ഹിന്ദുത്വ ഫാസിസ്റ്റുകളും ‘സോഷ്യൽ ഫാസിസ്റ്റുകളും’ സഹകരിക്കുന്നതിൽ അസ്വാഭാവികതയില്ല !
ചെങ്കൊടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരും ഉപയോഗിച്ച് തൊഴിലാളി വർഗ്ഗത്തെയും മർദ്ദിത ജനതകളെയും വഞ്ചിച്ച് കോർപ്പറേറ്റ് മൂലധനത്തിന് പാദസേവ ചെയ്തു പോന്ന വിഭാഗങ്ങളെ “സോഷ്യൽ ഡെമോക്രറ്റുകൾ ” എന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ വിളിച്ചിരുന്നത്.
അതോടൊപ്പം, 1930 കളിൽ ഫാസിസത്തെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ നിർവചിച്ചത് “ഏറ്റവും പ്രതിലോമകരമായ ഫിനാൻസ് മൂലധനത്തിന്റെ ഭീകര സർവാധിപത്യം” എന്നായിരുന്നു.
അതേസമയം, ഫാസിസത്തിനെതിരായ പോരാട്ട കാലത്ത്, പല രാജ്യങ്ങളിലും മേൽ സൂചിപ്പിച്ച വിധം ഇടത് ലേബലോടെ നിലനിന്ന സോഷ്യൽ ഡെമോക്രാറ്റുകൾ ഫാസിസത്തോട് നിസംഗത പുലർത്തുകയോ, ഫാസിസ്റ്റുകളുമായി സഹവർത്തിക്കുകയോ ചെയ്തു പോന്നു. ഈ സന്ദർഭത്തിലാണ്, കോർപ്പറേറ്റ് മൂലധന ശക്തികളുമായി സന്ധി ചെയ്ത “സോഷ്യൽ ഡെമോക്രസി” ഫാസിസത്തിന്റെ വകഭേദ (variant of fascism) മാണ് എന്നു വിശദീകരിച്ചു കൊണ്ട് “സോഷ്യൽ ഫാസിസം” എന്ന സംജ്ഞ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ആവിഷ്കരിച്ചത്.
ആമുഖമായി ഇതു സൂചിപ്പിക്കേണ്ടി വന്നത്, ഗുജറാത്ത് സർക്കാർ സൽഭരണത്തിന് ഉതകും വിധം പദ്ധതി നടത്തിപ്പിനായി ആവിഷ്കരിച്ച ഡാഷ്ബോർഡ് സമ്പ്രദായം (Dashboard system for project implementation in Gujarat, a tool in aiding good governance) സ്വായത്തമാക്കി കേരളത്തിലതു പ്രയോഗിക്കുന്നതിന് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം 2022 ഏപ്രിൽ 27-29 ദിവസങ്ങളിൽ ഗുജറാത്ത് സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ്.
പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണ് കേരള ബ്യൂറോക്രറ്റുകളുടെ ഗുജറാത്ത് സന്ദർശനമെന്നും വ്യക്തമായിട്ടുണ്ട്.
വാസ്തവത്തിൽ, ഗുജറാത്തിൽ ഇപ്പോഴുള്ള ‘സൽഭരണം’ 2002 ലെ മുസ്ലീം കൂട്ടക്കൊല (Gujarat pogrom) ക്കു ശേഷമുള്ള രണ്ടു ദശാബ്ദക്കാലം കൊണ്ട് കെട്ടിപ്പൊക്കിയാതാണെന്ന കാര്യത്തിൽ സംശയമുണ്ടാകേണ്ടതില്ല.
ഈ സൽഭരണത്തിന്റെ നടത്തിപ്പിനുള്ള ആധുനിക സാങ്കേതിക വിദ്യാ ഉപകരണങ്ങൾ എന്തു തന്നെയായാലും (dash board or instrument panel), അതിന്റെ രാഷ്ടീയ – സാമ്പത്തിക ഉള്ളടക്കം കേവലമൊരു ചരക്കു കച്ചവടക്കാരനാ (commodity trader) യിരുന്ന അദാനി രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തെ അഞ്ചാമത്തെയും സമ്പന്നനായതാണ്.
വളരെ ചുരുക്കി പറഞ്ഞാൽ, ഗുജറാത്തുകാരായ മോദി – ഷാ ദ്വയവും അദാനി – അംബാനി ദ്വയവും പരസ്പരം ലയിച്ചു ചേർന്ന രാഷ്ട്രീയ-സാമ്പത്തിക മാതൃക (political – economic model) യാണ്, 2014 മുതൽ ഇന്ത്യയിലാകെമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലെ “ബുൾഡോസർ രാഷ്ട്രീയം” ഇതുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് ഭീകരതയുടെ ഒടുവിലത്തെ പ്രത്യയശാസ്ത്ര മാനമാണ്. ഗുജാറാത്തിൽ നിന്നും പഠിക്കുന്നതിന് മോദി പിണറായിയെ ഉപദേശിക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട ‘സൽഭരണം’ തന്നെയാകും ഉദ്ദേശിക്കപ്പെട്ടതെന്ന് കരുതാം.
മോദിയുടെ ഉപദേശ പ്രകാരം, കേരളത്തിലെ ഏറ്റവുമുയർന്ന ബ്യൂറോക്രറ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ പിണറായി സർക്കാർ ഗുജറാത്തിലേക്കയച്ചതിനെ വിമർശിച്ചും ശ്ലാഘിച്ചും വ്യത്യസ്താഭിപ്രായങ്ങൾ ഇതോടകം വന്നിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ സിൽവർ ലൈനിലൂടെയും മറ്റും പ്രകടമാകുന്ന സോഷ്യൽ ഫാസിസത്തിന്റെ സ്വാഭാവിക തുടർച്ചയാണ് ഈ ഗുജറാത്ത് പര്യടനമെന്നു കൂടി സൂചിപ്പിക്കുന്നതിനാണ് ഈ കുറിപ്പ്.
അടുത്ത കാലത്ത് കേരളത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെട്ട ഇസ്ലാമോഫോബിയയും മറ്റും ഈ കോർപറേറ്റ് ഭീകരതക്ക് മണ്ണൊരുക്കുന്നതിനു തന്നെയാണെന്നും കോർപ്പറേറ്റ് – ഹിന്ദുത്വ ഫാസിസവും സോഷ്യൽ ഫാസിസവും ഒരേ വർഗ്ഗതാല്പര്യങ്ങളെയാണ് സേവിക്കുന്നതെന്നും തിരിച്ചറിയുക.
James PJ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS