Social

മു​ന്നോ​ക്ക​ സം​വ​ര​ണം; അടിസ്ഥാന തത്വങ്ങൾ അട്ടിമറിച്ച് ഇടതുപക്ഷ സർക്കാർ

പ്രതികരണം/അമൽ സി രാജൻ

പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിനു വേണ്ടി കേരള PSC നിയമനങ്ങളിലെ സംവരണ സീറ്റുകളുടേയും ജനറൽ സീറ്റുകളുടേയും അനുപാതം 50:50 എന്നതിൽ നിന്നു മാറ്റി 60:40 ആക്കാൻ പിണറായി വിജയൻ മന്ത്രിസഭ തീരുമാനിച്ചു.

ഈ കാര്യത്തെ മുഖ്യമന്ത്രി ഫേസ് ബുക്കിൽ വിശദീകരിച്ചത് താഴെ പറയും വിധമാണ്: “നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കും പിന്നോക്ക സമുദായങ്ങൾക്കുമായി 50 ശതമാനം സംവരണമാണ് നൽകുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.”

എന്താണ് ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ?പൊതുവിഭാഗത്തിലെ 50 % ത്തിൻ്റെ 10% മുന്നാക്ക സംവരണത്തിനായി നീക്കിവച്ചിരിക്കുന്നു എന്നാണോ?

അതോ ആകെ സീറ്റുകളുടെ 10% ത്തിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തും എന്നാണോ? ഒന്നാമതായി പറഞ്ഞ കാര്യമാണ് പൊതുവിൽ പ്രചരിപ്പിക്കുന്നതെന്നാണ് അനുഭവം.

അങ്ങനെയെങ്കിൽ 100 സീറ്റുകളുടെ കണക്കെടുത്താൽ അതിൽ 50% ( 50 എണ്ണം ) SC/ST /OBC സംവരണത്തിനായി മാറ്റി വച്ച ശേഷം ബാക്കി വരുന്ന 50 % സീറ്റിൽ ( 50 സീറ്റിൽ ) 10% EWS സംവരണം ഏർപ്പെടുത്തുന്നു എന്നർത്ഥം. അതായത് 50 ൻ്റെ 10% = 5 സീറ്റിലാണ് മുന്നാക്ക സംവരണം വരിക.

രണ്ടാമത്തെ രീതിയിലാണെങ്കിൽ ആകെയുളളതിന്റെ 10 % സീറ്റിലാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നത്. അല്ലാതെ ജനറലിലെ മാത്രം 10% സീറ്റിലല്ല. അതായത് 100 സീറ്റിലെ 10% (10 സീറ്റ് ) EWS സംവരണം എന്നർത്ഥം. PSC നിയമനങ്ങളിൽ ജനറൽ സംവരണ സീറ്റുകളുടെ അനുപാതം 50:50 എന്നതുമാറ്റി 60:40 ആക്കി എന്നതാണ് ഇവിടെ വസ്തുത (SC/ST /OBC= 50 % + EWS 10% = ആകെ 60% സംവരണം. ബാക്കി 40 % ഓപ്പൺ മെറിറ്റ് ). ഇതിനെയാണ് വളച്ചൊടിച്ച് പിന്നാക്കക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്.

ഇനി മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ഏറ്റവും പ്രധാനപ്പെട്ട പോയിൻ്റ് നോക്കുക, “പുതുതായി നടപ്പാക്കുന്ന 10% സംവരണം നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നൽകുന്നത് ” ഈ വാദത്തിൽ എത്രത്തോളം വസ്തുതയുണ്ട് ?

ഒന്നാമതായി 50 % പൊതുവിഭാഗം എന്നത് ഇന്നേ വരെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉദ്യോഗങ്ങളിൽ ലഭിച്ചിട്ടില്ലാത്ത SC/ ST /OBC വിഭാഗങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്. അതാണ് 50 ൽ നിന്ന് 40 ആക്കി കുറച്ചിരിക്കുന്നത്. അതിലെ കുറവു ചെയ്ത 10% ഇപ്പോൾത്തന്നെ ഓവർ റപ്രസൻ്റഡ് ആയ മുന്നാക്ക വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്നു. നൽകിയെന്നതു മാത്രമല്ല, നിലവിലുള്ള സംവരണ വിഭാഗങ്ങളെ അതു ബാധിക്കില്ല എന്നുകൂടി തെറ്റായ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു.

നിലവിൽ സംവരണ വിഭാഗങ്ങൾക്കു കൂടി അവകാശപ്പെട്ട 10% സീറ്റാണ് സവർണ്ണർക്കു നൽകിയത് എന്ന വസ്തുത വാചാടോപത്തിലൂടെ മറച്ചുവയ്ക്കാനാവില്ല. നിലവിലെ പിന്നാക്ക സംവരണത്തിന്റെ വിഭജന ക്രമത്തിൽ മാറ്റം വരുന്നില്ല എന്ന സാങ്കേതിക കാര്യത്തെ അവകാശനഷ്ടം വരുന്നില്ല എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തട്ടിപ്പാണ്.

“സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം” എന്ന മുഖ്യമന്ത്രിയുടെ പ്രയോഗവും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കുമല്ല, മറിച്ച് മുന്നാക്ക വിഭാഗങ്ങൾക്ക് മാത്രമാണ് ഈ പുതിയ സംവരണം എന്നതാണ് വസ്തുത.

ഇവിടെ മറ്റൊരു ചോദ്യം ‘നിഷ്കളങ്കരുടെ ‘ മനസിൽ ഉയർന്നു വന്നേക്കാം. ആകെ സീറ്റെണ്ണത്തിൻ്റെ 10% ആണ് EWS സംവരണമേർപ്പെടുത്തുന്നത് എന്നതിന് എന്താണുറപ്പ് ?ഉറപ്പുണ്ട്. +1 പ്രവേശനം തന്നെ തെളിവ്. ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിൽ താഴെ ഹയർ സെക്കണ്ടറി സീറ്റുകളാണ് സർക്കാരിനു കീഴിൽ ഉള്ളത്. ആകെ സീറ്റിൻ്റെ 10% കണക്കാക്കി 16,711സീറ്റിലേക്കാണ് ഈ വർഷം മുന്നാക്ക സംവരണം പ്രഖ്യാപിച്ചത്. അല്ലാതെ ഹയർ സെക്കണ്ടറിയിലെ ജനറൽ സീറ്റിൻ്റെ പത്തു ശതമാനത്തിലേക്കല്ല. ഈ വസ്തുത നിലനിൽക്കേയാണ് വീണ്ടും ജനറൽ സീറ്റിലെ 10% ആണ് മുന്നാക്ക സംവരണം എന്നു ഒറ്റ വായനയിൽ / കേൾവിയിൽ തോന്നിപ്പിക്കും വിധം ഇടതുപക്ഷ മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നത്.

മുഖ്യമന്ത്രി ഇന്നാട്ടിലെ പിന്നാക്ക വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ? അതോ പിന്നാക്ക വിഭാഗക്കാരനായ ഒരു മുഖ്യമന്ത്രിയെ ശിവശങ്കരാദി ഉദ്യോഗസ്ഥവൃന്ദം തെറ്റിദ്ധരിപ്പിച്ചതാണോ? സി കേശവൻ തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു, ആർ ശങ്കർ, സി എച്ച് മുഹമദ് കോയ, വി എസ് അച്ച്യുതാനന്ദൻ എന്നിവരും കേരളം ഭരിച്ച പിന്നാക്കക്കാരായ മുഖ്യമന്ത്രിമാരായിരുന്നു. പല വിമർശനങ്ങളും അവർക്കെതിരെയും ഉന്നയിക്കാവുന്നതാണ്. പക്ഷേ, അവരാരും തന്നെ നാട്ടിലെ ദളിതരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ റദ്ദുചെയ്ത് സ്വയം പരിഹാസ്യരായിട്ടില്ല.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രി ഒരു കാര്യം കൃത്യമായി പറഞ്ഞിട്ടുമുണ്ട്. ഒരുവിധ സംവരണത്തിനും “അർഹതയില്ലാത്ത” വർക്കുള്ള സംവരണമാണിതെന്ന് പോസ്റ്റിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധിക്കാതിരിക്കരുത്.

അതാണ് സത്യം. യാതൊരു വിധ സംവരണത്തിനും അർഹതയില്ലാത്തവർക്കുള്ള സംവരണമാണിത്. ആ സത്യം തുറന്നു പറഞ്ഞതിനു നന്ദി.

4 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x