Sports

മുൻ ദേശീയ വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

മായില്ല മനസ്സിൽ നിന്ന്, തട്ടമിട്ട് പന്തുതട്ടുന്ന ആ രൂപം. ആദ്യമായി ഒരു ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണം കണ്ടെത്തിയത് പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെയും ആകെയുണ്ടായിരുന്ന കുറച്ച് ആഭരണങ്ങൾ വിറ്റുമായിരുന്നു എന്ന് അവർ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

പക്ഷേ രണ്ട് പതിറ്റാണ്ടിലേറെയായി പരിശീലന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഫൗസിയ മാമ്പറ്റ എന്ന ഫുട്ബോൾ കോച്ചിൻ്റെ ഇച്ഛാശക്തിക്കു മുന്നിൽ ഈ പ്രതിബന്ധങ്ങളൊന്നും തടസ്സമായിരുന്നില്ല.

ഫുട്ബോൾ, ഹാൻഡ്ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ഹോക്കി, വോളിബോൾ, ജൂഡോ ഫൗസിയ അണിയാത്ത ജഴ്സി കൾ ചുരുക്കം, അതിൽ പലതും സംസ്ഥാനത്തിൻ്റേതും ജില്ലയുടേയും തന്നെയായിരുന്നു. അവസാനം ജീവിതമാർഗ്ഗമായി സ്വീകരിച്ചത് ഫുട്ബോൾ കോച്ചിൻ്റെ വേഷം.

നടക്കാവ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഭൗതികസൗകര്യങ്ങളിൽ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഫുട്ബോളിൽ ഫൗസിയ ഒറ്റക്ക് നടക്കാവിനെ ദേശീയ തലത്തിലെത്തിച്ചിരുന്നു.

ദേശീയ താരം ടി. നിഖില ഉൾപ്പെടെ നിരവധി പേർ ഫൗസിയയുടെ ശിക്ഷണത്തിൽ ഫുട്ബോൾ കളങ്ങളിൽ മികവുതെളിയിച്ചു. പരിശീലകയെന്ന നിലയിൽ ദേശീയ തലത്തിലും കേരളത്തിന് നേട്ടങ്ങളുണ്ടാക്കി.

ജീവിത പ്രാരാബ്ധങ്ങളെ തൻെറ പോസ്റ്റിൽ ഗോളടിക്കാൻ വിടാതെ പ്രതിരോധിച്ച ഈ മുൻ കേരളാ ഗോൾ കീപ്പർക്ക് ഇടക്ക് ക്യാൻസറിൻ്റെ രൂപത്തിൽ പുതിയ പരീക്ഷണമെത്തി, പക്ഷേ എല്ലാവരേയും അൽഭുതപ്പെടുത്തിക്കൊണ്ട് കീമോതെറാപ്പി കഴിഞ്ഞ് നേരെ ഗ്രൗണ്ടിലേക്കാണ് ഫൗസിയ എത്തിയത്.

അത്രമേൽ അവർ ഈ കളിയെ സ്നേഹിച്ചിരുന്നു. താൻ ചെയ്യുന്ന തൊഴിലിന് വില കൽപ്പിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കളത്തിലും പുറത്തും നിറഞ്ഞു നിൽക്കുമ്പോഴും അവരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. അവിടെയും അവർ നല്ല പോരാട്ടത്തിലായിരുന്നു.

പെൺകുട്ടികളെ അക്ഷരം പഠിക്കാൻ പോലും അനുവദിക്കാത്ത കാലത്ത് അക്ഷരം പഠിക്കുന്നതിനോടൊപ്പം മൈതാനത്തിലിറങ്ങി നല്ല സുന്ദരമായി പന്ത് തട്ടുകയും കയ്യിലൊതുങ്ങാത്തത്ര ഭാരമെടുത്ത് പൊക്കി സമൂഹത്തിന്റെ യാഥാസ്ഥിതികതയുടെ കവിളത്ത് ഊക്കനടിയടിച്ച് മെല്ലെ നടന്ന് മുന്നേറിയ വനിതയുടെ പേരാണ് ഫൗസിയ.

ഉമ്മയില്ലാതെ വളർന്ന ബാല്യം.. പന്തു തട്ടുന്ന പെണ്ണിനെ തുറിച്ച് നോക്കുന്ന നാട്ടുകാർ.. ഏറെ പ്രോത്സാഹനം കൊടുത്തിരുന്ന ബാപ്പയുടെ അപകട മരണം.. പന്തിന് പിന്നാലെ പായുന്ന പെണ്ണിനെ കെട്ടാൻ മടി കാണിച്ച യാഥാസ്ഥിതിക സമൂഹം.. അകാലത്തിൽ തകർന്ന് പോയ ദാമ്പത്യം.. ശരീരത്തെ കാർന്നു തിന്നുന്ന അർബുദമെന്ന പരീക്ഷണം…

ഇങ്ങനെ ചെറുപ്രായം മുതൽ സ്വന്തം ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം നേരിട്ട പെൺകരുത്തിന്റെ പ്രതീകമാണ് ഫൗസിയ !

ദേശീയ ഫുട്ബോൾ ടീം ഗോൾ കീപ്പറുടെ റോൾ മാത്രമല്ല, വെയ്റ്റ് ലിഫ്റ്റിങ്ങ്, പവർലിഫ്റ്റിങ്ങ്, ക്രിക്കറ്റ്, ജൂഡോ,ഹാൻഡ്ബോൾ, വോളിബോൾ, ഹോക്കി തുടങ്ങിയ ഗെയിംസ് ഇനങ്ങളിലെല്ലാം സംസ്ഥാന തലത്തിൽ മത്സരിക്കുകയും മെഡൽ നേടുകയും ചെയ്തു.

ഒരു തുറന്ന പുസ്തകമാണ് ഫൗസിയ, കുരുന്നു പ്രതിഭകളെ കണ്ടെത്തി സംസ്ഥാന ദേശീയ തലത്തിൽ വരെ മത്സരിക്കാൻ പ്രാപ്തരാക്കുന്ന കഠിനാദ്ധ്വാനിയായ കോച്ച്!

ഇന്ന് രാവിലെ , എവേ മാച്ചിൽ ഫൗസിയ നിലം തൊടീക്കാത്ത കാൻസർ, ഹോം മാച്ചിൽ അവരെ തോൽപ്പിച്ചിരിക്കുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x