“ഡോണ്ട് ലൂസ് ഹോപ്പ്”, ഫോക്കസ് ഇന്റര്‍നാഷണല്‍ മാനസികാരോഗ്യ കാമ്പയിന്‍ ഉദ്ഘാടനം ജനുവരി 18 ന്
ദോഹ: കോവിഡ് മഹാമാരിയും സമകാലിക ലോകത്തെ പ്രതിസന്ധികളും മൂലം നിരവധി മാനസിക സങ്കര്‍ഷങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിക്കുന്ന സാമൂഹ്യ സാഹചര്യത്തില്‍ സമാശ്വാസത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാനസികാരോഗ്യ കാമ്പയിനുമായി മുന്നിട്ടിറങ്ങുകയാണ് യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍. പ്രതീക്ഷ കൈവിടരുത് എന്നര്‍ത്ഥം വരുന്ന ”ഡോണ്ട് ലൂസ് ഹോപ്പ്” എന്ന പേരിലായിരിക്കും കാമ്പയിന്‍ അറിയപ്പെടുക. ജനുവരി മുതല്‍ ഏപ്രില്‍ ഒന്ന് വരെ മൂന്ന് മാസക്കാലം നീണ്ട് നില്‍ക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം ജനുവരി 18 ചൊവ്വാഴ്ച വൈകിട്ട് ഖത്തര്‍ സമയം ആറ് മണി മുതല്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഫോക്കസ് ഖത്തര്‍ യൂറ്റിയൂബ് ചാനല്‍ വഴിയാണ് ഉദ്ഘാടന സമ്മേളനം നടക്കുക.
നാഗാലാന്റ് ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറിയും, ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച “വിരലറ്റം-ഒരു യുവ ഐ എ എസുകാരന്റെ ജീവിതം” എന്ന കൃതിയുടെ ഗ്രന്ഥകര്‍ത്താവുമായ മുഹമ്മദലി ശിഹാബ് ഐ എ എസ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഹാപ്പിനസ്, ഒപ്റ്റിമിസം, പോസിറ്റിവിറ്റി, ഇക്യുലിബ്രിയം എന്നിങ്ങനെ ഹോപ്പിന്റെ നാല് അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടക്കും. ജന്‍മനാ കൈകാലുകളില്ലാതെ മനക്കരുത്തോടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് ഇപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറും, യൂറ്റിയൂബറുമായ സി പി ശിഹാബ് ഒപ്റ്റിമിസം, പോസിറ്റിവിറ്റി എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. യുവവാഗ്മിയും റിസര്‍ച്ച് സ്‌കോളറും റേഡിയോ ഇസ്ലാം ടീം മെമ്പറുമായ സാജിദ് റഹ്മാന്‍ ഇ കെ ഇക്യുബിലിറിയം എന്ന വിഷയത്തിലും, സൈക്കോളജിസ്റ്റും ആല്‍ക്കമി ഓഫ് ഹാപ്പിനെസ്സ്, ടീം ഇന്‍ക്യൂബേഷന്‍ എന്നിവയുടെ ഫൗണ്ടറുമായ സയ്യിദ് ഷഹീര്‍ ഹാപ്പിനസ് എന്ന വിഷയത്തിലും സംസാരിക്കും. പരിപാടിയില്‍ ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ ആരോഗ്യ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.
2015 ല്‍ ഖത്തറില്‍ തുടക്കം കുറിച്ച് സംഘടനയായ ഫോക്കസ് ഖത്തര്‍ ഇന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ കുവൈത്ത്, സൗദി അറേബ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഒമാന്‍, യു എ ഇ തുടങ്ങി നിരവധി രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ് എക്കാലത്തും കാമ്പയിനുകള്‍ക്കായി ഫോക്കസ് തിരഞ്ഞെടുക്കാറുള്ളത്. അമിതാസക്തിക്കെതിരെ (ലാ തുദ്മനൂ), ഹീല്‍ ദ ഹാര്‍ട്ട് ഹീല്‍ ദ വേള്‍ഡ്, ദുര്‍വ്യയമരുത് (ലാ തുസ് രിഫൂ), ആരോഗ്യ കാമ്പയിനായ ഹെല്‍ത്ത് ഇന്‍ ഫോര്‍ ഡയമന്‍ഷന്‍ എന്നീ കാമ്പയിനുകള്‍ പൊതുജന ശ്രദ്ധ നേടിയിരുന്നു.
കോവിഡ് മഹാമാരി, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം, ആഗോള പ്രതിസന്ധികള്‍, സങ്കുചിത മനോഭാവങ്ങള്‍, സാമൂഹിക അസമത്വങ്ങള്‍ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് വര്‍ത്തമാന കാലം കടന്നു പോകുന്നത്. ശാരീരികക്ഷമതയോടൊപ്പം മാനസികാരോഗ്യവും നേടിയെടുത്തെങ്കില്‍ മാത്രമേ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഉത്കണ്ഠയും ആകുലതകളും മാറ്റിവെച്ച് സന്തോഷകരവും ആരോഗ്യകരവുമായ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അതുവഴി സമൂഹത്തെ ബോധവത്കരിക്കുവാനും കാമ്പയിന്‍ വഴി സാധ്യമാകുമെന്ന് സംഘാടകര്‍ സൂചിപ്പിച്ചു.
പത്ര സമ്മേളത്തില്‍ കാമ്പയിന്‍ മുഖ്യ രക്ഷാധികാരിയും കെയര്‍ ആന്റ് ക്യൂഅര്‍ മാനേജിംഗ് ഡയറക്ടറുമായ ഇ പി അബ്ദുറഹിമാന്‍, രക്ഷാധികാരിയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. നിഷാന്‍ പുരയില്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, കാമ്പയിന്‍ ജനറല്‍ കണ്‍വീനറും സോഷ്യല്‍ വെല്‍ഫയര്‍ മാനേജറുമായ ഡോ കെ റസീല്‍, സി എഫ് ഒ സഫീറുസ്സലാം എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
ഐ സി ബി എഫ്, റേഡിയോ സുനോ ആന്റ് ഒലീവ് നെറ്റ്വര്‍ക്ക് എന്നിവര്‍ കാമ്പയിന്‍ പാര്‍ട്ട്ണര്‍മാരായിരിക്കും. നസീം മെഡിക്കല്‍ സെന്റര്‍, ഫൈവ് പോയിന്റ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ കാമ്പയിനില്‍ പങ്കാളികളാകും. സ്ത്രീകള്‍, യുവാക്കള്‍, സ്റ്റുഡന്റ്‌സ്, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, പ്രൊഫഷണല്‍ ജീവനക്കാര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ആളുകള്‍ക്കായി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രഫി, മത്സരങ്ങള്‍ കൂടാതെ സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS