IndiaViews

മലബാർ സമര നേതാക്കളെയടക്കം 387 പേരുകൾ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്ത് കേന്ദ്രം

മലബാർ സമര നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരെ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആര്‍) സ്വാതന്ത്ര്യ സമര പോരാളികളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു.

ആവർത്തിക്കപ്പെടുന്ന ആയിരം നുണകൾ സത്യമാകുമെന്ന് പറഞ്ഞ ഗീബൽസിയൻ തന്ത്രം ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്.

387 മലബാര്‍ വിപ്ലവ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചും സ്ഥലനാമങ്ങളെ മാറ്റിമറിച്ചും അധികാരം ദുരുപയോഗം ചെയ്യുന്ന സംഘപരിവാരം 1921ലെ മലബാര്‍ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമല്ലെന്നും വെറും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമാണെന്നുമാണ് വളച്ചൊടിക്കുന്നത്.

ഐസിഎച്ച്ആര്‍ നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനപരിശോധിച്ച പാനലാണ് ഇത്തരത്തിൽ നിര്‍ദേശം സമര്‍പ്പിച്ചതെന്ന് ‘ദ ഹിന്ദു’ റിപോര്‍ട്ട് ചെയ്തു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ താല്‍പര്യങ്ങള്‍ അതേ പടി ചേരുംപടി ചേര്‍ത്ത് ചരിത്രപുസ്തകത്തില്‍ നിന്നു വെട്ടിനിരത്താന്‍ ശ്രമിക്കുന്നത്.

സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു. അടുത്തിടെ നടന്ന മലബാര്‍ വിപ്ലവ ഇരകളുടെ അനുസ്മരണ പരിപാടിയില്‍, ഇത് ഇന്ത്യയില്‍ താലിബാന്‍ മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളിലൊന്നായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, പരിപാടിയില്‍ സംസാരിച്ച എംബി രാജേഷ് വാരിയംകുന്നത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കാന്‍ വിസമ്മതിച്ചയാളാണെനനും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിന് പകരം രക്തസാക്ഷിത്വം വരിച്ചയാളാണെന്നും പറഞ്ഞു.

ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐസിഎച്ച്ആര്‍ പാനല്‍ മലബാര്‍ സമരത്തെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു.

ഐസിഎച്ച്ആര്‍ കണ്ടെത്തല്‍ പ്രകാരം ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ‘നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്ലിംകളെ പോലും അവര്‍ വിട്ടില്ല. കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട ‘മാപ്പിള കലാപകാരികള്‍’ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കോടതി നടപടികള്‍ക്കൊടുവില്‍ ഭരണകൂടം വധിച്ചത്” ഐസിഎച്ച്ആര്‍ പാനല്‍ പറയുന്നു.

പാനല്‍ നിര്‍ദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐസിഎച്ച്ആര്‍ ഡയറക്ടര്‍ (ഗവേഷണ, ഭരണ നിര്‍വഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്തമാക്കി.

ചരിത്രത്തിന്റെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തുന്ന സത്യാനന്തര കാലത്ത് കൂടുതൽ ഉച്ചത്തിൽ നാം വിളിച്ചു പറയണം “വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്ലിയാരുമുൾപ്പെടുന്ന മാപ്പിളമാരൊക്കെയും സ്വാതന്ത്ര്യ സമര സേനാനികൾ തന്നെയായിരുന്നു”

വികലമാക്കിയ ഭൂതകാലത്തെ കുറിച്ചുള്ള വർത്തമാനമാണ് ഭാവിയോട് നാം ചെയ്യുന്ന ഏറ്റവും വലിയ പാതകം.

Inputs from various sources

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x