തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല !
കൊറോണ വൈറസ് എന്ന മഹാമാരിയോട് ലോകം മുഴുവൻ പോരാടിക്കൊണ്ടിരിക്കുമ്പോൾ, പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് പടിഞ്ഞാറൻ ബംഗാൾ പട്ടണമായ ഭദ്രേശ്വറിലെ തെലിനിപ്പാറ എന്ന സ്ഥലത്ത് മെയ് 12 മുതൽ വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.
ഒരു കാലത്ത് ചണ വ്യവസായങ്ങൾക്ക് പേരുകേട്ട തെലിനിപ്പാറ എന്ന സ്ഥലം ഹൂഗ്ലി ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്നു, ഇത് ഹൂഗ്ലി പാർലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ്. മെയ് 10, ഞായറാഴ്ച വൈകുന്നേരമാണ് അവിടെ ചെറിയ രീതിയിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്, ഇത് പോലീസിന്റെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടിരുന്നു.
മെയ് 12, ചൊവാഴ്ച്
തുടർന്ന്, മെയ് 12 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വലിയ ജനക്കൂട്ടം പ്രദേശത്തെക്ക് വരികയും വലിയ തോതിലുള്ള അക്രമണങ്ങൾ നടത്തുന്നത്, വ്യാപകമായി മുസ്ലിം വീടുകളും കടകളും നശിപ്പിക്കപെട്ടു. ഡൽഹിയിൽ നടന്ന കലാപത്തിന്റെ അതേ ശൈലിയിൽ പെട്രോൾ ബോംബുകളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിച്ച് മുസ്ലിം വീടുകളും കടകളും ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ട് അന്നുതന്നെ സെക്ഷൻ 144 ഏർപ്പെടുത്തുകയും ഹൂഗ്ലി ജില്ലയിലെ തൊട്ടടുത്തുള്ള ചന്ദനഗർ, ശ്രീരാംപൂർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു.
കൊൽക്കത്തയിൽ നിന്ന് ഗ്രാന്റ് ട്രങ്ക് (ജി.ടി) റോഡിൽ ഭദ്രേശ്വറിലെ ബാബർ ബസാറിലെ കടകളും, മുസ്ലീം ദർഗയും എല്ലാം നശിപ്പിച്ചിട്ടുണ്ട്. റോഡിൽ മുഴുവൻ തകർന്ന ഇഷ്ടികകളുടെയും തോരണങ്ങളുടേയും അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
ഇപ്പോൾ പ്രവർത്തനരഹിതമായ ഗോണ്ടൽപാര ചണ മില്ലിലേക്കുള്ള റോഡ് രണ്ട് വർഷമായി അടച്ചിരിക്കുകയാണ്. അവിടെ നിന്ന് ഒരു ചെറിയ പാത ജംഗ്ഷനിൽ നിന്ന് വലതുവശത്ത് ഫെറി ഘട്ട് സ്ട്രീറ്റിലേക്ക് പോകുന്നു. ജിടി റോഡിൽ നിന്ന് ജംഗ്ഷനിലേക്കുള്ള ഭാഗത്ത് മുഴുവൻ ദിനെമർദംഗ സ്ട്രീറ്റ് പ്രധാനമായും ഹിന്ദു വിഭാഗത്തിൽ പെട്ട ആളുകൾ താമസിക്കുന്ന പരിസരമാണ്.
ദിനെമർദംഗ സ്ട്രീറ്റിന്റെ തുടക്കത്തിൽ കത്തിച്ച രണ്ട് വാഹനങ്ങൾ ഒഴികെ, കേടുവന്ന വീടുകളോ സ്വത്തുക്കളോ നശിപ്പിച്ചതായി ഒന്നുമില്ല. ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് വാഹനങ്ങളിലൊന്നിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ചതിൽ വാഹനയുടമയുടെ പേര് ഗുലം സർവർ അൻസാരി എന്നാണ് എന്ന് The Wire റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റ് വാഹനത്തിന്റെ ഉടമയെ അതിന്റെ നമ്പർ പ്ലേറ്റ് കാണാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
മാർച്ച് 12 ലെ അക്രമത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾ തയ്യാറായില്ല എന്നും, കത്തിച്ച വാഹനങ്ങൾ ആരുടേതാണെന്ന് അറിയാൻ ശ്രമിച്ചെങ്കിലും ആരും മറുപടി നൽകിയില്ല എന്നും അക്രമം നടന്നത് എപ്പോഴാണെന്ന ചോദ്യത്തിൽ നിന്നും അവർ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത് എന്ന് The Wire റിപ്പോർട്ട് ചെയ്യുന്നു.
ദിനെമർദംഗ ജംഗ്ഷനിൽ നിന്ന് ഗൊണ്ടൽപാറ മില്ലിന്റെ ഭാഗത്ത് മുസ്ലീങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ കത്തിച്ചാമ്പലയ വീടുകളുടെ നീണ്ട നിര തന്നെ കാണാം. വീടുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പൊട്ടിക്കുന്നത് കൊണ്ട് പല വീടുകളുടെയും മേൽക്കൂരയും ചുമരുകളും തകർന്നിട്ടുണ്ട്.
പല വീടുകളിൽ നിന്നും ഇപ്പോഴും കത്തിയതിന്റെ പുക ഉയർന്നുവരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ് മൂടപെട്ടിരിക്കുന്നു, റോഡിൽ കല്ലുകളും, വിറകുകളും, ഇരുമ്പുവടികളും, പൊട്ടിയ കുപ്പികളും കാണാം. കുപ്പികളിൽ ഭൂരിഭാഗവും മണ്ണെണ്ണയുടേയും പെട്രോളിന്റെയും ശേഷിപ്പുണ്ടായിരുന്നു, വീടുകൾ തകർക്കാൻ പെട്രോൾ ബോംബുകളായ് അവ ഉപയോഗിച്ചതാണ് എന്നു വ്യക്തം.
മുസ്ലിങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായി നടപ്പിലാക്കിയ കലാപം
മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി കടകൾ, പലചരക്ക് കടകൾ, ഇറച്ചി കടകൾ എന്നിവ മാത്രം നശിപ്പിക്കുകയും, തൊട്ടടുത്ത് തന്നെ ഹിന്ദു വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ, തയ്യൽ കടകൾ യാതൊരു നാശനഷ്ടങ്ങളും ഇല്ലാതെ നിൽക്കുന്നു. ഇലക്ട്രിക് റിക്ഷകൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, ടെമ്പോ അടക്കം നിരവധി വാഹനങ്ങളാണ് നശിപ്പിച്ചിട്ടുള്ളത്.
മുൻവാതിലിൽ ‘ഓം’ ചിഹ്നമുള്ള വീടിന് യാതൊരു കേടുപാടുകളുമില്ല, ഒരു വിഭാഗത്തിന്റെ മാത്രം വീടുകൾ കേടുപാടുകൾ സംഭവിച്ചതായും, മറുവിഭാഗത്തിന്റെ വീടുകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലാത്തതും കാണിക്കുന്നത് ഇതൊരു ആസൂത്രിതമായി നടപ്പിലാക്കിയ കലാപമാണ് എന്ന് ബോധ്യപ്പെടും.
അക്രമണം ഒരു സമുദായത്തെ ലക്ഷ്യം വെച്ചാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണം ആസൂത്രണം ചെയ്തതിൽ ചില നാട്ടുകാർക്ക് പങ്കുണ്ട്, അല്ലാത്തപക്ഷം ഓരോ വീടും കൃത്യമായി കണ്ടെത്താനും ലക്ഷ്യം വെക്കാനും പുറത്തുനിന്നുള്ളവർക്ക് സാധിക്കില്ല. ഉപയോഗിക്കപെട്ട പെട്രോൾ ബോംബുകളുടെ അവശിഷ്ടം കാണുമ്പോൾ ആക്രമണകാരികൾ നന്നായി തയ്യാറെടുപ്പുകളുമായിട്ടാണ് വന്നത് എന്നു ബോധ്യപെടും.
എല്ലാം നഷ്ട്ടപ്പെട്ട മുഷ്താഖുമാർ !
മെയ് 12 ന് ഉച്ചതിരിഞ്ഞ് മുഹമ്മദ് മുസ്താഖ് എന്ന ആളുടെ വീടും കടയും മുഖംമൂടി ധരിച്ച ഒരു സംഘം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. മുസ്താഖ് ഈ പ്രദേശത്തെ കേബിൾ ഓപ്പറേറ്ററാണ്, ഫോട്ടോകോപ്പി കടയും നടത്തുന്നുണ്ട്. ഇരുമ്പുവടികളും കല്ലുകളും പെട്രോൾ ബോംബുകളും ആയി വന്ന ആയുധധാരികൾ ‘ജയ് ശ്രീ റാം’ എന്ന് വിളിച്ചു കടകൾ പൂർണമായി നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. “പുതിയ ഫോട്ടോസ്റ്റാറ്റ് മെഷീൻ കത്തി നശിച്ചു. നശിപ്പിക്കരുതെന്ന് അവരോട് കേണപേക്ഷിച്ചു, പക്ഷേ അവർ ആക്രമണത്തിൽ നിന്ന് പിന്മാറിയില്ല”, അദ്ദേഹം പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട, ധരിക്കുന്നതല്ലാതെ മറ്റൊന്നും ഇല്ലാത്ത വലിയ ഒരു സമൂഹം ഈ കോവിഡ് കാലത്ത് പേടിയോടെ ജീവിക്കുകയാണ് അവിടെ.
ഈ കലാപം വളരെ ആസൂത്രിതമാണ് എന്നു മനസിലാക്കുവാൻ മുഷ്താഖിന്റെ സംഭവം തന്നെ ധാരാളമാണ്. ഫോട്ടോകോപ്പി കടക്ക് പുറമെ അവിടെ രണ്ട് കടകൾ കൂടി ഉണ്ട്, രണ്ടും ഹിന്ദു വിഭാഗത്തിൽ ഉള്ളവർ വാടകക്ക് എടുത്തത് ആണ്. ആ കടകൾക്ക് ഒന്നും സംഭവിച്ചില്ല. മുസ്‌ലിംകളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ തെളിവുകളാവശ്യമില്ല.
കൊറോണാ ജിഹാദും വ്യാജനിർമിതികളും
പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള ചെറിയ തർക്കമായിരുന്നു, മെയ് 10 ഞായറാഴ്ച്ച വൈകുന്നേരമാണ് പ്രശ്‌നം ആരംഭിച്ചതെന്ന് ആളുകൾ പറയുന്നു.
മുസ്ലിം പ്രദേശത്ത് നിന്നുള്ള ഒരാൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്നും മുസ്‌ലിംകൾ വൈറസ് പടർത്തുമെന്നും അതിനാൽ പൊതു ടോയ്‌ലറ്റ് ഉപയോഗിക്കരുതെന്നും പറഞ്ഞു മുസ്‌ലിംകളെ തടഞ്ഞു. അതിന്റെ പേരിൽ ചെറിയ കലഹത്തിലേക്ക് പോയെങ്കിലും പോലീസിന്റെ ഇടപെടലിന് ശേഷം അന്നു രാത്രി തന്നെ അവസാനിക്കുകയും പിറ്റേന്ന് ശാന്തവുമായിരുന്നു.
വ്യാജ വാർത്തകളും കുപ്രചാരണങ്ങളും വ്യാപകമായി മുസ്ലിങ്ങളെ ലക്ഷ്യം വെച്ചു ദേശീയ തലത്തിൽ തന്നെ നടത്തുകയും കേന്ദ്ര നേതൃത്വത്തിലുള്ളവർ കൊറോണ ജിഹാദ് എന്ന പേരിൽ ഒരു സമുദായത്തെ പ്രതിസ്ഥാനത്തു നിർത്തികൊണ്ട് വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഗ്രാമങ്ങളിൽ കുപ്രചരണങ്ങളിൽ രൂപപെടുന്ന ചെറിയ വിഷയങ്ങൾ പോലും വലിയ കലാപങ്ങളിലേക്ക് വഴിവെക്കുന്നതും മുസ്ലിം വിഭാഗത്തിന്റെ വസ്തുക്കളും വീടുകളും ഉപജീവന മാർഗങ്ങളും നശിക്കപ്പെടുന്നതിനും കാരണമാകുന്നത്.
അക്രമണ ദിവസം ഹിന്ദു വിഭാഗത്തിലുള്ള പാൽ വിതരണക്കാർ ആക്രമണങ്ങൾ തടയാൻ ശ്രമിച്ചുത് കൊണ്ട് കൂടുതൽ പടരാതിരിക്കാൻ സഹായകമായി എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഡൽഹിയിലെ മുസ്തഫബാദ് കലാപ ബാധിത പ്രദേശങ്ങളിൽ കണ്ടതിനു സമാനമായി അഴുക്ക് ചാലിൽ ഗ്യാസ് സിലിണ്ടറുകളും മോട്ടോർ സൈക്കിളും ഒക്കെ നശിപ്പിച്ചിട്ടത് കാണാം.
ജഗദാൽ പ്രദേശം ബരാക്പൂർ പാർലമെന്ററി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബിജെപി എംപിയായ അർജുൻ സിംഗ് ആണ്. കലാപം നടന്ന വാർഡിലെ കൗൺസിലർ കോൺഗ്രസിലെ ചിത്ര ചൗധരിയാണ്. എന്നാൽ കലാപം നടന്നപ്പോൾ അവരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ആളുകൾ ആരോപിച്ചു.
ഞായറാഴ്ച, മെയ് 10ന് സംഭവിച്ചത് യാദൃശ്ചികമായിട്ടുള്ളത് ആയിരുന്നു എന്നും എന്നാൽ മെയ് 12 ലെ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതും പുറത്ത് നിന്ന് ആളുകൾ സംഘടിച്ചു വന്നതാണ് എന്നും വിലയിരുത്തുന്നതായി ചന്ദനഗർ പോലീസ് കമ്മീഷണർ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ പോലീസ് 91 പേരെ അറസ്റ്റ് ചെയ്തതായും അവരെ കോടതിയിൽ ഹാജരാക്കിയതായും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു. പിന്നീട് 35 പേർ കൂടി കലാപവുമായി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS