India

കൊറോണ ജിഹാദ്: വ്യാജ നിർമിതികളാൽ ക്രൂശിക്കപ്പെട്ട മനുഷ്യർ

നാഷണൽ ഡെസ്ക് / ഡൽഹി

ഡൽഹി: മർകസ് നിസാമുദ്ദീൻ മേധാവി മൗലാന സാദ് കാന്ധൽവിക്കെതിരെ പോലീസ് എഫ്‌ഐ‌ആറിൽ പരാമർശിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണ് എന്നും പല ഓഡിയോ ക്ലിപ്പുകൾ കൂട്ടി ചേർത്ത് ഉണ്ടാക്കിയത് ആണ് എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ക്ലിപ്പിൽ അദ്ദേഹം സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്ന് തബ്ലീഗി ജമാഅത്ത് അംഗങ്ങളോട് ആവശ്യപ്പെടുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പോലീസ് ഇപ്പോൾ എല്ലാ വ്യക്തിഗത ഓഡിയോ ക്ലിപ്പുകളും കൂട്ടി ചേർത്ത് ചെയ്ത ക്ലിപ്പും ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി റിപ്പോർട്ട് ചെയ്യുന്നു. തബലീഹി ജമാഅത്തിന്റെ സംഘടനയുടെ ആസ്ഥാനമായ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട സാദും മറ്റ് ആറ് പേർക്കും എതിരെ കുറ്റകരമായ നരഹത്യക്ക് അടക്കം (IPC 304) ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

എഫ്‌ഐ‌ആറിൽ‌ പരാമർശിച്ച ഓഡിയോ ക്ലിപ്പിൽ‌, “ നമ്മുടെ മതത്തിൽ‌ എഴുതിയിട്ടില്ലാത്തതിനാൽ‌ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ല ” എന്ന് ഒരാൾ പറയുന്നത്‌ കേൾക്കാൻ‌ കഴിയും. വൈറൽ ഓഡിയോ നിരവധി ക്ലിപ്പുകളുടെ മിശ്രിതമാണെന്നും അവ എഡിറ്റ് ചെയ്തതാണ് എന്നും അനേഷണ സംഘത്തിന്റെ വിലയിരുത്തൽ. എല്ലാ ഓഡിയോ ക്ലിപ്പുകളും അവർ വീണ്ടും കേട്ടതിൽ നിന്ന് 20 ഓളം പ്രസ്താവനകൾ ഉപയോഗിച്ചതായി കണ്ടെത്തി. എല്ലാ ക്ലിപ്പുകളും വൈറൽ ഓഡിയോയും കൂടുതൽ പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് കൂടുതൽ പരിശോധനകൾക്ക് വേണ്ടി അയച്ചിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്‌പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇന്ത്യൻ എക്സ്പ്രെസ്സ് വാർത്ത വന്നതിന് പിന്നാലെ ഡൽഹി പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് വഴി പോലീസ് ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് (10.05.2020) ഇന്ത്യൻ എക്‌സ്പ്രസ്സ് അവരുടെ വാർത്തയിൽ ഉറച്ചു നിൽക്കുന്നതായും വാർത്തയുടെ ഉറവിടം വിശ്വാസനീയമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംഘപരിവാർ അജണ്ടകൾ

എന്നാൽ ഇന്ത്യയിലെ സംഘപരിവാർ സംഘടനകളും നേതാക്കന്മാരും നിരന്തരമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന് തബ്ലീഗ് ജമാഅത്തിനെയും മുസ്ലിങ്ങളെയും പ്രതിസ്ഥാനത്തു നിർത്തി വ്യാപക പ്രചാരണങ്ങൾ ആണ് നടത്തിയത്. അത്തരം സംഘപരിവാർ പ്രചരണങ്ങൾ ഏറ്റെടുത്തു കൊണ്ട് സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആണ് ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാളും ആം ആദ്മി പാർട്ടിയും ശ്രമിച്ചത്.

തുടർന്ന് വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ കടുത്ത മുസ്ലിം/ഇസ്ലാം വിരുദ്ധ പ്രചരണവും ആക്രമണങ്ങളും ആണ് നടന്നത്. സർക്കാർ സംവിധാനങ്ങളുടെ പരാജയവും അപര്യാപ്തതയും മറച്ചു വെക്കാൻ ഇസ്ലാമോഫോബിയ സംഘപരിവാർ നേതൃത്വം നന്നായി ഉപയോഗിച്ചു.

സാധാരണക്കാരെ/നിഷ്പക്ഷരെ മുസ്ലിങ്ങൾക്ക് എതിരായി ചിന്തിപ്പിക്കാൻ, എരിതീയിൽ എണ്ണ എന്ന പോലെ ഇതൊക്കെ ആളി കത്തിക്കാൻ അവർക്ക് വേറെയും ആയുധങ്ങൾ ഉണ്ട് – പോസ്റ്റ്‌ കാർഡ് ന്യൂസ്‌, ദി നാഷണലിസ്റ്റ്, ഓപി ഇന്ത്യ മുതൽ ഇങ് താഴെ ഷാജന്റെ മറുനാടൻ, കർമ്മ ന്യൂസ്‌ ( കെ സുരേന്ദ്രന്റെ ഹാൻസ് വീഡിയോ എഡിറ്റിംഗ് ആണെന്ന് തട്ടി വിട്ട കർമ്മ ന്യൂസ്‌) വരെ. നിഷ്പക്ഷ മുഖം മൂടി അണിഞ്ഞ ടൈംസ് നൗ, ഇന്ത്യ ടുഡേ, അർണബിന്റെ റിപ്പബ്ലിക്ക് ചാനൽ‌, രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റുൾപ്പെടുന്ന നെറ്റ് വർക്ക്, അംബാനിയുടെ ന്യൂസ് 18 എന്നിവയും മോശമല്ലാതെ സംഭാവന ചെയ്തിട്ടുണ്ട്.

എന്നാൽ അതിലും ഒതുങ്ങാതെ, ക്വാറന്റയൻ ചെയ്ത തബ്ലീഗ് പ്രവർത്തകർ തുണി അഴിച്ചിട്ട് നടക്കുന്നു, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നു തുടങ്ങി മാംസ ഭക്ഷണം ആവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നൊക്കെ നിരന്തരം പ്രചരണങ്ങൾ അഴിച്ചു വിടുന്നത് ആണ് പിന്നീട് കണ്ടത്.

മനപ്പൂർവ്വം രാജ്യത്ത് കോവിഡ് വ്യാപകമാക്കാൻ തബ്ലീഗ് പ്രവർത്തകർ ആസൂത്രണം നടത്തി എന്ന് സംഘപരിവാർ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ദൃശ്യ മാധ്യമങ്ങൾ പ്രൈം ന്യൂസ് ഷോകളിൽ ആഞ്ഞടിച്ചു. അങ്ങനെ ലോകത്ത്‌ മറ്റു സ്ഥലങ്ങളിൽ നിന്ന് വിഭിന്നമായി കൊറോണക്ക് മതത്തിന്റെ ‘അസ്തിത്വം’ നൽകപ്പെട്ടു.

അതിനായി വർഷങ്ങൾക്ക് മുമ്പ് ബംഗ്ളാദേശിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഉപയോഗിച്ചു. അങ്ങനെ സന്ദർഭങ്ങളിൽ നിന്ന് അടർത്തി എടുത്ത, പഴയതും അപ്രസക്തമായതും ആയ കുറെ ചിത്രങ്ങളും വിഡിയോകളും സംഘപരിവാർ IT സെല്ലുകളുടെ നേതൃത്വത്തിൽ പടച്ചുവിടുകയും ചെയ്തു. ക്വറന്റൈനിലുള്ള നിസാമുദ്ധീൻ തബ്‌ലീഗ് അംഗങ്ങൾ നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വേണ്ടി ബഹളമുണ്ടാക്കി എന്നതും കുറച്ചു പേർ പരസ്യമായി മല മൂത്ര വിസർജനം നടത്തി എന്നതും തെറ്റായ വാർത്തകൾ ആണെന്ന് യുപിയിലെ സഹാറൻപൂർ പോലീസ് പിന്നീട് റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഫെബ്രുവരിയിൽ മുംബൈയിൽ ഒരു വിചാരണ തടവുകാരൻ വീട്ടിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം കഴിക്കാൻ സമ്മതിക്കാത്തത് കൊണ്ട് പോലീസിനോട് മോശമായി പെരുമാറിയ സംഭവത്തിന്റെ വീഡിയോ ആണ് തബ്‌ലീഗ് സമ്മേളനത്തിലെ ഒരു കോവിഡ് രോഗി പോലീസിന്റെ മുഖത്ത് തുപ്പി എന്ന് പറഞ്ഞ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

നിസാമുദ്ധീൻ തബ്‌ലീഗ് ജമാഅത് യുവാവ് ഡോക്ടർമാരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും തുപ്പുകയും ചെയ്തു എന്ന വാർത്ത റായ്‌പൂർ എയിംസ് ഹോസ്പിറ്റൽ തന്നെ നിഷേധിച്ചിരുന്നു. അത് വ്യാജ്യ വാർത്ത ആണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടേയില്ല എന്ന് വ്യക്തമായ പ്രസ്താവനയും റായ്‌പൂർ എയിംസ് ഹോസ്പിറ്റൽ ഇറക്കിയിരുന്നു.

എന്നാൽ സത്യാവസ്ഥ മനസ്സിലാകാതെ (മനസ്സിലാക്കാൻ ശ്രമിക്കാതെ !) ബഹുഭൂരിപക്ഷവും സൗകര്യപൂർവം അത് ഏറ്റെടുത്തു എന്നത് ആണ് ഇന്നിന്റെ അവസ്‌ഥ.

എന്നാൽ പിന്നീട് ആർക്ക് എതിരെയാണോ വെറുപ്പിന്റെ അക്ഷരങ്ങൾ നിരത്തിയത്, അവർ തന്നെ സ്വന്തം പ്ലാസ്മ സംഭാവന ചെയ്ത് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ വലിയ രീതിയിൽ ഉള്ള സേവനമാണ് നടത്തിയത്. ആരോഗ്യ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അതിന്റെ പേരിൽ അവരെ അഭിനന്ദിക്കുന്നതും അവരെ സന്തോഷത്തോടെയും ആദരവോടെയും യാത്രയയക്കുന്ന വാർത്തകൾ ആണ് പിന്നീട് വന്നത്. പക്ഷെ അപ്പോഴേക്ക് ഒരു മനുഷ്യ സമൂഹത്തെ പ്രതിസ്ഥാനത്ത്‌ ആരോഹിച്ചു കഴിഞ്ഞിരുന്നു മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും.

അതിന്റെ തുടർച്ചയായിരുന്നു twitter പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വലിയ രീതിയിൽ മുസ്ലിങ്ങൾക്ക് എതിരെയുള്ള വംശീയ പ്രചാരണങ്ങൾ നടന്നത്. എന്നാൽ അത്തരത്തിൽ ഉള്ള പ്രചരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പല രാജ്യങ്ങളും ഇന്ത്യയുടെ സർക്കാറിനോട് അത്തരം പ്രചാരണങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടും ചെയ്തു.

വെറുപ്പിന്റെ രാഷ്ട്രീയവും ആശങ്കകളും

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ആവശ്യാർഥം കുടിയേറിയ ഗൾഫ് രാജ്യങ്ങൾ ഇത്തരം പ്രചരണങ്ങൾക്ക് എതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രിക്ക് പോലും അതിനെ എതിരെ പ്രസ്താവന ഇറക്കേണ്ടി വന്നു. ഗൾഫ് രാജ്യങ്ങളും കാനഡ പോലെയുള്ള രാജ്യങ്ങളും അത്തരം വർഗീയ വിദ്വേഷം പ്രചാരണത്തിന് കൂട്ട് നിന്ന ഇന്ത്യൻ വംശജർക്കെതിരെ നടപടി എടുക്കാൻ തുടങ്ങിയപ്പോൾ ആണ് പ്രധാനമന്ത്രി അടക്കം പ്രതികരിക്കാൻ തയ്യാറായത്.

എന്നാൽ ഇത് ഒരു കേവല പ്രതിഭാസം അല്ല എന്നും നിരന്തരമായി സംഘപരിവാറും അവരുടെ അജണ്ടകൾ ഏറ്റെടുത്ത മാധ്യമങ്ങളും നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇന്നിന്റെ അപകടകരമായ അവസ്ഥയാണ് എന്നും വിലയിരുത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും മുസ്ലിങ്ങളെ ആസൂത്രിതമായി ആക്രമിക്കുന്ന വാർത്തകളും ദൃശ്യങ്ങളും ഈ കോവിഡ് കാലത്തും കാണാൻ കഴിയുന്നു എന്നത് നമ്മൾ എത്തി നിൽക്കുന്ന പരിതസ്ഥിതിയുടെ നേർക്കാഴ്ചകൾ ആണ്.

എന്നാൽ സത്യം പലപ്പോഴും ആളുകൾ തിരിച്ചറിയുമ്പോഴേക്ക് ഒരുപാട് കാലം കഴിഞ്ഞിട്ടുണ്ടാവും. അവർ പുതിയ ഇര തേടി പോയിട്ടുണ്ടാവും. സത്യം ചെരുപ്പ് ഇടുമ്പോഴേക്ക് കളവ് ലോകം ചുറ്റി തിരിച്ചെത്തിയിട്ടുണ്ടാവും എന്നത് എത്ര യാഥാർഥ്യം.

Show More
0 0 vote
Article Rating
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mohammed VK
4 months ago

Unbiased report, though late. All the support for the efforts to explore truth.

Bushair
Reply to  Mohammed VK
4 months ago

We need to work to uphold and promote the preamble of our constitution.

Related Articles

Back to top button
2
0
Would love your thoughts, please comment.x
()
x