Opinion

സിൽവർ ലൈൻ ആർക്ക് വേണ്ടി? | ജെ എസ്‌ അടൂർ

അസമാനതകൾ കൂടികൊണ്ടിരിക്കുന്ന സമൂഹമാണ് കേരളത്തിൽ. ദാരിദ്ര്യം കുറവാണെങ്കിലും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപഭോഗ അസമാനത (consumption inequality )കൂടിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ തന്നെ അസാമാനതകൾ കൂടികൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം.

കേരളത്തിലെ സോഷ്യ ഇക്കണോമിക് ആൻഡ് കാസ്റ്റ് (socio economic and caste census 2011) അനുസരിച്ചു കേരളത്തിൽ 60.29 ലക്ഷം കുടുംബങ്ങൾ /താമസമുള്ള വീടുകളാണ് ഉള്ളത്. അവയിൽ 40.43 ലക്ഷം(70%) കുടുംബങ്ങളിൽ മാസം കഷ്ട്ടിച്ചു ജീവിക്കാനുള്ള വരുമാനം പോലുമില്ല. അവരിൽ ഭൂരിഭാഗം പലതരം കടം വാങ്ങിയാണ് വീട്ടു കാര്യങ്ങൾ നടത്തുന്നത്. അവർ പിടിച്ചു നിൽക്കുന്നത് തൊഴിൽ ഉറപ്പുകൊണ്ടും അതുപോലെ അന്നന്നത്തെ ജോലി ചെയ്തുമാണ്.

പത്തു ദിവസം ജോലിയില്ലെങ്കിൽ പട്ടിണിയുടെ വക്കിലാകുന്നവർ. അവരിൽ തന്നെ ഒരുപാട് പേർക്കും വീടില്ല. ഭൂമി ഇല്ല. രോഗാവസ്ഥയിൽ എന്തെങ്കിലും ബ്ലേഡ് പലിശയിൽ മൈക്രോ ഫിനാൻസ് കടമെടുത്തു കഴിയുന്നവർ. കേരളത്തിൽ കോവിഡ് കാലത്ത് ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവർ. കേരളത്തിൽ സാമ്പത്തിക വളർച്ച കുറഞ്ഞാൽ, ആവശ്യ സാധനങ്ങളുടെ വിലകൂടിയാൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് 70% ത്തോളം വരുന്ന വലിയ വിഭാഗമാണ്.

കേരളത്തിൽ തൊഴിൽ ഉറപ്പ് കാർഡ്‌ ഉള്ളവർ ഏകദേശം 41 ലക്ഷത്തോളമുണ്ട്. കുടുംബ ശ്രീ വെബ്സൈറ്റ് പ്രകാരം 45, 85, 667 അംഗങ്ങൾ ഉണ്ട്‌. കുടുംബ ശ്രീ അംഗങ്ങൾ കേരളത്തിൽ വളരെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്.

അവർക്കൊക്കെ സിൽവർ ലൈനിൽ ആയിരങ്ങൾ മുടക്കി പോയാൽ എവിടെ പണി ചെയ്യാൻ സാധിക്കും? അവർക്കു സിൽവർ ലൈൻ വന്നാൽ തൊഴിൽ ഉറപ്പിനു കൂടുതൽ വേതനം കിട്ടുമോ?അവർക്കൊന്നും എന്തായാലും സിൽവർ ലൈനിൽ സ്ഥിരം യാത്ര ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല.

കേരളത്തിൽ 77,000 കുടുംബങ്ങൾക്ക് (12%) ആണ് ഏറ്റവും കൂടുതൽ സ്ഥിര വേതനം(highest earning member )10000 രൂപയിൽ കൂടുതൽ കിട്ടുന്നത്. അവരിൽ ഭൂരിപക്ഷം സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്ന്റ് സ്റ്റഡീസിലെ പ്രൊഫ.കെ സി സഖറിയായും പ്രൊഫ ഇരുദയ രാജനും നടത്തിയ ഗവേഷണം കാണിക്കുന്നത് കേരളത്തിൽ വിദേശ വരുമാനം( ഫോറിൻ റെമിറ്റൻസ്) കിട്ടുന്നത് 17% കുടുംബങ്ങൾക്ക് മാത്രമാണ്. കേരളത്തിൽ കാറുള്ളവർ 10% കുടുംബങ്ങൾ മാത്രം.

കേരളത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ 5.2 ലക്ഷം മാത്രം കേരളത്തിൽ ജോലി ചെയ്യാൻ പ്രാപ്തി ഉള്ളവരുടെ ഒരു വളരെ ചെറിയ ശതമാനം..അവരുടെ ശമ്പളം 23000 തൊട്ട് 1.66 ലക്ഷം വരെ.കേരളത്തിലെ ബജറ്റിന്റ മൊത്തം റവന്യു വരുമാനത്തിന്റെ 64% ശമ്പളം, പെൻഷൻ, പലിശ ഇനത്തിലാണ്. കേരളത്തിലെ ടാക്സ് നോൺ ടാക്സ് വരുമാനം മാത്രം നോക്കിയാൽ ശമ്പളം, പെൻഷൻ, പലിശയാണ് അതിന്റ സിംഹ ഭാഗം

2020-21 ൽ അതു 73, 848 കോടി. മൊത്തം റവന്യു വരുമാനത്തിന്റെ(അതിൽ കേന്ദ്രത്തിന്റെ ഗ്രാൻഡ് ഇൻ എയ്ഡ് ഉണ്ട്‌ ) 45% ശമ്പളമാണ്. കേരളത്തിൽ ഇപ്പോൾ കടം എടുത്തു ശമ്പളം കൊടുക്കേണ്ട അവസ്ഥയാണ്.

എന്നാൽ കേരളത്തിനു കിട്ടുന്ന റവന്യു വരുമാനത്തിൽ വലിയ ഒരു ഭാഗം മദ്യ ടാക്സ്, ഭാഗ്യക്കുറി, പെട്രോൾ, ഡീസൽ ടാക്സ് ഒക്കെയാണ്. 2019-20 ഇൽ കേരളത്തിലെ വെറും സാധാരണക്കാർ ഭാഗ്യകുറി മേടിച്ചതിൽ നിന്ന് സർക്കാരിന് കിട്ടിയ ലാഭം 1763.69 കോടിയാണ്. മദ്യ ടാക്സിൽ നിന്ന് പ്രതിമാസം ഏതാണ്ട് 800 കോടിയോളമാണ് സർക്കാർ പിരിക്കുന്നത്.

2019-20 ൽ മദ്യം വിറ്റ് സർക്കാർ സാധാരണക്കാരിൽ നിന്ന് വാങ്ങിയത് 10,332.39 രൂപ. പെട്രോളിന് 30.08% ടാക്സ്. ഡീസലിനു 22.76% ടാക്സ്. ഇത് കൂടാതെ ഓരോ ലിറ്ററിനും ഒരു രൂപ അധിക നികുതി. ഇത് കൂടാതെ 1% സെസ്സ്.

സർക്കാരിന് വിവിധ ഇനങ്ങളിൽ അവരവരുടെ വരുമാനത്തിന്റെ അനുപാതത്തിന്റെ ഏറ്റവും കൂടുതൽ ശതമാനം ചിലവാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 80% ത്തോളം വരുന്ന ബഹുഭൂരിപക്ഷമാണ്.

പെട്രോൾ ഏറ്റവും കൂടുതൽ അടിക്കുന്ന ഓട്ടോ റിക്ഷ തൊഴിലാളികളും സാധാരണക്കാരായ ബൈക്ക് കാരുമൊക്കെയാണ്. ലോട്ടറിക്കും മദ്യത്തിനും പെട്രോൾ /ഡീസൽലിന്നും അവരുടെ വരുമാനത്തിന്റെ നല്ല ഒരു ഭാഗം സർക്കാരിന് നികുതിയായി കൊടുക്കുന്നത് ഈ നാട്ടിലെ സാമ്പത്തിക ശേഷി കുറഞ്ഞ ബഹുഭൂരിപക്ഷമാളുകളാണ്.

കഴിഞ്ഞ സി എ ജി റിപ്പോർട്ട് അനുസരിച്ചു കേരളത്തിലുള്ള മുഴുവൻ ജി ഡി പിയുടെ 39.87% അതായത് ഏകദേശം 40% മാണ് ഇപ്പോൾ തന്നെ പൊതു കടം. അതു ഈ വർഷം ഏതാണ്ട് 3.3 ലക്ഷം കോടി.അതിൽ കി എഫ് ബി യുടെ കടം കൂടി കൂട്ടിയാൽ അതിൽ അധികം. കേരളത്തിലെ കഴിഞ്ഞ ആറു കൊല്ലാതെ ബജറ്റ് പരിശോധിച്ചാൽ കാണുന്നയൊന്നും. റവന്യൂ വരുമാനം കൂട്ടി കാണിച്ചു ചിലവ് കുറച്ചു കാണിക്കും.

യഥാർത്ഥത്തിൽ സംഭവിച്ചത് വരുമാനം കുറഞ്ഞും ചിലവു കൂടി. ബജറ്റ് കമ്മി കൂടി കൊണ്ടിരിക്കുന്നു അതു കൊണ്ടു കൂടുതൽ കൂടുതൽ കടം വാങ്ങി കൂട്ടുന്നു. 2016 ജൂണിൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് കേരളത്തിലെ പരിതാപകരമായ പൊതു ധന സ്ഥിതിയെ കുറിച്ച് പറഞ്ഞത് വരുമാനം കൂട്ടും ബജറ്റ് കമ്മി കുറയ്ക്കും പൊതു കടം കുറയ്ക്കും എന്നാണ്. നടന്നത് നേരെ തിരിച്ചും. പൊതു കടം കൂടികൊണ്ടിരുന്നു.

കേരളത്തിലെ സാമ്പത്തിക അസാമാനത കൂടി കൊണ്ടിരിക്കുന്നു. ഒരു വശത്തു കോടികൾ വരുമാനവും വലിയ സാമ്പത്തിക ശേഷിയുമുള്ള ഒരു ശതമാനം അതി സമ്പന്നർ. ഒരു മന്ത്രി എന്തായാലും അദ്ദേഹത്തിന് അഞ്ചു കോടി ആസ്തിയുണ്ടന്നു സത്യം പറഞ്ഞു. ഭരണത്തിലും പുറത്തുമുള്ള പ്രമുഖരിൽ ബഹുഭൂരിപക്ഷം കേരളത്തിലെ സമ്പന്നരായ ഒരു ശതമാനമാണ്. സിൽവർ ലൈൻ വന്നാൽ അവർക്കു വളരെ സൗകര്യം.

അതി സമ്പന്ന വർഗം 0.1 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ. അവരിൽ തന്നെ ഭൂരിപക്ഷം വിദേശ വ്യപാരി വ്യാസായികൾ. അധികാര ഭരണത്തിൽ ഉള്ളവരുടെ പ്രമുഖരിൽ ഭൂരിപക്ഷം ഒരു ശതമാനത്തിൽ താഴെയുള്ള സമ്പന്നരോ ഉദ്യോഗസ്ഥ പ്രമുഖരോണ്. അവരുമായാണ് ബഹുമാനപെട്ട മുഖ്യമന്ത്രി ആദ്യം സിൽവർ ലൈൻ ചർച്ച ചെയ്തത്. അവർക്കു അതിവേഗം ബഹുദൂരം പോകണം. അതിന് കയ്യിൽ ഇഷ്ട്ടം പോലെ കാശുണ്ട്.

കേരളത്തിൽ ഇപ്പോഴും 5.7 ലക്ഷം കുടുംബങ്ങൾക്കു വീടില്ലന്നാണ് ഫെബ്രുവരി 7, 2018 ൽ മുഖ്യമന്ത്രി നിയമ സഭയിൽ. ലക്ഷകണക്കിന് കുടുംബങ്ങൾക്കു ഭൂമിയും ഇല്ല.

കേരളത്തിലെ ബഹു ബഹുഭൂരിപക്ഷം അവരുടെ ജീവിതത്തിൽ ഉള്ള എല്ലാം സ്വരൂപീച്ചു വീട് വച്ചവരോ , ഒരു തുണ്ട് ഭൂമി മാത്രം ഉള്ളവരോ, ചെറിയ കച്ചവടം ചെയ്യുന്നവരോ ഒക്കെയാണ്. അവർക്കു അവരുടെ വീടും ചെറിയ സ്ഥലവും ചെറിയ കടകളും എല്ലാം പോകുക എന്നു പറഞ്ഞാൽ അവരുടെ ജീവിതവു ജീവിനോബാധിയും നഷ്ട്ടപെടുക.

മനുഷ്യന്റ ജീവിതം ഓർമ്മകളാണ്. ഓർമകളുടെ കൂടായ വീടുപോകുന്നത് ജീവൻ പോകുന്നത് പോലെയാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യർ ഒരയുഷ്ക്കാലം മുഴുവൻ അധ്വാനിച്ചത് പോയാൽ അവരുടെ ജീവിതധ്വാനമാണ് പോകുന്നത്.

കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ എഞ്ചിൻ ആയിരുന്ന വിദേശ വരുമാനം കുറയും. വിദേശ വരുമാനം (ഫോറിൻ റെമിറ്റൻസ്) കുറഞ്ഞാൽ അതു കേരളത്തിലെ സാമ്പത്തിക വളർച്ച കുറയും.

അതു പോലെ കേരളത്തിൽ പ്രായമുള്ളവരുടെ ശതമാനം ഏതാണ്ട് 35% മാകുകയും ജോലി ചെയ്യാൻ പ്രാപ്തിയും പ്രൊഫെഷനൽ സ്കിലും ഉള്ളവർ യൂറോപ്പിലേക്കും അമേരിക്കയിലും കാനഡയിലും ന്യൂസിലാൻഡ് ഓസ്‌ട്രെലിയയിലോക്കെ പോയാൽ കേരളത്തിൽ വലിയ ബ്രയിൻ ഡ്രൈൻ സംഭവിക്കും.

അതുപോലെ ദിവസം പല തരം കൂലി വേലക്ക് വരുന്ന ബംഗാളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ ശതമാനം കൂടും. ഇതെല്ലാം കേരളത്തിന്റ് സാമ്പത്തിക അവസ്ഥയെ ബാധിക്കും.

കേരളത്തിൽ ഒരു ശതമാനം വരുന്ന അതിസമ്പന്ന പ്രമുഖർക്കും അതുപോലെ കേരളത്തിൽ ഒന്നോ രണ്ടോ കൊല്ലത്തിൽ ചില ആഴ്ചകൾ വരുന്ന വിദേശ പൗരന്മാരോ സ്ഥിര താമസക്കാർക്കോ ആണ് സിൽവർ ലൈൻ അത്യാവശ്യം.

എന്നാൽ ഇപ്പോഴുള്ള പൊതു കടത്തിന്റ കൂടെ സിൽവർലൈനിന് ലക്ഷം കോടിയോ അതിന്റ ഇരട്ടിയോ ചിലവാക്കി കേരളത്തിന്റ് മൊത്തം വരുമാനത്തിന്റെ (എസ്‌ ജി ഡി പി) യുടെ 60-70% കടം കൂടിയാൽ അതിന്റ കടഭാരം കേരളത്തിൽ എല്ലാം ദിവസവും പല രീതിയിൽ ടാക്‌സും ഭാഗ്യകുറിയൊക്കെ എടുക്കുന്ന ബഹുഭൂരിപക്ഷം വെറും സാധാരണക്കാരയ ജനങ്ങൾക്കാണ്. കേരളത്തിൽ പൊതു കടം എത്ര കൂടിയാലും അതിസമ്പന്ന വിഭാഗത്തിനോ വിദേശത്ത് സുഖമായി ജീവിക്കുന്നവർക്കോ ഒരു പ്രശ്നവും ഇല്ല.

സിൽവർ ലൈൻ വികസനം വേണം എന്നു പറയുന്ന കേരളത്തിലെയും വിദേശത്തെയും പ്രമുഖ സമ്പണന്മാരും ഭരണ പാർട്ടി പ്രമുഖരും വിദേശത്ത് ജീവിച്ചു കേരളം സ്വപ്നം കാണുന്നവരും എല്ലാം കൂടി ഒരു ലക്ഷം കോടി ഇൻവെസ്റ്റ്‌ ചെയ്താൽ കേരളത്തിലെ സാധാരണക്കാർക്ക് വലിയ കടഭാരം ചുമക്കേണ്ടി വരില്ല. പക്ഷെ അവർ അതു ചെയ്യില്ല.

കാരണം സിൽവർ ലൈൻ പദ്ധതി റിപ്പോർട്ട് പെരുപ്പിച്ചു കാണിക്കുന്ന ലാഭം മരീചികയാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും. ലാഭം ഇല്ലാത്ത സംരഭത്തിൽ കേരളത്തിലെ അതി സമ്പന്നർ കാശ് ഇൻവെസ്റ്റ്‌ ചെയ്യില്ല. കെ എസ്‌ ആർ ടി സി ലാഭത്തിൽ ഓടിക്കുമെന്ന് 2017 ഇൽ അന്നത്തെ ധനകാര്യ മന്ത്രി പറഞ്ഞു. ഒന്നും സംഭവിച്ചില്ല. കെ എസ്‌ ആർ ടി സി യുടെ നഷ്ട്ടവും കടവും കൂടി കൊണ്ടിരിക്കുന്നു.

ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും പെട്രോളിൽ കൂടെയും മറ്റു പല വിധത്തിലും സാധാരണക്കാരെന്റ് കയ്യിൽ നിന്നു പിഴിഞ്ഞെടുത്ത കാശ് മുടക്കി കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കു വേണ്ടിയും സാമ്പത്തിക പ്രമുഖർക്ക് വേണ്ടിയും ഒരു സിൽവർ ലൈൻ വന്നാൽ ആർക്കാണ് സാമ്പത്തിക വളർച്ചയുണ്ടാകുന്നത്?

കേരളത്തിലെ ബഹുഭൂരിപകഷത്തിനും സിൽവർ ലൈനിൽ സഞ്ചരിക്കാനുള്ള സാമ്പത്തിക വരുമാനം ഉണ്ടോ?

കേരളത്തിൽ തൊഴിൽ കിട്ടാനുള്ള അവസരം ഇല്ലാത്തതിനാൽ അഭ്യസ്തവിദ്യാരായ യുവാക്കൾ പല രാജ്യങ്ങളിലെക്കു മൈഗരറ്റ് ചെയ്യുന്നത് കൂടി കൊണ്ടിരിക്കുന്നു.അവർ എത്ര പ്രാവശ്യം കേരളത്തിൽ വന്നു സിൽവർ ലൈനിൽ സഞ്ചരിക്കും?

കേരളത്തിൽ ദിവസകൂലിക്ക് പണി എടുത്തു ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ , തൊഴിൽ ഉറപ്പ് കൊണ്ടു ജീവിക്കുന്നവരിൽ എത്രപേർക്ക് ആയിരങ്ങൾ മുടക്കി സിൽവർ ലൈനിൽ യാത്ര ചെയ്യും? അവര്ക്ക് സിൽവർ ലൈനിൽ പോയി ജോലി ചെയ്തു ദിവസേന അവരുടെ വീട്ടിൽ എത്താനാകുമോ?

ഗൾഫിൽ ജോലി സാധ്യത കുറയുന്നതോടെ ഗൾഫിൽ നിന്ന് ആളുകൾ തിരികെ വന്നാൽ പോലും ജോലി സാധ്യത കുറവ്. അവരൊക്കെ സിൽവർ ലൈനിൽ പോയാൽ നല്ല ശമ്പളമുള്ള ജോലി കാസർഗോട്ടോ കണ്ണൂരൊ, തിരുവനന്തപുരത്തോ കിട്ടുമോ?

അസാമാനത വളരുന്ന കേരളത്തിൽ സിൽവർ ലൈൻ ആർക്ക് വേണ്ടി? അതിന്റ കടഭാരം ചുമക്കുന്നത് കേരളത്തിൽ സാമ്പത്തിക ശേഷികുറവുള്ള സാധാരണക്കാരല്ലേ?

വികസനത്തിനും വേഗതയുള്ള ട്രെയിനിനും ആരും എതിരല്ല. പക്ഷെ അതു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് കൂടി വേണ്ടിയാകണം . അവർക്കു കൂടി യാത്ര ചെയ്യാൻ സാധിക്കണം . കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് പ്രാപ്യമായ വികസന മാണ് സമൂഹത്തിന് ആവശ്യം.

അല്ലാതെ സാധാരണക്കാരുടെ വീടും തുണ്ട് ഭൂമിയും പിടിച്ചെടുത്തു കേരളത്തിൽ സാമ്പത്തിക ശേഷിയുള്ളവർക്കു മാത്രം iഅതിവേഗം സഞ്ചരിക്കാനുള്ള സിൽവർ ലൈൻ ആർക്ക് വേണ്ടി? അതു ആരുടെ വികസനത്തിന് വേണ്ടി?

ഈ ചോദ്യങ്ങൾ ചർച്ചകൾ സമൂഹത്തിൽ ചെയ്യാതെ ഏകപക്ഷിയമായി ജനായത്ത ജനകീയ ചർച്ചകൾ ഇല്ലാതെ, മലയാളത്തിൽ വിശദ പദ്ധതി രേഖ ഇല്ലാതെ, സുതാര്യത ഇല്ലാതെ, സിൽവർ ലൈൻ എന്ത് കൊണ്ടാണ് മുകളിൽ നിന്ന് താഴോട്ട് ആളുകളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്,? ആർക്ക് വേണ്ടി? എന്തിന് വേണ്ടി?

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x