
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ഒരുപറ്റം ഇഷ്ടികകളാൽ പടുത്തുയർത്താനാവില്ല! എല്ലാവരുടെയും ശബ്ദം കേൾക്കുന്നതാകണം ജനാധിപത്യം. ജനതയുടെ ജീവിതാഭിലാഷങ്ങളുടെ പ്രതീകമാണത്. അവരുടെ ഇച്ഛകളെ ചവിട്ടിമെതിച്ചു കൊണ്ട് നിങ്ങൾ കെട്ടിപ്പൊക്കുന്നതൊക്കെയും അധികാരത്തിന്റെ ദന്തഗോപുരങ്ങളാകും!
പാർലമെന്റിനെ നോക്കുകുത്തിയാക്കി കൊണ്ട്, ഒരു ചർച്ച പോലും അനുവദിക്കാതെ, അംഗബലത്തിൽ നിങ്ങൾ പാസാക്കിയെടുത്ത ബില്ലുകൾ, ജനാധിപത്യത്തിന്റെ മരണമണി മുഴക്കുകയാണ്. ഡെമോക്ലിസിന്റെ വാളുപോലെ അതീ നാട്ടിലെ കർഷകരുടെ ഉറക്കം കെടുത്തുകയാണ്!
ഒരുവശത്ത്, ജനകീയ പ്രക്ഷോഭങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്തുമ്പോൾ, മറുവശത്ത് പ്രധാനമന്ത്രി ജനാധിപത്യത്തെക്കുറിച്ച് പൊങ്ങച്ചം പറയുകയാണ്!
മോദി ഗവണ്മെന്റ് 47% ബില്ലുകളും യാതൊരു ചർച്ചയും കൂടാതെയാണ് പാർലമെന്റിൽ പാസാക്കിയത്. ഇതു പാർലമെന്ററി സിസ്റ്റത്തെ തന്നെ അപഹസിക്കലാണ്. ഒരു വർഷത്തിൽ സഭ സമ്മേളിക്കുന്നതേ 60-65 ദിവസങ്ങളായി ചുരുങ്ങിപ്പോയി!
1950-60 കാലത്ത് ശരാശരി 120-130 ദിവസം ഇന്ത്യൻ പാർലമെന്റ് കൂടിയിരുന്നു എന്നോർക്കണം! അമേരിക്കൻ ജനപ്രതിനിധി സഭ വർഷത്തിൽ കുറഞ്ഞത് 140 ദിവസവും, സെനറ്റ് 160 ദിവസത്തിൽ കൂടുതലും സമ്മേളിക്കാറുണ്ടെന്ന വസ്തുതയും ഇതിനോട് ചേർത്തു വായിക്കണം!
ഭൂരിഭാഗം ബില്ലുകളും പാര്‍ലമെന്റില്‍ പാസാക്കിയിട്ടുള്ളത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടേയോ, കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടേയോ സൂക്ഷ്മ പരിശോധന, കൂടാതെയാണ്. പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുന്ന കമ്മിറ്റികൾ ഇപ്പോൾ വെറും പ്രഹസനമായി തീർന്നിരിക്കുന്നു!
എന്താണ് നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
എല്ലാറ്റിന്റെയും അവസാന വാക്കിപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസാണ്! പാർലമെന്ററി ജനാധിപത്യത്തിന് ഇടിവു പറ്റുമ്പോൾ സംഭവിക്കുന്നത്, ഏകാധിപത്യത്തിന്റെ ഉദയമാണ്. അതിനാണിപ്പോൾ തലസ്ഥാന നഗരി സാക്ഷിയായി കൊണ്ടിരിക്കുന്നത്!
പഴയ പാർലമെന്റ് മന്ദിരം, ജനതയുടെ സ്വാതന്ത്യമോഹത്തിന്റെ പ്രതീകമായെങ്കിൽ, പുതിയ ശിലാസ്ഥാപനം കോർപ്പറേറ്റ് ആധിപത്യത്തിന്റെ നാളുകളിലേക്കുള്ള ദിശാസൂചികയാണ്… വാടിക്കരിഞ്ഞ കർഷക സ്വപ്നങ്ങളിൽ ചവിട്ടി നിന്നാണ് അതു നിർവ്വഹിക്കപ്പെട്ടത്!