Opinion

കുംഭമേള തൊട്ട് ‘പ്രബുദ്ധ കേരളത്തിലെ’ തൃശൂർ പൂരം വരെ; മക്കയിൽ നിന്ന് നമ്മൾക്ക് ഈ കാലത്ത് ഒരുപാട് മാതൃകയുണ്ട്

പ്രതികരണം/നാസിറുദ്ദീൻ മറിയം

കോവിഡ് വ്യാപനത്തിൻ്റെ തുടക്കം തൊട്ട് തന്നെ മുസ്ലിം ആരാധനാലയങ്ങളും സംവിധാനങ്ങളുമെല്ലാം സർക്കാർ കേന്ദ്രങ്ങളുടേയും ആരോഗ്യ പ്രവർത്തകരുടേയും മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്, ലോകത്തുടനീളം.

എല്ലാ ആചാരാനുഷ്ഠാനങ്ങളിലും ഇതിനായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബദ്ധങ്ങളോ വീഴ്ചകളോ അല്ലാതെ മുസ്ലിങ്ങൾ എവിടെയും കോവിഡ് വിരുദ്ധ പോരാട്ടത്തിലെ വിലങ്ങ് തടിയായിട്ടില്ല, സംഘടിതമായി പ്രോട്ടോകോൾ ധിക്കരിച്ചുള്ള മത ചടങ്ങുകളുമായി മുന്നോട്ട് പോയിട്ടുമില്ല.

ശ്രദ്ധേയമായ കാര്യം മുസ്ലിങ്ങൾക്ക് സാഹചര്യത്തിനനുസരിച്ച് മാറാനുള്ള അവസരമൊരുക്കിയത് അവരുടെ പ്രമാണങ്ങൾ തന്നെയാണ്.

മക്കയിൽ മാത്രമല്ല കേരളത്തിലെ മുക്കു മൂലകളിൽ വരെയുള്ള മുസ്ലിം പണ്ഡിതരും വിശ്വാസികളും അവരുടെ വിശ്വാസത്തേയും പ്രമാണങ്ങളേയും അടിസ്ഥാനമാക്കി നടത്തിയ ഗഹനമായ ചർച്ചകളിലൂടെയാണ് പള്ളികൾ അടച്ചിടാനും ആചാരനുഷ്ഠാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമൊക്കെ തീരുമാനിച്ചത്.

അവരുടെ ആറാം നൂറ്റാണ്ടിലെ ‘കിതാബും’ പ്രവാചക ജീവിതവുമൊന്നും അതിന് തടസ്സമായില്ല, ഊർജമാവുകയായിരുന്നു. ലോകത്തുടനീളം മുസ്ലിം സമുദായം ഏറെക്കുറെ ഒറ്റക്കെട്ടായാണ് ഈ മാറ്റങ്ങൾ സ്വീകരിച്ചത്.

പക്ഷേ ‘വിവരം കെട്ട’ ഉത്തരേന്ത്യക്കാരുടെ കുംഭമേള തൊട്ട് ‘പ്രബുദ്ധ കേരളത്തിലെ’ തൃശൂർ പൂരം വരെ തികഞ്ഞ ധാർഷ്ട്യത്തോടെ തന്നെ കൊണ്ടാടുന്നു.

എന്ത് കൊണ്ടാണ് ഹിന്ദു മത വിശ്വാസികളിൽ നിന്ന് ഇതിനെതിരായി ശക്തമായ പ്രതിഷേധമുയരാത്തത് ? ഹിന്ദുത്വ രാഷ്ട്രീയ താൽപര്യത്തിനനുസൃതമായി ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും ആസൂത്രിതമായി ഉപയോഗിക്കപ്പെടുകയാണിന്ന്.

അതിനെതിരിൽ ഫലപ്രദമായ ചെറുത്ത് നിൽപ് പോലും സമുദായത്തിലെ വിശ്വാസികൾക്കിടയിൽ നിന്നുണ്ടാവുന്നില്ല. ലോകത്ത് വേറെ ഏതെങ്കിലും സമുദായത്തിൽ ഇത്ര സംഘടിതമായും ധാർഷ്ട്യത്തോടെയും കോവിഡ് മേളകൾ അരങ്ങേറുന്നുണ്ടാവില്ല.

ഹിന്ദു വിശ്വാസ രീതികളും ആചാരാനുഷ്ഠാനങ്ങളും പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴടങ്ങുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം, അഥവാ എളുപ്പം കീഴടക്കാൻ സാധിക്കുന്നു. അതിന് ചരിത്രപരവും മതപരവുമായ കാരണങ്ങളുണ്ടാവും.

പക്ഷേ ഇന്ത്യൻ യുക്തിവാദവും, പലപ്പോഴും ഇടത് ആശയക്കാരും, മതം അല്ലെങ്കിൽ വിശ്വാസമാണ് പ്രശ്നമെന്ന തീർത്തും യാന്ത്രികവും ഉപരിപ്ലവവുമായ നിരീക്ഷണമാണ് നടത്താറുള്ളത്. മതത്തിലെയും വിശ്വാസത്തിലെയും വ്യത്യസ്ത തലങ്ങൾ, പല രീതിയിലുള്ള വ്യാഖ്യാന സാധ്യതകൾ എന്നിവയൊന്നും അവരുടെ പരിഗണനാ വിഷയമേ ആവാറില്ല.

നിരീക്ഷണങ്ങളിലും വിശകലനങ്ങളിലുമുള്ള ഈ സൂക്ഷ്മ തലങ്ങളുടെ (nuances) അഭാവമാണ് പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയം പോലുള്ളവയെ നേരിടുന്നതിൽ അവരുടെ ഗംഭീര പരാജയങ്ങളിലൊന്ന്.

അമേരിക്കൻ അധിനിവേശവും നിരന്തരമായ യുദ്ധങ്ങളും അടക്കമുള്ള ഒരു പാട് അനുകൂല ഘടകങ്ങളുണ്ടായിട്ടും ഐസിസ് പെട്ടെന്ന് പരാജയപ്പെട്ടത് കേവല സൈനിക നീങ്ങളിലൂടെ മാത്രമായിരുന്നല്ല. മുസ്ലിം സമുദായത്തിനകത്ത് നിന്ന് വന്ന ശക്തമായ എതിർപ്പുകൾ നിർണായകമായിരുന്നു. ആ എതിർപ്പുകൾ വിശ്വാസപരമായിരുന്നു, പ്രമാണങ്ങളിലൂന്നിയതായിരുന്നു.

ഈ സൂക്ഷ്മതകൾ മനസ്സിലാക്കാതെ ഹിംസാത്മകമായ രീതിയിൽ മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വ പോലുള്ള ആശയധാരകളെ നേരിടാനാവില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x