
ദോഹ: 72-ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം ഫോക്കസ് പബ്ലിക് സ്കൂള്‍ എന്ന പേരില്‍ സമര്‍പ്പിച്ചിരിക്കുകയാണ് പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍. ഫോക്കസ് പബ്ലിക് സ്കൂളിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായ ഡോ. കെ.ടി. ജലീൽ നിര്‍വ്വഹിച്ചു.
ഒരു രാജ്യത്തിന്‍റെ പിന്നാക്ക അവസ്ഥ മാറണമെങ്കില്‍ അവിടെ വിദ്യാഭ്യാസപരമായ മുന്നേറ്റം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മത-സാമൂഹ്യ-സാംസ്കാരിക-വിദ്യഭ്യാസ-രാഷ്ട്രീയ സംഘടനകള്‍ സമൂഹത്തിനാകമാനം ഉപകരിക്കുന്ന രീതിയില്‍ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കേരളത്തേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കൂട്ടായ്മകള്‍ക്ക് സാധിക്കണം.
അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളാണ് രാജ്യത്തോട നീതിബോധവും പ്രതിബദ്ധതയുമുള്ളവര്‍. ഒരു വിദ്യാഭ്യാസ സ്ഥാപനം തുറക്കപ്പെടുമ്പോള്‍ ഒരുപാട് ജയിലുകള്‍ കൊട്ടിയടക്കപ്പെടും എന്ന വസ്തുത പ്രശസ്തമാണ് എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ഫെബ്രുവരിയില്‍ സംഘടനയുടെ പത്താം വാര്‍ഷികാഘോഷ വേളയിലാണ് ഫോക്കസ് പബ്ലിക് സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നിര്‍മ്മിക്കുന്നതായി ഫോക്കസ് ഖത്തര്‍ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്ത് പാക്കൂര്‍ ഡിസ്ട്രിക്ടിലെ ഹരിഹര ഗ്രാമത്തിലാണ് സ്കൂള്‍ കെട്ടിടം പണിതിട്ടുള്ളത്. 600 ലധികം വരുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഇതൊടെ ലഭ്യമാകും.
നാല് വര്‍ഷക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് സ്കൂളിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്ന് ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു.
വൈകിട്ട് 6 മണി മുതല്‍ ഫോക്കസ് ഖത്തര്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ വഴി ഓണ്‍ലൈനായി സംപ്രേഷണം ചെയ്ത പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായി സംസാരിച്ചു.
ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹീ സെന്‍റര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം, കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല, കെ മുഹമ്മദ് ഈസ, വി സി മഷ്ഹൂദ് തുടങ്ങി ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഷമീര്‍ വലിയ വീട്ടീല്‍, മുനീര്‍ അഹ്മദ്, ഫാരിസ് മാഹി, ഡോ. നിഷാന്‍ പുരയില്‍, ഷാഹിദ് പേരാമ്പ്ര, സിജില സഫീര്‍, ഫാഇസ് എളയോടന്‍ എന്നിവര്‍ സംസാരിച്ചു.
സി മുഹമ്മദ് റിയാസ്, ഹാരിസ് പി ടി, അമീനുര്‍റഹ്മാന്‍ എ എസ്, അനീസ് അബ്ദുല്‍ അസീസ്, ബാസില്‍ കെ എന്‍, അമീര്‍ ഷാജി, മൊയ്തീന്‍ ഷാ, സഫീറുസ്സലാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.