IndiaPolitical

ഇന്ത്യയിലെ സംഘപരിവാർ വളർച്ചക്ക് കോൺഗ്രസിൻ്റെ ദുർഭരണം മാത്രമാണോ കാരണം ?

പ്രതികരണം/പി. ജെ ബേബി പുത്തൻപുരക്കൽ

രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിൽ തങ്ങളുടെ നയങ്ങൾക്കെതിരെ അടിത്തട്ടിൽ നിന്നുയർന്ന ജനകീയ അസംതൃപ്തിയെ ബാലൻസ് ചെയ്യാൻ കൂടുതൽ കൂടുതൽ വംശ-ജാതി-മത-ഭാഷാ-ഗോത്ര വിഭാഗീയതകളെ കൂട്ടു പിടിച്ച ചരിത്രമാണ് നൂറോളം മൂന്നാം ലോക സ്വതന്ത്ര രാജ്യങ്ങളിലെ ഒട്ടു മിക്ക മുഖ്യധാരാ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്കുമുള്ളത്.

അവയെ ശീതസമര രാഷ്ട്രീയത്തിൽ തങ്ങൾക്കനുകൂലമാക്കാൻ അമേരിക്കൻ ക്യാമ്പ് സാംസ്കാരിക ദേശീയതയെന്ന പേരിൽ ലോകവ്യാപകമായി ഈ പ്രവണതയെ പോറ്റി വളർത്തി.

പലേടങ്ങളും സൈനിക അട്ടിമറികൾ നടന്നു. മറ്റിടങ്ങളിൽ ഭരണ നേതൃത്വം ഭൂരിപക്ഷ ‘സാംസ്കാരിക ദേശീയത’ യുടെ പതാകാ വാഹകരായി.

ഇന്ത്യയിൽ മാത്രമാണ് നൂറിലേറെ മൂന്നാം ലോക സ്വതന്ത്ര ‘ജനാധിപത്യ’ രാജ്യങ്ങളിൽ സൈനികാട്ടിമറി നടക്കാതിരുന്നത്. എങ്കിലും ഇവിടെയും രണ്ടു പ്രധാനമന്ത്രിമാർ സിഐഎ അറിവോടെ ക്രൂരമായി കൊലചെയ്യപ്പെട്ടു.

60 കളിൽ കോംഗോയിലെ പാട്രീസ് ലുമുംബയെ അമേരിക്കയും ബ്രിട്ടനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം ലോകത്തെ ഏറ്റവും വിഭവ സമ്പന്നമായ ആ രാജ്യത്തിനു വന്നു ചേർന്ന ദുർഗതിയുടെ പത്തിലൊന്നു പോലും ആ കൊലകൾ നമ്മുടെ രാജ്യത്തിന് ഉണ്ടാക്കിയില്ല.

ഈ കഥ ചുരുക്കിപ്പറഞ്ഞത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചയിൽ കോൺഗ്രസിന്റെ പടിപടിയായ നിറം മാറ്റം എന്തുകൊണ്ട് എന്നതടയാളപ്പെടുത്താനാണ്.

ഭൂരിപക്ഷ വർഗീയ ദേശീയതയെയും പാക്കിസ്ഥാൻ വിരോധ (മുസ്ലിം വിരോധം) ത്തെയും ആളിക്കത്തിച്ചു അവർ തെരഞ്ഞെടുപ്പുകൾ ജയിക്കുമ്പോൾ അത് ഹിന്ദുത്വക്ക് മണ്ണൊരുക്കൽ കൂടിയായി.

പക്ഷേ, ഈ കഥയിൽ നാം മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. അത് 1950 കളിലെ ഇന്ത്യൻ പ്രതിപക്ഷം അതിന്റെ കടമ നിർവഹിച്ചോ എന്നതാണ്.

ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ ധാരകൾ സോഷ്യലിസ്റ്റ് പ്രസ്ഥാനവും സി പി ഐയുമായിരുന്നു. സോവിയറ്റ് ഏക പാർട്ടി സംവിധാനത്തെ പിന്താങ്ങുകയും സ്റ്റാലിനിസ്റ്റ് ബോൾഷെവിക് കേന്ദ്രീകരണഘടന പാർട്ടിയിൽ നിലനിർത്തുകയും ചെയ്ത സി പി ഐ ക്ക് കൂടുതൽ സീറ്റുകൾ കിട്ടിയെങ്കിലും ഒരു ജനാധിപത്യ പ്രതിപക്ഷമാകുന്നതിന് അതിന്റെ ഘടന തടസ്സമായി നിന്നു.

എന്നാൽ അഖിലേന്ത്യാതല പ്രാതിനിധ്യവും ദേശീയ നേതാക്കളായി ഉയർന്ന നിരവധി നേതാക്കളുമായി സോഷ്യലിസ്റ്റ് പ്രസ്ഥാനം അന്ന് കൂടുതൽ ജനസ്വാധീനമുള്ളതായിരുന്നു.

അവർ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. ആ വിഭാഗത്തിന് ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ പ്രതിപക്ഷമാകാൻ കഴിയാതെ വ്യക്തി – ഗ്രൂപ്പ് കിട മത്സരങ്ങളിലേർപ്പെട്ട് അത് 80കളോടെ തകർന്നു.

അതിലെ ഉന്നത നേതാക്കൾ സ്വന്തം നിലനില്പിനായി കോൺഗ്രസ് വിരുദ്ധത പറഞ്ഞ്‌ സംഘപരിവാറിന്റെ വളർച്ചക്കായി സ്വയം വിട്ടുകൊടുത്തു. അതിന്റെ അന്നത്തെ രണ്ടാം തലമുറക്കാർ പലരും സോഷ്യലിസം വിട്ട് മണ്ഡൽ രാഷ്ട്രീയത്തിന്റെ പതാകാ വാഹകരായി.

ഇന്ത്യൻ സമൂഹത്തിനകത്ത് ഗാന്ധിജി തുടങ്ങി വച്ച ‘കൺസ്ട്രക്റ്റീവ് പ്രോഗ്രാം’ മുന്നോട്ടു കൊണ്ടുപോകാൻ ഒരു പ്രതിപക്ഷ ശക്തിയില്ലാതായി.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നു വന്നില്ല. പകരം അത് മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി.

ആദ്യ തെരഞ്ഞെടുപ്പിൽ കണ്ണഞ്ചിക്കുന്ന നേട്ടമുണ്ടാക്കിയ ആന്ധ്ര പ്രദേശിലത് 80 കളോടെ പ്രതിപക്ഷ പതാക രാമറാവുവിന്റെ തെലുങ്കുദേശത്തിന് കൈമാറി. പഞ്ചാബിൽ അകാലികളും ആസ്സാമിൽ ആസ്സാം വിഭാഗീയ രാഷ്ട്രീയക്കാരായ ആസുവും മുഖ്യ പ്രതിപക്ഷമായി.

1950-2000 കാലത്തെ ഈ രാഷ്ട്രീയ പ്രക്രിയയെ ആഴത്തിൽ വിശകലനം ചെയ്യാതെ കോൺഗ്രസിന്റെ ദുർനയങ്ങൾ ബി. ജെ. പിയെ വളർത്തി എന്ന ഒറ്റവാക്കിലെ ഉത്തരം ഇന്നത്തെ മുതിർന്ന തലമുറക്ക് മന:സുഖം നല്കുമായിരിക്കാം. പക്ഷേ യുവജനതയെ അത് വഴിതെറ്റിക്കും.

കോൺഗ്രസിനെതിരെ പ്രതിപക്ഷ ജനാധിപത്യ ശക്തിയാകാൻ സോഷ്യലിസ്റ്റുകൾക്ക് കഴിയാതിരുന്ന വിടവിലേക്കാണ് തീവ്ര വലത് ശക്തികളായ സംഘ പരിവാർ കയറി വന്നത്.

ബോൾഷെവിസം കൈയ്യൊഴിഞ്ഞ് ജനാധിപത്യ പ്രതിപക്ഷമായി വളരാൻ അവിഭക്ത സി പി ഐ ക്കും കഴിഞ്ഞില്ല. അത് സായുധ വിപ്ലവത്തിന്റെ പേരിൽ നിരന്തരം പിളർന്ന് ദുർബലമായിക്കൊണ്ടേയിരുന്നു.

ഈ പ്രക്രിയ വിശകലനം ചെയ്യാതെ, ഇന്നത്തെ ജനാധിപത്യ ശക്തികളുടെ അഖിലേന്ത്യാ ഐക്യത്തിന്റെ കൺസ്ട്രക്ടീവ് പ്രോഗ്രാം നമുക്ക് വിഭാവനം ചെയ്യാൻ കഴിയുമോ?

കോൺഗ്രസിനൊപ്പം തന്നെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ വേരുകൾ ഈ മണ്ണിലിറക്കാൻ കഴിയാതെ പോയ സോഷ്യലിസ്റ്റ് ധാര ഇന്നില്ലെങ്കിലും അതിന്റെ ആത്മഹത്യയും ബി ജെ.പി വളർച്ചക്ക് കാതലായി സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദുർഗതിയും അതിൽ സംഭാവന ചെയ്തു.

ഇന്ന് വർഗീയതക്കും ജാതി മേധാവിത്വത്തിനുമെതിരെ രാജ്യത്തുയർന്നു വരുന്ന ഉണർവുകളെ (സാമ്പത്തിക സംവരണത്തിനെതിരെയടക്കം) ഒരു കൺസ്ട്രക്ടീവ് പ്രോഗ്രാം ആയി പരിവർത്തിച്ച് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള ഒരു യുവ നേതൃത്വത്തെ വളർത്തിയെടുക്കാതെ നമുക്ക് ഹിന്ദുത്വയുടെ വിനാശ അജണ്ടകളെ ചെറുത്തു തോല്പിക്കാൻ കഴിയുമോ?

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x