നോൺ-പെർമനന്‍റ് അംഗമായി ഇന്ത്യ രക്ഷാസമിതിയിൽ
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ നോൺ- പെർമനന്‍റ് (സ്ഥിരമല്ലാത്ത) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവർഷമാണു കാലാവധി. 193 അംഗ യുഎൻ പൊതുസഭയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് അനുകൂലമായി കിട്ടി. അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം രക്ഷാസമിതിയിലെത്തിയിട്ടുണ്ട്.
192 അംഗരാജ്യങ്ങൾ വോട്ടിങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണു വേണ്ടത്. അതായത് 128 വോട്ട്. വൻ ഭൂരിപക്ഷമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. ക്യാനഡ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. അടുത്ത ജനുവരി ഒന്നുമുതലാണ് ഇന്ത്യ രക്ഷാസമിതി നോൺ പെർമനന്‍റ് അംഗമായിരിക്കുക. അഞ്ച് സ്ഥിരാംഗങ്ങളാണ് സമിതിയിലുള്ളത്- യുഎസ്, യുകെ, റഷ്യ, ഫ്രാൻസ്, ചൈന. 10 സ്ഥിരമല്ലാത്ത അംഗങ്ങളും ചേർത്ത് 15 അംഗങ്ങളാണു രക്ഷാസമിതിയിൽ.
നോൺ പെർമനന്‍റ് സീറ്റുകൾ നൽകുന്നത് റീജണൽ അടിസ്ഥാനത്തിലാണ്. ആഫ്രിക്കൻ- ഏഷ്യൻ രാജ്യങ്ങൾക്ക് അഞ്ചു സീറ്റാണുള്ളത്. ഒന്ന് കിഴക്കൻ യൂറോപ്പിന്. ലാറ്റിൻ അമെരിക്കയ്ക്കും പടിഞ്ഞാറൻ യൂറോപ്പിനും രണ്ടു വീതം.
ഏഷ്യ-പസഫിക് കാറ്റഗറിയിൽ നിന്നുള്ള ഏക സ്ഥാനാർഥിയായിരുന്നു ഇന്ത്യ. ചൈനയും പാക്കിസ്ഥാനും അടങ്ങിയ 55 അംഗ ഏഷ്യ-പസഫിക് ഗ്രൂപ്പ് കഴിഞ്ഞവർഷം ജൂണിൽ തന്നെ ഇന്ത്യയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിരുന്നു. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ അംഗമാകുന്നത്.
1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 വർഷങ്ങളിലാണ് ഇതിനുമുൻപ് തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭ ഈ വർഷം എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ രക്ഷാസമിതിയിലുണ്ട് എന്നത് നേട്ടമാണെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എസ്. തിരുമൂർത്തി പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS