Sports

ഡേവിഡ് സിൽവ; വാഴ്ത്തുപ്പാട്ടുകളിൽ ഇടം പിടിക്കാത്ത പ്രതിഭ

ഫാൻപോസ്റ്റ്/സംഗീത് ശേഖർ

നോ ഷോ ഓഫ്‌സ്, നോ ഇമേജ് ബിൽഡിങ്ങ് ടാക്റ്റിക്സ്, നോ അറ്റൻഷൻ സീക്കിങ് ആന്റിക്സ്, ഹെഡ്‍ലൈൻസ് അലങ്കരിക്കാത്ത, വാഴ്ത്തും പാട്ടുകളിൽ സ്ഥാനം പിടിക്കാൻ താല്പര്യമില്ലാത്ത, ശാന്തനായ ഒരു ഫുട്ബോളർ. ഇങ്ങനെയൊരു ഫുട്ബോളർ ഒരു മിത്തായി പരിഗണിക്കപ്പെടുന്ന കാലഘട്ടത്തിൽ ഇതെങ്ങനെ യാഥാർഥ്യമാകുമെന്ന തോന്നൽ ഉള്ളിലുണരുന്ന സമയത്ത് പെട്ടെന്ന് ഡേവിഡ് സിൽവ എതിർഗോൾമുഖത്ത് വച്ചൊരു ഷോർട്ട് പാസ് സഹകളിക്കാരന് നൽകിയ ശേഷം എതിരെ നിൽക്കുന്ന പ്രതിരോധനിരക്കാരുടെ ഇടയിലൂടെ ഓടിക്കയറി റിട്ടേൺ പാസ് സ്വീകരിച്ച് ഇടതുകാൽ കൊണ്ടൊരു ക്ലിനിക്കൽ ഫിനിഷിലൂടെ വല കുലുക്കിയ ശേഷം മെല്ലെ നടന്നു മറയുകയാണ്..

കെവിൻ ഡിബ്രൂയനയെപ്പോലെ ഇമ്പാക്റ്റ് വിസിബിൾ ആയി കാണിക്കാത്ത ഒരു മിഡ് ഫീൽഡർ ഒരു ദശാബ്ദക്കാലത്തോളം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര നിയന്ത്രിച്ചിരുന്നു എന്നതൊക്കെ സിൽവയുടെ ഗെയിം കണ്ടിട്ടില്ലാത്തവർക്ക് അതിശയോക്തിയായിരിക്കുമെന്നു തോന്നുന്നു. ടൈറ്റ് ആയി ബിൽഡ് ചെയ്തൊരു പ്രതിരോധത്തെ തുറന്നെടുക്കാൻ സിൽവയോളം കെൽപ്പുള്ളൊരു കളിക്കാരനെ സിറ്റി കണ്ടിട്ടില്ല, ഇവിടെ സാക്ഷാൽ കെവിൻ ഡിബ്രൂയനക്ക് പോലും അല്പം പുറകിലേക്ക് മാറി നിൽക്കേണ്ടി വരും.

ഡേവിഡ് സിൽവയെനിക്ക് ചെറിയ സ്‌പേസുകളുടെ രാജകുമാരനാണ്. മറ്റുള്ള കളിക്കാർ പന്തുമായി എത്തിപ്പെടാൻ ഒട്ടുമിഷ്ടപ്പെടാത്ത ചലന സ്വാതന്ത്ര്യമില്ലാത്ത, വീർപ്പു മുട്ടിക്കുന്ന ഇടുങ്ങിയ സ്‌പേസുകൾ സിൽവക്ക് അയാളുടെ പ്രതിഭയുടെ പ്രദർശനവേദിയാണ്. ഇടം കാൽ കൊണ്ട് പന്തിനെ മനോഹരമായി നിയന്ത്രിച്ചു ഏറ്റവും ചെറിയ സ്‌പേസുകളിൽ പോലും തനിക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സ്‌പേസ് ഉണ്ടാക്കിയെടുക്കുന്ന സിൽവയോളം ഇക്കാര്യത്തിൽ മികവ് കാട്ടുന്ന മറ്റൊരു കളിക്കാരൻ വേറെയുണ്ടോയെന്നു സംശയമാണ്.

എതിർ കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഓഫ് ദ ബോൾ മൂവ്മെന്റ്, സഹകളിക്കാരുടെ പൊസിഷൻ കൃത്യമായി അളെന്നെടുക്കുന്ന ഉൾക്കാഴ്ച, ഡേവിഡ് സിൽവ ദൗർബല്യങ്ങളെ മറികടക്കുന്ന രീതിയിൽ പ്രതിഭാസ്പർശം കൊണ്ടനുഗ്രഹിക്കപ്പെട്ടവനായിരുന്നു. ഇടതുകാൽ കൊണ്ട് മാത്രം ഫുട്‍ബോൾ കളിക്കുന്ന വേഗത കുറവുള്ളൊരു കളിക്കാരനെ പത്ത് കൊല്ലത്തിനപ്പുറത്തേക്ക് നീണ്ട പ്രീമിയർ ലീഗ് കരിയറിൽ ഒരൊറ്റ തവണ മാത്രമാണ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് തേടിയെത്തിയത്. ഗോളുകളും അസിസ്റ്റുകളും ഒരു ഫുട്ബോളറുടെ ക്വാളിറ്റിയുടെ മൂല്യനിർണയത്തിലെ അവിഭാജ്യ ഘടകങ്ങളായിരിക്കുമ്പോഴും ഡേവിഡ് സിൽവ എങ്ങനെയാണു 4 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയൊരു ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി മാറിയതെന്നയാളെ കണ്ടിരുന്ന എതിർടീമുകളുടെ ആരാധകർ ഒരിക്കൽ പോലും സംശയിച്ചിരിക്കില്ല. വിദ്വേഷത്തിന്റെ കണിക പോലുമില്ലാതെ അവരയാളെ ആസ്വദിച്ചിട്ടേയുള്ളൂ.

ഡേവിഡ് സിൽവ സ്പാനിഷ് ഫുട്‍ബോൾ കണ്ടതിൽ വച്ചേറ്റവും പ്രതിഭാശാലിയായ ഫുട്‍ബോളർമാരിൽ ഒരാളാണെന്ന് നിസ്സംശയം പറയുന്നത് ചാവി ഹെർണാണ്ടസാകുമ്പോൾ സംശയിക്കേണ്ട കാര്യമില്ല. ചാവിയോടും ഇനിയസ്റ്റയോടുമൊപ്പം ബാഴ്സയുടെ മധ്യനിരയിൽ കളിക്കാൻ കെൽപുണ്ടായിരുന്നവൻ, അവരുടെ സമകാലികനാകേണ്ടി വന്നത് സിൽവയുടെ സ്പാനിഷ് കരിയറിനെ ബാധിച്ചിട്ടുമുണ്ട്. എന്നാലും കഴിവുണ്ടായിട്ടും ബാഴ്സയുടെയോ റയലിന്റെയോ ബെഞ്ചിനെ ചൂട് പിടിപ്പിക്കുന്നതിനേക്കാൾ തീർച്ചയായും മെച്ചമായിരുന്നു 2010ൽ പ്രീമിയർ ലീഗിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നത്.

കംമ്പനി, യായ, അഗ്യൂറോ എന്നിവരോടൊപ്പം ഇന്നത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ അടിത്തറയിട്ടവരിൽ ഒരാൾ ഇന്ന് പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച വിദേശ കളിക്കാരുടെ നിരയിലാണ് കരിയർ അവസാനിപ്പിക്കുന്നത്. 2012 യൂറോ കപ്പായിരിക്കും സിൽവയുടെ സ്പാനിഷ് കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്റ്. സ്പെഷ്യലിസ്റ്റ് സ്‌ട്രൈക്കർക്ക് പകരം സ്‌പെയിൻ റൈറ്റ് ഫോർവേഡായി സിൽവയെ നിയോഗിച്ച ടൂർണമെന്റിൽ എല്ലാ കളിയും സ്റ്റാർട്ട് ചെയ്ത സിൽവ 2 ഗോളുകളും 3 അസിസ്റ്റുകളുമായിട്ടാണ് ടൂർണമെന്റ് പൂർത്തിയാക്കുന്നത്.

ഡേവിഡ് സിൽവ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം വളർന്ന കളിക്കാരനാണ്. 2010ൽ സിൽവ ക്ലബ്ബിലെത്തുമ്പോൾ സിറ്റി കുതിപ്പ് തുടങ്ങുന്നതേയുള്ളൂ. മനോഹരമാം വിധം ലീഗിനോട് ഇഴുകിച്ചേർന്ന ഡേവിഡ് അടുത്ത സീസണിൽ സിറ്റിയുടെ കിരീടധാരണത്തിൽ പ്രധാന പങ്ക് വഹിച്ച കളിക്കാരനാണ്. 15 അസിസ്റ്റുകളുമായി പ്രീമിയർ ലീഗിന്റെ ടോപ്പിൽ വിരാജിച്ച ഡേവിഡ് സിൽവ വരാനിരിക്കുന്ന വർഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിൽ താനെത്ര മാത്രം പ്രാധാന്യമർഹിക്കുന്ന കളിക്കാരനായി വളരുമെന്നതിന്റെ സൂചനകൾ നൽകിയിരുന്നു.

https://twitter.com/TheCityClout/status/1286916019835957249?s=20

ഹൈലൈറ്റ്‌സുകൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട കളിക്കാരനല്ലെന്നതൊരു വിസിബിലിറ്റി നിഷേധിക്കുമ്പോഴും സിൽവയുടെ ഇടം കാലിലെ മാജിക് സിറ്റി മധ്യനിരയുടെ നിലവാരത്തെ വേറൊരു തലത്തിലേക്ക് ഉയർത്തി നിർത്തിയിരുന്നു. തീർച്ചയായും കെവിൻ ഡിബ്രൂയനയെന്ന അറ്റാക്കിംഗ് മിഡ് ഫീൽഡറുടെ ഉയർച്ച പലരുടെയും മുൻഗണനകളെ ബാധിച്ചിട്ടുണ്ടെങ്കിലും ഈ കാലഘട്ടത്തിലും സിൽവ തന്നിലേൽപ്പിക്കപ്പെട്ട വിങ്ങർ, ഫാൾസ് 9, മിഡ് ഫീൽഡർ റോളുകളെല്ലാം തന്നെ പിഴവുകളില്ലാതെയാണ് പൂർത്തിയാക്കിയത്.

കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞു കിടക്കുന്ന സ്റ്റേഡിയത്തെ സാക്ഷിയാക്കി മാഞ്ചസ്റ്റർ സിറ്റി ജേഴ്‌സിയിലെ തൻ്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞു 85 ആം മിനുട്ടിൽ പുറത്തേക്ക് നടക്കുന്ന ഡേവിഡ് സിൽവ ചെറുതായൊന്നു വേദനിപ്പിക്കുന്നുണ്ട്. അയാളിതിൽ കൂടുതൽ അർഹിച്ചിരുന്നുവെന്ന തോന്നലിനു മീതേക്കൂടെ നിശബ്ദനായി തന്റെ കരിയർ കളിച്ചുതീർത്തൊരു താരത്തിന് ഇതിൽ കൂടുതൽ യോജിക്കുന്നൊരു വിടവാങ്ങൽ വേറെയുണ്ടാകുമോ എന്ന ചോദ്യവും മനസ്സിൽ ഉയരുന്നുണ്ട്. അല്ലെങ്കിലും ഡേവിഡ് സിൽവക്ക് വേണ്ടി സംസാരിച്ചിരുന്നത് അയാൾ കളിച്ചിരുന്ന ആകർഷകമായ ഫുട്‍ബോളായിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x