ColumnsIndia

എം. അലി മണിക്ക്ഫാന് പത്മശ്രീ; ഒടുങ്ങാത്ത വിജ്ഞാന ദാഹത്തിനുടമയായ പണ്ഡിതൻ

അസീസ് തരുവണ

പതിനഞ്ച് വർഷം മുമ്പ് സുഹൃത്ത് ഡോ. അമീറിൽ നിന്നാണ് അലി മണിക് ഫാൻ എന്ന അപൂർവ്വ ജീനിയസിനെപ്പറ്റി ആദ്യം കേൾക്കുന്നത്. റഷ്യൻ, അറബിക്, പേർഷ്യൻ, ജർമ്മൻ, ഇംഗ്ലീഷ് , ഫ്രഞ്ച്, ലാറ്റിൻ … എന്നിങ്ങനെ പതിനഞ്ച് ഭാഷകൾ എഴുതാനും വായിക്കുവാനും അറിയുന്ന മനുഷ്യൻ എന്ന കൗതുകമാണ് എനിക്കാദ്യമുണ്ടായത്.

2005 ൽ ദയാപുരം സ്കൂളിൽ ജോലി ചെയ്യുന്ന കാലത്താണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. NIT കാമ്പസിൽ ഗോളശാസ്ത്ര സംബന്ധിയായ വിഷയത്തിൽ പ്രഭാഷണം നടത്തുവാൻ വന്നതായിരുന്നു അദ്ദേഹം.

സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണ് മണിക് ഫാൻ. അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. എന്നാൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ അടക്കം അദ്ദേഹത്തെപ്പറ്റി PhD കൾ ഉണ്ടായിട്ടുണ്ട്.

15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചത് സ്വന്തമായിട്ടാണ്. അദ്ദേഹത്തിന് ആഴത്തിൽ അറിവുള്ള വിഷയങ്ങളിൽ Marine Biology, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology… ഇവയൊക്കെ ഉൾപ്പെടും !

മിനിക്കോയ് ദ്വീപ് സ്വദേശിയാണെങ്കിലും അടുത്ത കാലത്ത് കോഴിക്കോട് നല്ലളത്ത് കുടുംബ സമേതം താമസിച്ചിരുന്നു അദ്ദേഹം. അക്കാലത്തൊരിക്കൽ മണിക്ഫാനെ ഫറൂഖ് കോളേജ് മലയാള വിഭാഗത്തിൽ ഒരു പ്രഭാഷണത്തിന് വേണ്ടി ഞാൻ ക്ഷണിച്ചു.

സ്റ്റേജിൽ വെച്ച് അദ്ദേഹം ചോദിച്ചു: ഞാൻ എന്തു വിഷയമാണ് സംസാരിക്കേണ്ടത് ?

ഞാൻ പറഞ്ഞു: താങ്കൾക്ക് 15 ഭാഷകൾ അറിയാമല്ലോ. ഭാഷകൾ എങ്ങനെ പഠിച്ചെടുക്കാം എന്നതിനെപ്പറ്റിയാണെങ്കിൽ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകും…

അദ്ദേഹം അതേപ്പറ്റി ഗംഭീരമായി സംസാരിച്ചു. നമ്മുടെ പഠന രീതിയിലെ പോരായ്മകളെപ്പറ്റിയും വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കേണ്ടതിനെക്കുറിച്ചും സവിസ്തരം വിശദീകരിച്ചു. തുടർന്ന് വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടികൾ പറഞ്ഞു.

മണിക് ഫാൻ എന്ന ജീനിയസിന്റെ പഠന മേഖലകൾ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ഗോളശാസ്ത്രമാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മേഖല.

കുറച്ച് കാലം അദ്ദേഹം തമിഴ് നാട്ടിലായിരുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ് നാട്ടിലെത്തിയത്.

മണിക്ഫാൻ കണ്ടെത്തിയ ഒരു മത്സ്യമുണ്ട്. നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായി പ്രസ്തുത മീനിന്
അബുദെഫ്ദഫ് മണിക്ക്ഫാനി എന്ന പേര് നല്‍ക്കുകയുണ്ടായി. കവരത്തി ദ്വീപിലെ മ്യൂസിയത്തിൽ വെച്ച് പ്രസ്തുത മീനിനെ കണ്ടത് ഓർക്കുന്നു.

വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെട്ടമെത്തിച്ച പ്രതിഭയാണ് മണിക് ഫാൻ. തന്റെ വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതിയാണ്!

ജപ്പാനിലെ ഫുകുവോക്കയെപ്പോലെ സ്വന്തമായൊരു കൃഷി രീതി ആവിഷ്കരിച്ച കൃഷി ശാസ്ത്രജ്ഞൻ കൂടിയാണ് മണിക് ഫാൻ. 17 ഏക്കർ തരിശുനിലം സ്വന്തം അദ്ധ്വാനംകൊണ്ട് പൊന്നുവിളയുന്ന നിലമാക്കി മാറ്റുകയുണ്ടായി അദ്ദേഹം.

സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ച്‌ വിസ്മയിപ്പിച്ചയാളാണ്. മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ തന്റെ മകന്റെ കൂടെ
ഡല്‍ഹി വരെ പോയ് വരികയുണ്ടായി മണിക്ഫാൻ. ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഡ്രൈവിംഗ് പഠിച്ചത് പര സഹായമില്ലാതെയാണ് !!

1200 വര്‍ഷം മുമ്പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ടിം സെവെറിന്‍ ആഗ്രഹിച്ചു. കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി. ഒരു വര്‍ഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു. ടിം സെവെറിൻ 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി.

മണിക്ക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.

ഇവ കൂടാതെ എത്രയെത്ര കണ്ടെത്തലുകള്‍…

പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം പോയിട്ടുണ്ട്.

ലോകമെങ്ങുമുള്ളവര്‍ക്ക് ഒരുപോലെ പിന്തുടരാവുന്ന ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടര്‍ മണിക് ഫാൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ് ഈ മനുഷ്യന്‍.

അദ്ദേഹം സേവനമനുഷ്ഠിച്ച ചില സ്ഥാനമാനങ്ങൾ :
Lakshadweep Environment Trust, vice chairman of Union Territory Building Develop Board, Member Advisory Board, and Fellow of marine Biological Association of India, Chairman Hijra Committee തുടങ്ങിയവ.

മക്കാളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിപ്പിച്ചില്ല; എന്നിട്ടും മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍! ഒട്ടേറെ ഭാഷകൾ അറിയുന്നവർ…

ഇന്നും തന്റെ ലക്ഷ്യങ്ങളുമായി, യാതൊരു വിധ അസുഖങ്ങളുമില്ലാതെ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര തുടരുകയാണ് അദ്ദേഹം. നല്ലളത്ത് താമസിക്കുന്ന കാലത്ത് ബസ്സിൽ തൂങ്ങി പിടിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സിൽ യാത്ര ചെയ്യുന്നതിന് പലതവണ സാക്ഷിയായിട്ടുണ്ട്.

ഒടുങ്ങാത്ത വിജ്ഞാന ദാഹത്തിനുടമയാണ് ഈ ജ്ഞാന വൃദ്ധൻ. തുല്യതകളില്ലാത്ത മഹാമനീഷി. എല്ലാ അർഥത്തിലും പത്മശ്രീക്ക് അർഹൻ …

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x