Kerala

കേരള ബഡ്ജറ്റ്; ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ!

അൽപ്പം സമയമെടുത്ത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വായിക്കണേ….

കഴുതയാണെങ്കിലും അതിന് ചുമക്കാൻ പറ്റുന്ന ഭാരത്തിനും ഒരു പരിധിയുണ്ട്….
ആയിരക്കണക്കിന് പേജുകൾ വരുന്ന 12 രേഖകൾ ഉൾക്കൊള്ളുന്നതാണ് കേരള ബഡ്ജറ്റ്. അതിൽ 153 പേജുകൾ മാത്രമുള്ള ഒരു പ്രസംഗമാണ് ധനമന്ത്രി നിയമസഭയിൽ വായിച്ചത്.

ബാക്കി 11 രേഖകളും സാധാരണക്കാരന് വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത കണക്കുകളും ഡാറ്റകളും മാത്രമാണ്. ഇത് നിയമസഭയിൽ വായിക്കാറില്ല , പകരം ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുകയാണ് പതിവ്.

നിയമസഭയിൽ വായിക്കുന്ന ബജറ്റ് പ്രസംഗം മാത്രമാണ് പൊതുജന സമക്ഷം ചർച്ചയാവുന്നത്. 11 അനുബന്ധ രേഖകളിൽ സർക്കാറിന്റെ ആധികാരികമായ കണക്കുകളും ഡാറ്റകളുമാണ് ഉള്ളത്. ഈ രേഖകൾ പഠിച്ചും അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്തുമാണ് ഞാൻ എന്റെ ആശങ്കകൾ എഴുതുന്നത്.

ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടോ, പത്രവാർത്തകളുടെ ബലത്തിലോ എനിക്ക് എഴുതാൻ കഴിയില്ല.

ഒരുപാട് മാധ്യമ പ്രവർത്തകരും, ഗവേഷണ വിദ്യാർത്ഥികളും എന്റെ ലേഖനങ്ങളിലെ ഡാറ്റകൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആധികാരിക രേഖകളുടെയും വിവരാവകാശ നിയമപ്രകാരം ശേഖരിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ എനിക്ക് എഴുതാൻ കഴിയൂ.

കേരള നിയമസഭയുടെ പാർലമെന്ററി പഠന പരിശീലന കേന്ദ്രത്തിൽ നിന്നും നിയമസഭാ നടപടിക്രമങ്ങളെ സംബന്ധിച്ച് പഠിച്ച് പരീക്ഷ എഴുതി പാസ്സായ ഒരു വിദ്യാർത്ഥി കൂടിയാണ് ഞാൻ. അതുകൊണ്ട് അക്കാദമിക് താല്പര്യത്തോടെയാണ് ഞാൻ സംസ്ഥാനത്തെ ഭരണ സംവിധാനത്തെ കുറിച്ച് പഠിക്കുന്നതും എഴുതുന്നതും.

രേഖകളുടെ പിൻബലത്തിൽ എന്റെ ബോധ്യം മാത്രമാണ് ഞാൻ എഴുതുന്നത്. അതിൽ തെറ്റായ ഒരു കണക്കും ഇല്ലായെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ഞാൻ എന്റെ ഫോൺ നമ്പർ സഹിതമുള്ള ഐഡന്റിറ്റിയോടെ എഴുതുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ വകുപ്പിന്റെയും സർക്കാർ ജീവനക്കാരുടെയും അനാസ്ഥയാണെന്ന് കണക്കുകൾ സഹിതം ഞാൻ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിന്റെ പേരിൽ പലരും പല സ്വരത്തിലും ഒരുപാട് മെസ്സേജുകളാണ് എനിക്ക് അയച്ചത്.

അതുകൊണ്ടാണ് ഇത്രയും കൂടി ഇവിടെ എഴുതേണ്ടി വന്നത്. കഴുതയാണെങ്കിലും അതിന് ചുമക്കാൻ പറ്റുന്ന ഭാരത്തിനും ഒരു പരിധിയുണ്ട്. കേരളത്തിലെ കഴുതകളായ പൊതുജനം ചുമക്കുന്ന നികുതി ഭാരവും അതിന്റെ പരമാവധിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശിക 7885 കോടി രൂപ മാത്രമായിരുന്നുവെങ്കിൽ ഏഴ് വർഷം കൊണ്ട് ഇത് 19920 കോടിയിലേക്കാണ് കുത്തനെ വർദ്ധിച്ചത്.

കേസുകളും തർക്കങ്ങളും കാരണമാണ് പിരിച്ചെടുക്കാൻ പറ്റാത്തത് എന്ന ക്യാപ്‌സ്യൂളുകൾ വന്നതുകൊണ്ട് പറയുകയാണ് ഇതിൽ 7196 കോടി രൂപ സംബന്ധിച്ച് മാത്രമേ കേസുകളും തർക്കങ്ങളും ഉള്ളൂ. ബാക്കി 12035 കോടി പിരിച്ചെടുക്കാൻ ഒരു തടസ്സവും നിലവിൽ ഇല്ല. വിവിധ സ്ഥാപനങ്ങളിൽ നിന്ന് സർക്കാറിന് പിരിഞ്ഞ് കിട്ടാനുള്ള ഗ്യാരണ്ടി കമ്മീഷൻ 27967 കോടി രൂപയാണ്.

അതായത് പിരിച്ചെടുക്കാനുള്ളത് 47887 കോടി. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ ഇന്ധന സെസ്സ് വഴി സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 750 കോടി രൂപയാണ്.

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഈ കുടിശ്ശിക പിരിച്ചെടുത്താൽ ജനത്തിന്റെ തലയിൽ കെട്ടിവെച്ച 750 കോടി രൂപയുടെ ഇന്ധന സെസ്സ് ഒഴിവാക്കാൻ കഴിയില്ലെ? വർദ്ധിപ്പിച്ച ഭൂനികുതിയും കെട്ടിട നികുതിയും ഒഴിവാക്കാൻ കഴിയില്ലെ? വെള്ളക്കരം ഒഴിവാക്കാൻ കഴിയില്ലെ ? കടം വാങ്ങാതെ പെൻഷൻ നൽകാൻ കഴിയില്ലെ?

കഴിയും, പക്ഷേ രാഷ്ട്രീയ അന്ധത ബാധിച്ച, ഷണ്ഠീകരിച്ച് കഴുതകളാക്കപ്പെട്ട പൊതുജനത്തിന് ഇങ്ങനെ ചിന്തിക്കാൻ കഴിയാത്തിടത്തോളം കാലം ഈ ഭാരം ചുമക്കുക മാത്രമാണ് അവന്റെ വിധി.

ബാനറും കെട്ടി നിയമസഭയ്ക്ക് പുറത്തിരിക്കുന്നവർക്ക് ധനകാര്യമന്ത്രി നൽകിയ രേഖകൾ ഒന്ന് തുറന്ന് നോക്കി ഈ കണക്കുകൾ വെച്ച് തന്നെ സഭയ്ക്കകത്ത് ഈ ചോദ്യം ചോദിക്കാനുള്ള ആർജ്ജവം ഉണ്ടോ? അവരത് ചെയ്യില്ല.

കാരണം ഇവരെല്ലാം ഒരു ചുമരിന്റെ ഇരുവശങ്ങളിലിരുന്ന് കളിക്കുന്ന ഒരു നാടകം മാത്രമാണിത്. കണക്കുകൾ ഇവിടെയും അവസാനിക്കുന്നില്ല.

നിങ്ങൾ അറിഞ്ഞ കേരളത്തിന്റെ പൊതുകടം 381643 കോടി രൂപയും, അതിന്റെ കൂടെ കിഫ്ബിയും സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പിനിയും എടുത്ത വായ്പകളുടെയും കണക്കുകൾ മാത്രമാണ്.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ സർക്കാറിന്റെ വിവിധ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടിയിൽ വാങ്ങിയ വായ്പ തുക 11,126 കോടി രൂപ മാത്രമായിരുന്നുവെങ്കിൽ കിഫ്ബിയും സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പിനിയുമുൾപ്പെടെ രണ്ട് ഡസനോളം കമ്പിനികളും കോർപ്പറേഷനുകളും ബോർഡുകളും കഴിഞ്ഞ ഏഴ് വർഷംകൊണ്ട് വാങ്ങി കൂട്ടിയ വായ്പ തുക കേട്ട് ഞെട്ടേണ്ട. 44529970000000/- രൂപയാണ്. ചുരുക്കി എഴുതിയാൽ 44,52,997 കോടി രൂപ.

മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഇത് പർവ്വതീകരിച്ച നുണകളല്ല. ബജറ്റ് രേഖകളിലെ സംസാരിക്കുന്ന കണക്കുകളാണ്.

മറ്റ് സ്ഥാപനങ്ങളെ കൊണ്ട് സർക്കാർ കടമെടുപ്പിക്കുന്നതിനെ നിയന്ത്രിച്ചിരുന്ന 2013 ലെ കേരള സീലിംങ്ങ് ഓൺ ഗവണ്മന്റ് ഗ്യാരണ്ടി ആക്ട് 2018 ലും 2022 ലുമായി രണ്ട് തവണ ഭേദഗതി ചെയ്താണ് ഇത്രയും വലിയ തുക വായ്പയെടുപ്പിച്ചത്.

ഭരണാധികാരികൾ അനിയന്ത്രിതമായി കടമെടുത്ത് അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കാതിരിക്കാനാണ് 2013 ൽ ഇത്തരം ഒരു നിയമം ഉണ്ടാക്കിയത് തന്നെ.

ആ നിയമത്തിന്റെ കടയ്ക്കലാണ് കത്തി വെച്ചത്. ഒരു രൂപ പോലും തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്ത സ്ഥാപനങ്ങളെ കൊണ്ടാണ് ഇങ്ങനെ വായ്പയെടുപ്പിച്ചത് എന്നതാണ് പ്രത്യേകത.

കിഫ്ബി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കിഫ്ബിയ്ക്ക് എന്തെങ്കിലും വരുമാന മാർഗ്ഗമുണ്ടോ? കടം വാങ്ങിച്ച് പാവപ്പെട്ടവന് പെൻഷൻ നൽകുമ്പോൾ അതിൽ നിന്ന് ഒരു രൂപ പോലും തിരിച്ച് വരുമാന ഉണ്ടാവാത്ത സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പിനിയ്ക്ക് വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കാൻ കഴിയും?

ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കുന്ന നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന നമ്മുടെ സ്വന്തം കെ.എസ്സ്.ആർ.ടി.സി. എങ്ങനെ വായ്പ തിരിച്ചടയ്ക്കും ?

എന്തെങ്കിലും വരുമാനമോ തിരിച്ചടയ്ക്കാൻ എന്തെങ്കിലും വഴികളോ ഉള്ള ഒരു സ്ഥാപനം കടമെടുക്കുന്നതിനെ കുറ്റപ്പെടുത്താൻ കഴിയില്ല. എന്നാൽ ഒരു രൂപ പോലും വരുമാനമില്ലാത്ത കടത്തിൽ മുങ്ങിതാഴുന്ന സ്ഥാപനങ്ങൾ എടുക്കുന്ന കടത്തിന്റെ ബാധ്യത ആർക്കാണ്?

നിങ്ങളുടെ മസ്തിഷ്ക്കം ആർക്കും പണയപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വയം ചിന്തിക്കുക. എന്തിന് വേണ്ടിയാണ് ആർക്ക് വേണ്ടിയാണ് ഈ കടമെടുപ്പ് ?

കഴിഞ്ഞ വർഷം പെൻഷൻ വാങ്ങിക്കുന്ന ഒരു സാധാരണക്കാരനിൽ നിന്ന് സർക്കാർ നികുതി – നികുതിയേതര ഇനത്തിൽ വാങ്ങിച്ചത് 32660 രൂപയാണ്. ഈ 32660 രൂപയിൽ നിന്നാണ് അവന് 1600 രൂപ തോതിൽ ഒരു വർഷം 19200 രൂപ പെൻഷനായി നൽകിയത്. ഈ 1600 രൂപയിൽ ഒരു രൂപയുടെ വർദ്ധനവ് പോലും വരുത്താതെയാണ് ഇവന്റെ പേരിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ്സ് പ്രഖ്യാപിച്ചത്.

2 രൂപ സെസ്സ് വഴി ഉണ്ടാവുന്ന വിലക്കയറ്റത്തിലൂടെ കൂടുന്ന നികുതിയും , വെള്ളക്കരവും, വൈദ്യുതി ചാർജ്ജും, ഭൂനികുതി, കെട്ടിട നികുതി തുടങ്ങി മദ്യത്തിന്റെ ലെവിയടക്കം 1600 രൂപ പെൻഷൻ വാങ്ങിക്കുന്നവനിൽ നിന്നും ഈ വർഷം 45000 രൂപയോളം സർക്കാർ ഊറ്റിയെടുക്കും.

പിന്നെ എന്തിനാണീ സെസ്സ്? ആർക്ക് വേണ്ടിയാണ്? സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും അടങ്ങുന്ന 3 % ജനങ്ങൾക്ക്
ആർഭാടത്തോടെയും ആഡംബരത്തോടെയും ജീവിക്കാൻ വേണ്ടി.

മൂന്നര കോടി ജനങ്ങളും 129268 കോടി രൂപ വരുമാനവും മാത്രമുള്ള സംസ്ഥാനത്തെ 526169 സർക്കാർ ജീവനക്കാർക്കും 416905 സർവ്വീസ് പെൻഷനേഴ്‌സിന്റെയും 133609 കുടുംബ പെൻഷനേഴ്സിന്റെയും ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രം ചിലവായത് ധനമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കനുസരിച്ച് 2020-21 ൽ 46754 കോടിയായിരുന്നുവെങ്കിൽ 2021-22 ൽ 71393 കോടി രൂപയാണ് ചിലവായത്.

അതായത് കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തോടെ സർക്കാറിന് വന്ന അധിക ബാധ്യത 24639 കോടി രൂപയാണ്. 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2021 ൽ ശമ്പള പരിഷ്ക്കരണം പ്രഖ്യാപിച്ചത്. അതായത് 24 മാസം മുമ്പെ മുതൽ ശമ്പളം കൂട്ടി നൽകാൻ തീരുമാനിച്ചതു പ്രകാരം 49278 കോടി രൂപ ശമ്പള കുടിശ്ശികയായി മാറി.

ഇത് ഇന്നുവരെ കൊടുത്തിട്ടില്ല.

അതിന് പുറമെയാണ് ജീവനക്കാർക്ക് നൽകാനുള്ള കോടികളുടെ ഡി.എ. കുടിശ്ശിക . സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന് 7 വർഷം പിന്നിടുമ്പോഴും വാക്ക് പാലിക്കാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധം രൂപപ്പെടുകയാണ്.

ഇത് തണുപ്പിക്കണമെങ്കിൽ ശമ്പള കുടിശ്ശികയും ഡി.എ.കുടിശ്ശികയും നൽകിയേ മതിയാവൂ. ഏകദേശം 60000 കോടി രൂപയെങ്കിലും ഇതിനുവേണ്ടി കണ്ടെത്തിയേ മതിയാവൂ. അതിന് പാവപ്പെട്ടവന്റെ പേര് പറഞ്ഞ് അവന്റെ രക്തമൂറ്റുന്ന നിലപാടാണ് സർക്കാരിന്റെത്.

അവസാനമായി 2016 ൽ ശമ്പള പരിഷ്ക്കരണം നടത്തിയ തമിഴ്നാട് 2017 മുതലാണ് പരിഷ്ക്കരണം പ്രാബല്യത്തിൽ കൊണ്ടുവന്നത്. 2017 ലെ ആറാം ശമ്പള കമ്മീഷൻ റിപ്പോർട്ട് കർണാടകയിൽ നടപ്പിലാക്കിയത് 2018 മുതലാണ്. കേരളത്തിൽ മാത്രമുള്ള പ്രവണതയാണ് ഈ മുൻകാല പ്രാബല്യം.

ഇവിടെ കാട്ടിലെ തടി തേവരുടെ ആന എന്ന് പറഞ്ഞതുപോലെ നികുതി നൽകാൻ പാവങ്ങളുള്ള കാലത്തോളം ഇത് തുടരും.

ഒരു മലയാളി ഒരു വർഷം 32660 രൂപ സർക്കാർ ഖജനാവിലേക്ക് നൽകുമ്പോൾ ഒരു തമിഴൻ നൽകുന്നത് 8938 രൂപയും കന്നഡക്കാരൻ നൽകുന്നത് കേവലം 5446 രൂപയുമാണെന്ന് കൂടി നാം അറിയണം.

താഴെ കൊടുത്ത നമ്മുടെ അയൽപക്ക സംസ്ഥാനങ്ങളുടെ കണക്കുകളും കൂടി ഒന്ന് ഒത്തുനോക്കുക. സ്വന്തം മന:സാക്ഷി സമ്മതിക്കുന്നുവെങ്കിൽ മാത്രം പ്രതികരിക്കുക. ഈ പോക്ക് ഒരു ദുരന്തത്തിലേക്കാണ്.

കർണാടക
ജനസംഖ്യ: 6,11,30,704
വരുമാനം : 189888
ഉദ്യോഗസ്ഥർ: 667105
പെൻഷനേഴ്‌സ്: 5,51,072
ശമ്പള ചിലവ്: 38430 കോടി
പെൻഷൻ ചിലവ്: 23415 കോടി
വായ്പ തിരിച്ചടവ് : 27161 കോടി
കടബാധ്യത: 399390 കോടി.

തമിഴ്നാട്
ജനസംഖ്യ: 7,21,47,030
വരുമാനം : 231407
ഉദ്യോഗസ്ഥർ: 1238679
പെൻഷനേഴ്‌സ്: 7,51,818
ശമ്പള ചിലവ്: 71567 കോടി
പെൻഷൻ ചിലവ്: 39508 കോടി
വായ്പ തിരിച്ചടവ് : 46727കോടി
കടബാധ്യത: 573634 കോടി.

ആന്ധ്ര
ജനസംഖ്യ: 8,45,80,777
ഉദ്യോഗസ്ഥർ: 11,07, 311
പെൻഷനേഴ്‌സ്: 6,76,296
ശമ്പള ചിലവ്: 25,388 കോടി.
പെൻഷൻ ചിലവ്: 17,267 കോടി.
കടബാധ്യത: 341026 കോടി

സർക്കാറിന്റെ ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ എല്ലാം)

തയ്യാറാക്കിയത് ,
അഡ്വ.വി.ടി.പ്രദീപ് കുമാർ,
സെക്രട്ടറി, ദി പീപ്പിൾ,
9947243655

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x