Opinion

നവമാധ്യമങ്ങൾ; നൂറായിരം ആശയങ്ങളുടെ ലോകം

കെ.ജയദേവൻ

നവമാധ്യമങ്ങളുടേത് ഒരു വിചിത്രലോകമാണ്. പലപ്പോഴും കുഴപ്പം പിടിച്ചതും. അത് ചിലപ്പോഴെങ്കിലും ആടിനെ പട്ടിയാക്കിക്കളയും; ആനയെ ഉറുമ്പും. ചിലപ്പോൾ ബോധപൂർവ്വമായി. ചിലപ്പോൾ നാമറിയാതെ സ്വയം.

അതൊരു പ്രകൃതമാണ്. അതാണ് അതിൻ്റെ സാദ്ധ്യതയും പരിമിതിയും.

ഉദാഹരണത്തിന്, ഫേസ് ബുക്കിൻ്റെ കാര്യമെടുക്കുക. ഒരടരല്ല അതിനുള്ളത്. പല അടരുകൾ. ഓരോന്നിലും അതിന് പറ്റിയ ആളുകൾ. ഏതെങ്കിലും ഒരു ആനുകാലികത്തിൻ്റെ വായനക്കാരെപ്പോലെയല്ല ഫേസ്ബുക്കിൻ്റെ ഉപയോക്താക്കൾ.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് അത് വേണ്ടവരാണ് വാങ്ങിക്കുക. അത് വായിക്കണമെന്നുള്ളവരാണ് വായിക്കുക. അതിനാൽ, അതിലെ ഉള്ളടക്കം തീരുമാനിക്കുമ്പോൾ, ഒരേ തരം ( ഏറെക്കുറേ) ഭാവുകത്വമുള്ളവരെ മനസ്സിൽ കണ്ടു കൊണ്ട് അതങ്ങ് തീരുമാനിക്കാം പത്രാധിപർക്ക്.

എന്നാൽ, എത്ര മതമൗലികവാദപരമായ ലേഖനങ്ങൾ വന്നാലും കേസരിയോ, പ്രബോധനമോ പുറമേക്ക് പലപ്പോഴും ചർച്ചയാകാറില്ല. കാരണം, അത് വായിക്കണമെന്നുള്ളവരേ അത് വായിക്കുന്നുള്ളൂ. അവർ ചിന്തിക്കുന്നത് ഒരേ പരിസരത്തിൽ നിന്നാണ്.

എന്നാൽ നവമാധ്യമങ്ങൾ അങ്ങിനെയല്ല. അതിലുള്ളത് പല തരം മനുഷ്യരാണ്. നൂറായിരം ആശയലോകങ്ങളിലുള്ള അവർക്ക്, സ്വാഭാവികമായും പല തരം താൽപ്പര്യങ്ങളാണുണ്ടാവുക.

പലേ അടരുകളിലിരുന്ന് ഒരേ വസ്തുവിനെ / ആശയത്തെ / വ്യക്തിയെ etc. കാണുമ്പോൾ അത് ഫലത്തിൽ പല തരം കാഴ്ച്ചകളാകും. ഓരോരുത്തരും അവനവന് വേണ്ട കാര്യങ്ങളാണെടുക്കുക.

അങ്ങിനെ എടുക്കുന്നതിലെ രീതി ശാസ്ത്രമാകട്ടെ, പലപ്പോഴും വൈയക്തികവുമായിരിക്കുകയും ചെയ്യും.. വല്ലാത്തൊരു വെല്ലുവിളിയാണത്.

പലതരം ഭാവുകത്വമുള്ളവരെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് അഭിസംബോധന ചെയ്യുക എന്നത്. ‘ഇന്ത്യൻ ക്ലാസ് മുറികളിൽ സംഭവിക്കുന്നത് ‘ എന്ന തലവാചകത്തോടെ, ഞാൻ തന്നെ പോസ്റ്റ് ചെയ്തതും, പലരും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരു വീഡിയോ ശകലത്തെ സംബന്ധിച്ച നാനാതരം ചർച്ചകളാണ്, ഈയൊരു മുഖവുരയോടു കൂടി ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

Link: https://www.facebook.com/jayadevanofficial/videos/1552071051658607

രണ്ട് മണിക്കൂർ നീണ്ട ഒരു പ്രഭാഷണത്തിലെ, ഇടക്കെവിടെയോ ഉള്ള ഒരു പത്ത് മിനിട്ടാണ് നിങ്ങൾ ഇപ്പോൾ കേട്ടത്. വീഡിയോ ഷൂട്ട് ചെയ്തയാൾ തന്നെയാണ് ആ പത്ത് മിനുട്ടിനെ മുറിച്ചെടുത്തത്. അത് അയാളുടെ സ്വാതന്ത്ര്യം.

അത് കേട്ടപ്പോൾ, കുറേപ്പേർ പറഞ്ഞു – ഗംഭീരമായി. ചിലർ പറഞ്ഞു – ഇന്ത്യയെ അപമാനിക്കാൻ കിട്ടിയ അവസരം ഉപയോഗിച്ചു അല്ലേ? വേറെ ചിലർക്ക്, ബ്രാഹ്മണിക്കൽ എന്നും പറഞ്ഞ് നമ്പൂതിരിമാരെ ആക്ഷേപിച്ചു എന്ന പരാതി.

ജാതിത്തൊഴിലിനെ മഹത്വവൽക്കരിച്ചു എന്ന് ചിലർ. ഇപ്പോഴെവിടെയാണ് പിൻബെഞ്ചെന്നും, ക്ലാസ് മുറികൾ ഡിജിറ്റലായത് അറിഞ്ഞില്ലേ എന്നും വേറെ ചിലർ…അങ്ങിനെ പലതും.

ഓരോരുത്തർ, അവരവരുടെ തലങ്ങളിൽ നിന്ന് ഒരേ കാര്യത്തെ കണ്ടു. അവർക്ക് വേണ്ടത് എടുത്ത്. മരം കണ്ടു, കാട് കണ്ടില്ല എന്ന് പറയും പോലെ.

എൻ്റെ വിഷയം, ‘സൗന്ദര്യാത്മക വിദ്യാഭ്യാസം’ എന്നതായിരുന്നു. യുക്തിയേയും, അറിവിനേയും മാത്രമല്ല; മനുഷ്യരുടെ വൈകാരികമണ്ഡലത്തെ വിദ്യാഭ്യാസം എങ്ങിനെ പരിഷ്കരിക്കണം എന്നും, ഒരു സിസ്റ്റം എന്ന നിലക്ക് ഇന്ത്യൻ വിദ്യാഭ്യാസം അതിലെങ്ങിനെ പരാജയമാകുന്നു എന്നതുമാണ് എൻ്റെ ആലോചനാ വിഷയം.

വ്യക്തിപരമായി അതിൽ ഏതെങ്കിലുമൊരു കുട്ടിയോ, ടീച്ചറോ ഇല്ല. കക്ഷിരാഷ്ട്രീയമില്ല. ആ സ്ഥലമോ, ഈ സ്ഥലമോ ഇല്ല. ഒരു സിസ്റ്റം – വ്യവസ്ഥ- മാത്രമേയുള്ളൂ. അതിനെ രൂപപ്പെടുത്തിയ രാഷ്ട്രീയ-സാമൂഹ്യ യാഥാർത്ഥ്യങ്ങളെയുള്ളൂ.

അദ്ധ്വാനത്തിൽ നിന്ന് വേർപെടുത്തപ്പെട്ട ഒന്നാണ് അറിവ് എന്നത്, അറിവിനെ സംബന്ധിച്ച പ്രബലമായ ഒരിന്ത്യൻ സങ്കൽപ്പമാണ്. അക്കാര്യം വിശദീകരിക്കുന്ന കൂട്ടത്തിലെ ഒരു ഭാഗമാണ് നിങ്ങളിപ്പോൾ കണ്ടത്. ബാക്കിയുള്ളതും വരുമായിരിക്കും. കാത്തിരിക്കുക.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x