ലോക്ഡൗണ്‍ ബാധിതര്‍ക്ക് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണു സേവനം ലഭ്യമാക്കുന്നത്. നിലവില്‍ 30 നഗരങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിയും. ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍നിന്ന് നഗരത്തിന്റെ പേരു കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും. നിലവില്‍ ഇംഗ്ലീഷില്‍ ലഭ്യമായ സേവനം വൈകാതെ ഹിന്ദിയിലും ലഭിക്കും.
ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ സെര്‍ച്ചില്‍ ചോദ്യങ്ങള്‍ നല്‍കാനും ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിക്കാനും കഴിയും. ഇത് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാക്കാനും കൂടുതല്‍ നഗരങ്ങളിലെ ഷെല്‍ട്ടറുകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വരും ദിവസങ്ങളില്‍, ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷനിലെ സെര്‍ച്ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക്ക് – ആക്സസ് ഷോര്‍ട്ട് കട്ടുകള്‍, കൈയോസ് ഫീച്ചര്‍ ഫോണുകളിലെ ഗൂഗിള്‍ മാപ്സിലെ ഷോര്‍ട്ട് കട്ടുകള്‍ എന്നിവയില്‍ കേന്ദ്രങ്ങളുടെ പിന് ആക്സസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും. മാപ്സ് അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ ഇത് ദൃശ്യമാകും.
കൊവിഡ് -19 നെ തുടര്‍ന്ന് പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള സമഗ്രമായ ശ്രമം നടത്തുകയാണെന്നു ഗൂഗിള്‍ ഇന്ത്യ സീനിയര്‍ പ്രോഗ്രാം മാനെജര്‍ അനല്‍ ഘോഷ് പറഞ്ഞു. സ്മാര്‍ട് ഫോണ്‍ ഇല്ലാത്ത ആളുകളിലേക്കുകൂടി ഈ സേവനം എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും എന്‍ജിഒകളുടെയും ട്രാഫിക് അധികാരികളുടെയും സഹായം ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS