Opinion

ഡോ: നജ്മയെയും ജലജ സിസ്റ്ററിനെയും ശിക്ഷിക്കുന്നതല്ല പരിഹാരം

പ്രതികരണം/ഡോ: എസ്.എസ്. ലാൽ

ഡോക്ടർ നജ്മ ഇന്നലെ മാതൃഭൂമി ടെലിവിഷൻ ചാനലിലെ ചർച്ചയിൽ സംസാരത്തിനിടയിൽ കരഞ്ഞുപോകുന്നത് കണ്ടു. നജ്മയുടെയും ജലജയുടെയും നിരീക്ഷണം ശരിയാണോ തെറ്റാണോ എന്ന് കണ്ടുപിടിക്കുന്നതിനേക്കാൾ പ്രാധാന്യം അവരുടെ മനസ്സിലെ നന്മയെയും രോഗികളെപ്പറ്റിയുള്ള ആശങ്കയെയും വിലമതിക്കുന്നതിനാണ് എന്ന് തെളിയിക്കുന്നതായിരുന്നു വാർത്താവതാരകൻ ഹഷ്മി ഇബ്രാഹിമിൻറെ വാക്കുകൾ. നന്മയുടെ നിലപാട് അതാണ്.

കൊവിഡ് ചികിത്സക്കായി മാറ്റിവച്ച കളമശ്ശേരിയിലേതുൾപ്പെടെയുള്ള കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കാര്യമായ കുറവുകളുണ്ട്. ഇത് ജനങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും നേരിട്ട് ബാധിക്കുകയാണ്. ആശുപത്രികളിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അധികജോലി ചെയ്ത് ക്ഷീണിതരാണ്.

മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ജീവനക്കാർ ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികളിലെ സാരമായ കുറവുകൾ കാരണം വീഴ്ചകൾക്കുള്ള സാദ്ധ്യതകൾ ഇനിയും നിലനിൽക്കുന്നു. അതുകാരണമാണ് രോഗികളെ പുഴുവരിക്കുന്നതും ഗർഭിണികൾക്ക് ചികിത്സ കിട്ടാതെ വരുന്നതും നവജാത ശിശുക്കൾ മരിക്കുന്നതും കൊവിഡ് രോഗി പീഡിപ്പിക്കപ്പെടുന്നതും ഒക്കെ.

ഈ കുറവുകൾക്ക് ഉത്തരവാദിത്വം ആരോഗ്യവകുപ്പിൻറെ ചുമതലക്കാരി എന്ന നിലയിൽ ആരോഗ്യ മന്ത്രിക്കാണ്. ആശുപത്രിയിലെ സംവിധാനങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ച വനിതാ ഡോക്ടറെയും നഴ്സിങ് ഓഫീസറെയുമായിരുന്നു ആരോഗ്യമന്ത്രി ആദ്യം ബന്ധപ്പെടേണ്ടിയിരുന്നത്. അവരോട് സ്നേഹത്തോടെ സംസാരിക്കുകയും സംരക്ഷിക്കുകയുമാണ് വേണ്ടിയിരുന്നത്.

ഡോ: നജ്മയ്ക്കും നഴ്സിങ് ഓഫീസർ ജലജാ ദേവിക്കും പറയാനുള്ളത് ആരോഗ്യമന്ത്രിയുൾപ്പെടെ ഉത്തരവാദിത്വമുള്ളവർ ക്ഷമയോടെ കേൾക്കണമായിരുന്നു. വിശദശാംശങ്ങൾ രേഖപ്പെടുത്താൻ ആരോഗ്യ സെക്രട്ടറിയെപ്പോലെ ഉത്തരവാദപ്പെട്ടവരെ ആരെയെങ്കിലും ചുമതലപ്പെടുത്തണമായിരുന്നു. അത്ര പ്രധാനപ്പെട്ട വിഷയമാണ് അവർ പറയുന്നത്. അത് ശരിയാണോ തെറ്റാണോ എന്നത് രണ്ടാമത്തെ വിഷയമാണ്. അവരുടെ ധാരണകളിൽ പിശകുണ്ടെങ്കിൽ പോലും അവരെ നേരിടേണ്ടത് ഇങ്ങനെയല്ല.

തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമല്ലാത്ത സാധാരണ മനുഷ്യർ മരിച്ചുപോകുമെന്ന ഭയമാണ് അവർ രണ്ടുപേരും പങ്കുവയ്ക്കുന്നത്. ഇത്തരം ‘വിസിൽ ബ്ലോവേഴ്സി’നെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ടത്. അത് ചെയ്‌തില്ലെന്ന് മാത്രമല്ല നഴ്സിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും ഡോ: നജ്‌മയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഡോക്ടർ നജ്‌മയ്‌ക്കെതിരെ വ്യാപകമായ അധിക്ഷേപം ഉണ്ടായിട്ടും വനിതാ ക്ഷേമത്തിൻറെ മന്ത്രികൂടിയായ ആരോഗ്യ മന്ത്രി കണ്ട ഭാവം നടിച്ചിട്ടില്ല.

സ്ത്രീകളെ ബാധിക്കുന്ന ഏത് വിഷയത്തിലും പ്രതികരിക്കുന്ന ഇടത് വനിതാ സംഘടനകളുടെ മൗനവും ദുരൂഹമാണ്. കൊവിഡ് തുടങ്ങിയതിനു ശേഷം ഇതുവരെ ആരോഗ്യ രംഗത്തെ സർക്കാരിതര പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒരു മേശയ്ക്കു ചുറ്റും ചർച്ചയ്ക്കു ക്ഷണിക്കാത്ത ആരോഗ്യ മന്ത്രി ഡോക്ടർ നജ്‌മയ്‌ക്കെതിരെ നിലപാടെടുക്കാൻ നേതാക്കളോട് അഭ്യർത്ഥിക്കുന്നത് പ്രതിഷേധാർഹമാണ്.

സംസ്ഥാന ആരോഗ്യ നയത്തിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ ഓഡിറ്റിങ് സംവിധാനവും പരാതി പരിഹാര സെല്ലും എവിടെയാണെന്ന് ആർക്കും ഇനിയും അറിയില്ല. പരാതി പരിഹാര സെല്ലിന് പകരം പരാതിക്കാരെ കൈകാര്യം ചെയ്യാൻ പാർട്ടിയുടെ സൈബർ സെല്ലിനെ ഏല്പിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.

മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ആശുപത്രികൾക്ക് മതിയായ പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തത് ഇത്തരം വീഴ്ചകൾ തുടരെ ആവർത്തിക്കുന്നതിൻറെ പ്രധാന കാരണമാണ്. മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണം നൽകണമെന്ന ഈ സർക്കാരിൻറെ തന്നെ നയരൂപീകരണ സമിതിയുടെ പ്രാഥമിക നിർദ്ദേശം ഉടൻ നടപ്പാക്കുകയാണ് വേണ്ടത്.

ചില വികസിത നാടുകളിൽ ഉള്ളതുപോലെ, ചികിത്സാ പിഴവുകൾ പഠിക്കാനും നിഷ്പക്ഷമായി കൈകാര്യം ചെയ്യാനും ഉതകുന്ന മെഡിക്കൽ ഓംബുഡ്സ്മാൻ പോലുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന ആരോഗ്യ വിദഗ്‌ദ്ധരുടെ നിർദ്ദേശത്തിന് ഇതുവരെ പരിഗണന നൽകാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

കൊവിഡിനെ നേരിടാൻ ഇനിയും കൃത്യമായ ഒരു തന്ത്രം ആവിഷ്കരിക്കാത്ത സർക്കാർ കുറവുകൾ ചൂണ്ടിക്കാണിക്കുന്നവരെ ആരോപണങ്ങൾ ഉന്നയിച്ചും ആക്ഷേപിച്ചും നിശബ്ദരാക്കുകയാണ്. സർക്കാരിനെ പ്രശംസിക്കാൻ വേണ്ടി അഭ്യർത്ഥിക്കാൻ മാത്രമാണ് ആരോഗ്യ സംഘടനകളുടെ നേതൃത്വത്തെപ്പോലും മന്ത്രിയും മന്ത്രിയുടെ ഓഫീസും ബന്ധപ്പെടുന്നത്.

കേരളത്തിൽ വ്യാപകമായി കൊവിഡ് പടരുമെന്ന മുന്നറിയിപ്പുകൾ തുടക്കകാലത്ത് തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നപ്പോൾ അതെല്ലാം അവഗണിച്ചും ഇല്ലാത്ത കണക്കുകൾ കാണിച്ചും ആഘോഷം നടത്തുന്നതും അവാർഡുകൾ നേടുന്നതുമായിരുന്നു നമ്മൾ കണ്ടത്. ഇതിൻറെ ദുരിതമാണ് നമ്മൾ മുഴുവൻ പേരും ഇപ്പോൾ ഒരുമിച്ച് അനുഭവിക്കുന്നത്.

കോവിഡിനെ നേരിടുന്ന കാര്യത്തിൽ ലോകത്ത് എല്ലാ രാജ്യങ്ങൾക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്. ഇപ്പോഴും പറ്റുന്നുണ്ട്. ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് ഏതെങ്കിലും നാടോ ഭരണാധികാരിയോ പറഞ്ഞാൽ അത് ഏറ്റവും വലിയ കളവാണ്. ട്രംപിനെപ്പോലെയുള്ളവർ ഇത്തരം കള്ളങ്ങൾ പറയുന്നുണ്ട്. എന്നാൽ വിശ്വാസ്യതയുള്ള നേതാക്കൾ അവർക്ക് സംഭവിച്ച അബദ്ധങ്ങൾ തിരുത്താൻ നടപടികൾ സ്വീകരിക്കുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ വീഴ്ചകളുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന ഡോക്ടർ നജ്മ ചൂണ്ടിക്കാണിച്ചപ്പോൾ ഒരു ആരോഗ്യ മന്ത്രിയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിലുള്ള താല്പര്യവും ഭരണ നിപുണതയും വെളിവാക്കുന്ന നടപടികളാണ്. അല്ലാതെ ധൈര്യത്തോടെ സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതല്ല. അവരുടെ വായടപ്പിക്കുന്ന നടപടികളല്ല.

കാര്യങ്ങൾ ഇനിയും കൈവിട്ടുപോയിട്ടില്ല. പലതും തിരിച്ചുപിടിക്കാൻ നമുക്ക് കഴിയും. ഒരുപാട് മരണങ്ങൾ തടയാൻ കഴിയും. അതിനായി എല്ലാ കാര്യങ്ങളും സർക്കാരും സി.പി.എമ്മും മാത്രം ചെയ്യുമെന്ന ദുർവാശി മാറ്റണം. ചികിത്സാ സംവിധാനങ്ങൾ ഇനിയും വ്യാപിപ്പിക്കണം. നാട്ടിലെ അറിയപ്പെടുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ സഹായം തേടണം. നടപടികളിൽ ജനാധിപത്യവും സുതാര്യതയും വേണം. സ്ഥിതിവിവരക്കണക്കുകൾ പരസ്യമാക്കണം.

നമുക്ക് പറ്റിയ തെറ്റുകൾ കണ്ടുപിടിക്കാൻ സർക്കാരിന് പുറത്തുള്ള ഗവേഷകർക്കും അവസരം നൽകണം. ചർച്ചകളെയും എതിരഭിപ്രായങ്ങളെയും സ്വാഗതം ചെയ്യണം. അഭിപ്രായം പറയുന്നവരുടെ പശ്ചാത്തലം ചികയുന്നതും അവരെ അടിച്ചമർത്തുന്നതും അവസാനിപ്പിക്കണം. മനുഷ്യരുടെ ജീവൻ വച്ചുള്ള കളിയാണിത്. കേരളത്തിൽ പ്രശനങ്ങളുണ്ട്. അവ പരിഹരിക്കണം. മറ്റു പല രാജ്യങ്ങളുമായും സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ആശുപത്രികൾ വളരെ മെച്ചമാണ്.

നമ്മുടെ ഡോക്ടർമാരും നഴ്‌സുമാരും ഇതര ജീവനക്കാരും ഒക്കെ നല്ല നിലവാരം പുലർത്തുന്നവരും കൂടുതൽ നന്മയുള്ളവരുമാണ്. അവർ കഴിവിൻറെ പരമാവധി ശ്രമിക്കുന്നുണ്ട്. അതിനാൽ അസുഖം വന്നാൽ സർക്കാരാശുപത്രികളിൽ നല്ല ചികിത്സ കിട്ടും. ഉറപ്പാണ്. അനാവശ്യമായ പരിഭ്രാന്തി വേണ്ട. സർക്കാർ കൂടുതൽ ഉണർന്നു പ്രവർത്തിക്കുമെന്നും ബാക്കിയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

വളരെ ഉത്തരവാദിത്വത്തോടുകൂടിയാണ് ഇത് എഴുതുന്നത്. ഈ നാട്ടിലെ മെഡിക്കൽ കോളേജിൽ പഠിച്ച ഒരു ഡോക്ടർ എന്ന നിലയിൽ. പല രാജ്യങ്ങളിലും ആഗോള പൊതുജനാരോഗ്യ രംഗത്ത് ജോലി ചെയ്തിട്ട് നാട്ടിൽ തിരികെയെത്തിയ ഒരു ഡോക്ടർ എന്ന നിലയിൽ. 1983 – ൽ മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ നാൾ മുതൽ സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്ത് തുടർച്ചയായ ഇടപെലുകൾ നടത്താൻ കഴിഞ്ഞയാൾ എന്ന നിലയിൽ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x