IndiaViews

ഇത് താലിബാന്റെ അഫ്ഗാൻ അല്ല ! ജനാധിപത്യ ഇന്ത്യയാണ്, ഡിജിറ്റൽ ഇന്ത്യ.

ബേബി പുത്തൻപുരക്കൽ

ആസ്സാം കുറച്ചാളുകളെ പിടിച്ചുലച്ചു.അത്രയെങ്കിലും നല്ലത്… ഫാസിസത്തിനെതിരെ നിതാന്ത ജാഗ്രതക്കാരായ പുരാഗമനക്കാരെ അധികം പേരെ അതിൽ കണ്ടുമില്ല. ഹിന്ദു സുഹൃത്തുക്കളോടാരും ചോദ്യം ചോദിച്ചുമില്ല…

ഇന്നലത്തെ ദൃശ്യം ക്രിസംഘി വലയിൽ വീണ ഒരു പ്രൊഫൈലുകളും കണ്ടില്ല. അതും നല്ലത്.. “അവന്മാർക്ക് അങ്ങനെ തന്നെ കൊടുക്കണം” എന്ന സ്വന്തം വികാരം എഴുതാൻ കൊള്ളില്ല എന്നൊരു ചിന്ത ഇന്നും ബാക്കിയുണ്ടല്ലോ..

അല്പം ചരിത്രം പറയുകയാണ് … ചരിത്രം സകല യുക്തിവാദികൾക്കും, മതവും മതഗ്രന്ഥവുമാണ് എല്ലാറ്റിനും കാരണം എന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്ന നല്ല മനുഷ്യർക്കും, ഇന്ന് ചതുർത്ഥിയാണെങ്കിലും …

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഒരൊറ്റ ബ്രിട്ടീഷ് പ്രവിശ്യയായിരുന്നു ബംഗാളും ആസാമും .പിന്നീടാണ് ബ്രിട്ടീഷുകാർ ഹിന്ദു ബംഗാൾ x മുസ്ലിം ബംഗാൾ എന്ന വിഭജനം കൊണ്ടുവരുന്നത്. 1857 ൽ ഇന്ത്യ കണ്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ഹിന്ദു-മുസ്ലീം ഐക്യത്തിൽ നിന്നു പഠിച്ച “ഭിന്നിപ്പിക്കുക, പിന്നെയും ഭിന്നിപ്പിക്കുക ” എന്ന പാഠം അവർ എന്തു വില കൊടുത്തും നടപ്പാക്കുകയായിരുന്നു.

അതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന് ആഞ്ഞടിച്ച ബാൽ- പാൽ – ലാൽ ത്രയം (ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത് റായ് ) കോൺഗ്രസിനെ ഏറെക്കുറെ ഒരു ഹിന്ദു കോൺഗ്രസാക്കിയ ഘട്ടത്തിലാണ് ഗാന്ധിജി കോൺഗ്രസ് നേതൃത്വത്തിലെത്തിയത്. വലിയ അനുഭവങ്ങളും ലോകവീക്ഷണവുമുണ്ടായിരുന്ന അദ്ദേഹം അക്കാല യൂറോപ്പിന്റെ എസ്ക്ളുസിവിസ്റ്റ് ദേശീയതക്കെതിരെ ഇൻക്ളുസീവ് ദേശീയതയുടെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നു.
ഹിന്ദു – മുസൽമാൻ ഭായി ഭായി എന്ന മുദ്രാവാക്യം അദ്ദേഹം മുന്നോട്ടുവച്ചു. (ഖിലാഫത്ത് കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രമാണ് വിഭജനത്തിന് അടിത്തറയിട്ടത് എന്ന ചില ഉന്നത ബുദ്ധിജീവി ചിന്തകൾ ഒട്ടും നിഷ്കളങ്കമല്ല)

ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിച്ച് ബംഗ്ലാദേശാക്കിയത് ഇന്ത്യയാണ്. ആ ബംഗ്ലാദേശ് ഇന്ന് ഇന്ത്യയുടെ അടുത്ത സുഹൃത്തുമാണ്. ആ രാജ്യക്കാരായ മനുഷ്യരെ ബംഗ്ലാദേശികൾ എന്നപഹസിക്കാനും മനുഷ്യരെക്കാൾ താഴെയുള്ള ഒന്നായിക്കാണാനും ഈ കേരളത്തിൽപ്പോലും പൊതുബോധത്തെ പഠിപ്പിക്കാൻ പറ്റിയിരിക്കുന്നു.
ഏറ്റവും നിസ്വരും ആഡ്യ പൊതുബോധത്തിന് നിന്ദ്യരുമായ മനുഷ്യർ താമസിക്കുന്ന ചേരികൾ കേരളത്തിലും ബംഗ്ളാദേശ് കോളനികളാണ്…

ആ പൊതുബോധത്തിലാണ് സംഘികളും ക്രിസംഘികളും യുക്തി സംഘികളും വിത്തിറക്കി വിളവെടുക്കുന്നത്.കരുണ പാടെ വറ്റിപ്പോയ വന്യമായ കണക്കുകൂട്ടലുകളുടെ രാഷ്ട്രീയം “ഇടത് “എന്ന പേരിൽ വിടർന്നു വിലസുന്നു.
അവിടെ (ആ പൊതുബോധസൃഷ്ടിയിൽ ) 94- 2001 കാലത്ത് അഫ്ഗാനിസ്ഥാൻ ഭരിച്ച താലിബാൻ അമേരിക്കയുമായുള്ള കരാറിന്റെ ഭാഗമായി തിരികെ അധികാരത്തിൽ വരുന്നത് മ്യാൻമറിലെ പട്ടാള അട്ടിമറിയെക്കാളും കൂട്ടക്കൊലകളെക്കാളും നൂറിരട്ടി ഭീതി വിതറുന്ന കാര്യമാകുന്നു.

കേരളം താലിബാൻ ഫാൻസ് പിടിക്കും എന്ന വ്യാജ ഭീതി പരത്താൻ ഉന്നത ഇടത് പ്രൊഫൈലുകൾ പോലും ഒരു കൈ സഹായം നല്കുന്നതിലെത്തിയ ഒരു രാഷ്ട്രീയ സാമൂഹ്യ ഭൂമികയിലാണ് ബിഷപ്പുമാരുടെ വിഷഭാഷണം വരുന്നതും ആസാമിലെ ദൃശ്യങ്ങൾ വലിയ രാഷ്ട്രീയ ഭൂകമ്പമൊന്നുമുണ്ടാക്കാത്ത സാധാരണ കാര്യമായിത്തീരുന്നതും.

ഇന്നും ഒരു മതേതര ജനാധിപത്യ കേരളം അഭിലഷിക്കുന്നവരാണ് മഹാ ഭൂരിപക്ഷം കേരളീയരും. പക്ഷേ അവരുടെ മനസ്സുകളെ തുരന്നു കയറുന്ന ഫോബിയകളെക്കുറിച്ച് കണ്മുന്നിൽ പിടിച്ച ഒരു കണ്ണാടിയാണ് ഇന്നലെത്തെ സംഭവവും അതിനോടുള്ള പ്രതികരണങ്ങളും.

ഒരു മണിക്കൂർ വെറുതെയിരുന്ന് നാമെല്ലാം ചരിത്ര സംഭവങ്ങളെക്കുറിച്ച്‌ വീണ്ടുവിചാരം നടത്തുന്നത് നന്നായിരിക്കും.

ഏതാനും നാൾ മുമ്പ് പ്രിയ സഹോദരനായിരുന്ന വ്യക്തിയുടെ നെഞ്ചിൽ സംഹാര താണ്ഡവമാടുന്ന വെറുപ്പിന്റെ അവതാരമൂർത്തിയായി മനുഷ്യൻ മാറുന്നത് അതിവേഗത്തിലാണെങ്കിൽ അതിനു പിന്നിൽ അത്ര വലിയ അദ്ധ്വാനവും കുതന്ത്രങ്ങളുമുണ്ട്.
സ്വയം അതിന് ചെറുവിരൽ കൊണ്ടെങ്കിലും സഹായം ചെയ്യുന്നുവോ എന്ന് നാമെല്ലാം ആത്മപരിശോധന നടത്തേണ്ട സമയമല്ലേ ഇത്?

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x