മനുഷ്യൻ മരിച്ചിരിക്കുന്നു. ആ തിരിച്ചറിവിന്റെ ആർദ്രമായ സുഷുപ്തിയിൽ അടങ്ങുക. ഉത്തരങ്ങൾ തേടിയുള്ള യാത്രകൾ ചോദ്യങ്ങളെ ശക്തിപ്പെടുത്തുകയെ ഉള്ളു. ഗ്രീൻ ന്യൂ ഡീൽ, ബദലുകൾ ഒക്കെയും ഉപാധികൾക്ക് വേണ്ടിയുള്ള ചികയലുകളാണ് . മനുഷ്യൻ തോറ്റിരിക്കുന്നു. ആ നിരാലംബതയുടെ, പ്രതീക്ഷയറ്റതിന്റെ പ്രശാന്തതയെ വരവേൽക്കലാണ് ഇനി വേണ്ടത്. ‘പിട്ത്തം വിട്ക’.. അതെ പിടി വിടുക.
മനുഷ്യാനന്തര ചിന്താധാരയുടെ വക്താവും, എമെർജൻസ് നെറ്റ്‌വർക്കിൻറെ സ്ഥാപകനുമായ ബയോ അക്കൊമോലാഫ് എന്ന നൈജീരിയക്കാരൻ തത്വ ചിന്തകന് ലീനിയർ ആഖ്യാനങ്ങളിൽ (ശാസ്തത്തിന്റെയും) വിശ്വാസമില്ല. ഇതിഹാസങ്ങൾ, കടങ്കഥകൾ, പഴംചൊല്ലുകൾ, അന്ധവിശ്വാസങ്ങൾ, അഭ്യൂഹങ്ങൾ ഒക്കെയും യാഥാർഥ്യമാണ്. അതിഭാവുകത്വത്തിന്റെ ചൂട്ടു കറ്റകളും മിന്നി തെളിയിച്ച് യാഥാർഥ്യത്തിലേക്ക് അവയും എത്തി ചേരാറുണ്ട്.
കോറോണയെ മനുഷ്യൻ ഒരു യുദ്ധാടിസ്ഥാനത്തിലാണ് നേരിടുന്നത് എന്നും നമ്മളൊക്കെ പടയാളികളാണ് എന്നുമാണ് നിലവിലെ പ്രമുഖമായ ആഖ്യാനം. “അങ്ങനെയെങ്കിൽ”, ബയോ ചോദിക്കുന്നു “ഈ യുദ്ധത്തിൽ തോൽക്കാനല്ലേ നമ്മൾ ഇത്രയും കാലം കാത്തിരുന്നത്”. മാരീചനും ഭസ്മാസുരനും രാക്ഷസന്മാരൊക്കെയും തോൽവിക്ക് വേണ്ടിയാണ് ജീവിച്ചത്. മരണത്തിലൂടെ മോക്ഷം നേടിയവർ. സ്വന്തം രൂപം തിരിച്ചു കിട്ടിയവർ. സത്യത്തിലേക്ക് അടുത്തവർ. അതുകൊണ്ട് കൂടിയാണ് അശ്വത്ഥാമാവിന്റെ വിധി ഏറ്റവും കടുപ്പമേറിയതാവുന്നത്.
മരണമില്ലാതെ ജന്മാന്തരങ്ങളിലൂടെ അലയാൻ വിധിക്കപെട്ട അയാൾക്ക് മോചനം നല്കാൻ ഒരു വൈറസിനും കഴിയില്ല.
തിരിച്ചറിവിന്റെ കാലം
കോവിഡ് – ഇത് പ്രകൃതിയുടെ തിരിച്ചുവരവാണ്. മുതലാളിത്തത്തിന്റെ തോൽവി, കുത്തകകളുടെ ആർത്തിക്കു കിട്ടിയ പ്രതിഫലം – ഇത്തരം ആഖ്യാനങ്ങളും പ്രചാരത്തിലുണ്ട്. ഇവയെല്ലാം (ശെരിയുമാവാം) പറയാൻ ശ്രമിക്കുന്നത് ഇതാണ്. മനുഷ്യർക്ക് ഒരു തെറ്റ് പറ്റി. ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയും. ഒന്ന് ശ്രദ്ധിച്ചു ഒതുങ്ങിക്കൂടുകയേ വേണ്ടുള്ളു. ബയോവിനെ സംബന്ധിച്ചിടത്തോളം ഈ സംജ്ഞ നമുക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയുന്നതിന്റെ അപ്പുറത്താണ്. ഈ തിരിച്ചറിവിനെ ഉൾക്കൊണ്ട്, ആ നിറവിൽ സമഗ്രതയെ കണ്ടെത്താനാവണം നമ്മുടെ ശ്രമം.
ബയോ തൻറെ ‘ഞാൻ. കൊറോണ. അമ്മ. രാക്ഷസൻ. ആക്ടിവിസ്റ് ‘ എന്ന തന്റെ ലേഖനത്തിൽ ഒരു കഥയുടെ മാർഗം അവലംഭിക്കുന്നുണ്ട്. കൊറോണയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്നു. വിശ്വരൂപങ്ങൾ ഗ്രഹിക്കാനുള്ള കഴിവിൽ നിന്നും പണ്ടേ ഒഴിവാക്കപ്പെട്ട മനുഷ്യൻ കൊറോണയെ തന്റെ മുന്നിലുള്ള കസേരയിൽ കെട്ടിയിട്ട ഒരു കുട്ടിയുടെ രൂപത്തിലാണ് കാണുന്നത്. എന്നിട്ട് ചോദിക്കുന്നു “നീ ആരാണ്, എന്തിന് വന്നു”. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആ മനുഷ്യനെ ഹൃദയാലു എന്നു വിളിക്കുന്ന കൊറോണ മറുപടി പറഞ്ഞത് ഇങ്ങനെ “നമ്മുടെ അമ്മയെ തേടി”.
ഓരോ വൈറസും ഒരു തനതു ലോകം തന്നെ ആണ്. അതിനെ നോക്കാൻ നമ്മൾ ഉപയോഗിക്കുന്ന സൂക്ഷ്മദർശിനി, കീറിമുറിക്കുന്ന കത്തി, അതിനവലംഭിക്കുന്ന രീതി, ഒക്കെയും മനുഷ്യ കേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ ഉപകരണങ്ങളാണ്. സൂക്ഷ്മദർശിനിയിലൂടെ കാണുന്നത് നമുക്ക് കാണാൻ പാകത്തിലുള്ള, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കാഴ്ചകളാണ്. സത്യത്തിൽ നമ്മൾ കാണുക മാത്രമല്ല. ആ ഇമേജിനെ സൃഷ്ടിക്കുക കൂടിയാണ്.
കാരൻ ബറാദിന്റെ ‘ഇൻട്രാ-ആക്ഷൻ’ എന്ന ആശയം കടമെടുത്തു ബയോ പറയുന്നു, കൊറോണ എന്നത് ഏതോ ലാബിൽ നിന്നോ വവ്വാലിൽനിന്നോ രക്ഷപ്പെട്ട ആപത്ക്കാരിയായ വൈറസ് അല്ല മറിച്ചു വൈറസും മനുഷ്യനും തമ്മിലുള്ള, പങ്കോലിനുകളും വവ്വാലുകളും കിഴക്കിനെപ്പറ്റിയുള്ള മുൻവിധികളും തമ്മിലുള്ള, കമ്മ്യൂണിസവും ജനാധിപത്യവും തമ്മിലുള്ള സ്റ്റേറ്റിന്റെ തോൽവിയും, നീതിയുടെ വർധിച്ചുവരുന്ന പരാധീനതകളൂം, താല്പര്യങ്ങളും, അമേരിക്കയുടെ ധാർഷ്ട്യവും, പട്ടാളത്തിന്റെ വ്യർഥതയും, നഗരങ്ങളുടെ കെമിക്കൽ പുറന്തള്ളലുകളുടെയും ഒക്കെ തമ്മിലുള്ള ആകെ തുകയാണ്, ‘ഇൻട്രാ-ആക്ഷൻ’ ആണ്.
മനുഷ്യൻ പ്രപഞ്ചത്തിൻറെ കേന്ദ്ര ബിന്ദുവല്ല എന്നത് കൊണ്ട് തന്നെ മനുഷ്യനേയും വൈറസിനേയും സ്ഥായി സ്വഭാവം കല്പിക്കുന്ന നിലവിലെ ‘ഹോസ്റ്റ്-പാതോജൻ’ ആഖ്യാനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഭഗവതിയുടെ അനുഗ്രഹമായും വിത്തുകളായും ജമന്തിപ്പൂക്കൾ പൂത്തതായും ഒക്കെ വസൂരിയെ കണ്ടവരാണ് നമ്മൾ. ആധുനികതയ്ക്കു അത്തരം ചലനാത്മകമായ സ്വത്വങ്ങളോട് താല്പര്യക്കുറവുണ്ട്.
നമ്മുടെ നിലനില്പിനെക്കാളും പ്രധാനപ്പെട്ട പലതുമുണ്ടെന്നും അതിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയാണ് വേണ്ടതെന്നും ബയോ നമ്മളെ ഓർമപ്പെടുത്തുന്നു. കൊറോണ ഒരു ഉയിർപ്പ് തന്നെയാണ്. ആധുനികത നിയന്ത്രണത്തെയും നിശ്ചലതയെയും ഉപാസിക്കുമ്പോൾ അതിലെപ്പോഴും വിള്ളലുകൾ വീഴ്ത്താൻ ഉയിർപ്പുകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.
കൊറോണ അന്യനല്ല, അഥിതിയുമല്ല. സ്ഥലരാശിയിൽ എവിടെയോ നമ്മളുമായി കർമ്മബന്ധത്തിൻറെ ചരട് പങ്കിട്ടവർ. ക്രിയാത്മകമായ പരിണാമത്തിന്റെ ഏടുകൾ മറിച്ചിടാൻ നിയോഗിക്കപെട്ടവർ. നമുക്ക് തോൽക്കാം. ശാപമോക്ഷത്തിനായി കാത്തിരിക്കാം. യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ, പുതിയ രൂപാന്തരങ്ങൾ സൃഷ്ടിക്കാൻ. തന്റെ പിതൃക്കൾ ബയോവിനോട് മന്ത്രിച്ചു: “തിടുക്കത്തിന്റെ കാലമാണ്, നമുക്ക് സാവധാനം നീങ്ങാം.”
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
നല്ല നിരീക്ഷണം