
കൊവിഡ് ദുരിതം അവസാനിക്കാത്ത സാഹചര്യത്തിൽ ദരിദ്രർക്കുള്ള സൗജന്യ റേഷൻ വിതരണം മൂന്ന് മാസത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊവിഡ്, ലോക്ഡൗണ്‍ ദുരിതത്തെ തുടര്‍ന്ന് ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതു മറികടക്കാന്‍ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു.
മൂന്ന് മാസമായി രാജ്യം ലോക്ഡൗണിലായിരുന്നു. നിലവിലെ പ്രതിസന്ധിയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. നഗര-ഗ്രാമീണ മേഖലയിൽ പാവങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു. ഈ അവസരത്തിൽ പട്ടിണി ഒഴിവാക്കാന്‍ ഭക്ഷ്യ അവകാശങ്ങൾ വിപുലീകരിക്കണം. നേരത്തെ 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ പൊതു വിതരണ സംവിധാനത്തിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ജൂലൈ മുതൽ സെപ്റ്റംബർ വരെ നീട്ടണം. നിരവധി പേര്‍ ഇപ്പോഴും പൊതു വിതരണ സംവിധാനത്തിന് പുറത്താണ്. ഇവരെ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.