ബുഷ്റ ടീച്ചർ ഇനി, ഡോ. എം വി ബുഷ്റയാണ്.
ഒരു ഡോക്ടറേറ്റല്ലെ അതിനെന്തിനാ ഇത്ര മാത്രം ഡെക്കറേഷൻ എന്ന് തോന്നിയേക്കാം.
കാരണമുണ്ട്. ഈ ഡോക്ടറേറ്റ് വെറുമൊരു ഡോക്ടറേറ്റല്ല. സാമൂഹ്യ പ്രതിസന്ധികളോട് പൊരുതി നേടിയ വിദ്യാഭ്യാസത്തിന് കിട്ടിയ പൊൻ തൂവലാണ് ഈ ബഹുമതി.
സ്വയം മാറ്റത്തിന് സന്നദ്ധമാകാത്തിടത്തോളം ഒരു സമൂഹത്തേയും മാറ്റത്തിന് വിധേയമാക്കില്ലെന്നത് വിശുദ്ധ ഖുർആനിലെ വചനമാണ്. ഇതിലെ സ്വയം സന്നദ്ധതയിൽ നിന്ന് ലഭിച്ച മാറ്റമാണ് ബുഷ്‌റ ടീച്ചറുടെ ഡോക്ടറേറ്റ്.
വിദ്യാഭ്യാസ രംഗത്ത് പിന്നാക്കമായിരുന്ന സാമൂഹ്യ പരിസരത്തു നിന്ന് സകല പ്രതികൂല സാഹചര്യങ്ങളേയും തട്ടിമാറ്റിയാണ് ഉന്നത വിദ്യാഭ്യാസമെന്നതിലേക്ക് ഇവരെത്തുന്നത്. പഠിക്കുകയെന്നത് തടഞ്ഞു നിറുത്താനാകാത്ത ആഗ്രഹമായി കൊണ്ടു നടന്നതിനാൽ പ്രതിസന്ധികളൊക്കെയും ഇവർക്കു മുന്നിൽ ദുർബലമായ വേലിക്കെട്ടുകളായി മാറി.
പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളിൽ കുടുങ്ങി പഠനം പ്രതിസന്ധിയിലായ പെൺകുട്ടികൾക്ക് കരുത്തുള്ള സന്ദേശമാണ് ഈ ഡോക്ടറേറ്റ്. സ്വയം സന്നദ്ധത എന്നതു മാത്രമാണ് അനിവാര്യമായുണ്ടാകേണ്ടത്.
തീരദേശ മേഖലയിൽ നിന്നുള്ളൊരു മുസ്ലിം പെൺകുട്ടിക്ക് ഉന്നത വിദ്യാഭ്യാസമെന്നത് സാധ്യമാണൊയെന്ന് അത്ഭുതത്തോടെ ചോദിച്ചിരുന്ന കാലത്തിന് ഏറെ പഴക്കമൊന്നുമില്ല. അതിശയം ചേർത്തുള്ള ആ ചോദ്യത്തിന് ഉത്തരമായി മാറിയ പേരാണ് ബുഷ്റ ടീച്ചർ.
കണ്ണൂർ സർവകലാശാലയിൽ നിന്നും “റോൾ ഓഫ് വിമൻ എന്റർപ്രണേഴ്‌സ് ഇൻ എംപ്ലോയ്‌മെന്റ് ആൻ്റ് ഇൻകം ജനറേഷൻ ഇൻ കേരള” എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. പെണ്ണിൻ്റെ സ്വയം പര്യാപ്ത തന്നെയാണ് വിഷയം.
സ്വയം സാധ്യമാക്കിയ സന്നദ്ധതയിൽ നിന്നുള്ള മാറ്റത്തെ മറ്റുള്ളവരിലേക്ക് പടർത്താൻ ഇവർ മറന്നില്ല. എം ഇ എസ് പൊന്നാനി കോളേജിലെ അധ്യാപനത്തോടൊപ്പം ചില പദ്ധതികൾ ഇവർ ഏറ്റെടുത്തിരുന്നു.
തീരദേശത്തെ പെൺകുട്ടികൾക്ക് ലക്ഷ്യത്തെ കുറിച്ച് സ്വപ്നം കാണാൻ പഠിപ്പിക്കുന്ന “ഗേൾസ് വിത്ത് ഗോൾസ്”, പെണ്ണിനെ സ്വയം തൊഴിലിലേക്ക് എത്തിക്കുന്ന “സ്വാശ്രയ”, വിവാഹ മോചിതരായ തീരദേശത്തെ സ്ത്രീകൾക്ക് വരുമാന മാർഗ്ഗം തുറന്നിടുന്ന “കൈത്താങ്ങ്” എന്നിങ്ങനെ മാറ്റത്തിലേക്കുള്ള ഇടപെടൽ ഇവരിൽ നിന്നുണ്ടായിരുന്നു.
ബുഷ്റ ടീച്ചറുടെ ഡോക്ടറേറ്റ് കേവലമൊരു അലങ്കരമായി ചുരുങ്ങില്ലെന്നുറപ്പാണ്. അതൊരു പ്രചോദനായി മാറുമെന്നു തന്നെ കരുതാം. അതിനാകട്ടെയെന്ന് പ്രത്യാശിക്കുന്നു.
ബുഷ്റ ടീച്ചർ എന്നതിൽ നിന്ന് ഡോ.ബുഷ്റയിലേക്കുള്ള മാറ്റത്തിൽ പൊന്നാനിക്കാരനെന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവും.
എഴുത്ത്: കെ വി നദീർ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS