EducationWomen

ജീവിതം പറയുകയാണ്, കെട്ടുകഥകളൊക്കെയും തോറ്റുപോകുന്നൊരു പച്ചയായ ജീവിതം!

ആഷിഖ ഖാനം

ജംഷിത്ത, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെന്റെ ജൂനിയറാണ്!

മലയാളമറിയാത്ത ഇവിടത്തെ ബംഗാളികള്‍ക്കും തെലുങ്കര്‍ക്കും നോര്‍ത്ത് ഈസ്റ്റുകാര്‍ക്കുമൊക്കെ ജംഷിത്ത അവരുടെ ‘താത്തയാണ്’, കഥയല്ലിത് ജീവിതമെന്ന് അടിവരയിടേണ്ട ഒരു കഥയും പേറി നടക്കുന്നൊരു പെണ്‍കുട്ടി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എപ്പോഴും പാറിനടക്കുന്ന ആ ചിറകുകള്‍ക്ക് ഇത്രയും അനുഭവങ്ങളുടെ കനമുണ്ടായിരുന്നുവെന്ന് ഒരിക്കലും നിനച്ചതേയില്ല!

ഒറ്റനോട്ടത്തിൽ മനുഷ്യരെ വായിച്ചെടുക്കുന്ന, അല്ലെങ്കില്‍ കൗതുകം തോന്നുന്ന മനുഷ്യരുടെ ഭൂതകാലത്തെ ചൂഴ്ന്നെടുക്കുന്ന ഒരു ശീലമെനിക്ക് ആവശ്യത്തിലധികമുണ്ട്. റീഡിങ് റൂമില്‍ നിന്ന് ‘ആഷിഖയല്ലേ, ഞാൻ ഇൻസ്റ്റയില്‍ വായിക്കാറുണ്ട്’ എന്ന് ജംഷിത്ത പറഞ്ഞ ഒരൊറ്റ വാക്കില്‍ അവരുടെ കണ്ണിലൊരു കഥ ഞാൻ കണ്ടിരുന്നു. ‘ആഹാ, എന്നാ ഇങ്ങള് ഇൻസ്റ്റയിലൊരു മെസേജ് അയച്ച് ഇട്ടേക്കിംട്ടോ, എനിക്ക് പ്രൊഫൈല്‍ ഐഡന്റിഫൈ ചെയ്യാനാണെന്നും’ പറഞ്ഞിട്ട് പോരുമ്പോഴും പക്ഷെ ആ കഥക്ക് ഇത്രയും ആഴം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല!

അവരുടെ പ്രൊഫൈലൊന്ന് കാര്യമായിട്ട് കയറിനോക്കണമെന്ന് കരുതിയിരുന്നെങ്കിലും പിന്നീടെന്തൊക്കെയോ തിരക്കിൽ അതങ്ങനെ വിട്ടുപോയി. എന്നാൽ ജംഷീലയെന്ന് ഞാൻ വിളിക്കാന്‍ തുടങ്ങുമ്പോഴേക്ക് തന്നെയും ഒരു ഇത്തയെന്ന് കൂട്ടി ആ പേര് വിളിക്കാനുള്ള പ്രായവിത്യാസം ഞങ്ങള്‍ക്കിടയിലുണ്ടെന്ന് മാത്രം മനസിലായിരുന്നു.

എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു സയന്‍സ് സ്ട്രീം 94 ശതമാനം മാർക്കോടെ പാസായിട്ടും കൂടെയുള്ളവരൊക്കെ പഠനവും ജോലിയും സ്വപ്നങ്ങളുമായി മുന്നോട്ടുപോകുന്ന കാഴ്ച്ച വണ്ടൂരിലെ ഒരു കരിപുരണ്ട അടുക്കളയിലിരുന്ന് കണ്ട് വിതുമ്പിയിരുന്നൊരു പെണ്‍കുട്ടിയുടെ ആഴത്തിലുള്ള നോവുന്നൊരു ഓര്‍മ്മയവരുടെ ഉള്ളിലുണ്ടെന്ന് വളരെ വൈകിയാണ് അറിഞ്ഞത്. ഒരു രാത്രി പുലരുവോളം ജംഷിത്തയുടെ മുറിയില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആ കഥ കേള്‍ക്കുമ്പോൾ പറയുന്ന അവര്‍ക്കൊപ്പം കേൾക്കുന്ന എന്റെ കണ്ണുകളും പലപ്പോഴും നിറഞ്ഞു, അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി വന്നൊരു പെൺകുട്ടി ജീവിതം പറയുകയാണ്, കെട്ടുകഥകളൊക്കെയും തോറ്റുപോകുന്നൊരു പച്ചയായ ജീവിതം!

അതിലനുഭവിച്ച സ്നേഹരാഹിത്യവും, നോവും, അവഗണനകളും ആവോളമുണ്ട്. വീട്ടിലൊരു ജോലിക്കാരിയെ നിർത്തേണ്ട പണം ലാഭിക്കാന്‍ വേണ്ടി മാത്രം കഴിച്ചൊരു വിവാഹത്തിൽ സ്വപ്നങ്ങളത്രയും മുരടിച്ചുപോയൊരു പെൺകുട്ടിയുടെ തേങ്ങലുകള്‍ മാത്രം ഉയര്‍ന്നുകേട്ടു.

അവസാനം കരഞ്ഞ് കണ്ണ് വീര്‍ത്തുമാത്രമുറങ്ങിയ ഒരുപാട് വര്‍ഷങ്ങള്‍ക്കൊടുവിൽ തന്റെ കൈകുഞ്ഞിനെയും കൊണ്ട് ഒരുപാട് സ്വപ്നങ്ങളുമായി കയറിച്ചെന്ന ആ വീടിന്റെ പടിയിറങ്ങുമ്പോൾ ‘ഇനിയെന്ത്’ എന്ന ചോദ്യം മാത്രമായിരുന്നു മുന്നിലുണ്ടായത്.!

അതിനുത്തരമായത് മമ്പാട് എംഇഎസും അവിടത്തെ ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റും അധ്യാപകരുമാണ്. മൂന്ന് വര്‍ഷം കൊണ്ട് കൂടെപഠിക്കുന്ന കുട്ടികള്‍ക്കൊക്കെ ജംഷിത്ത അവരുടെ മൂത്ത സഹോദരി തന്നെയായി, ജംഷീലയെന്ന പേരിന് പകരം അവിടെ എപ്പോഴും ജംഷിത്തയെന്ന് മാത്രം കേട്ടു.ഈ നീറുന്ന ജീവിതമറിയുന്ന അവിടത്തെ അധ്യാപകരുടെ ആവോളം സ്നേഹത്തിലും സഹായങ്ങളിലും ആ ബിരുദം അത്ര മികച്ചൊരു മാര്‍ക്കോടെ തന്നെ പൂര്‍ത്തിയായി! ശേഷമൊരു ജോലി തിരയാന്‍ പോലും ജംഷിത്തയേക്കാൾ ആവേശം മമ്പാട് എംഇഎസിലെ അധ്യാപകര്‍ക്കായിരുന്നു!

കിട്ടിയ ജോലികളൊക്കെ വേണ്ടെന്ന് വെച്ച് സെൻട്രല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കണമെന്ന ആഗ്രഹത്തിന് പിറകിലായി പിന്നീടവര്. അങ്ങനെയാണ് CUET എന്‍ട്രൻസ് ക്വാളിഫൈ ചെയ്ത് ആദ്യ അലോട്ട്മെന്റില്‍ തന്നെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്‍ ചെയ്യുന്നത്. ഇപ്പോള്‍ വേറെ കുറെ സ്വപ്നങ്ങളുടെ പിറകിലാണ് കക്ഷി….

ആറുവയസുള്ള ഒരു മോളെയും കൊണ്ട് ഒരു വലിയ അക്കാഡമിക് ബ്രേക്കിനും, ഇനിയൊരിക്കലും പുസ്തകങ്ങളും ക്യാമ്പസുമൊന്നും തന്റെ ജീവിതത്തിലുണ്ടാവില്ലെന്ന തീർച്ചപ്പെടുത്തലിനും ശേഷം ഇത്രയും ദൂരം നിങ്ങളെത്തിയെങ്കിൽ ഇനിയങ്ങോട്ടുള്ള വഴികളൊക്കെ നിങ്ങൾക്കെത്ര എളുപ്പമായിരിക്കും ജംഷിത്താ….

നിങ്ങളെന്തൊരു കരുത്തയായ സ്ത്രീയാണിന്ന്! നിങ്ങടെ കഥ കേട്ടതും ‘ജംഷിത്താ, ഞാനിത്‌ എഴുതിക്കോട്ടെ’ യെന്ന് മാത്രമാണ് എനിക്ക് ചോദിക്കാനായത്. സ്വന്തം ഡിവോഴ്സ് കേക്ക് മുറിച്ചാഘോഷിക്കാന്‍ നിങ്ങളേക്കാൾ അര്‍ഹത മറ്റാര്‍ക്കുമില്ല, അത്രയധികം വേദനകളിലുരുകി വന്ന കരുത്ത് തന്നെയാണ് നിങ്ങടെയുള്ളിലുള്ളത്..

ഒരുപാടൊരുപാടിഷ്ടത്തോടെ, ‘ജംഷിത്താ’ന്ന് ഹൃദയം കൊണ്ട് വിളിക്കുന്നൊരുവൾ!♥️

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x