ഹബീബ് വലി മുഹമ്മദ്; പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച പാട്ടുകാരന്‍
ഗസൽ/ഷബീര്‍ രാരങ്ങോത്ത്

ആജ് ജാനെ കി സിദ് ന കരോ
യൂഹി പെഹലൂ മെ ബൈഠേ രഹോ
പ്രണയാര്‍ദ്ര മനസുകളില്‍ കുളിരു കോരിയൊഴിക്കുന്ന ഫയ്യാസ് ഹഷ്മിയുടെ തൂലികയില്‍ പിറന്ന ഈ ഗീത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കോര്‍മ വരുന്നത് ആരെയാണ്? മിക്കവരുടേയും മനസില്‍ ഫരീദ ഖനം എന്ന പേരാവും ആദ്യം വരിക. സ്വാഭാവികമാണത്. നമ്മള്‍ ഈ ഗാനം കേട്ടു പരിചയിച്ചത് അവരുടെ ശബ്ദത്തിലാണല്ലോ.
എന്നാല്‍, ആദ്യമായി ഈ ഗാനം പുറത്തു വരുന്നത് ഹബീബ് വലി മുഹമ്മദ് എന്ന ഗായകന്റെ ശബ്ദത്തിലൂടെയാണ്. 1973 ല്‍ പുറത്തിറങ്ങിയ ബാദല്‍ ഓര്‍ ബിജ്‌ലി എന്ന സിനിമക്കു വേണ്ടി സൊഹൈല്‍ റാണ സംഗീതം നല്കി ഹബീബ് വലി മുഹമ്മദ് പാടിയ ഈ ഗാനം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗാനം തന്നെയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിന് ആറു വര്‍ഷമാവുകയാണ്.
1921 ജനുവരി 16 ന് ബര്‍മയിലെ റങ്കൂണിലാണ് ഹബീബ് വലി മുഹമ്മദ് ജനിക്കുന്നത്. സമ്പന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വ്യവസായ സംരംഭങ്ങളുമായി ദേശം ചുറ്റലായിരുന്നു കുടുംബാംഗങ്ങളില്‍ പലരും. റങ്കൂണിലെ ഹ്രസ്വകാല ജീവിതത്തിനു ശേഷം അദ്ദേഹവും കുടുംബവും മുംബൈയിലേക്ക് ചേക്കേറി. ചെറുപ്പത്തിലേ ഖവാലികളോടും ഗസലുകളോടും അദ്ദേഹം പ്രിയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അക്കാദമിക രംഗത്ത് ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ന്യൂയോര്‍കിലായിരുന്നു അദ്ദേഹത്തിന്റെ ബിരുദ പഠനം.
വിഭജനാനന്തരം പത്തു വര്‍ഷത്തോളം മുംബൈയില്‍ തന്നെ ചിലവഴിച്ച അദ്ദേഹം പിന്നീട് പാകിസ്താനിലേക്ക് ചേക്കേറുകയായിരുന്നു. ഉസ്താദ് ലതാഫത് അലി ഖാനില്‍ നിന്നാണ് ഹബീബ് വലി മുഹമ്മദ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നത്. മുംബൈയിലെ ഇസ്മയില്‍ യൂസുഫ് കോളജിലെ പഠനകാലത്ത് സംഗീത പരിപാടികളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സംഗീതത്തിലുള്ള പ്രാഗത്ഭ്യവും അഭിനിവേശവും നിമിത്തം ‘താന്‍സന്‍’ എന്നായിരുന്നു കോളേജില്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഗായകന്‍ മുകേഷ് അടക്കം പങ്കെടുത്ത ഒരു സംഗീത പരിപാടിയില്‍ 1941 ല്‍ ഹബീബ് വലി മുഹമ്മദും പങ്കെടുത്തിരുന്നു. 1200 ല്‍ പരം മത്സരാര്‍ഥികളുണ്ടായിരുന്നതില്‍ ഒന്നാമതെത്തിയത് ഹബീബ് വലി മുഹമ്മദായിരുന്നു.
ലഗ്ത നഹി ഹെ ദില്‍ മെരാ ഉജ്‌ഡെ ദയാര്‍ മെ
കിസ്‌കി ബനി ഹെ ആലമെ നാ പായെദാര്‍ മെ
(ഈ നശിച്ച ദേശത്തിനു ചേര്‍ന്നതല്ല എന്റെ മനസ്
ഈ നശ്വര ലോകത്ത് സംതൃപ്തി ലഭിക്കുന്നതാര്‍ക്കാണ്) എന്ന ബഹദൂര്‍ ഷാ സഫറിന്റെ ഗസല്‍ ആയിരുന്നു അദ്ദേഹം അന്ന് പാടിയിരുന്നത്. ഗസല്‍ ആലപിച്ച് സമ്മാനം നേടാനായത് അദ്ദേഹത്തിന് ഗസലിനോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.
അമേരിക്കയിലെ പഠന സമയത്ത് സംഗീതത്തോട് അകന്നു നില്‌ക്കേണ്ടി വന്നെങ്കിലും പിന്നീട് അദ്ദേഹം ബഹദൂര്‍ ഷാ സഫറിന്റെ ഗസലുകളും ഗാലിബിന്റെ ഗസലുകളും ഈണം നല്കി ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍ പുറത്തിറക്കി തിരിച്ചു വന്നു. ബഹദൂര്‍ ഷാ സഫറിന്റെ ഗസലുകളോട് അദ്ദേഹം പ്രത്യേകമായ ഒരു ഇഷ്ടം കാണിച്ചിരുന്നു. ബഹദൂര്‍ ഷാ സഫര്‍ മരണപ്പെട്ട റങ്കൂണിലാണ് തന്റെ ജനനമെന്നും, അദ്ദേഹത്തോട് തനിക്ക് പ്രത്യേകമായ താല്പര്യമുണ്ടെന്നും ഹബീബ് വലി മുഹമ്മദ് പറയാറുണ്ടായിരുന്നു.
ഗാലിബിന്റെയും ബഹദൂര്‍ ഷാ സഫറിന്റെയും ഗസലുകളുടെ റിക്കാര്‍ഡുകള്‍ പക്ഷെ വേണ്ടത്ര വിറ്റു പോയില്ല. ആയിടക്കാണ് സിനിമാ താരം മീനാ കുമാരി ഈ റിക്കാര്‍ഡുകള്‍ കേള്‍ക്കാനിടയാവുന്നത്. ഹബീബ് വലി മുഹമ്മദിന്റെ ഗസല്‍ ആലാപനത്തോട് അവര്‍ പ്രണയബദ്ധയായി. അക്കാലത്ത് സിലോണ്‍ റേഡിയോയില്‍ അവര്‍ ജോലി നോക്കാറുണ്ടായിരുന്നു. ഈ റിക്കാര്‍ഡുകളിലെ ഗസലുകള്‍ അവര്‍ മുന്‍കൈ എടുത്ത് സിലോണ്‍ റേഡിയോയില്‍ ഇടക്കിടെ പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇതോടെ ആ റിക്കാര്‍ഡിന് സ്വീകാര്യത ലഭിക്കുകയും ഹബീബ് വലി മുഹമ്മദ് ഒരു സെലിബ്രിറ്റി എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.
തന്റെ സാമ്പത്തികാടിത്തറ അദ്ദേഹത്തെ സംഗീതത്തെ ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതില്‍ നിന്ന് തടയുകയുണ്ടായി. ഒരു വശത്ത് റിക്കാര്‍ഡുകള്‍ പുറത്തിറക്കുമ്പോഴും തന്റെ കുടുംബ ബിസിനസുകളിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. സംഗീതത്തെ പ്രൊഫഷനായി കാണാത്തതിനാല്‍ തന്നെ അദ്ദേഹം മുഖ്യധാരയില്‍ നിന്ന് വേര്‍പെട്ടു തന്നെ നിന്നു. എന്നിരുന്നാലും അദ്ദേഹം ആലപിച്ച ഗസലുകളൊക്കെയും ആളുകളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
ദക്ഷിണേഷ്യന്‍ സംഗീതത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ഘരാനകളുടെ ചൂട്ടു പിടിക്കുന്നവര്‍ക്കിടയില്‍ ഒരു മുദ്ര പതിപ്പിക്കുക എന്ന ജോലി അദ്ദേഹത്തിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. ഗസലുകളും ഗീതുകളും ആലപിച്ച് ജനമനസുകളില്‍ ഒരു താരപ്രതീതി സൃഷ്ടിച്ച് അദ്ദേഹം നില്ക്കുന്ന സമയം, ഒരു മാധ്യമപ്രവര്‍ത്തകന്‍ വന്ന് അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കള്‍ ഏതു ഘരാനയിലാണ്’. ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി നല്കി: ‘My only gharana is my ghar with rehna’ (എന്റെ ഘരാന എന്റെ രഹ്‌നയും(ഭാര്യ) വീടുമാണ്). ആ മറുപടിയില്‍ എല്ലാം ഉണ്ട്. സംഗീതത്തെ തങ്ങളുടേതാണെന്ന് പറഞ്ഞ് കെട്ടിപ്പൂട്ടി സ്വന്തമാക്കുന്ന, അതിന്റെ തന്ത ചമയുന്ന ഏര്‍പ്പാടുകളോട് അദ്ദേഹത്തിന്റെ കലഹം ഇങ്ങനെയൊക്കെയായിരുന്നു.
ബോസ്റ്റണില്‍ ഒരിക്കല്‍ ഒരു പരിപാടിയിലായിരിക്കെ ഹാളില്‍ ഫയര്‍ അലാം മുഴങ്ങി. സ്വാഭാവികമായും സദസിലും വേദിയിലുമുള്ളവര്‍ ഓടി പുറത്തിറങ്ങി. പാദരക്ഷകളില്ലാതെ കിതച്ചുകൊണ്ട് ഓടി പുറത്തെത്തിയ അദ്ദേഹം ഏറെ ഭയത്തിലായിരുന്നു. എന്നാല്‍, പരിപാടിക്കെത്തിയ കുട്ടികളിലാരോ കളിക്കുന്നതിനിടെ ഫയര്‍ അലാം ആക്റ്റീവ് ആയതായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. കാര്യമറിഞ്ഞപ്പോള്‍ അക്ഷോഭ്യനായ ഹബീബ് സദസിനെ അഭിമുഖീകരിച്ച് പരിപാടി തുടര്‍ന്നു. പുനരാരംഭിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം സദസിനെ അഭിമുഖീകരിച്ചതിങ്ങനെയായിരുന്നു ‘ഈ കുട്ടിക്ക് എന്റെ പാട്ട് അത്ര ദഹിച്ചില്ലെന്ന് തോന്നുന്നു. വേറെയേതോ കളിപ്പാട്ടം കൊണ്ട് അവന്റെ മനസിനെ സന്തോഷിപ്പിക്കേണ്ടി വരും.
1980 കളില്‍ ബഹറൈനില്‍ ഒരു പരിപാടിയിലാണ് അദ്ദേഹം. ഇടയ്ക്ക് സദസില്‍ നിന്നൊരാള്‍ എഴുന്നേറ്റ് ലോങ്ങ് ഗവാചാ എന്ന പഞ്ചാബി ഗാനം ആവശ്യപ്പെട്ടു. ഹാര്‍മോണിയത്തില്‍ നിന്ന് കൈയെടുത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു;’ നോക്കൂ, ഒന്നാമത് ഞാനൊരു മേമനാണ്. ഉര്‍ദുവില്‍ സംസാരിക്കുകയും പാടുകയും ചെയ്യുന്നത് അത്ര മോശമല്ല എന്നേ ഉള്ളൂ. താങ്കളിപ്പോള്‍ പാടാന്‍ ആവശ്യപ്പെട്ടത് ഒരു പഞ്ചാബി പാട്ടാണ്. അതോ പാടി വെച്ചിരിക്കുന്നത് വളരെ മനോഹരമായ ശബദമുള്ള ഒരു സുന്ദരിയും (മുസര്‍റത് നാസിര്‍). എന്നെയും എന്റെ ശബ്ദത്തെയും നോക്കൂ ഞാനതു പാടിയാല്‍ എങ്ങനെയിരിക്കും?’ എന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം നേരത്തെ വിചാരിച്ച പോലെ തന്നെ പരിപാടി മുഴുമിച്ചു.
ഏറ്റവുമൊടുവില്‍ നേരത്തെ ലോങ്ങ് ഗവാച ആവശ്യപ്പെട്ടയാള്‍ പോയോ എന്ന് ചോദിച്ചു. അദ്ദേഹം അപ്പൊഴും അവിടെയുണ്ടായിരുന്നു. ഹബീബ് വലി മുഹമ്മദ് തുടര്‍ന്നു: ‘ശരി, ആ ഫര്‍മയിഷ് ഞാനൊന്ന് പാടാന്‍ നോക്കാം. പക്ഷേ, എല്ലാ വാതിലുകളുമൊന്ന് കൊട്ടിയടക്കണം. ഒരുത്തനും രക്ഷപ്പെടരുത്. ഒരു കൂട്ടം തടവിലാക്കപ്പെട്ട ശ്രോതാക്കളെയാണെനിക്കാവശ്യം, പിന്നെ നിങ്ങളുടെ പ്രാര്‍ഥനകളും’. അദ്ദേഹം ആ ഗാനം പാടി. സദസ് ഇളകി മറിഞ്ഞു. ആ ഗാനം അദ്ദേഹത്തിന്റെ സ്വരമാധുരിയില്‍ മികച്ച അനുഭവമായി മാറി.
സമ്പന്നതയുടെ പളപളപ്പിലും ലാളിത്യം സൂക്ഷിച്ച മനുഷ്യനായിരുന്നു ഹബിബ് വലി മുഹമ്മദ്. സിറാജ് ഖാന്‍ എന്ന എഴുത്തുകാരന്റെ വീട്ടില്‍ ഒരു മെഹ്ഫിലിന്റെ തലേ ദിവസം മുതല്‍ കുടുംബ സമേതം ഹബിബ് വലി മുഹമ്മദ് കഴിഞ്ഞു കൂടിയത് സിറാജ് ഖാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകിയാണത്രെ ഇരു കുടുംബങ്ങളും ഉറങ്ങിയത്. സ്വാഭാവികമെന്നോണം സിറാജ് ഖാന്റെ വീട്ടുകാര്‍ നേരം വൈകിയാണുണര്‍ന്നത്. ഹബീബ് സാബിനെ ഉണര്‍ത്തേണ്ട എന്നു കരുതി ശബ്ദമുണ്ടാക്കാതെ രാവിലെ അടുക്കളയിലെത്തിയ അവര്‍ക്ക് തലേ രാത്രിയിലെ പാത്രം കഴുകുന്ന ഹബീബ് വലി മുഹമ്മദിനെയും പറാത്ത ചുടുന്ന അദ്ദേഹത്തിന്റെ ബീവിയെയുമാണ് കാണാന്‍ കഴിഞ്ഞതത്രെ.
പ്രമുഖ സംഗീത സംവിധായകന്‍ ഒ പി നയ്യാര്‍ ഹബിബ് വലി മുഹമ്മദിന്റെ വലിയ ആരാധകനായിരുന്നു. 1940 കളില്‍ ഒ പി നയ്യാര്‍ തന്നെ വരികളെഴുതി സംഗീതം ചെയ്ത് ഹബിബ് സാബിനെക്കൊണ്ട് ഒരു പാട്ട് പാടിച്ചിരുന്നു. കമല്‍ റോയ് എന്ന പേരിലാണ് ഹബീബ് ആ പാട്ടു പാടിയത്. ഗസലുകളെ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഹബീബ് വലി മുഹമ്മദിന് സാധിച്ചിരുന്നു. 2014 സപ്തംബര്‍ 3 ന് അദ്ദേഹം ലോസ് ആഞ്ചലസില്‍ വെച്ച് മരണപ്പെടുകയായിരുന്നു.