Opinion

എത്രയെത്ര ഫായിസുമാരെയാണ് നമ്മൾ ഇല്ലാതെയാക്കിയത്!

അലി തൽവാർ

ഗവേഷക വിദ്യാർത്ഥി, കാലിക്കറ്റ് സർവകലാശാല

മലയാളക്കരയാകെ ഇപ്പോൾ മുഹമ്മദ് ഫായിസ് എന്ന ഒരു കൊച്ചുമിടുക്കന്റെ വാചകത്തിനു പിറകിലാണ്. “ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാവില്ല, എന്റേത്‌ വേറെ രൂപത്തിലാണ് വന്നത്, എങ്ങനെ ആയാലും നമുക്ക് ഒരു കുഴപ്പവും ഇല്ല”

എന്നാൽ അങ്ങനെയാണോ! നമുക്ക് ഒരു കുഴപ്പവും ഉണ്ടാവാറില്ലേ? നമ്മുടെയൊക്കെ സ്‌കൂളുകളിലും, വീടകങ്ങളിലും, ഗ്രൗണ്ടിലും, ചായമക്കാനിയിലും ദിനേന സർവ്വസാധാരണയായി നടക്കുന്ന ഇത്തരം അനേകം സംഭവങ്ങളിൽ നമുക്ക് ഒരു കുഴപ്പവും ഉണ്ടാവാറില്ലേ? ഒരു പക്ഷെ ഫായിസിന്റെ സ്ഥാനത്ത് ഞാനോ നിങ്ങളോ ആയിരുന്നെങ്കിൽ എന്തായിരുന്നിരിക്കും നമ്മുടെ പ്രതികരണം? അതു സംഭവിക്കുമ്പോൾ കണ്ടുനിൽക്കാൻ മുതിർന്ന ആരെങ്കിലും അവിടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയായിരുന്നിരിക്കും അതിനോടുള്ള അവരുടെ പ്രതികരണം?

ഇങ്ങനെയുള്ള കുറെ ചോദ്യങ്ങളാണ് സമൂഹത്തിൽ ചർച്ചയാവേണ്ടത്, എന്നാൽ ആ ഇടം പോലും ട്രോളുകളും പരസ്യങ്ങളും സംബന്ധിയായ ചർച്ചകൾ കയ്യേറിക്കഴിഞ്ഞു. ഫായിസിന്റെ വാക്കുകൾ വെച്ചുകൊണ്ട് എങ്ങനെയൊക്കെ പുതിയ ട്രോളുകളും പരസ്യങ്ങളും ഉണ്ടാക്കാമെന്നതിൽ മുഴുകിയിരിക്കുന്നു പലരും!

ഫായിസ് വ്യത്യസ്തനാകുന്നത് എന്ത് കൊണ്ട് ?

എന്തുകൊണ്ട് ഫായിസ് വ്യത്യസ്തനാകുന്നു? താൻ വളരെ ഉത്സാഹത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം പെട്ടെന്നൊരു നിമിഷത്തിൽ തെറ്റിപ്പോവുകുന്നു. ശരിയാകുമെന്ന പ്രതീക്ഷയിൽ നിർമ്മിക്കുന്ന വസ്തു അപ്രതീക്ഷിതമായി പാളിപ്പോകുന്നു. തനിക്ക് തെറ്റിപ്പോയി എന്ന് മനസ്സിലാകുന്ന ആ ഒരു നിമിഷത്തിൽ തെല്ലുപോലും ഫായിസ് പതറുന്നില്ല. മറിച്ച് തന്റെ മുന്നിലുള്ള പ്രശ്നത്തെ വളരെ സ്വാഭാവികമായ മട്ടിൽ “എന്റേത് വേറെ രൂപത്തിലാണ് വന്നത്, എങ്ങനെ ആയാലും നമുക്ക് കുഴപ്പമില്ല” എന്ന പാളത്തിൽക്കയറ്റി മനോഹരമായി വഴിതിരിച്ചുവിട്ടു. നൂതന സാങ്കേതികപദപ്രയോഗങ്ങൾ ഉപയോഗിച്ച് പറയുകയാണെങ്കിൽ ഫായിസിന്റെ ‘Problem Solving Skill’ വളരെ കൂടുതലാണ് എന്നു തന്നെ.

ഇങ്ങനെയുള്ള ഫായിസുമാർ തന്നെയാണ് നമ്മുടെ കുട്ടികളിൽ പലരും. എന്നാൽ ചിന്തകൾ മൊട്ടിടുമ്പോഴേക്കും ചുറ്റുമുള്ള സമൂഹം അവരെ പിന്തിരിപ്പൻമാരാക്കി മാറ്റിക്കഴിഞ്ഞിരിക്കും.
സമൂഹത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട അളവുകോലുകൾക്കനുസരിച്ച് സ്വന്തമായ അഭിപ്രായങ്ങളിൽ വെള്ളം ചേർക്കാൻ അവർ നിർബന്ധിതരാകുന്നു.
മൂത്തവരുടെ വാക്ക് കേൾക്കാത്തവർ മോശക്കാരാണെന്നും സമൂഹത്തിൽ നിലയും വിലയും ലഭിക്കണമെങ്കിൽ മുതിർന്നവരോട് എതിർവാക്ക് പറയരുതെന്നിത്യാദിയുള്ള വാദങ്ങളുടെ മറപിടിച്ച് കുട്ടികളുടെ മുകളിൽ അവരുടെ ബൗദ്ധികമായ ആധിപത്യം ഉറപ്പിക്കുന്നു.

അടിമത്തവും അനുസരണവും

കുട്ടികൾ സ്വന്തത്തെ കുഴിച്ചുമൂടി മറ്റെന്തോ കോമാളിക്കോലങ്ങളായി മാറുന്നു. അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അനുസരണയല്ല, അടിമത്തമാണ്! ബൗദ്ധികമായും നൈസർഗ്ഗികമായും കുട്ടികളെക്കാൾ മികവ് കൂടിയവർ ഞങ്ങളാണ് എന്ന മുതിർന്നവരുടെ വളരെ അബദ്ധജടിലമായ തോന്നലാണ് ഇത്തരം അടിമത്തങ്ങൾക്ക് കാരണമാകുന്നത്. കുട്ടികൾക്ക് നൽകേണ്ടത് സഹായവും സഹകരണവുമാണ്, അല്ലാതെ പഴിചാരലും പരിഹാസവുമല്ല. മുതിർന്നവരിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ എത്രയുണ്ടോ, അത്രതന്നെ കുട്ടികളിൽ നിന്ന് മുതിർന്നവർക്കും പഠിക്കാനുണ്ടെന്ന് നാം മനസ്സിലാക്കുന്നിടത്താണ് യഥാർത്ഥ വിവേകവും പക്വതയും അർത്ഥവത്താകുന്നത്.

ഒരൊറ്റനേരത്തെ കളിയാക്കലിലൂടെയോ പരിഹാസത്തിലൂടെയോ ചിലപ്പോൾ പിഴുതെറിയപ്പെടുന്നത് ഒരു കുട്ടിയുടെ എന്നന്നേക്കുമുള്ള ആത്മവിശ്വാസവും ആത്മധൈര്യവുമായിരിക്കും. അങ്ങനെ എത്രയെത്ര മുഹമ്മദ് ഫായിസുമാരെയാണ് നമ്മൾ പിന്നീട് പിഴുതെറിഞ്ഞത്! വെറും നാലാം ക്ലാസിലെത്തിയ ഒരു കുട്ടിയുടെ കലർപ്പില്ലാത്ത സംസാരമാണ് ആ വാക്കുകൾ. എത്ര മനോഹരമായിട്ടാണ് അവൻ ആ ഒരു സന്ദർഭത്തെ കൈകാര്യം ചെയ്തത്. അതാരെങ്കിലും മുൻപേ പറഞ്ഞുകൊടുത്തതോ പഠിപ്പിച്ചതോ ആവാൻ തരമില്ല. മുതിർന്നവരുടെ പറയപ്പെട്ട ‘വിവേകം’, ‘പക്വത’ ‘ശിക്ഷണം’ എന്നിവയൊന്നും കലർന്നിട്ടില്ലാത്ത ഒരു നിഷ്കളങ്കമായ പറച്ചിലാണത്.

ഇങ്ങനെ ഉയർന്ന self esteem ഉം confidence ഉം ഒക്കെയുള്ള കുട്ടികളെയാണ് മാതാപിതാക്കളും മുതിർന്നവരുമൊക്കെ പരിഹസിച്ചും അവഗണിച്ചും മാനസികമായി ഇല്ലാതാക്കുന്നത്! ഇത്തരം ഇല്ലാതാക്കലുകൾ കുട്ടിയുടെ പിന്നീടങ്ങോട്ടുള്ള ശിഷ്ടജീവിതത്തെ സാരമായി ബാധിക്കുന്നു. അവൻ ഭീരുവും ആത്മവിശ്വാസമില്ലാത്തവനുമായി മാറുന്നു (മാറ്റപ്പെടുന്നു എന്ന് വായിക്കുക). മുതിർന്നവരുടെ കളങ്കങ്ങൾ കുട്ടികളിലേക്ക് വളഞ്ഞവഴികളിലൂടെ എത്തുന്നു. കുട്ടികളുടെ കലർപ്പില്ലാത്ത ദളങ്ങളിൽ മുതിർന്നവരുടെ കളങ്കത്തിന്റെ മഷിക്കറ വീഴുന്നു. അവരുടെ ഉറപ്പുള്ള വേരുകൾ പതിയെ ഇളക്കിമാറ്റുന്നു, അവരെ മുച്ചൂടെ പിഴുതെറിയുന്നു!

ചെറുപ്പത്തിൽ നമ്മളെല്ലാവരും ഫായിസുമാരായിരുന്നു !

കുട്ടികളുടെ ജീവിതത്തിൽ ഇത്തരം കുഴപ്പങ്ങൾ വരുമ്പോൾ “നിന്റേത് വേറെ രീതിയിലാണ് വന്നത്, എങ്ങനെ ആയാലും ഒരു കുഴപ്പവുമില്ല” എന്ന് അങ്ങോട്ട് പറഞ്ഞുകൊണ്ട് കൂടെ നിൽക്കേണ്ട എത്രയോ സന്ദർഭങ്ങളാണ് നമ്മൾ മുതിർന്നവർ ‘അയ്യേ മോശം, കുളമായി’ എന്നൊക്കെ കളിയാക്കിയും പരിഹസിച്ചും ദിനേന നമുക്ക് മുൻപിൽ നടക്കുന്നത്. “ചെറുപ്പത്തിൽ നമ്മളെല്ലാവരും ഫായിസുമാരായിരുന്നു, വലുതായി മത്സരങ്ങളുടെ ലോകത്തേക്ക് കടക്കുമ്പോൾ നമുക്ക് പലതും നഷ്ടപ്പെടുന്നു” എന്നാണ് ഒരു സുഹൃത്ത് ഇവ്വിഷയകമായി പങ്കുവെച്ചത്, അത് വളരെ ശരിയായിട്ടാണ് തോന്നിയത്.

ഫായിസിന്റെ കാര്യം തന്നെ നോക്കൂ, ഇപ്പോൾ സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഇതേ കുട്ടി, ഒരു പക്ഷെ ഇനി ക്ലാസിലെ പരീക്ഷയിൽ മാർക്ക് കുറയുമ്പോളോ തോറ്റുപോയാലോ എന്തായിരിക്കും ഇതേ സമൂഹത്തിന്റെ തന്നെ പ്രതികരണം. പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുകയാണ് മിടുക്കിന്റെ മാനദണ്ഡമെന്ന് ചെറുപ്പം മുതലേ കുട്ടികളുടെ മനസിലേക്ക് ഇട്ടുകൊടുക്കുന്ന മുതിർന്നവരാണ് ഇവിടെ കാര്യമായി സ്വയം മാറ്റങ്ങൾക്ക് വിധേയമാകേണ്ടത്. പുനരാലോചന നടത്താനുള്ള സമയം അതിക്രമിച്ചുകടക്കുന്നു.

ഫായിസിനെ പ്രോത്സാഹിപ്പിച്ച് വീഡിയോ ഷെയർ ചെയ്ത നമ്മളൊക്കെ തന്നെ നിർഭാഗ്യവശാൽ സ്വന്തം ജീവിതങ്ങളിൽ നേർവിപരീതം പ്രവർത്തിക്കുന്നവരാകുന്നു! ഈ കാര്യം ഒരാളുമായി പങ്കുവെച്ചപ്പോൾ “ഇതൊക്കെ കണ്ട് നമ്മുടെ കുട്ടികളെ ഇങ്ങനെ കയറൂരി വിടാൻ നിന്നാൽ അത് ശരിയാവില്ല, നോക്കി വളർത്തിയില്ലെങ്കിൽ അവർ തലയിൽ കയറും” എന്നാണ് എനിക്ക് കിട്ടിയ മറുപടി! തീർത്തും അഹന്താനിഷ്ഠവും ആധിപത്യപരവുമായിട്ടുള്ള ഒരു പറച്ചിലല്ലാതെ മറ്റൊന്നുമായിട്ട് അതിനെ കാണാൻ കഴിയില്ല.

അങ്ങനെ, രാജാളിപ്പക്ഷിയെപ്പോലെ ഉയരത്തിൽ പറക്കേണ്ട നമ്മുടെ കുട്ടികൾ ജാള്യതയുടെ പടുകുഴികളിലേക്ക് മുതലക്കൂപ്പ് നടത്തുകയും, ഭീരുത്വത്തിന്റെ ഗർത്തങ്ങളിലേക്ക് ലംബരേഖയിൽ ആമജ്ജനം നടത്തുകയും ചെയ്യുന്നു. കുട്ടികളെ കുട്ടികളാവാൻ വിടുക. നമ്മൾ പക്വതയുള്ള മുതിർന്നവർ ഇടക്കു കയറി ‘കുളമാക്കാതിരുന്നാൽ’ തന്നെ മതി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Aburazeen
4 years ago

സ്വച്ഛന്ദമായ ഒഴുകിന് തടയണകൾ തീർക്കുന്നത് നമ്മൾ തന്നെയാണ്

Well written

സന്ദീപ്
4 years ago

നല്ല നിരീക്ഷണം
ഒരോ രക്ഷിതാവും വായിച്ചിരിക്കേണ്ടത്

അലി അഷ്റഫ് പി
4 years ago

ഗണിതശാസ്ത്ര പഠനത്തിൽ ഫായിസിന്റെ പറ്റും- പറ്റൂല-കൊയപ്പല്ല്യ ഉപയോഗിക്കണം,ഉപയോഗപ്പെടുത്തണം.പ്രത്യേകിച്ചും പ്രൈമറി ക്ലാസുകളിൽ.

സിന്ദ്ബാദ്‌
4 years ago

വളരെ ആലോചനകൾ നടക്കേണ്ട വിഷയം. പലപ്പഴും നമ്മുടെ വിദ്യാഭ്യാസം നൈസർഗ്ഗികമായ കഴിവുകളുടെയും ചുറ്റുപാടുകളുടേയും അന്തകനായി മാറുന്നുണ്ട്‌ എന്ന യഥാർത്ത്യത്തെ അംഗീകരിക്കാതെ വയ്യ. ഫായിസിന്റെ വീഡിയോ ഷെയർ ചെയ്ത്‌ പ്രോത്സാഹിപ്പിചവരിൽ എത്ര പേർ സ്വന്തം കുട്ടി ഒരു തെറ്റ്‌ വരുത്തുമ്പോൾ അനുഭാവ പുർവ്വം കൂടെ നിന്ന് വീണ്ടും ചെയ്യാൻ പ്രോത്സാഹനം നൽകും??

Mubashira
4 years ago

നാലാം ക്ലാസ് കാരന്‍ ആയ fayis നു ഇത്രേം problem solving skill ഉം coolness ഉം positive energy ഉം ഉള്ളവന് ആക്കിയ parents ശെരിക്കും അടിപൊളി ആണ്. We should learn more from them also.
GOOD @Ali Thalvar.

Back to top button
6
0
Would love your thoughts, please comment.x
()
x