
മെസിക്ക് ഗോളില്ലാ പിറന്നാൾ
കരിയറിലെ 700-ാം ഗോളെന്ന നാഴികക്കല്ല് പിന്നിട്ട് 33-ാം പിറന്നാൾ ആഘോഷിക്കാമെന്ന സൂപ്പർ താരം ലയണൽ മെസിയുടെ മോഹം സഫലമായില്ലെങ്കിലും അത്‌ലറ്റിക്കോ ബിൽബാവോയ്ക്ക് എതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ ബാഴ്സലോണയ്ക്ക് വിജയം
ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഇവാൻ റാക്കിറ്റിച്ചാണ് 71-ാം മിനിട്ടിൽ സ്കോർ ചെയ്തത്.
മത്സരത്തിൽ കൂടുതൽ സമയവും പന്ത് ബാഴ്സലോണയുടെ കൈവശമായിരുന്നുവെങ്കിലും കിട്ടിയ അവസരങ്ങൾ മിക്കതും ഫലപ്രാപ്തിയിലെത്തിക്കാൻ ബാഴ്സയ്ക്ക് കഴിയാതെ പോയതിനാലാണ് വിജയമാർജിൻ നേർത്തുപോയത്.
ഈ വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റായ ബാഴ്സലോണ റയൽ മാഡ്രിഡിൽ നിന്ന് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. എന്നാൽ 30 കളികളിൽനിന്ന് 65 പോയിന്റുള്ള റയൽ മയ്യോർക്കയുമായുള്ള അടുത്ത മത്സരത്തിൽ വിജയിച്ചാൽ വീണ്ടും മുന്നിലെത്തും.