EnvironmentFeature

മാങ്കുളത്തെ പുള്ളിപ്പുലിയും മസനഗുഡിയിൽ കാട്ടാനയും; പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ

പ്രതികരണം/ ശ്രീചിത്രൻ

രണ്ട് വാർത്തകൾ – ഒന്ന് ഇടുക്കി മാങ്കുളത്ത് അഞ്ചുപേർ ചേർന്ന് ഒരു പുള്ളിപ്പുലിയെ കൊന്ന് പുലിമപ്പാസുണ്ടാക്കി തിന്നു. ഇനി അവർക്ക് സർക്കാർ ചിലവിൽ താമസവും തീറ്റയും ഉറപ്പായി.

പുലിയോടിതാണ് പെരുമാറ്റമെങ്കിൽ ഇതിനു മുൻമ്പവർ കേരളത്തിലെ കാടുകളിലുള്ള മുള്ളൻപന്നി മൂർഖൻപാമ്പ് കരടി കുരുടി കലമാൻ കൊമ്പനാന കാട്ടുപോത്ത് – സകലതും ഭക്ഷിച്ചുകാണണം.

കണ്ണൂർ സെൻട്രൽ ജയിലിലാണ് അഞ്ചിനേയും പാർപ്പിക്കുന്നതെങ്കിൽ അവിടെയുള്ള മൂന്നുനാലു പൂച്ചകളെ കർത്താവ് കാക്കട്ടെ.

രണ്ടാം വാർത്ത മസനഗുഡിയിൽ കാട്ടാനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നതാണ്. ഈ പരിപാടി അത്ര പുതിയതൊന്നുമല്ല.

കാട്ടാനകളുടെ പോസ്റ്റ്മോർട്ടം വേണ്ടത്ര നടക്കാത്തതു കൊണ്ടും ഇങ്ങനെ സ്വന്തം ക്രൂരതയുടെ വീഡിയോ എടുത്തു പുറത്തുവിടാൻ പലരുമിന്നു വരെ നിൽക്കാത്തതു കൊണ്ടും ഇതുവരെ ഇവരൊക്കെ രക്ഷപ്പെട്ടു എന്നു മാത്രം.

ഈ ആന ഒരു ഡാമിൽ ഇറങ്ങി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നിൽക്കുന്നത് കണ്ടവരുണ്ട്. രണ്ടു മാസക്കാലത്തോളം തല പൊള്ളലേറ്റു പഴുത്ത്, ചെവിയിൽ നിന്ന് ചോരയൊലിച്ച് ആ ജീവി മരിച്ചു.

പണ്ടുണ്ടായിരുന്ന പാട്ടകൊട്ടലും പന്തം കാണിക്കലും ഇപ്പോൾ കാടിറങ്ങിവരുന്ന ആനകളോട് പതിവില്ലാതായിരിക്കുന്നു. മിക്കവാറും ഇടങ്ങളിൽ വൈദ്യുതക്കമ്പികൾ സ്ഥാപിച്ചിട്ടുണ്ട്.

അതു കടന്നെത്തുന്ന ആനക്ക് മനുഷ്യർ കണ്ടുപിടിച്ച വഴി ഇതാണ്. ടയർ കത്തിച്ച് ശരീരത്തിലേക്ക് എറിയുക. ഉരുകിയ ടയർ മെറ്റീരിയൽ ശരീരത്തിൽ നിന്നു കത്തും. മരത്തിൽ കൊണ്ടുപോയി ആന ഉരസിയാൽ ഭാഗ്യമുണ്ടെങ്കിൽ തീയണഞ്ഞേക്കാം, എങ്കിലും ഉരുകിയ ടയർ ശരീരത്തിൽ നിന്ന് പോകില്ല.

ആനയുടെ ശരീരോഷ്മാവ് നിയന്ത്രണ പരിപാടി മണ്ണ് വാരി ശരീരത്തിലേക്കെറിയലാണ്, അതു ചെയ്യുന്നതോടെ ഉരുകിയ ടയറും പൊടിമണ്ണും കലർന്ന് ഉരുകിയുറയ്ക്കും. പിന്നെ അവിടം ആകെ പഴുക്കും.

ഈ കേസിൽ, വീഡിയോ കണ്ടാലറിയാം – ടയർ ചെന്നു വീണത് മുതുകിലോ വയറ്റത്തോ അല്ല, കൃത്യം മസ്തകത്തിലാണ്. ആനക്ക് ഒന്നും ചെയ്യാനാവാത്ത ദയനീയതയിലാണ് അത് ഓടിപ്പോകുന്നത്. മസ്തകത്തിൽ നിന്ന് ഉരുകിയിറങ്ങിയ ടയർ കളയാൻ അതിനൊരു മാർഗവുമില്ല. ആ മരണം 99% വും അതു ചെയ്തപ്പോഴെ ഉറപ്പായിരുന്നു.

വന്യമൃഗങ്ങളുടെ കാടിറക്കം കുറച്ചു കാലമായി വർദ്ധിച്ചിട്ടുണ്ട്. അതിനു പല കാരണങ്ങളുണ്ട്. വന്ന വനനശീകരണം, കാട്ടിലെ ഭക്ഷ്യലഭ്യതാ ദൗർലഭ്യം, വന്യജീവികളോടുള്ള മനുഷ്യസമീപനം – അങ്ങനെ പലതും. അടിസ്ഥാനപ്രശ്നം മനുഷ്യരുടെ സമീപനമാണ്.

പരിസ്ഥിതി കേന്ദ്രിതമോ മനുഷ്യ കേന്ദ്രിതമോ ആയ മൗലികവാദത്തിൻ്റെ ഫ്രെയിംവർക്കിലാണ് നാം വനജീവി വർഗ്ഗങ്ങളെ കാണുന്നത്.

ഒരു പക്ഷത്തിന് ആകെ ‘അയ്യോ കൊല്ലല്ലേ’ നിലവിളിയാണ്. ഇന്നലെയും ഇന്നുമായി അവർ ‘ ആനയുടെ ആക്രന്ദനം’ ‘പുലിയുടെ പൂങ്കണ്ണീർച്ചോല ‘ തുടങ്ങിയ സർഗാത്മക രചനകൾ എഴുതിത്തുടങ്ങിക്കഴിഞ്ഞു. ഇവരെ നമുക്ക് ‘മാനിഷാദാ സംഘം ‘ എന്നു വിളിക്കാം.

മറുപക്ഷം മനുഷ്യർക്ക് വേണ്ടിയാണ് പ്രകൃതിയാകെ നിലനിൽക്കുന്നത് എന്ന മൗലികവാദമാണ്. പാശ്ചാത്യ ക്രിസ്തീയത അടിസ്ഥാനപരമായിത്തന്നെ പരിസ്ഥിതി വിരുദ്ധമാണ്.

1967-ൽ കാലിഫോർണിയ സർവകലാശാലയിൽ ചരിത്രാദ്ധ്യാപകനായിരുന്ന ലിൻ വൈറ്റ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തെ പിന്തുടർന്നാണ് ദൈവശാസ്ത്രവും ആധുനികകാലത്തെ പരിസ്ഥിതി പ്രതിസന്ധിയും തമ്മിലുള്ള ബന്ധം പാശ്ചാത്യ അക്കാദമിക ലോകത്ത് ചർച്ചാവിഷയമായത്.

‘പരിസ്ഥിതിപ്പരാതി’ (ecological complaint) എന്ന പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വിഷയം എല്ലാ ജീവജാലങ്ങളും മനുഷ്യനു വേണ്ടി നിലനിൽക്കുന്നു എന്ന ഉൽപ്പത്തിപ്പുസ്തകത്തിലെ കാഴ്ച്ചപ്പാടിനെയാണ് അടിസ്ഥാനപരമായി വിമർശനവിധേയമാക്കിയത്.

“കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യമുണ്ടായിരിക്കട്ടെ” (ഉത്പ. 1:28) എന്ന മനുഷ്യാധിപത്യത്തിൻ്റെ ബിബ്ലിക്കൽ കാഴ്ച്ചയെ നേരിട്ടാണ് പരിസ്ഥിതി ദൈവശാസ്ത്രം വികസിച്ചത്.

ഇത് ക്രിസ്തീയതയുടെ മാത്രം പ്രശ്നമല്ല. ഭൂമി മനുഷ്യനായി വിഭവങ്ങളൊരുക്കുന്നു എന്ന കാഴ്ച്ച എന്നും മനുഷ്യനൊപ്പമുണ്ട്. “അവരുടെ മുമ്പിൽ പച്ച വിരിച്ചു സമസ്ത പദാർത്ഥമെടുത്തു വിലക്കീയവനി, വിശിഷ്ട ഗൃഹാതിഥികൾക്കു വിദഗ്ധകുലീന ഗൃഹസ്ഥ കണക്കേ ” എന്ന ഓണപ്പാട്ടുകാരിലെ വരിയിൽ ഒരേ സമയം മനുഷ്യകേന്ദ്രിത പരിസ്ഥിതിവാദവും ആൺകോയ്മാവാദവും യോജിക്കുന്നു.

” ഒരു മരം നടുമ്പോൾ ഒരു തണൽ നടുന്നു” എന്ന വിഡ്ഢിത്തം എഴുതിപ്പഠിച്ചവരാണ് നമ്മൾ. ഒരു മരം നടുമ്പോൾ ഒരു തണലുമല്ല, ഒരു മരമാണ് നടുന്നത്. ഒരു മരം അതിൻ്റെ ജീവകാലത്ത് നിർവ്വഹിക്കുന്ന പല പല പരിപാടികളുണ്ട്.

വേരിലെ പൊത്തിലെ പാമ്പു മുതൽ കൊമ്പിലെ കിളിക്കൂടു വരെ, അടിമുടി അനേകം സൂക്ഷ്മജീവികൾ വരെ പേറുന്ന മരം നടുമ്പോൾ ഒരു തണൽ നടുന്നതായി തോന്നുന്നത് തൻ്റെ തണലിനെക്കുറിച്ചല്ലാതെ ഒന്നും വിഷയമല്ലാതായിത്തീന്ന മനുഷ്യപ്രകൃതി കൊണ്ടാണ്.

ഈ രണ്ട് അതിവാദങ്ങളും ത്യജിച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുധ്യാത്മക ബന്ധം ബോധ്യപ്പെടാനാവശ്യമായ വിദ്യാഭ്യാസം സ്കൂൾ തലത്തിൽ തന്നെ നൽകപ്പെടണം. അല്ലെങ്കിലിനിയും പുള്ളിപ്പുലിയും കാട്ടാനയും പെരുമ്പാമ്പും മനുഷ്യരുടെ വയറ്റിലെത്തും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x