു ഇന്ത്യൻ പട്ടാളക്യാമ്പിലായിരുന്നു. അതൊരു അഭയകേന്ദ്രമായെങ്കിലും, നഷ്ടബോധം ഞങ്ങളെ വേട്ടയാടി… അച്ഛനുo, അമ്മയും ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന യാഥാർഥ്യം മനസ്സിനെ ബോധ്യപ്പെടുത്താൻ ഞാൻ ഏറെ പണിപ്പെട്ടു… പക്ഷേ, പ്രിയപിതാവ് സ്വപ്നങ്ങളിൽ കണ്ട സ്വതന്ത്രരാജ്യത്ത് കഠിനാധ്വാനത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്തു.

അങ്ങനെ അചഞ്ചലമായ ആത്മവിശ്വാസത്തിലൂടെ ഞാൻ ഇന്നു കാണുന്ന മിൽഖാ സിങ്ങായി. അന്ന് റോം ഒളിമ്പിക്സിൽ ഞാൻ കുതിച്ചു പായവേ എന്നെ പ്രോത്സാഹിപ്പിക്കുന്നതിനിടെ എന്റെ പ്രിയകോച്ച് ഗുരുദേബ് സിംഗ് ഉറക്കെ വിളിച്ചു പറഞ്ഞു :” ബാഗ്.. മിൽഖാ.. ബാഗ് ” (ഓടൂ.. മിൽഖാ… ഓടൂ.. )..അതെന്നിൽ പക്ഷേ ആവേശമല്ല സൃഷ്ടിച്ചത്, മറിച്ച് വർഷങ്ങൾക്കു മുമ്പ് അന്ന്, എന്റെ ജീവിതം മാറി മറിഞ്ഞ ആ രാത്രിയിൽ അനിയത്തിയെയുമെടുത്ത് ജീവനും കൊണ്ടോടുമ്പോൾ എന്റെ പിതാവിന്റെ കണ്ഠനാളത്തിൽ നിന്നുയർന്ന ദീനവിലാപം പോലെയാണ് എനിക്കനുഭവപ്പെട്ടത് …

ഒരു വേള ആ വാചകം കേൾക്കെ എന്റെ ഹൃദയം നിലച്ചു പോയി…. എന്റെ മസ്തിഷ്കത്തിൽ രക്തം ഉറഞ്ഞുപോയ പ്രതീതിയായിരുന്നു… എനിക്ക് മുന്നോട്ട് കുതിക്കുവാൻ കഴിഞ്ഞില്ല…എന്നെ മറികടന്ന് എതിരാളികൾ കുതിച്ചു പായുന്നത് കാണാൻ പോലുമാകാതെ മരവിച്ച മനസ്സുമായി ഞാൻ മത്സരം പൂർത്തിയാക്കി..

മിൽഖയുടെ കണ്ണുകളിൽ നിന്ന് നിലക്കാത്ത പ്രവാഹം…. ഹൃദയം വെന്തുരുകിക്കൊണ്ട് മിൽഖ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെമ്പനീർ പോലെ മൃദുലഹൃദയമുള്ള നെഹ്‌റുവിനും കണ്ണീരടക്കാനായില്ല… മിൽഖയുടെ കരം കവർന്ന നെഹ്‌റു അദ്ദേഹത്തെ ചേർത്തു പിടിച്ച് പ്രസ് ക്ലബ്ബിലേക്ക് നടന്നു. അടിയന്തര പത്രസമ്മേളനം വിളിച്ചു ചേർത്തു.

മിൽഖയുടെ തിക്താനുഭവങ്ങൾ
നെഹ്‌റു വികാരഭരിതനായി വിവരിച്ചു. അവസാനം ഹൃദയവായ്‌പോടെ മിൽഖയുടെ കരംഗ്രഹിച്ച നെഹ്‌റുവിന്റെ ശബ്ദം ഇടറി…. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നെഹ്‌റു വിലപിച്ചു.. ” പ്രിയപ്പെട്ട മിൽഖ സിംഗ്.. തെറ്റ് ചെയ്തത് നിങ്ങളല്ല… ഞാനാണ് തെറ്റുകാരൻ.. കാരണം, നമ്മുടെ രാജ്യം വിഭജിതമായിരുന്നില്ലെങ്കിൽ അങ്ങേക്ക് പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നു.

ഇന്ത്യാ- പാക് വിഭജന കരാറിൽ ഒപ്പുവെച്ച നേതാക്കളിൽ ഒരാളാണ് ഞാനും. അന്ന് ഞാനുൾപ്പെടെയുള്ള നേതാക്കൾ ശക്തമായ എതിർത്തിരുന്നെങ്കിൽ ഒരു പക്ഷേ, രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നു. അതിനാൽ ഞാനാണ് യഥാർത്ഥ തെറ്റുകാരൻ… എന്നോട് പൊറുക്കൂ മിൽഖാ.. “

നെഹ്‌റു ഹൃദയത്തിൽ നിന്ന് പൊഴിച്ച ആ കണ്ണീർ ചുറ്റും കൂടി നിന്ന അനേകം മനുഷ്യരുടെ കണ്ണുകളിലും നനവ് പടർത്തി. ഇന്ത്യൻ കായികഭൂപടമാകെ കണ്ണീർ വീഴ്ത്തിയ സംഭവവികാസമായിരുന്നു ‘പറക്കും സിംഗിന്റെ’ അറുപതിലെ ഒളിമ്പിക്സ് കുതിപ്പ്.

Tags
Show More

One Comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close