ഖത്തർ അവസരങ്ങളുടെ നാട്; ഇളവുകൾ നൽകി ഭരണകൂടം
പ്രവാസികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനം, താമസം, രാജ്യം വിടൽ എന്നിവ നിയന്ത്രിക്കുന്ന നിയമം നമ്പർ 21 / 2015 ന്റെ നിബന്ധനകൾ ലംഘിച്ച് രാജ്യത്ത് ജീവിക്കുന്ന പ്രവാസികളുടെ താമസം നിയമപരമാക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് ആഭ്യന്തര മന്ത്രാലയം 2021 ഒക്ടോബർ 10 ന് പ്രഖ്യാപിച്ചു.
ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തുന്നവർക്ക് അവരുടെ താമസം നിയമപരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിനകത്തു നിന്നുകൊണ്ട് വിസ സ്റ്റാറ്റസ് ശരിപ്പെടുത്താൻ സാധിക്കാത്തവർക്ക് രാജ്യം വിടാനും, തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമുള്ള എല്ലാ നിയമപരമായ സൗകര്യങ്ങളും ഗ്രേസ് പീരിയഡ് പ്രയോജനപ്പെടുത്തുന്നവർക്ക് ചെയ്തുകൊടുക്കും.
ഗ്രേസ് പീരിയഡിന്റെ ആദ്യ ഘട്ടം 2021 ഒക്‌ടോബർ 10 മുതൽ ഡിസംബർ 31 വരെയായിരുന്നു. പിന്നീട് മന്ത്രാലയം അത് 2022 മാർച്ച് 31 വരെ നീട്ടി. വ്യക്തികളായാലും കമ്പനികളായാലും നിയമലംഘകർ നൽകേണ്ട പിഴയുടെ 50 ശതമാനം മന്ത്രാലയം ഇളവ് അനുവദിച്ചു. പൊതുമാപ്പ് എല്ലാവരും പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ഈ എക്സ്റ്റൻഷൻ.
🔹എന്താണ് പൊതുമാപ്പിന്റെ ലക്ഷ്യം?
നിയമം നമ്പർ 21 / 2015 ന്റെ നിബന്ധനകൾ ലംഘിച്ച് രാജ്യത്ത് ജീവിക്കുന്ന പ്രവാസികളുടെ താമസം നിയമപരവും മാനുഷികവുമായ പരിഗണന നൽകി നിയമപരമാക്കുക.
🔹എന്താണ് പൊതുമാപ്പിന്റെ പ്രത്യേകതകൾ?
നിയമാനുസൃതം സ്‌പോൺസറെ മാറ്റാൻ അനുവദിക്കുകവഴി നിയമലംഘകർക്ക് സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള അവസരം.
രാജ്യം വിടാനാഗ്രഹിക്കുന്ന നിയമലംഘകർക്ക് നിയമനടപടികൾ നേരിടാതെ രാജ്യം വിടാനുള്ള അവസരം.
പിഴ തുകയിൽ അമ്പത് ശതമാനം ഇളവ്.
🔸പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സർവീസ് സെന്ററുകൾ നൽകുന്ന സേവനങ്ങൾ എന്തെല്ലാം?
ഒരു സ്പോൺസറിൽ നിന്നും മറ്റൊരു സ്പോൺസറിലേക്ക് മാറി നിയമലംഘനം പരിഹരിക്കാൻ താഴെ നൽകിയ അഞ്ചു സർവീസ് സെന്ററുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക: 1) ഉം സലാൽ 2) ഉം സുനെയിം 3) മെസൈമീർ. 4) അൽ വക്ര 5) അൽ റയ്യാൻ.
ഇപ്പോഴുള്ള സ്പോൺസർക്കു കീഴിൽ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനും റെസിഡൻസ് പെർമിറ്റ് പുതുക്കി ലഭിക്കാനും പുതിയത് ഇഷ്യൂ ചെയ്യാനും താഴെനൽകിയ 12 സർവീസ് സെന്ററുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക:
1. അൽ ഷമാൽ
2.അൽ ഖോർ
3. അൽ ദാഈൻ
4. ഉം സലാൽ
5. പേൾ ഖത്തർ
6. ഉനൈസ
7. സൂഖ് വാഖിഫ്
8. റയ്യാൻ
9.ഉം സുനെയിം
10.ശഹാനിയ
11.മെസൈമീർ
12. അൽ വക്ര.
◽ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താൻ ആർക്കെല്ലാം സർവീസ് സെന്ററുകളെ സമീപിക്കാനാകും?
റെസിഡൻസ് പെർമിറ്റ് കാലാവധി കഴിഞ്ഞു 90 ദിവസം പിന്നിട്ട് മറ്റൊരു സ്പോൺസറിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ.
മറ്റൊരു സ്പോൺസറിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഒളിച്ചോടിയതായി സ്പോൺസർ പരാതി നല്കപ്പെട്ടവർ.
വർക്ക് വിസയിൽ രാജ്യത്ത് പ്രവേശിച്ചു മൂന്ന് മാസം കഴിഞ്ഞിട്ടും വിസയടിക്കാത്ത, രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർ.
ഒളിച്ചോടിയതായി സ്പോൺസർ പരാതി നൽകിയ, രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർ.
🔷പ്രധാനപ്പെട്ട ചില കാര്യങ്ങൾ:🔷
പൊതുമാപ്പ് പ്രഖാപിച്ച ഒക്ടോബർ 10, 2021 ന് ശേഷം നിയമ ലംഘനം നടത്തിയ അല്ലെങ്കിൽ ഒളിച്ചോടിയതായി പരാതി നേരിടുന്ന വ്യക്തികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതല്ല.
വർക്ക് വിസയുള്ളവർ അവരുടെ സ്റ്റാറ്റസ് നിയമപരമാക്കാൻ പുതിയ സ്പോൺസറിലേക്ക് മാറാൻ ലേബർ ഡിപ്പാർട്മെന്റിൽ നിന്നും മുൻകൂർ അനുമതി നേടിയിരിക്കണം.
▪️ആഭ്യന്തര മന്ത്രാലയം സർവിസ് സെന്ററുകളിലെ പ്രവർത്തന രീതി എങ്ങിനെയാണ്?▪️
സ്റ്റെപ് 1: ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ (moi.gov.qa) അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ അപേക്ഷാ ഫോറം നിയമ ലംഘകൻ പൂരിപ്പിച്ചതിന് ശേഷം ഏതെങ്കിലും സർവീസ് സെന്ററിൽ നൽകുന്നു.
സ്റ്റെപ് 2: സർവീസ് സെന്ററിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിച്ച് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് അപേക്ഷ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ലേബർ ഡിപ്പാർട്മെന്റിന് കൈമാറുന്നു. മാനദണ്ഡങ്ങൾ പാലിച്ച അപേക്ഷകളിൽ ലേബർ ഡിപ്പാർട്മെന്റ് അഞ്ചു പ്രവർത്തി ദിനങ്ങൾക്കുള്ളിൽ അനുമതി നൽകുന്നു.
സ്റ്റെപ്പ് 3: അനുമതി ലഭിച്ചതായുള്ള സന്ദേശം അപേക്ഷകന് എസ്.എം.എസ്സായി ലഭിക്കുന്നു. പിഴ സംഖ്യയുടെ 50 ശതമാനവും പുതിയ ഐ.ഡി കാർഡിനുള്ള ഫീസും അടച്ചതിന് ശേഷം പുതിയ ഐ.ഡി കാർഡ് അദ്ദേഹത്തിന് സർവീസ് സെന്ററിൽ നിന്നും ലഭിക്കും.
🔹അപേക്ഷ നൽകാൻ ആവശ്യമായ രേഖകൾ എന്തെല്ലാം?🔹
അപേക്ഷ നൽകാൻ അതാത് പരാതികൾക്കനുസൃതമായ ഫോറം പൂരിപ്പിക്കുക.
പുതിയ സ്‌പോൺസറുടെ കമ്പനിയുടെ രജിസ്ട്രേഷൻ കാർഡിന്റെ( Establishment Card) കോപ്പി സമർപ്പിക്കുക.
🔸പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:🔸
താമസം നിയമപരമാക്കാൻ അപേക്ഷ നൽകുന്നതിന്റെ മുമ്പ്, ജോലി മാറാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ നിയമ സാധുത പരിശോധിച്ച് ഉറപ്പു വരുത്തുക.
മുമ്പ് നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ട കമ്പനിയാണെങ്കിൽ അതേ കമ്പനിയിലേക്ക് മാറാൻ വീണ്ടും അപേക്ഷ നൽകാതിരിക്കുക.
അപേക്ഷാ ഫോറത്തിൽ നിങ്ങൾ നൽകുന്ന മൊബൈൽ നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്തുക. കാരണം പിന്നീടുള്ള ആശയവിനിമയം ഈ മൊബൈൽ നമ്പറിലൂടെയായിരിക്കും.
അപേക്ഷ നൽകി രണ്ടാഴ്ചക്കുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, അതിൻ്റെ കാരണം അന്വേഷിക്കാൻ സർവീസ് സെന്റർ നേരിട്ട് സന്ദർശിക്കുക.
🔶പൊതുമാപ്പ്🔶
പ്രയോജനപ്പെടുത്തുന്നവർക്ക് സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെൻറ് നൽകുന്ന സേവനങ്ങൾ എന്തെല്ലാമാണ്?*
സ്വമേധയാ ഖത്തർ വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകർക്ക് മനുഷ്യത്വപരമായി രാജ്യം വിടാൻ സാധിക്കുന്നുവെന്ന് സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെൻറ് ഉറപ്പുവരുത്തും.
മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ഖത്തർ നൽകുന്ന പ്രാധാന്യം പ്രതിഫലിക്കുന്നതാണ് ഈ സമീപനം.
ഉത്തരവാദിത്വം ഏൽക്കാതെ, പിഴകളിൽ ഇളവ് നൽകിയും പിന്നീട് യാതൊരു ബാധ്യതയും ഇല്ലാതെയാണ് നിയമലംഘകർക്ക് രാജ്യം വിടാനുള്ള അവസരമൊരുക്കുന്നത്. അതോടൊപ്പം, വളരെ വേഗത്തിലും സുഗമമായും നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു..
▪️പൊതുമാപ്പ് കാലയളവിൽ സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റിന്റെ സേവനങ്ങളുടെ ഗുണഭോക്താക്കൾ ആരെല്ലാമാണ്?
വർക്ക് വിസയിൽ ഖത്തറിൽ വന്ന് വിസ അടിക്കുകയോ അല്ലെങ്കിൽ പുതുക്കുകയോ ചെയ്യാതെ 90 ദിവസം പിന്നിട്ട് നിയമവിരുദ്ധമായി താമസിക്കുന്നവർ. പക്ഷെ ഇവർക്കെതിരെ ഒളിച്ചോടിയതായുള്ള പരാതി നല്കിയിരിക്കാൻ പാടില്ല.
വർക്ക് വിസയിൽ ഖത്തറിൽ വന്ന് നിയമവിരുദ്ധമായി താമസിക്കുന്നവർ. ഇവർക്കെതിരെ സ്പോൺസർ ഒളിച്ചോടിയതായി പരാതി നൽകിയിട്ടുണ്ടെങ്കിലും പരാതി നൽകിയിട്ട് 30 ദിവസം പൂർത്തിയായിട്ടില്ലെങ്കിൽ അവർക്കും ആനുകൂല്യം പ്രയോജനപ്പെടുത്താം.
🔹സേർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റ് ഈ രണ്ട് വിഭാഗം നിയമലംഘകരെ എങ്ങിനെ കൈകാര്യം ചെയ്യും?🔹
ഈ രണ്ട് വിഭാഗം നിയമലംഘകരെ സെർച്ച് ആൻഡ് ഫോള്ലോ അപ്പ് ഡിപ്പാർട്മെന്റ് എല്ലാ നിയമ നടപടികളിൽ നിന്നും ഒഴിവാക്കി അവർക്ക് രാജ്യം വിടാനുള്ള അവസരമൊരുക്കുന്നു. മറ്റൊരു വിസയിൽ ഇവർക്ക് ഖത്തറിലേക്ക് തിരിച്ചുവരാവുന്നതാണ്.
താഴെപ്പറയുന്ന മൂന്ന് വിഭാഗം നിയമലംഘകരെ സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റ് എങ്ങിനെ കൈകാര്യം ചെയ്യും?
താമസ കാലാവധി കഴിഞ്ഞ, വിസ പുതുക്കാത്ത ഫാമിലി റെസിഡൻസ് പെർമിറ്റ് ഉള്ളവരും സന്ദർശകരും.
ഒളിച്ചോടിയതായി സ്പോൺസർ പരാതി നൽകിയ, പരാതി നൽകിയിട്ട് 30 ദിവസം കഴിഞ്ഞ നിയമലംഘകർ.
റെസിഡൻസ് പെർമിറ്റ് ക്യാൻസൽ ചെയ്തു 90 ദിവസം കഴിഞ്ഞിട്ടും രാജ്യം വിടാത്തവർ.
ഈ മൂന്ന് വിഭാഗം നിയമലംഘകർക്ക് രാജ്യം വിടാനുള്ള അവസരം സെർച്ച് ആൻഡ് ഫോള്ലോ അപ്പ് ഡിപ്പാർട്മെന്റ് ഒരുക്കിക്കൊടുക്കും. മന്ത്രാലയം നിശ്ചയിക്കുന്ന മധ്യസ്ഥ തുക (റീകൺസിലിയേഷൻ എമൗണ്ട്) നൽകിയാൽ ഇവർക്ക് ഖത്തറിലേക്ക് തിരിച്ചുവരാം.
🔶 പ്രത്യേക ശ്രദ്ധക്ക്:🔶
എല്ലാ കേസുകളിലും 18 വയസ്സിന് താഴെയുള്ളവരെ നാട് കടത്തിയാൽ അവർക്ക് ഖത്തറിലേക്കു തിരിച്ചുവരുന്നതിന് നിരോധനം ഉണ്ടായിരിക്കില്ല. അവർക്കെതിരെ എന്ത് നിയമലംഘനം രേഖപ്പെടുത്തിയാലും ഇത് ബാധകമാണ്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല.
എന്താണ് സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റിന്റെ പ്രവർത്തന രീതി?
📶 സ്റ്റെപ്പ് 1: തൻ്റെ പാസ്സ്പോർട്ടും ഓപ്പൺ ട്രാവൽ ടിക്കറ്റുമായി നിയമലംഘകൻ സെർച്ച് ആൻഡ് ഫോള്ലോ അപ്പ് ഡിപ്പാർട്മെന്റിന്റെ റിസപ്‌ഷൻ ഹാളിൽ എത്തുന്നു.
📶 സ്റ്റെപ്പ് 2: സെർച്ച് ആൻഡ് ഫോളോ അപ്പ് ഉദ്യോഗസ്ഥർ കേസ് പരിശോധിച്ച് എല്ലാം ശരിയാണെങ്കിൽ ട്രാവൽ പെർമിറ്റ് ഇഷ്യൂ ചെയ്യുന്നു. ഒരു സാധാരണ യാത്രക്കാരനായി അപേക്ഷകൻ ടിക്കറ്റിൽ നൽകിയ തിയ്യതിയിൽ രാജ്യം വിടണം. എന്തെങ്കിലും കാരണവശാൽ ആ തിയ്യതിയിൽ അദ്ദേഹത്തിന് രാജ്യം വിടാൻ സാധിച്ചില്ലെങ്കിൽ ഡിപ്പാർട്മെൻറ് ഒരു പുതിയ ട്രാവൽ പെർമിറ്റ് ഇഷ്യൂ ചെയ്യും.
🔹 ആഭ്യന്തര മന്ത്രാലയത്തിലെ സർവിസ് സെന്ററിലും സെർച്ച് ആൻഡ് ഫോള്ലോ അപ്പ് വിഭാഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കും? ഇവയുടെ പ്രവർത്തന സമയം എപ്പോഴാണ്?🔹
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വെറും മൂന്ന് മിനിറ്റ് മാത്രമാണ് എടുക്കുന്നത്. രണ്ട് ഡിപ്പാർട്ട്മെൻറുകളും അപേക്ഷകൾ സ്വീകരിക്കുന്ന സമയം:
ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം ആറ് മണി വരെ.
🔸പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ:🔸
നിയമപരമായ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ലേബർ ഡിപ്പാർട്മെന്റ് വിസമ്മതിച്ചത് മൂലം, തങ്ങൾക്ക് നൽകിയ സമയത്തിനുള്ളിൽ സ്പോൺസറിനെ മാറ്റാൻ സാധിക്കാതെ താമസം നിയമപരമാക്കാൻ സാധിക്കാത്തവർ, ഉടൻ സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടണം.
അവർക്ക് രാജ്യത്ത് തുടരാനുള്ള അവകാശം അവസാനിച്ചത് കൊണ്ട് ഇപ്പോൾ നൽകിയ ഗ്രേസ് കാലാവധിക്കുള്ളിൽ ആനുകൂല്യം പ്രയോജനപ്പെടുത്തി, നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടണം. ഇങ്ങിനെ ചെയ്യുന്നവർക്ക് നിയമാനുസൃതം അവർക്ക് ഖത്തറിലേക്ക് തിരിച്ചുവരാവുന്നതാണ്.
🔹ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത്:🔹
ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്തുന്നത് അവസാന ആഴ്ച വരെ നീട്ടരുത്. അങ്ങിനെ താമസിപ്പിച്ചാൽ, അവരറിയാതെ അവർക്ക് മേൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അവർക്ക് മാർച്ച് 31 ന് മുമ്പ് രാജ്യം വിടാൻ സാധിക്കാതെ വന്നേക്കാം.
ഖത്തറിൽ നിന്ന് യാത്ര ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ ട്രാവൽ നിയമങ്ങളും മുൻകരുതലുകളും പാലിക്കുക. ഈ രാജ്യങ്ങളിലെ വാക്സിനേഷൻ-ക്വാറന്റൈൻ നിയമങ്ങൾ സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് ഈ ഓർമ്മപ്പെടുത്തൽ.
സുഹൃത്തുക്കളെ:
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് നിങ്ങളുടെ താമസം നിയമപരമാക്കുന്നതിനുള്ള ഒരു അപൂർവ, സുവർണാവസരമാണ്. ഇത് മാർച്ച് 31 ന് അവസാനിക്കുന്നു.
ഈ അപൂർവ സുവർണാവസരം പ്രയോജനപ്പെടുത്തി ഖത്തറിലെ താങ്കളുടെ താമസം നിയമപരമാക്കാൻ ഉടൻ മന്ത്രാലയവുമായി ബന്ധപ്പെടുക.
സുരക്ഷിതരാവുക. അനുഗ്രഹീതരാവുക.
അബ്ദുൽ റഊഫ് കൊണ്ടോട്ടി
Indian Diaspora Ambassador
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS