Environment

സെപ്റ്റംബർ 24; ലോക ഗൊറില്ല ദിനം

ഗൊറില്ല..! പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയിച്ച മലമുകളിൽ കയറി നിന്ന് നെഞ്ചിൽ ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കുന്ന ഭീകര ജീവികളെ ആയിരിക്കും. വാസ്തവത്തിൽ സസ്യാഹാരം ഭക്ഷിക്കുകയും സമാധാനപരമായി ജീവിതം നയിക്കുകയും ചെയ്യുന്ന ജീവി വർഗമാണ് ഗൊറില്ലകൾ.

ജനിതകമായി മനുഷ്യരോട് വളരെ ചേർന്ന് നിൽക്കുന്ന ഗൊറില്ലകൾ, മനുഷ്യൻ, കുരങ്ങ്, ലെമുർ, ഒറങ്ഉട്ടാൻ, ചിമ്പാൻസി എന്നിവയൊക്കെ അടങ്ങിയ പ്രൈമേറ്റ് (primates) എന്ന ജീവി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ജനിതക ഘടന പരിശോധിച്ചാൽ ഗൊറില്ലകളും മനുഷ്യരും തമ്മിൽ 98.3% സാമ്യമുണ്ട്. ചിമ്പാൻസികൾ ബോണോബോകൾ എന്നീ ജീവികൾക്ക് ശേഷം മനുഷ്യരുമായി ജനിതകപരവും പരിണാമപരവുമായി ഏറ്റവും ബന്ധമുള്ള ജീവികളാണ് ഗൊറില്ലകൾ.

ചിരി, സങ്കടം, എന്നിങ്ങനെയുള്ള മനുഷ്യരുടേത് പോലെയുള്ള വികാരങ്ങളും പെരുമാറ്റങ്ങളും ഗൊറില്ലകൾ പ്രകടിപ്പിക്കാറുണ്ട്. മനുഷ്യൻ കാലുകൾ ഉപയോഗിച്ചാണ് നടക്കുന്നതെങ്കിൽ ഗൊറില്ലകൾ കാലുകൾക്കുപുറമെ കൈകളും നടക്കാൻ ഉപയോഗിക്കാറുണ്ട്. ഇവയുടെ കൈകൾക്ക് കാലുകളെക്കാൾ വലിപ്പമുണ്ട്. വിരലുകളുടെ പിൻഭാഗം കാലുകൾ പോലെ ഉപയോഗിക്കാൻ അവയ്ക്ക് കഴിയും. ഇങ്ങനെ നടക്കുന്നതിനെ വിരൽ കുത്തി നടപ്പ് എന്ന് അർഥം വരുന്ന നക്കിൾ വാക്ക് (knuckle walk) എന്നു പറയുന്നു.

ഗൊറില്ലകൾ സംഘങ്ങളായാണ് ജീവിക്കുന്നത്. ഗൊറില്ലകളുടെ കൂട്ടത്തിനെ ട്രൂപ്പ് (troop) എന്നാണ് വിളിക്കുന്നത്. ട്രൂപ്പിന്റെ നേതൃത്വം ഒരു മുതിർന്ന ആൺ ഗോറില്ലയ്‌ക്കായിരിക്കും. ഇവ സിൽവർ ബാക്ക് എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരായ ഇവർ, മറ്റു ട്രൂപ്പുകളിലെ പ്രായം കുറഞ്ഞ കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കുവാൻ വേണ്ടിയും അവയെ പേടിപ്പിച്ചോടിക്കുവാൻ വേണ്ടിയും, മരച്ചില്ലകൾ തകർക്കുകയും, കൈകൊണ്ട് നെഞ്ചിൽ അടിക്കുകയും, നിലവിളിക്കുകയും, പല്ലുകടിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ശല്യക്കാരായ ഗൊറില്ലകളെ എടുത്തു കുലുക്കാമുറുണ്ട്.

എട്ടു വയസാംകുമ്പോഴേക്കും പെൺ ഗൊറില്ലകൾ പ്രത്യുല്പാദന ശേഷിയുള്ളവരാകുന്നു. പെൺ ഗോറില്ലകളെ അപേക്ഷിച്ചു ആൺഗോറില്ലകൾ വൈകിയാണ് പ്രത്യുല്പാദന ശേഷി കൈവരിക്കുന്നത്. പ്രജനനത്തിന് വേണ്ടി പെൺ ഗോറില്ലകൾ സ്വന്തം കൂട്ടം ഉപേക്ഷിച്ചു മറ്റൊരു കൂട്ടത്തെയോ, അല്ലെങ്കിൽ ഒറ്റ സിൽവർ ബാക്കിനെയോ കണ്ടെത്തണം. ഒരു പെൺ ഗോറില്ല പ്രജനനം ആരംഭിച്ചു കഴിഞ്ഞാൽ നാലോ, ആറോ വർഷത്തിലൊരിക്കൽ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു, ജീവിതകാലം മുഴുവൻ മൂന്നോ നാലോ കുഞ്ഞുങ്ങൾക്കാണ് ആകെ ജന്മം നൽകുന്നത്.

ഇഷ്ടപ്പെട്ട ഭക്ഷണത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് രാവിലെ ഉണരുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ആവശ്യമുള്ളത് ഇഷ്ടംപോലെ കഴിക്കാം.! സസ്യവിഭവങ്ങൾ മാത്രം ഭക്ഷിക്കുന്ന ഗോറില്ലകൾക് വനത്തിലെ ജീവിതം ഏതാണ്ട് അത് പോലെയാണ്. അവരുടെ ഇഷ്ടവിനോദവും ഭോജനം തന്നെ. പ്രായപൂർത്തിയായ ഒരു ആൺ ഗോറില്ല ഒരു ദിവസം 18 കിലോഗ്രാം വരെ ഭക്ഷിക്കും എന്നാണ്. അത്രയേറെ ഭക്ഷണം ഉൾകൊള്ളാവുന്ന അത്ര വലുതാണ് അവയുടെ ആമാശയം. ബലിഷ്ഠമായ താടിയെല്ലുകൾ എത്ര കട്ടിയുള്ള മരചില്ലകളും അകത്താകുവാൻ ഇവയെ സഹായിക്കുന്നു.

ഇലകൾ, മരത്തണ്ടുകൾ, പഴങ്ങൾ, വിത്തുകൾ, വേരുകൾ, ഉറുമ്പ്, ചിതൽ മുതലായവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ച് വിസർജിക്കുന്നത് മണ്ണിൻറെ ഫലപുഷ്‌ടി വർധിപ്പിക്കുകയും കാടിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

മധ്യ ആഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലുമാണ് ഇവ കാണപ്പെടുന്നത്. ഗൊറില്ലകളെ കാണപ്പെടുന്ന പ്രദേശങ്ങളെ തമ്മിൽ വേർതിരിച്ചു കൊണ്ട് കോംഗോ നദിയും അതിൻറെ കൈവഴികളും ഒഴുകുന്നുണ്ട്. ഇരുപുറങ്ങളിൽ രണ്ട് ഇനങ്ങളായാണ് ഗൊറില്ലകൾ കാണപ്പെടുന്നത്. കിഴക്കൻ ഗൊറില്ലകൾ (Eastern Gorilla – Gorilla beringei), പടിഞ്ഞാറൻ ഗൊറില്ലകൾ (Western Gorilla – Gorilla gorilla) എന്നിങ്ങനെയാണ് രണ്ടിനം ഗൊറില്ലകൾ. കോംഗോ വനമേഖലയിൽ ഏകദേശം 560 മൈൽ ദൂരത്തിലാണ് രണ്ട് ഇനങ്ങളും കാണപ്പെടുന്നത്. ഓരോ ഇനത്തിലും താഴ്ന്ന പ്രദേശത്തും ഉയർന്ന പ്രദേശത്തും കാണപ്പെടുന്ന ഉപ ഇനങ്ങളുമുണ്ട് (sub-species).

ഗുരുതര വംശനാശഭീഷണി നേരിടുന്നവയാണ് രണ്ട് ഇനങ്ങളും.
രണ്ടിനം ഗോറില്ലകളുടേയും എണ്ണം പതിറ്റാണ്ടുകളായി കുറഞ്ഞുവരികയാണ്. കുറഞ്ഞ പ്രത്യുത്‌പാദന നിരക്ക് ഗോറില്ലകളുടെ ജനസംഖ്യ കുറയുന്നതിന് പ്രധാനപ്പെട്ട കാരണമാകുന്നു. 2020-കളുടെ പകുതിയോടെ കോങ്കോ നദീതടത്തിന്റെ വലിയ ഭാഗങ്ങളിൽ നിന്നു അവ അപ്രത്യക്ഷമാകുമെന്നാണ് 2010-ലെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്‌ സുചിപ്പിക്കുന്നത്.

WWF, അതുപോലെയുള്ള മറ്റു സങ്കടനകളും സർക്കാരുകളും നടപ്പിലാക്കുന്ന സംരക്ഷണ ശ്രമങ്ങൾ ഇവയുടെ എണ്ണം ഒരു പരിധിക്കപ്പുറം കുറഞ്ഞു പോകാതിരിക്കാൻ സഹായകമായിട്ടുണ്ട്. ഗോറില്ലകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്താൻ വേണ്ടി പുതിയ ചില സംരക്ഷിത മേഖലകൾ നിയുക്തമാക്കിയിട്ടുണ്ട്. ഗോറില്ലകളുടെ എണ്ണത്തിൽ അടുത്തകാലത് വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2018 നവംബറിൽ ഗുരുതര വംശനാശഭീഷണി നേരിടുന്ന ഇനത്തിൽ നിന്നും endangered കാറ്റഗറി യിലേക് വന്നു. ആദ്യമായി ഗോറില്ലകളുടെ സംരക്ഷണത്തെ നിയമപരമായി ബന്ധിപ്പിക്കുന്ന ‘The Gorilla Agreement ‘ 2020 ജൂൺ 1-നു നിലവിൽ വന്നു. 2017 മുതൽ സെപ്റ്റംബർ 24, ലോക ഗോറില്ല ദിനമായി ദി ഡിയാൻ ഫോസി ഗോറില്ല ഫണ്ട്‌ ഇന്റർനാഷണലിന്റെ ( The Dian Fossey Gorilla Fund International, DFGFI) നേതൃത്വത്തിൽ ആഘോഷിക്കുന്നു. കടുത്ത വംശനാശഭീഷണി നേരിടുന്ന ഗോറില്ലകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x