
● എന്തൊക്കെ പറഞ്ഞാലും ഒരാളെ കായികമായി ഇങ്ങനെ നേരിടുന്നത് വളരെ മോശമാണ്.
● ഇവിടെ ഒരു നിയമവ്യവസ്ഥ ഉള്ളതല്ലേ, ആ വഴികൾ തന്നെയാണ് സ്വീകരിക്കേണ്ട മാർഗം.
● ഇതൊന്നും ഒരു ശെരിയായ മാതൃകയായി തോന്നുന്നില്ല.
● ആ സ്ത്രീകൾ വിളിച്ച തെറി നിങ്ങൾ കേട്ടില്ലേ… നിങ്ങളുടെ Political Correctness ഒക്കെ എവിടെ പോയി, അപ്പോൾ അതെല്ലാം ഒരു ഇരട്ടത്താപ്പ് അല്ലേ..!
കുറച്ചു മാസങ്ങളായി ഒരുത്തൻ അവൻ്റെ അറപ്പുളവാക്കുന്ന നാവ് കൊണ്ട് യൂട്യൂബ് വഴി സോഷ്യൽ മീഡിയയിൽ നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇടുന്നു. മാസങ്ങളായി കെട്ടോ, നിയമ വ്യവസ്ഥ, Political correctness ഒന്നും ആർക്കും ഇന്നലെ വരെ തോന്നിയില്ല.
ഓരോ വീഡിയോയ്ക്കും ഒന്ന് മുതൽ നാല് ലക്ഷം വരെ വ്യൂവേഴ്സ് ഉണ്ട്. ആ വീഡിയോ ഒന്നും കുത്തിയിരുന്നു കാണേണ്ട ടൈറ്റിൽ കണ്ടാൽ തന്നെ അവൻ്റെ അഡ്രസ് തേടിപ്പിടിച്ച് പോയി തല്ലാൻ തോന്നും. അത് കാണുന്നവർക്ക് അങ്ങനെയെങ്കിലും തോന്നിയില്ലെങ്കിലാണ് കാര്യമായ കുഴപ്പമുള്ളത്.
എന്നാൽ ഈ കണ്ട ലക്ഷങ്ങളിൽ ആർക്കും, ഭൂരിപക്ഷത്തിന് യാതൊന്നും തോന്നിയില്ല, അല്ല തോന്നില്ല അതാണ്, അവളുമാർക്ക് അതിന്റെ രണ്ട് കുറവുണ്ട് എന്ന മനോഭാവത്തിൽ കണ്ട് നന്നായി ആസ്വദിച്ചു കടന്നു പോയി. അപ്പോൾ ഇല്ലാത്ത ചൊറിച്ചിൽ ഇപ്പോൾ അയാൾക്ക് രണ്ടെണ്ണം കിട്ടിയപ്പോൾ മുതൽ ഉണ്ടെങ്കിൽ അത് പാരമ്പര്യമായി ആണുങ്ങൾ അനുഭവിക്കുന്ന ചൊറിച്ചിലാണ് കെട്ടോ.
പിന്നെ ഇവിടെ ഒരു നിയമ വ്യവസ്ഥ ഉണ്ടല്ലോ, അതല്ലേ വഴി എന്നല്ലേ ചോദ്യം. അതെയെതെ ഇന്നലെ ആണല്ലോ നിയമ വ്യവസ്ഥ ഉണ്ടായത്. എന്നിരുന്നാലും നിയമ വ്യവസ്ഥയുണ്ട് അത് തന്നെയാണ് ശെരിയായ വഴി. ആ നിയമ സംവിധാനത്തിന് സോഷ്യൽ മീഡിയയിൽ ശക്തമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്.
അവസരം കിട്ടുമ്പോൾ യൂട്യൂബിൽ ഉൾപ്പെടെ സദാചാര പോലീസ് ആകാൻ കൂടി ശ്രമിക്കുന്ന പോലീസ് മാമൻമാരുമുണ്ട്. എന്നാൽ മേൽപ്പറഞ്ഞ ഊള യൂട്യൂബിൽ മാസങ്ങളായി പടച്ചുണ്ടാക്കി വിട്ട വീഡിയോ ഒന്നും കണ്ടില്ല നടപടി എടുത്തില്ല. അതൊരു സാമൂഹിക പ്രശ്നമായി അവർക്ക് തോന്നിയില്ല. മാത്രമല്ല ഇതൊരു പുതിയ കാര്യമായി തോന്നി കാണില്ല. പിന്നെ പൊളിറ്റിക്കൽ Correctness ആരോടാ ഉവ്വേ, അവര് വിളിച്ച തെറി വിളികളോടൊന്നും ഒരു യോജിപ്പുമില്ല, എന്നാൽ ആ യൂട്യൂബർ അവൻ്റെ ദുർഗന്ധം വമിക്കുന്ന നാവ് കൊണ്ട് ഇക്കാലമത്രയും ചെയ്തു വെച്ച ആ തട്ട് താഴ്ന്ന് തന്നെ നിൽക്കും അതിനു മുകളിൽ ഒന്നും അല്ല ഇന്നലെ കേട്ട തെറികൾ.
ആ മൂന്ന് സ്ത്രീകളുടെ പ്രശ്നം മാത്രമല്ലിത്. ഈ സോഷ്യൽ മീഡിയയിൽ ദിവസവും എത്ര ആയിരം സ്ത്രീകൾ, ഇൻബോക്സിൽ കമൻ്റ് ബോക്സിൽ വെർബൽ അബ്യൂസ് നേരിടേണ്ടി വരുന്നുണ്ടെന്ന് അറിയുമോ, ഇത്തരം നെറികെട്ട ആണുങ്ങൾ അവരുടെ ഫെയ്ക്ക് ഐഡിയിൽ നിന്നും അല്ലാതെയും അവരുടെ ലൈംഗിക ദാരിദ്ര്യം കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സ്ത്രീകളുടെ ഇൻബോക്സിൽ ഛർദ്ദിച്ചു വെക്കുന്നുണ്ടെന്ന് അറിയുമോ. അറിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട്, നിങ്ങളുടെ പാട്ണറോട്, സഹോദരിമാരോട് ചോദിച്ചു നോക്കണം. ലിംഗം കൊണ്ട് ചിന്തിക്കുന്ന എത്രയെത്ര ജീവികൾക്ക് സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ നൽകാൻ ആഗ്രഹിച്ച പ്രഹരം കൂടിയാണ് ഇന്നലെ സംഭവിച്ചത്.