IndiaOpinion

അസ്തിത്വം ഇല്ലാത്ത ആം ആദ്മി; അരാഷ്ട്രീയവാദികളുടെ ഒരു കൂട്ടം

പ്രതികരണം/അഡ്വ ശ്രീജിത്ത്‌ പെരുമന

ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ ദര്‍ശനവും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു കൊണ്ട് അതിന്റെ മുന്നണിപ്പോരാളി കെജ്‌രിവാൾ രചിച്ച ‘സ്വരാജ്’ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെ പറയുന്നു,
‘എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിത്തുടങ്ങിയിരിക്കുന്നു’ (പേജ് 18).

രാജ്യത്തെ കാർന്നു തിന്നുന്ന രോഗം അഴിമതിയും അതിന്റെ മൂലകാരണം രാഷ്ട്രീയ വ്യവസ്ഥിതിയുമാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന സമീപനം തന്നെ അരാഷ്ട്രീയമാണ്.

നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥ എന്ന സാമൂഹ്യ വ്യവസ്ഥയാണ് തങ്ങളുടെ എല്ലാ പ്രശ്‌നത്തിനും കാരണം എന്ന് യഥാര്‍ത്ഥ ആം ആദ്മികളായ ദലിതര്‍ക്കും, അവർണ്ണർക്കും അനുഭവം കൊണ്ട് ഉറപ്പുള്ളതാണ്. അതിപ്പോൾ കെജ്‌രിവാളിന്റെ നാടായ ഉത്തർപ്രദേശിൽ ഹത്രാസിൽ തന്നെ കാണാവുന്നതുമാണ്.

ദളിത്‌ പെൺകുട്ടിയെ കൂട്ട ബലാൽത്സംഗം നടത്തി നാവു മുറിച്ചെടുത്തു, നട്ടെല്ല് തല്ലി തകർത്തു സവർണ്ണരായ പ്രതികൾ ഒടുവിൽ രായ്ക്ക് രാമാനം ആ കുട്ടിയെ ഉടലോടെ കത്തിച്ചു യോഗി പോലീസ്. ഏല്ലാം കഴിഞ്ഞപ്പോൾ ഇരയുടെ വീട്ടിൽ സവർണ്ണ ടാക്കൂർമാരുടെ കാവലാണ്, പ്രതികളെ അനുകൂലിച്ചുള്ള സമരങ്ങളാണ് ഊപ്പിയിൽ നടക്കുന്നത്.

Advertisement

അഴിമതിയെന്നതിലുപരി അയിത്തവും, ജാതീയതയും, ജാതീയ ഉച്ചനീചത്വവും രാജ്യത്തെ കാര്‍ന്ന് തിന്നുന്ന യഥാര്‍ഥ രോഗമെന്ന് കെജ്‌രിവാള്‍ ആം ആദ്മികള്‍ക്കു വേണ്ടി സംസാരിക്കുന്നതിനു മുമ്പ് ഇന്ത്യയിലെ ആം ആദ്മികളെ അഥവാ പച്ച മനുഷ്യരെ പ്രതിനിധീകരിച്ചിരുന്ന ബുദ്ധന്‍, മഹാത്മാ ഫൂലെ, സാഹുമഹാരാജ്, നാരായണഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍, അയ്യന്‍കാളി, ഡോ. അംബേദ്ക്കര്‍ തുടങ്ങി നൂറുകണക്കിന് യഥാർത്ഥ ആംആദ്മി നേതാക്കള്‍ യുക്തിയുക്തം വിശദീകരിച്ചിട്ടുള്ളതാണ്.

മാത്രമല്ല, രാജഭരണം, എകാധിപത്യം, മതഭരണം, വൈദേശിക ഭരണം തുടങ്ങി ഇന്ത്യ കടന്നുപോയ നിരവധി രാഷ്ട്രീയവ്യവസ്ഥകളില്‍ യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്കും, അവർണ്ണർക്കും, അധഃകൃതർക്കും തുണയായി നില്‍ക്കുന്നതും അവരുടെ സാമൂഹ്യസാമ്പത്തിക പുരോഗതി അല്‍പ്പമെങ്കിലും മെച്ചപ്പെടുത്തിയതും ഇന്ന് നിലവിലിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം എന്ന രാഷ്ട്രീയവ്യവസ്ഥിതിയാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ഇന്ത്യയില്‍ ആം ആദ്മിയെ സൃഷ്ടിച്ച അയിത്തമെന്ന രോഗത്തെയും സാമൂഹ്യവ്യവസ്ഥിതി എന്ന വൈറസിനേയും മറച്ചു വച്ച് പകരം അഴിമതിയാണ് രോഗമെന്നും രാഷ്ട്രീയവ്യവസ്ഥിതിയാണ് വൈറസെന്നും പ്രചരിപ്പിക്കുന്നതിലൂടെ കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്?

നൂറ്റാണ്ടുകളോളം പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കിടന്ന ദലിതര്‍ക്കും, അവർണ്ണർക്കും അവ പ്രത്യേക പരിരക്ഷകളിലൂടെ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടത്തില്‍ ഡോ.അംബേദ്ക്കര്‍ പ്രഥമ പരിഗണന നല്‍കിയത് ദലിതരുടെ അസ്തിത്വം ആദ്യം നിയമപരമായി അംഗീകരിക്കപ്പെടുക എന്ന വസ്തുതയ്ക്കാണ്. ആദ്യം അംഗീകരിക്കപ്പെടുക, പിന്നെ പരിരക്ഷകള്‍ ഏര്‍പ്പെടുത്തുക എന്നതാണ് തത്വം. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വരാജ് ദലിതരെ അംഗീകരിക്കുന്നുണ്ടോ?

ഇന്ത്യന്‍ ജനസംഖ്യയില്‍ ഏതാണ്ട് നാലിലൊന്നു വരുന്ന, ഇന്ത്യന്‍ ഭരണഘടന പ്രത്യേക പരിരക്ഷകള്‍ നല്‍കേണ്ട വിഭാഗമായി പരിഗണിച്ചിട്ടുള്ള പട്ടികജാതി വര്‍ഗ്ഗക്കാരുടെ അസ്തിത്വത്തെപ്പോലും കെജ്‌രിവാള്‍ അംഗീകരിക്കുന്നില്ല.

30000 വാക്കുകളുള്ള സ്വരാജില്‍ രണ്ടിടത്തു പിന്നോക്കമെന്നും മൂന്നിടത്ത് ആദിവാസികളെന്നും പറയുന്നതൊഴിച്ചാല്‍ പട്ടികജാതിക്കാര്‍ അല്ലെങ്കില്‍ ദലിതര്‍ എന്ന വാക്ക് ഒരിടത്തുപോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ദലിത് അഥവാ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ എന്ന അസ്തിത്വത്തെത്തന്നെ അംഗീകരിക്കാന്‍ വിമുഖതയുള്ള ആം ആദ്മിപ്പാര്‍ട്ടിക്കാര്‍ തങ്ങളുടെ സംരക്ഷകരാകുമെന്ന് ദലിതര്‍ക്ക്, പിന്നോക്കമെന്ന് സമൂഹം വിളിക്കുന്നവർക്ക് പ്രതീക്ഷിക്കുവാന്‍ കഴിയുമോ ? ഇല്ല എന്നാണ് ഉത്തരം.

പുതിയ കാലത്തെ വാജ്പേയിയാണ് കെജ്‌രിവാൾ. ചില രാഷ്ട്രീയ നേതാക്കള്‍ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകും. എന്നാല്‍ ചിലരാകട്ടെ അവ്യക്തതയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകും. വ്യക്തതയുടെ രാഷ്ട്രീയമാണെങ്കില്‍ കൃത്യമായി വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും ഏത് വഴിയില്‍ കൂടിയാണ് തങ്ങളുടെ നേതാവ് പോകുക എന്നത്. ഇത് വിശ്വാസത്തിന്റെ കാരണമായി തീരുകയും ചെയ്യും.

എന്നാല്‍ ഏത് വഴി താന്‍ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയില്ലാത്ത ഒരു നേതാവിനെ എങ്ങിനെയാണ് ഒരാള്‍ വിശ്വസിക്കുക. അത്തരത്തിലൊരു നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പേയി. അദ്ദേഹം ഒരേസമയം തന്നെ രാം മന്ദിറിനു വേണ്ടിയും അതിനെതിരെയും പറയും. അദ്ദേഹം ഹിന്ദുത്വ പ്രചാരകനും ഹിന്ദുത്വത്തിനെതിരായുള്ള ആളുമാകും. ആര്‍.എസ്,എസും ആര്‍.എസ്.എസ് വിരുദ്ധനുമാകും. എന്നിട്ടും ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു. അടല്‍ ബീഹാരി വാജ്പേയിയ്ക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് പോലും അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു.

സമാനമാണ് കെജ്‌രിവാളും, 2015ലെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിരന്തരമായി ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് മോദിക്ക് ബദലാകാമെന്നായിരുന്നു കെജ്‌രിവാളും ധരിച്ചത്. എന്നാല്‍ പഞ്ചാബ് തെരഞ്ഞടുപ്പിലേറ്റ തിരിച്ചടിയും ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലവും തന്റെ സ്ട്രാറ്റജി തെറ്റാണെന്ന് കെജ്‌രിവാളിനെ ബോധ്യപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 24 മണിക്കൂറും കെജ്‌രിവാള്‍ കുറ്റപ്പെടുത്തുന്ന സമയത്ത് അദ്ദേഹത്തിന് അധികാരത്തോടുള്ള അഭിനിവേശം വ്യക്തമായിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള തിടുക്കമായിരുന്നു അതിലെല്ലാം പ്രകടമായിരുന്നത്. 2015ല്‍ 67 സീറ്റ് ലഭിച്ച് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്കെതിരെ നില്‍ക്കുന്ന നേതാക്കളെയെല്ലാം പുറത്താക്കാനും മുതിര്‍ന്നു കെജ്‌രിവാള്‍. അതിൽ ഒരു ഒരു ജനാധിപത്യവിരുദ്ധ നേതാവിന്റെ മുഖം ഒളിഞ്ഞിരിപ്പുണ്ട് എന്നത് വ്യക്തമാണ്.

Show More
5 1 vote
Article Rating
Subscribe
Notify of
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഹംസ നിലമ്പൂർ
11 days ago

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഒരായിരം ഫൂലൻ ദേവിമാർ ജനിേക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles

Back to top button
1
0
Would love your thoughts, please comment.x
()
x