Sports

ക്രൈഫ് : കളിയുടെ കാല്പനിക സൗന്ദര്യം

ഫുട്ബോൾ/അസറുമാസ്സ് പാലോട്

റൈനസ് മിഷെൽസ് അവതരിപ്പിച്ച ടോട്ടൽ ഫുട്ബോൾ എന്ന സുന്ദര കളിപാഠത്തിന്റെ എക്കാലത്തെയും മികച്ച വക്താവാണ് യോഹാൻ ക്രൈഫ് എന്ന ഡച്ചുകാരൻ. 1974 ലെ ഫുട്ബോൾ ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിലെത്തിച്ചത് ക്രൈഫിന്റെ കളിമിടുക്കായിരുന്നു. ഫുട്ബോൾ ലോകം അതു വരെ ദർശിക്കാത്ത മനോഹരമായായൊരു ഗെയിം കാഴ്ച്ച വെച്ച് ക്രൈഫും കൂട്ടരും ലോകത്തിന്റെ മനം കവർന്നു.

സംഘടിതമായ അസംഘടിതാവസ്ഥയാണ് ഈ ഗെയിമിന്റെ പ്രത്യേകത. ഒരാള്‍ പതിനൊന്നു കളിക്കാരും, ചിലപ്പോൾ പതിനൊന്നു കളിക്കാര്‍ ഒരാളുമാകുന്ന അവസ്ഥ. കളിക്കാർക്കെല്ലാം നായകപരിവേഷം. എല്ലാവരും ആക്രമിച്ചു, എല്ലാവരും പ്രതിരോധിച്ചു. എല്ലാവരും മുന്നേറി, എല്ലാവരും പിന്‍വാങ്ങി. ഇക്കാരണങ്ങൾ കൊണ്ടു തന്നെ എതിരാളികള്‍ ഇരുട്ടില്‍തപ്പി.

അയാക്സ് കോച്ചായിരുന്ന റൈനസിന്റെ ഈ തന്ത്രങ്ങൾക്ക് രംഗപാഠമൊരുക്കുന്നതിൽ വിജയിച്ചതോടെയാണ് ഈ ശൈലി ശ്രദ്ധിക്കപ്പെടുന്നത്. ഫൈനലിൽ പശ്ചിമ ജർമനിയോട് 2-1 ന് പരാജയപ്പെട്ടെങ്കിലും. ക്രൈഫും, ടോട്ടൽ ഫുട്ബോളും ചരിത്രത്തിന്റെ ഭാഗമായി. ആ ലോകകപ്പിലെ മികച്ച താരമായും ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു.

ഹോളണ്ടിന് പുറത്ത് ഈ ശൈലി നടപ്പാക്കിയത് ബാഴ്സലോണയായിരുന്നു. കളിക്കാരനായും, പരിശീലകനായും, 2016 വരെ മാർഗനിർദേശകനായും ക്ലബ്ബിനൊപ്പമുണ്ടായിരുന്ന ക്രൈഫിന്റെ സ്വാധീനം ബാർസയുടെ വളർച്ചയിൽ നിർണ്ണായകമാണ്. സ്പെയിനിലെ ഫ്രാങ്കോ ഭരണകൂടത്തിന്റെ അവസാന കാലയളവിലാണ് ക്രൈഫ് ബാർസയുടെ പാളയത്തിലെത്തുന്നത്.

Read Also: ലൂഷ്‌കിനിയിലെ ക്രൂരമായ പുഞ്ചിരി.

തീവ്രദേശീയതയിൽ വിശ്വസിച്ചിരുന്ന ഫ്രാങ്കോയുമായി ബന്ധമുള്ളത് കൊണ്ടു മാത്രം റയൽ മാഡ്രിഡിൽ കളിക്കാനാവില്ലെന്നും അതു കൊണ്ടാണ് ബാർസയിൽ ചേരുന്നതെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ക്രൈഫ് കളത്തിലിറങ്ങുന്നത്. കാറ്റലൻ ദേശീയവാദികളുടെ മനം കുളിർപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. കാരണം കാറ്റലോണിയയെ സംബന്ധിച്ചിടത്തോളം ബാർസ വെറുമൊരു ക്ലബ്ബല്ല, അവരുടെ ആത്മാവിന്റെ, അസ്തിത്വത്തിന്റെ ഭാഗമാണ്. കളിക്കുന്ന മുന്നേ ക്രൈഫ് കാണികളെ കയ്യിലെടുത്തു.

1960 നു ശേഷം ലാ ലിഗ നേടാൻ സാധിക്കാതിരുന്ന ബാർസയെ, 13 വർഷത്തിനു ശേഷം ചാമ്പ്യൻമാരാക്കിക്കൊണ്ടായിരുന്നു ക്രൈഫിന്റെ അരങ്ങേറ്റം. ഇതിനിടെ ഒരു തവണ റയലിനെ സാന്റിയാഗോ ബെർണബ്യുവിൽ 5-0 നും പരാജയപ്പെടുത്തി. 16 ഗോളുകൾ നേടി, ലീഗിൽ ബാർസയുടെ രണ്ടാമത്തെ ടോപ് സ്‌കോററാവാനും ക്രൈഫിനായി. അന്നത്തെ ലോകറെക്കോർഡ് തുകയായ ഏഴു കോടിയിലേറെ രൂപക്ക് ക്രൈഫിനെ റാഞ്ചിയ ബാർസ മാനേജ്മെന്റിന്റെ തീരുമാനം താരം ശരിവെച്ചു.

യൂറോപ്പിലെ മികച്ച താരത്തിനുള്ള ബാലൻ ദി ഓർ രണ്ടു തവണ ക്രൈഫ് സ്വന്തമാക്കുകയും ചെയ്തു. പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും, ഡോക്യുമെന്ററിക്ക് വിഷയീപാത്രമാവുകയും ചെയ്ത പ്രശസ്തമായ ‘ഫാന്റം ഗോൾ ‘പിറവിയെടുക്കുന്നത് ക്രൈഫ് ബാഴ്സയിൽ പന്തു തട്ടുമ്പോഴാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെയായിരുന്നു ഈ ഗോൾ. 1978 ൽ അദ്ദേഹം ബാർസ വിട്ടു.

Read Also: വംശീയതയെ പുറത്ത് നിർത്തിയ ഫുട്ബോൾ മൈതാനങ്ങൾ

എന്നാൽ പരിശീലകന്റെ റോളിലുള്ള രണ്ടാം വരവിലാണ് ക്രൈഫ് ബാഴ്സയുടെ ഹൃദയം പൂർണ്ണമായി കീഴടക്കിയത്. 1988ലായിരുന്നു അത്. പെപ് ഗ്വാർഡിയോള, റൊണാൾഡ്‌ കോമൻ,റൊമാരിയോ, മൈക്കൽ ലാഡ്രോപ്പ് ജോർജെ ഹാജി തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ച ക്രൈഫ്, ബാഴ്സക്ക് ഒരു സ്വപ്‌നസംഘത്തെ സമ്മാനിച്ച. 1991 മുതൽ തുടർച്ചയായി നാലു തവണയാണ് ഈ സ്വപ്‌നസംഘം ലാ ലിഗ ബാഴ്സയുടെ വിഖ്യാത ട്രോഫി റൂമിലെത്തിച്ചത്.

സ്വന്തം ശിഷ്യൻ ഗ്വാർഡിയോള റെക്കോർഡ് മറികടക്കുന്ന വരെ പതിനൊന്നു കിരീടങ്ങളുമായി ബാഴ്‌സലോണയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനായിരുന്നു ക്രൈഫ്. കുറിയ പാസ്സുകളിലൂടെയുള്ള കേളീശൈലി ബാർസക്ക് പരിചയപ്പെടുത്തികൊടുത്തത് ക്രൈഫാണ്. ഗ്വാർഡിയോള സ്വീകരിച്ചിരുന്ന ടിക്കി- ടാക്ക ശൈലിയും ക്രൈഫിന്റെ സംഭാവനയാണ്.

ടോട്ടൽ ഫുട്ബോളിന് പുറമേ മറ്റൊരു ഫുട്ബോൾ ചലനത്തിന്റെ സൃഷ്ടാവെന്ന നിലയിലും ക്രൈഫ് ശ്രദ്ധേയനായിരുന്നു. ‘ ക്രൈഫ് ടേൺ ‘ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്ന ഡ്രിബ്ലിങ്‌ ശൈലിയാണിത്. 74 ലെ ഹോളണ്ട് -സ്വീഡൻ പോരാട്ടത്തിലായിരുന്നു എതിർതാരത്തെ കബളിപ്പിക്കുന്ന ഈ രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. സ്വീഡൻ പ്രതിരോധ താരമായിരുന്ന യാൻ ഓൾസ്റ്റനാണ് ഈ മാന്ത്രികചലനത്തിന്റെ ആദ്യ ഇര. ആധുനിക ഫുട്ബോളിൽ ഡ്രിബ്ലിങ്‌ സ്റ്റൈലിൽ ക്രൈഫ് ടേൺ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

ഫുട്ബോൾ ഗണിതശാസ്ത്രമാണെങ്കിൽ അതിലെ ‘ബൂട്ടണിഞ്ഞ പൈതഗോറസാണ് ‘ ക്രൈഫ് എന്നു പറഞ്ഞത് ടൈംസ് ദിനപത്രമാണ്. മൈതാനത്തിനകത്ത് അയാൾ ആരെയും ഭയപ്പെട്ടിരുന്നില്ല. അയാളുടെ പാസ്സുകൾക്കു അനിർവ്വചനീയ വശ്യതയുo, അതിലുപരി കൃത്യതയുമുണ്ടായിരുന്നു. ഓരോ തവണ പന്തു തൊടുമ്പോഴും അയാൾ മൈതാനത്ത് ഓരോ പ്രണയകാവ്യങ്ങൾ രചിക്കുകയായിരുന്നു.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close